Saturday, October 28, 2017

നാരി കേറാമല പുണ്യമല         വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലക്ഷ്യം ശാന്തമായ മനസ്സുകളിലൂന്നിയ സമാധാനപൂർണ്ണമായ ഒരു ജീവിതം എന്നതാണ്. എന്നാൽ ഈ  വിഷയങ്ങളിൽ കടിപിടി കൂട്ടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മണ്ഡലക്കാലം അടുത്തു വരുന്ന ഈ സമയത്തെ ഒരു പ്രധാന വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം .

        ‌ശബരി എന്ന സ്ത്രീയുടെ നാമത്തിൽ പുരുഷാധിപത്യത്തിൽ അറിയപ്പെടുന്ന പുണ്യമല. ആർത്തവം ഉള്ള കാലം സ്ത്രീകളെ അവിടെ പോകാൻ ‌അനുവദിക്കാതിരിക്കുന്നത് ആരാണ്? എന്തുകൊണ്ടാണു്? വ്യക്തമായ ഉത്തരങ്ങളില്ലാതെ ധാരാളം  വിശദീകരണങ്ങൾ വിദഗ്ദ്ധരും പ്രഗത്ഭരും പറഞ്ഞു കൊണ്ടേയിരിക്കുന്നു ‌നാളുകളായി.

      നാൽപത്തൊന്നു ദിവസത്തെ വ്രതം അനുഷ്ഠാനമായിരുന്ന   കാലത്ത് ആർത്തവമുള്ളത് ഒരു തടസ്സം ആയിരുന്നു. ഇന്ന് എത്ര പേർ കൃത്യമായി വ്രതം അനുഷ്ഠിക്കുന്നുണ്ട്?  മാലയിട്ട് പിറ്റേന്നു മലകയറുന്നു ബഹുഭൂരിപക്ഷം അയ്യപ്പന്മാരും. അപ്പോൾ വ്രതം അല്ല പ്രശ്നം.

       കായിക ശേഷി ആന്നോ? ഒരിക്കലും അല്ല. തൊണ്ണറുശതമാനം സ്ത്രീകളും ചെയ്യുന്ന പലതരം അദ്ധ്വാനങ്ങളെയും താരതമ്യം ചെയ്താൽ അതിന്റെ ഒരു അംശം പോലും വരുന്നില്ല ഈ മലകയറ്റം. പ്രസവം എന്ന മഹാപ്രതിഭാസം മാത്രം പേരെ മാനസികവും ശാരീരികവുമായ ശക്തി തെളിയിക്കാൻ.

      നാൽപത്തൊന്നു ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾ ഭക്തൻമാർ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച് മലയ്ക്കു പോയിരുന്ന കാലത്ത് ശബരിമലയിലെ  തിരക്കിനിടയിലേക്ക്  മോഹിനിമാർ പോകുന്നത് ഉചിതമാണോ  എന്നുള്ള ആരുടയോ യുക്തിപരമായ ചിന്ത മാത്രമാണ്  അന്ന് ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക്  ശബരിമലയിൽ വിലക്കു കൽപിച്ചിരുന്നത് .

     പ്രായഭേദമന്യേ സ്ത്രീകൾ പീഢിപ്പിക്കപ്പെടുന്ന, പ്രത്യേകിച്ച് പീഢനം ഒരു ഉത്സവമായി ആഘോഷിക്കുന്ന ദൈവത്തിന്റെ സ്വന്തം  നാട്ടിൽ, ഇന്ന് പെൺകുട്ടികളോ വയസ്സായവരോ  ആർത്തവ പ്രായത്തിലുള്ളവരോ ആയ സ്ത്രീകളാരും തന്നെ ഭീകരമായ ആ തിരക്കിനിടയിലേക്ക് പോകാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ ആരോ ഉണ്ടാക്കിയ നിയമം പെൺകുട്ടികളേയും വൃദ്ധകളേ സംരക്ഷിക്കും എന്നു നമുക്കു വിശ്വസിക്കാം,  സമാധാനിക്കാം.

        ആർത്തവത്തിനു മുൻപ് ശബരിമല കയറാൻ ഭാഗ്യം കിട്ടാത്തവർ ഇനി എന്നു പോകും???? ആർത്തവം നിലച്ചിട്ടോ? ആരോഗ്യം നശിച്ചിട്ടോ ? അതുവരെ അവൾ ജീവിച്ചിരിക്കും എന്ന് ആര് ഉറപ്പു കൊടുക്കും?  
സ്ത്രീകളുടെ ആഗ്രഹം സാധിക്കണം.
 Photo : Manorama online
        അതിനുള്ള മാർഗ്ഗം, മണ്ഡല കാലം പോലെ തന്നെ  മാളികപ്പുറ കാലവും ഉണ്ടാകണം. കുറച്ചു ദിവസങ്ങൾ സ്ത്രീകൾക്കു മാത്രമായി ശബരിമല വിട്ടുകൊടുക്കുക. അയ്യപ്പൻ അല്ലാതെ ഒരു പുരുഷനും  അവിടെ വേണ്ട  ആ ദിവസങ്ങളിൽ. (ആ നിത്യ ബ്രഹ്മചാരിയേ  സ്ത്രീകൾ ഭയക്കേണ്ട. വിവാഹാഭ്യർത്ഥന യുമായി ചെന്ന സുന്ദരിയായ യുവതിയെ   മാളികപ്പുറത്തമ്മയാക്കി എത്ര കാലമായി കൂടെയിരുത്തി സംരക്ഷിക്കുന്നു അയ്യപ്പസ്വാമി)

          ശബരി എന്ന പുണ്യവതിയായ സ്ത്രീ ജനിച്ചു ജീവിച്ച മലയിൽ സ്ത്രീകൾ വരരുത് എന്ന് പറയാൻ ആർക്കും അധികാരമില്ല .കല്പനാ ചൗള യുടെ പിൻഗാമികളായ, മല കയറാൻ ആരോഗ്യമുള്ള, ആഗ്രഹമുള്ള,  നമ്മുടെ ഭാരത സ്ത്രീകൾക്ക് ശബരി അമ്മയുടെ  ആസ്ഥാനത്തേക്ക് സ്വാഗതം നൽകുക. 'തത്വമസി' എന്ന ആ മഹത് വാക്കിനു മുൻപിൽ എന്ത് ലിംഗ വ്യത്യാസം ?

2 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്ത്രീകളുടെ ആഗ്രഹം സാധിക്കണം.

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, തകർത്തല്ലോ തിരിച്ചു വരവ്.... ഒരു വേറിട്ട ചിന്ത..... ഇനിയും തുടരൂ..... എഴുത്ത് നിർത്തല്ലേ....