Monday, March 19, 2018

അവതാരം


നാലു കൃഷ്ണന്മാർ എന്റെ മുന്നിൽ നിരന്നു നിന്നപ്പോൾ വഷങ്ങൾക്കു മുൻപ് ഒറ്റപ്പെട്ടു പോയ ഒരു കൃഷ്ണനെ ഓർമ്മ വന്നു.അന്നും ഒരു ആനിവേഴ്സറി ദിവസം ആയിരുന്നു.
സംഭവം പറയുന്നതിനു മുൻപേ ഒന്നറിയണം അന്നത്തെ ആ കൃഷ്ണവേഷത്തിനുളളിൽ മറഞ്ഞിരുന്നത് ഒരു കുഞ്ഞു പുലിക്കുട്ടിയായിരുന്നു. ഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ പങ്കെടുത്ത എല്ലാത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടി.
പക്ഷേ കിട്ടിയതെല്ലാം കോപ്പ പാത്രം മാത്രം... (ഒരു കുഴിഞ്ഞ മൺപാത്രം. ഇന്നതിനെ ബൗൾ എന്നു പറയുന്നു.) നാലാം ക്ലാസിലെ ആനിവേഴ്സറിക്കു പോകാനിറങ്ങുമ്പോൾ അമ്മാവൻ ആ കുട്ടിയോടു പറഞ്ഞു "ഇപ്രാവിശ്യവും കോപ്പ പാത്രം ആണ് കിട്ടുന്നതെങ്കിൽ ഞാൻ ഒരു കള്ളുഷാപ്പ് തുടങ്ങും എന്ന് " . കള്ളുഷാപ്പിൽ അത്തരം കോപ്പകളാണ്  ഉപയോഗിക്കന്നത് എന്നുള്ള പുതിയ അറിവിൽ, തന്റെ സമ്മാനങ്ങൾ കള്ളുകുടിയന്മാരുടെ മുൻപിൽ പതഞ്ഞു നിറഞ്ഞു നിരന്ന് ഇരിക്കുന്ന രംഗം അമ്മാവൻ പറഞ്ഞത് മനസ്സിൽ കണ്ട് ആകെ വിഷമിച്ചാണ് അന്ന്  കുട്ടി സ്കൂളിലേക്കു പോയത്....
ആന തലയോളം വെണ്ണയും കൊണ്ട് കൃഷ്ണനെ കാത്തിരിക്കുന്ന യശോദാമ്മ ഒരു തലോടലായ ആ കുട്ടിമനസ്സിൽ നിറഞ്ഞു തുളുമ്പി. ആ ഓർമ്മകളെ താലോലിച്ച് സ്കൂളിലെത്തിയ കുട്ടി വേഗം മഞ്ഞ പട്ടുടുത്ത് ഓടക്കുഴലും എടുത്ത് യശോദയെ തേടി നടന്നു. പട്ടു ചേലയും ചുറ്റി കവിളിൽ റോസ് പൗഡറും പൂശി പൂതനയുടെ രൗദ്രഭാവത്തോടെ സ്കൂളിന്റെ പിന്നാമ്പുറത്ത് നിലക്കുന്ന യശോദയെ കണ്ട കൃഷ്ണൻ ഞെട്ടി. ദയ ഒട്ടും ഇല്ലാതെ യശോദ പറഞ്ഞു "ഞാൻ ഡാൻസ് കളിക്കുന്നില്ല എനിക്ക് സ്റ്റേജിൽ കയറാൻ പേടിയാ".
അയ്യോ! എന്ന വിളിയോടെ,
തകർന്ന ഹൃദയത്തോടെ കൃഷ്ണൻ പറഞ്ഞു "പേടിക്കണ്ട നമ്മൾ ഒന്നിച്ചല്ലേ " എന്നു പറഞ്ഞതും അടുത്ത ഡാൻസിനുള്ള അവരുടെ പേരു വിളിച്ചതും കൃഷ്ണൻ യശോദയെ വലിച്ചുകൊണ്ട് സ്റ്റേജിലേക്ക് ഒറ്റ ഓട്ടം. സ്റ്റേജിൽ കയറിയതും കൃഷ്ണനെ തള്ളിയിട്ട് യശോദ തിരിച്ചൊരോട്ടം. കൂക്കുവിളികളുടെ അകമ്പടിയോടെ വീണിടത്തു നിന്ന് എണീറ്റ കൃഷ്ണൻ കണ്ടത് റോഡിലൂടെ ദൂരേക്ക് ഓടി മറയുന്ന യശോദയെ..
ഡാൻസിനുള്ള പാട്ടു പാടാൻ നിന്ന കുട്ടി പേടിച്ച് കണ്ണും മിഴിച്ച് വായും  തുറന്ന് ഒറ്റനിൽപ്പ്. ആ തുറന്ന വായിൽ അന്ന് ആദ്യമായും അവസാമായും കൃഷ'ണൻ വിശ്വരൂപ ദർശനം കണ്ടു.
ഒറ്റയ്ക്ക് കളിച്ചാൽ ശരിയാവില്ല എന്ന്  ടീച്ചറിന്റെ വാശി.....
ഡാൻസു കളിച്ചിട്ടേ സ്റ്റേജിൽ നിന്ന് ഇറങ്ങൂ എന്ന് കൃഷണന്റെ പിടിവാശി......
കൂട്ടുകാരിയായ പാട്ടുകാരി കൃഷ്ണനെ ചതിച്ചില്ല . ഒറ്റയ്ക്കു കളിക്കാൻ പറ്റുന്ന ഒരു പാട്ടു പാടി . കൃഷ്ണൻ സ്റ്റേജിൽ തകർത്താടി  ഒരു മൈന വില്പനക്കാരനായി .. (കൃഷ്ണനല്ലേ 'ഏതു വേഷത്തിലും വരുമല്ലോ)..... മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന മൈന വേണോ മൈന മൈനാ.... മൈനാ.....
(ആന തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ  എന്ന പാട്ടും, ഓട്ടക്കാരി യശോദയും , പാവം കൃഷ്ണ മനസ്സിലിരുന്നു തേങ്ങിയത് ആരും അറിഞ്ഞില്ല ).....
ഇത്തവണ കോപ്പ പാത്രം വേണ്ട എന്ന് റ്റീച്ചറിനോടു രഹസ്യമായി പറഞ്ഞിരുന്നതു കൊണ്ട് വേറെ എന്തൊക്കെയോ ആണ് സമ്മാനം കിട്ടിയത്.  പതറാതെ പൊരുതി ഡാൻസ് കളിച്ചതിന് ഒരു സ്പെഷ്യൽ സമ്മാനവും.  എല്ലാർക്കും കൊടുത്തു കഴിഞ്ഞ് ബാക്കി വന്ന വലിയ ഒരു പൊതി . .. മൂന്നു കോപ്പകൾ .....
കോപ്പകൾ ഒന്നും ഷാപ്പിൽ പോയില്ല. ലോകകപ്പുകളുടെ ഗാംഭീര്യത്തോടെ അവയെല്ലാം നാലുകെട്ടിന്റെ ഉത്തരങ്ങളിൽ നിരന്നിരുന്നു കുറേക്കാലം. പിന്നെ പല ഭാവത്തിൽ കണ്ടു. കാപ്പി നിറഞ്ഞും കഞ്ഞി നിറഞ്ഞും , കറി നിറഞ്ഞും, പെയിന്റ് നിറഞ്ഞും,  ബ്രഷ് മുക്കിയും അങ്ങനെ അങ്ങനെ ....
ആ കുട്ടി വളർന്നു .അമ്മയായി അമ്മൂമ്മയായി ,  കൃഷ്ണൻമാരുടെയും യശോദമാരുടേയും പ്രിയപ്പെട്ട ഉഷാമ്മ ആയി. എന്റെ മുൻപിൽ നിരന്നു നിന്ന ഈ നാലു കൃഷ്ണൻമാരിൽ ലയിച്ച് ഞാനും എന്റെ കുട്ടിക്കാലത്തിലേക്കും ആ കൃഷ്ണനിലേക്കും ഒന്നു പോയി വന്നു.

Saturday, October 28, 2017

നാരി കേറാമല പുണ്യമല         വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലക്ഷ്യം ശാന്തമായ മനസ്സുകളിലൂന്നിയ സമാധാനപൂർണ്ണമായ ഒരു ജീവിതം എന്നതാണ്. എന്നാൽ ഈ  വിഷയങ്ങളിൽ കടിപിടി കൂട്ടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മണ്ഡലക്കാലം അടുത്തു വരുന്ന ഈ സമയത്തെ ഒരു പ്രധാന വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം .

        ‌ശബരി എന്ന സ്ത്രീയുടെ നാമത്തിൽ പുരുഷാധിപത്യത്തിൽ അറിയപ്പെടുന്ന പുണ്യമല. ആർത്തവം ഉള്ള കാലം സ്ത്രീകളെ അവിടെ പോകാൻ ‌അനുവദിക്കാതിരിക്കുന്നത് ആരാണ്? എന്തുകൊണ്ടാണു്? വ്യക്തമായ ഉത്തരങ്ങളില്ലാതെ ധാരാളം  വിശദീകരണങ്ങൾ വിദഗ്ദ്ധരും പ്രഗത്ഭരും പറഞ്ഞു കൊണ്ടേയിരിക്കുന്നു ‌നാളുകളായി.

      നാൽപത്തൊന്നു ദിവസത്തെ വ്രതം അനുഷ്ഠാനമായിരുന്ന   കാലത്ത് ആർത്തവമുള്ളത് ഒരു തടസ്സം ആയിരുന്നു. ഇന്ന് എത്ര പേർ കൃത്യമായി വ്രതം അനുഷ്ഠിക്കുന്നുണ്ട്?  മാലയിട്ട് പിറ്റേന്നു മലകയറുന്നു ബഹുഭൂരിപക്ഷം അയ്യപ്പന്മാരും. അപ്പോൾ വ്രതം അല്ല പ്രശ്നം.

       കായിക ശേഷി ആന്നോ? ഒരിക്കലും അല്ല. തൊണ്ണറുശതമാനം സ്ത്രീകളും ചെയ്യുന്ന പലതരം അദ്ധ്വാനങ്ങളെയും താരതമ്യം ചെയ്താൽ അതിന്റെ ഒരു അംശം പോലും വരുന്നില്ല ഈ മലകയറ്റം. പ്രസവം എന്ന മഹാപ്രതിഭാസം മാത്രം പേരെ മാനസികവും ശാരീരികവുമായ ശക്തി തെളിയിക്കാൻ.

      നാൽപത്തൊന്നു ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾ ഭക്തൻമാർ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച് മലയ്ക്കു പോയിരുന്ന കാലത്ത് ശബരിമലയിലെ  തിരക്കിനിടയിലേക്ക്  മോഹിനിമാർ പോകുന്നത് ഉചിതമാണോ  എന്നുള്ള ആരുടയോ യുക്തിപരമായ ചിന്ത മാത്രമാണ്  അന്ന് ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക്  ശബരിമലയിൽ വിലക്കു കൽപിച്ചിരുന്നത് .

     പ്രായഭേദമന്യേ സ്ത്രീകൾ പീഢിപ്പിക്കപ്പെടുന്ന, പ്രത്യേകിച്ച് പീഢനം ഒരു ഉത്സവമായി ആഘോഷിക്കുന്ന ദൈവത്തിന്റെ സ്വന്തം  നാട്ടിൽ, ഇന്ന് പെൺകുട്ടികളോ വയസ്സായവരോ  ആർത്തവ പ്രായത്തിലുള്ളവരോ ആയ സ്ത്രീകളാരും തന്നെ ഭീകരമായ ആ തിരക്കിനിടയിലേക്ക് പോകാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ ആരോ ഉണ്ടാക്കിയ നിയമം പെൺകുട്ടികളേയും വൃദ്ധകളേ സംരക്ഷിക്കും എന്നു നമുക്കു വിശ്വസിക്കാം,  സമാധാനിക്കാം.

        ആർത്തവത്തിനു മുൻപ് ശബരിമല കയറാൻ ഭാഗ്യം കിട്ടാത്തവർ ഇനി എന്നു പോകും???? ആർത്തവം നിലച്ചിട്ടോ? ആരോഗ്യം നശിച്ചിട്ടോ ? അതുവരെ അവൾ ജീവിച്ചിരിക്കും എന്ന് ആര് ഉറപ്പു കൊടുക്കും?  
സ്ത്രീകളുടെ ആഗ്രഹം സാധിക്കണം.
 Photo : Manorama online
        അതിനുള്ള മാർഗ്ഗം, മണ്ഡല കാലം പോലെ തന്നെ  മാളികപ്പുറ കാലവും ഉണ്ടാകണം. കുറച്ചു ദിവസങ്ങൾ സ്ത്രീകൾക്കു മാത്രമായി ശബരിമല വിട്ടുകൊടുക്കുക. അയ്യപ്പൻ അല്ലാതെ ഒരു പുരുഷനും  അവിടെ വേണ്ട  ആ ദിവസങ്ങളിൽ. (ആ നിത്യ ബ്രഹ്മചാരിയേ  സ്ത്രീകൾ ഭയക്കേണ്ട. വിവാഹാഭ്യർത്ഥന യുമായി ചെന്ന സുന്ദരിയായ യുവതിയെ   മാളികപ്പുറത്തമ്മയാക്കി എത്ര കാലമായി കൂടെയിരുത്തി സംരക്ഷിക്കുന്നു അയ്യപ്പസ്വാമി)

          ശബരി എന്ന പുണ്യവതിയായ സ്ത്രീ ജനിച്ചു ജീവിച്ച മലയിൽ സ്ത്രീകൾ വരരുത് എന്ന് പറയാൻ ആർക്കും അധികാരമില്ല .കല്പനാ ചൗള യുടെ പിൻഗാമികളായ, മല കയറാൻ ആരോഗ്യമുള്ള, ആഗ്രഹമുള്ള,  നമ്മുടെ ഭാരത സ്ത്രീകൾക്ക് ശബരി അമ്മയുടെ  ആസ്ഥാനത്തേക്ക് സ്വാഗതം നൽകുക. 'തത്വമസി' എന്ന ആ മഹത് വാക്കിനു മുൻപിൽ എന്ത് ലിംഗ വ്യത്യാസം ?

Thursday, December 31, 2015

പുതുവൽസര ആശംസകൾ

2015 ൽ ബൂലോകത്തിൽ വന്നില്ല.
2016 ൽ വരട്ടേ, ആരെങ്കിലും ഓർക്കുന്നുണ്ടോ?എല്ലാവർക്കും എന്റെ പുതുവൽസര ആശംസകൾ


2015ലൂടെ ചുമ്മാ ഒന്നു നടന്നു.................

എത്ര വർഷങ്ങൾ കടന്നു പോയാലും എത്ര വർഷങ്ങൾ തുള്ളിച്ചാടി വന്നാലും ഈ ചിരികൾക്കും സ്നേഹത്തിനും അപ്പുറം എന്തു കിട്ടാനാ  വിഷമങ്ങൾ നിറയെ കിട്ടി കൂട്ടത്തിൽ വിഷമില്ലാത്ത മധുരവും കിട്ടി..


കുട്ടിക്കാലം മുതൽ കേട്ടതും കണ്ടതും ആയിരുന്നില്ല ഇന്നലെ ഞാൻ കണ്ട എഴുന്നള്ളത്ത്‌. മണി അനിമാരുടെ കൈയിൽതൂങ്ങി എന്റെ നാടിനു കുറുകെ നടന്നു. കണ്ണുകൾ ചിമ്മിചിമ്മി പരസ്പരം കഥകളും പറഞ്ഞു ഭഗവാനെ കാത്തു നിൽക്കുന്ന ചിരാതുകളുട ഇടയിലൂടെ ചന്ദത്തിരിയുടെ ഗന്ധവും പരിചയക്കാരുടെ ചിരികളും ഏല്ലാം ആസ്വദിച്ച്‌ അനുഭവിച്ച്‌ ഏല്ലാം മറന്നൊരു നടത്തം. ഭഗവാനെ കുരവയിട്ടു സ്വീകരിച്ചവരുടെ കൂടെ ഞാനും കൂടി. നാടുനിറഞ്ഞുനിന്ന ഭഗവാനെ മനം നിറയെ കണ്ടു. തീവെട്ടി വെളിച്ചത്തിൽ മുന്നോട്ടു നീങ്ങിയ ഭഗവാനും എന്റെ നാടും മനം കുളിർത്ത ഒരു അനുഭവം 
അയിരുന്നു.
ഒരു ചായക്കടയിൽ കയറി.ഇഡ്ഡലി സാംബാർ,ചമ്മന്തി, പിന്നെ ഉള്ളി ചതച്ചു മുളകുപൊടിയും ചേർത്ത്‌ വെളിച്ചെണ്ണയിൽ വറത്തെടുത്ത ഒരു അടിപൊളി സ്പെഷ്യൽ പിന്നെ 2കാപ്പി . എന്തു എന്തു പറയാനാ???????


ഇന്നലത്തെ യാത്രയിൽ ഈ സഹയാത്രികൻ എനിക്കു സ്വാന്ത്വനവും സമാധാനവും തന്നു .ഭഗവാന്റെ പൂങ്കാവനത്തിന്റെ ഭാഗമാകുവാൻ പോകുന്ന ഈ കന്നി അയ്യപ്പൻ.

എന്റെ  വീട്ടിനുള്ളിലെ വിരസതയേയും മടുപ്പിനേയും ഓടിച്ചു വിട്ടവൾ.....

 
ഈ ചെമ്പരത്തിച്ചെടി സ്വയം ഒരു പൂക്കളമൊരുക്കി,
ഓണത്തിന്റെ വരവ് ഞങ്ങളേ അറിയിച്ചു.അങ്ങനെ (മെയ് 24 ന്) മുപ്പത്തിയേഴ് വർഷം കടന്നു.

മുപ്പത്തിയാറു വർഷത്തിനുശേഷം ഞങ്ങൾ ഒന്നിച്ച ആ നിമിഷം ആയിരുന്നു 2015 ന്റെ ധന്യത...

Saturday, November 1, 2014

നവംബറിന്റെ നഷ്ടം

നവംബര്‍ ഒന്ന്, കേരളപിറവി. ആഘോഷങ്ങള്‍ പൊടിപൂരം. മലായാളത്തേയും കേരളത്തേയും ഒക്കെ കുറിച്ചു നമ്മുടെ നേതാക്കന്മാരും പ്രമുഖന്മാരും ഒക്കെ സംസരിക്കുന്നതൊക്കെ കേട്ടപ്പോള്‍, കണ്ടപ്പോള്‍, ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ എഴുതണം എന്നു തോന്നി. ഇതു വലിയ സംഭവങ്ങള്‍ ഒന്നും ആയിരിക്കില്ല.എനിക്കെന്റെ മനസ്സിൽഒരു വിങ്ങല്‍ ഉണ്ടാക്കിയ അനുഭവങ്ങൾ ,അതു കൊണ്ട് പറയുന്നു എന്നേയുള്ളു.
ഒന്നാമത്തെസംഭവം ഇങ്ങനെ.........

വര്‍ഷങ്ങളായി ഒരു പ്രവാസിയാണ് ഞാനും.(ഇപ്പോൾ അല്ല) ഒരിക്കൽ നാട്ടില്‍ നിന്നും കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊത്തു വന്ന് എന്റെ അടുത്തു തന്നെ താമസിക്കുച്ചിരുന്ന ഒരു മോള്‍. വിദ്യാസമ്പന്നയാണ്, മിടുക്കിയാണ് .  വന്ന് അധികം ആകുന്നതിനു മുന്‍പു തന്നെ നല്ല ജോലി ഒക്കെ കിട്ടി . ഒരു ദിവസം അവള്‍ എന്റെ അടുത്ത് വന്നപ്പോള്‍ കൈയില്‍ ഒരു പേപ്പര്‍ മടക്കി പിടിച്ചിരുന്നു. വന്നു കുറച്ചു കഴിഞ്ഞു അവള്‍ ചോദിച്ചു“ആന്റീ ഇതൊന്നു വായിച്ചു തരാമോ” എന്നു.
ഞാന്‍: “എന്താ മോളേ അത്?”
മോള്‍: “ഒരു കത്താണ്”.എനിക്കു ചിരി വന്നു. 
ഞാന്‍ ചോദിച്ചു,”നിനക്കെന്താ വായിച്ചാല്‍?”
ഉടനെ മോള്‍:” അതെ ആന്റീ ഇത് മലയാളത്തിലാ, എനിക്കു മലയാളം വായിക്കാന്‍ അറിയില്ല”.
ഞാന്‍:“ ആരുടെ കത്താണ്?”
കുട്ടി:” എന്റെ അമ്മയുടെ”
ഞാന്‍: “മോള്‍ക്കു മലയാളം അറിയില്ലാന്നു അമ്മക്കു അറിയില്ലെ? പിന്നെ എന്താ മലയാളത്തില്‍ അമ്മ എഴുതിയെ?”
മോള്‍:“അമ്മക്കു അത്ര നന്നായിട്ട് ഇംഗ്ലീഷ് അറിയില്ല”.
ഞാന്‍:മോള്‍ എവിടെയാ പഠിച്ചത്”?അവള്‍ കേരളത്തിലെ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു
ഞാന്‍:“അമ്മക്കെന്താ ജോലി?”
മോള്‍ :“വീട്ടമ്മയാണ്?”
ഞാന്‍ ചോദിച്ചു: “ അമ്മയുടെ കത്തല്ലെ, അതു അന്യയായ ഞാന്‍ വായിക്കുന്നതു ശരിയാണോ, ഭര്‍ത്തവിനോടു പറഞ്ഞൂടെ? അതോ അയാള്‍ക്കും അറിയില്ലെ മലയാളം”?
മോള്‍: ചേട്ടനു മലയാളം അറിയാം,പക്ഷേ ഈ കത്തില്‍ വീട്ടിലെ ചില പ്രശ്നങ്ങള്‍ ആണ് , അതു ചേട്ടന്‍ അറിയണ്ട, അമ്മ ആരും അറിയാതെ ആരുടെയോ കൈയില്‍ കൊടുത്തു വിട്ട കത്താണ്”.(അപൂര്‍വമായി അത്യാവിശ്യ സമയങ്ങളില്‍ എന്നും ഇന്നും ചിലര്‍ കത്തുകളെഴുതുന്നു).
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. കത്തു വായിക്കാനായി തുടങ്ങിയപ്പോള്‍ ആദ്യ വരി“എന്റെ പൊന്നു മോള്‍ക്കു ഉമ്മകള്‍”(സ്വന്തം ഭാഷയിലെ ആ സ്നേഹ പ്രകടനം എന്റെ കണ്ണു നിറച്ചു. വികാരപ്രകടനങ്ങൾക്ക് മാതൃഭാഷതന്നെ അറിയാതെ വന്നു പോകും) പിന്നെ അവരുടെ വീട്ടിലെ കുറേ പ്രശ്നങ്ങള്‍.......എഴുതുമ്പോള്‍ അവസാന ഭാഗം ഒക്കെ ആയപ്പോഴേക്കും ആ അമ്മ കരഞ്ഞിരുന്നു എന്നു കണ്ണുനീരു വീണ നിറം മങ്ങിയ വരികളില്‍ നിന്നും മനസ്സിലായി എനിക്കു, അതു കേട്ടിരുന്ന ആ മകള്‍ക്കു മനസ്സിലായോ എന്ന് എനിക്കറിയില്ല.(ആ മോളോടു വിളിച്ചു ചോദിച്ചു അനുവാദം വാങ്ങിയതിനു ശേഷം ആണ് ഞാന്‍ ഇതു എഴുതുന്നത്). നമ്മൾ മലയാളി മാത്രം എന്തേ
നമ്മുടെ മക്കളെ മാതൃഭാഷയില്‍ നിന്നും ഇങ്ങനെ അകറ്റിക്കോണ്ടിരിക്കുന്നത്? എനിക്കു പെട്ടന്ന് ഓര്‍മ്മ വന്നത് ഗോഡ്ഫാദര്‍ എന്ന മലയാളം സിനിമയില്‍ അഛനോട്(എന്‍.എന്‍.പിള്ള) മകന്‍(ഇന്നസന്റ്) ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്“ആരാ മനസ്സിലായില്ലല്ലോ?” എന്നു.മാതൃഭാഷയെ മക്കളിലെത്തിക്കാത്ത മാതാപിതക്കന്മാരൊക്കെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായരായി നില്ക്കേണ്ടി വരില്ലേ????
ആരെങ്കിലും ഒക്കെ ഇതു വായിക്കുമെങ്കില്‍ അവരവരുടെ വീട്ടിലെ , കൊച്ചു കുട്ടികളുള്ള അമ്മമാരോടും, അമ്മമാരാകാന്‍ പോകുന്ന സഹോദരിമാരോടും, മക്കളോടും പറയണേ”മക്കളുടെ ആദ്യ ഗുരുക്കന്മാരായ അമ്മമാര്‍ മക്കളെക്കൊണ്ട് ആദ്യം അമ്മേ എന്നു വിളിച്ചു പഠിപ്പിക്കാന്‍,ഇല്ലയെങ്കില്‍ നാളെ അവര്‍ ചോദിക്കും“അമ്മയോ അതാരാ? അമ്മയോ അത് എന്താ?” എന്നു.അതു സഹിക്കാന്‍ പറ്റിയെന്നു വരില്ല ഒരു അമ്മക്കും.

രണ്ടാമത്തെ സംഭവം ഇതാണ്.

ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഒരു സംഭവം, അനുഭവിച്ച ആളില്‍ നിന്നും കേട്ടതാണ്. ചിരിക്കയും, ചിന്തിപ്പിക്കയും ഒരു പോലെ ചെയ്തെ ഒരു സംഭവം..ബാഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജ്.റാഗിംഗ് നടക്കുന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ ഉണ്ട്. പുതു വര്‍ഷക്കാരോട് നേതാക്കന്മാര്‍ പറഞ്ഞു”എല്ലാവരും മാതൃഭാഷയില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ഒന്നു മുതല്‍ പത്തുവരെ എഴുതുക.എല്ലാവരും എഴുതി നമ്മുടെ മക്കളും എഴുതി..1, 2 ,3 .......10.
മലയളികുഞ്ഞുങ്ങള്‍ക്കെല്ലാം പടാ പടാ എന്നു കിട്ടി അടി ഇഷ്ടം പോലെ. അടി കൊടുത്തുകൊണ്ട് നേതാക്കന്മാര്‍ ചോദിച്ചു “ഇതാണോടാ മലയാളം അക്കങ്ങള്‍?” “അതേ അതേ ഇതല്ലാതെ മലയാള അക്കങ്ങള്‍ ഞങ്ങള്‍ക്കില്ല, ഇതാണേ മലയാള അക്കങ്ങള്‍ എന്ന്” അതു കൂടെ കേട്ടാപ്പോള്‍ ഇടിയോടിടീ...
നേതാക്കന്മാര്‍(ഇടിച്ചു കൊണ്ട്)“എടാ മലയാളി കഴുതകളേ ഇതു ഇംഗ്ലീഷ് അക്കങ്ങാളാ, നിനക്കൊക്കെ മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല അല്ലേ?
മലയാള അക്കങ്ങള്‍ ഉണ്ട് എന്നു പലര്‍ക്കും അറിയില്ല.(അക്ഷരങ്ങളും).എന്നാല്‍ മലയാളിയെ കുടുക്കാന്‍ ഏറ്റവും പറ്റിയത് അവന്റെ ഭാഷ തന്നെയാണ് എന്നു മലയാളി അല്ലാത്ത എല്ലാവര്‍ക്കും അറിയാമെന്നതിന്റെ തെളിവല്ലെ ഈ റാഗിംഗ്.
ഒരു കോമഡി പരിപാടിയില്‍ ഒരു ചോദ്യോത്തര പംക്തി.
ചോദ്യം”മാതൃഭാഷയല്ലാത്ത എല്ലാ ഭാഷയും അനായാസേന കൈകാര്യം (എഴുതുക, വായിക്കുക, പറയുക) ചെയ്യുന്ന ഒരു ജന്തു?ഉത്തരം “മലയാളി”.
കേട്ടപ്പോള്‍ ചിരി വന്നെങ്കിലും അതിലെ സത്യം ഓര്‍ത്തപ്പോള്‍ കരച്ചിലും വന്നു.

എത്ര ഭാഷ പഠിക്കുന്നതും മഹത്തരം തന്നെയാണ്, ഒരോ ഭാഷയും തരുന്നതു ഓരോ സംസ്കാ
രമാണ്. ഒരോ വ്യക്തിത്വമാണ്. മലയാളിക്കു ഏതു ഭാഷയും പെട്ടന്നു പഠിച്ചെടുക്കാനുള്ള കഴിവുണ്ട് എന്നതു ഏറ്റവും മഹനീയവും ആണ്.അതു മലയാളം എന്ന ഭാഷയില്‍ നിന്നും കിട്ടിയ ഒരു അനുഗ്രഹം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഒരു മയിലിനെ “ഇങ്ങനെ ഭംഗിയിണങ്ങി വിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ”എന്ന മലയാള വരികളിലൂടെ ഇത്ര മനോഹരമായി നമ്മള്‍ക്കു കണിച്ചു തന്ന ആ മഹാ കവിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഈ സുന്ദരമായ ഭാഷയെ അരിഞ്ഞ് അരിഞ്ഞു (മലയാലം അരിയാം)കൊല്ലാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കരുതേ എന്നു യാചിക്കുന്നു....ഈ കേരളപ്പിറവി ദിനത്തില്‍ ഒരു മലയാളി വീട്ടമ്മ മാത്രം ആയ ഞാന്‍ വേറെ എന്ത് എഴുതാന്‍?

                       ൧ ൨ ൩ ൪ ൫ ൬ ൭൯ ൮  ൦  ഇതാണ് മലയാള അക്കങ്ങള്‍.

Tuesday, January 28, 2014

നീയാണ് കാരണം.

വേനലിൽ   പൊള്ളും  മരങ്ങളിൽ നിന്നെല്ലാം
പൂക്കളും ഇലകളും വാടിവീണു
കത്തുന്ന സൂര്യനാൽ കത്താതിരിക്കുവാൻ
തുമ്പിയും ശലഭവുമൊളിച്ചിരുന്നു...


കരിയുന്ന കാട്ടിലും പൊള്ളുന്ന മേട്ടിലും
ചിറകിട്ടടിക്കുമാ പക്ഷിക്കൂട്ടങ്ങളും
ദാഹജലത്തിനായ് കേഴും മൃഗങ്ങളും
എല്ലാറ്റിനും മീതെ പവമാമർക്കനും.


സൂര്യനെ വിൽക്കുന്ന ഭൂമിയെ കൊല്ലുന്ന
പുഴകളെ പാതാള ലോകത്തയക്കുന്ന
നീമാത്രം ഒന്നുമറിയാതിരിക്കയൊ?
മർത്യാ നീമാത്രം ഒന്നുമറിയാതിരിക്കയൊ?


 കരിയുന്ന കാടിനും പൊരിയുന്ന നാടിനും
 ദാഹജലത്തിനായ് കേഴുന്ന ജീവനും
 കത്തുന്ന സൂര്യനും പൊള്ളുന്ന ഭൂമിക്കും
 നീറുന്ന പ്രാണനും നീയാണ് കാരണം

                                               
Wednesday, January 1, 2014

പ്രകൃതിയിൽ മാറുന്ന കാലം

                                             വാടിയ 2013
                                           വിടർന്ന് 2014
                                                          മൊട്ടായ് 2015


ഈ പുതുവർഷ ദിനത്തിൽ ആദ്യം കണ്ട ഈ കാഴ്ച്ച ..........

എനിക്കു സങ്കടവും സന്തോഷവും പ്രതീക്ഷയും ആയി.