Saturday, August 27, 2011

ചില്ലുകൊട്ടാരം


    വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതേ വിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!
   എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്, പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണെന്നള്ള കാര്യം പോലും പലപ്പോഴും മറന്നു പോയി. മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.
   
ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല. ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!
   വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം...ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം...സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!! 

Sunday, August 14, 2011

പച്ചനിറമുള്ള സന്യാസിമരങ്ങൾ

        ഭൂമിയില്‍ നിന്നും ആകാശത്തേക്ക് നോക്കുമ്പോള്‍ പലപ്പോഴും വര്‍ണ്ണങ്ങള്‍ വാരി വിതറിയിരിക്കുന്നത് കണ്ടിട്ടുണ്ട്.  എന്നാല്‍ ഒരിക്കല്‍ ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയപ്പോള്‍ അതിമനോഹരമായ ഒരു വര്‍ണ്ണകാഴ്ച്ച കാണാനിടയായി.  കാര്യം മനസ്സിലാകത്തതുകൊണ്ട് സഹയാത്രികനോട് ചോദിച്ചു, "എന്താ ഭുമിക്ക് ഈ നിറം?"
    “ഇവിടെ ഇപ്പോള്‍ ഫോള്‍ സീസണ്‍ ആണ്”,  അയാള്‍ പറഞ്ഞു.  സത്യത്തില്‍ എന്താ എന്നു മനസ്സിലായില്ല.  കൂടുതല്‍ ചോദിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കേണ്ട എന്നു കരുതി നിശ്ശബ്ദമായിരുന്നു.
    താഴെയെത്തി ചുറ്റിനും കണ്ണോടിച്ചപ്പോള്‍ കണ്ട കാഴ്ച്ച !!ഹോ!!!, ഒരു കവി ഹൃദയം ഇല്ലാത്തതില്‍ ദു:ഖം തോന്നിയ നിമിഷം! ഇത്ര അധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്നു തോന്നിപ്പോയി.  ഈ വര്‍ണ്ണങ്ങളേ മുഴുവനും സൃഷ്ടിച്ച ആ ശക്തിയെ മനസ്സാല്‍ സാഷ്ടാംഗം നമസ്കരിച്ചുപോയി.
         ‘കണ്ണുകള്‍ക്കു കണ്‍പോളകള്‍ വേണ്ട‘ എന്നു ഗോപികമാര്‍ ഭഗവാനോട്പറഞ്ഞത് സത്യത്തില്‍ ആ നിമിഷം ഞാനും പറഞ്ഞു. കണ്ണിമ ചിമ്മാതെ ആ പ്രകൃതിയെ നോക്കിനില്‍ക്കാന്‍,  ഹൃദയത്തിലേറ്റാന്‍.                                                                                                                                                
      പ്രകൃതിയുടെ ഹോളി ആഘോഷം ആസ്വദിച്ചിരുന്ന ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു നിറം ഉണ്ടായിരുന്നു  - പച്ച.  നിറം മാറി പ്രക്യതിയുടെ മാറ്റങ്ങളെ അംഗികരിക്കാന്‍ തയ്യാറാകാത്ത ധാര്‍ഷ്ട്യഭാവമുള്ള പച്ചമരങ്ങള്‍. കലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കാതെ എന്തേ ഇവ ഇങ്ങനെ എന്നു ചിന്തിക്കാതിരുന്നില്ല.
   വളരെ പതുക്കെ നിറങ്ങള്‍ മങ്ങി തുടങ്ങുന്നതും വര്‍ണ്ണങ്ങള്‍ കൊണ്ട് പ്രകൃതിയെ അലങ്കരിച്ചു നിര്‍ത്തിയിരുന്ന ഇലകള്‍ ഒന്നോന്നായും കൂട്ടത്തോടെയും കൊഴിഞ്ഞു വീഴുന്നതും കുറ്റിച്ചെടികള്‍ മുതല്‍ വന്‍ വ്യക്ഷങ്ങള്‍ വരെ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നതും ഞാന്‍ കണ്ടു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചു, നിറം മാറാതെ നിന്നിരുന്ന പച്ച ഇലകളുള്ള മരത്തെ. ആ       ഒറ്റയാന്മാരെ. മരങ്ങള്‍ക്കിടയിലെ സന്യാസിമാരെ. ഒരു മാറ്റങ്ങളും അവരെ ബാധിക്കുന്നില്ല. മറ്റുമരങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയപ്പോള്‍ അവര്‍ അസുയപ്പെട്ടില്ല, ഇല പൊഴിച്ചപ്പോള്‍ സന്തോഷിച്ചും സങ്കടപ്പെട്ടും ഇല്ല.  സ്വന്തം ഭംഗിയും ഭാവവും കൈ വിടാതെയുള്ള ആ പച്ച മരങ്ങളെ കണ്ടപ്പോള്‍ എനിക്ക് നമുക്കു ചുറ്റുമുള്ള പല വ്യക്തിത്വങ്ങളേയും ഓര്‍മ്മ വന്നു.
       തറയില്‍ വാടി തളര്‍ന്നു കിടക്കുന്ന നിറം മങ്ങിയ ഇലകളേയും, നഗ്നരാക്കപ്പെട്ട മരങ്ങളേയും ചെടികളേയും,സന്യാസിമാരായ പച്ച മരങ്ങളേയും ഒക്കെ തൊട്ടുതലോടിക്കൊണ്ട് മഞ്ഞുകാലം വരവായി. തണുപ്പിന്റെ തലോടലിനു ഒരു വല്ലാത്ത സുഖം ആയിരുന്നു. ക്രമേണ തലോടല്‍ ഗാഢമായ ആലിംഗനത്തിലേക്കും പിന്നെ ധ്യതരാഷ്ട്രാലിംഗനത്തിലേക്കും മാറുന്നതും ഞാനറിഞ്ഞു.
     മുണ്ഡനം ചെയ്തവനെ ഭസ്മംപൂശുന്നതു പോലെഒരു കാഴ്ച്ച ഞാന്‍ കണ്ടു - ആകാശത്തില്‍ നിന്നും വെള്ള പൊടി ഭൂമിയിലേക്കു വന്നു കൊണ്ടേയിരുന്നു। ക്രമേണ പല വര്‍ണ്ണങ്ങള്‍ക്കു പകരം തൂവെള്ള നിറം കൊണ്ടു നിറഞ്ഞു പ്രക്യതി  പൂക്കളായും ഇലകളായും മഞ്ഞ് മരങ്ങളുടേയും ചെടികളുടേയും നഗ്നത മറച്ചു.  അപ്പോഴും നമ്മുടെ സന്യാസി മരങ്ങള്‍ ബലമായി അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു പൂക്കളേയും പേറിക്കൊണ്ട് നിര്‍വികാരതയോടെ തന്നെ നിന്നു.  സൂര്യരശ്മികള്‍ക്കു പോലും തണുപ്പ് അനുഭവപ്പെട്ടു.
     ശൈത്യഭഗവാന്റെ ആലിംഗനത്തിന്റെ ശക്തി കുറയുന്നതും വെളുത്തപൂക്കളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞ് അവ ഇല്ലാതെ ആകുന്നതും കണ്ടു.  തണുപ്പിന്റെ തലോടലിനൊപ്പം സൂര്യകിരണങ്ങളുടെ ചൂടും ചെറുതായി വന്നു തുടങ്ങിയ ഒരു നാളില്‍ ഞാന്‍ കണ്ടു വര്‍ണ്ണം വിതറിയ ഇലകളും, വെള്ളപ്പുക്കളും ഒക്കെ നിന്നിരുന്ന കൊമ്പുകളിലും ചില്ലകളിലും നിറയെ പച്ചമുകുളങ്ങള്‍.  പാല്‍ പല്ലുകള്‍ കാട്ടി നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞിരിക്കുന്നു. 
        “ഹോ എന്തൊരു ഭംഗിയാ... ആ കാഴ്ച്ച”, വീണ്ടും കവി ഹ്യദയത്തെ ഓര്‍ത്തു പോയി.
     ദിവസങ്ങല്‍ക്കുള്ളില്‍ പ്രകൃതി സുന്ദരിപെണ്ണായി.  ഇലകളും പൂക്കളും കായ്കളും, കിളികളും കാറ്റും. ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന ഭാവത്തോടെ നില്‍ക്കുന്ന പച്ച മരങ്ങളോട് എനിക്കു ചെറിയ പരിഭവം തോന്നി.അതിലേറെ ബഹുമാനവും തോന്നി.
      ഈ പ്രകൃതിയെ ആസ്വദിക്കാന്‍ എന്നും എനിക്കു കൂട്ടായി ഒരുപച്ച മരം ഉണ്ടായിരുന്നു. സ്ഥിരസ്വഭാവം ഉള്ളവനിലുള്ള ഒരു വിശ്വാസം കൊണ്ടാവാം ആ പച്ച മരം എനിക്കു പ്രിയപ്പെട്ടതായിരുന്നു. എന്റെ മണലാരണ്യത്തിന്റെ സൗന്ദര്യത്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടെ ഞാന്‍ ആ ഫേണ്‍ മരത്തിനടുത്തുപോയി കുറേ സമയം ഇരുന്നു.യാത്ര പറഞ്ഞു തിരിച്ചു നടന്ന എന്നെ ആരോ പിടിച്ചതു പോലെ തോന്നി. ആ പച്ചമരത്തിന്റെ ഒരു ചില്ല എന്റെ ഉടുപ്പില്‍ പിടിച്ചിരിക്കുന്നു.  തിരിഞ്ഞു നിന്ന എന്നോട്, മനസ്സു വായിക്കാന്‍ അറിയാവുന്ന എന്റെ സന്യാസിമരം വളരെ പതുക്കെ എന്തൊ പറയുന്ന പോലെ തോന്നി. കാതോര്‍ത്തപ്പൊള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി, "സംശയങ്ങള്‍ ഒക്കെ തിര്‍ത്തിട്ടു പോയാലെ ദൂരങ്ങള്‍ താണ്ടി നീ ഇനിയും എന്നേ കാണാന്‍ വരൂ....”
       ഞാന്‍ ചോദിച്ചു, “നിങ്ങള്‍ പച്ചമരങ്ങള്‍ എന്താണ് മാറ്റങ്ങളെ അംഗീകരിക്കാതെ, ഇത്ര ഗര്‍വ് കാട്ടി നില്‍ക്കുന്നത്?”
      വെയില്‍ തട്ടി നിന്നിരുന്ന എന്നൊട് ആ മരം പറഞ്ഞു, “എന്റെ തണലിലേക്കു നീങ്ങി നില്‍ക്കൂ”.
         തണലില്‍ നിന്നപ്പോള്‍ വല്ലാത്ത കുളിര്‍മ്മ തോന്നി. മരം വീണ്ടും പറയാന്‍ തുടങ്ങി, “ഞങ്ങള്‍ പച്ച മരങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നവര്‍ തന്നെയാണ്, നീ കണ്ടതൊക്കെ നൈമിഷികമായ വര്‍ണ്ണങ്ങള്‍ മാത്രം ആണ്. അതില്‍ അഹങ്കരിക്കുന്ന ജിവജാലങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍. പ്രകൃതി ദുരന്തങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളുടെ സമാധാനത്തെ കളയല്ലേ എന്നു എപ്പൊഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കയാണ് ഞങ്ങള്‍.എല്ലാ മാറ്റങ്ങളിലൂടെയും ഓടിതളര്‍ന്ന് വീണ്ടും പച്ചനിറം ഉള്‍ക്കൊണ്ട് ഞങ്ങളോടൊപ്പം എല്ലാം വന്നു നില്‍ക്കുന്നതു കണ്ടില്ലേ? നീയും ഇപ്പോള്‍ ഈ പച്ചപ്പിന്റെ തണലില്‍ അല്ലേ നില്‍ക്കുന്നത്?”
    ശരിയാണ്, ചുറ്റിനും നോക്കിയ ഞാന്‍ മനസ്സിലാക്കി സന്യാസിമരം പറഞ്ഞ സത്യം.  ചെറുചിരിയോടെ നിറഞ്ഞമനസ്സോടെ പ്രാര്‍ത്ഥനയില്‍ മാത്രം മുഴുകി നില്‍ക്കുന്ന പച്ചമരങ്ങളെ നോക്കിയപ്പോള്‍ എന്റെ കണ്ണുകല്‍ നിറഞ്ഞു. അവയെ മനസ്സിലാക്കാന്‍ വൈകിയതിന്റേയും അവയോട് യാത്ര പറയുന്നതിന്റേയും ഒക്കെ വിഷമം.
        വീണ്ടും ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കിയ ഞാന്‍ പച്ചപ്പിന്റെ സൌന്ദര്യം കണ്ട് കവി ഹ്യദയം ഇല്ലാത്തതില്‍ ഒരിക്കല്‍ കൂടെ ദു:ഖിച്ചു. എന്റെ സന്യാസി മരങ്ങളെ ഇനിയെന്നു കാണും?
    ആകാശത്തില്‍ നിന്നും മണലാരണ്യത്തിലേക്കു താഴ്ന്നു വന്നപ്പോള്‍ അവിടവിടെയായി ചില പച്ചപൊട്ടുകള്‍ കണ്ടു. താഴെയെത്തി ചുറ്റിലും നോക്കിയ ഞാന്‍ കണ്ടത് ഒന്നുമാത്രം. ഈ മരുഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കി മാറ്റാന്‍ തലയെടുപ്പോടേ നിസ്വാര്‍ത്ഥ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഈന്തപ്പനകളേ...ഈ മരുഭൂമിയിലെ എന്റെ പ്രിയപ്പെട്ട സന്യാസിമരങ്ങളെ..

[പലവട്ടം അമേരിക്ക സന്ദർശിച്ചിട്ടും, ഒരുപാട് കാഴ്ചകൾ കണ്ടിട്ടും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടേ ഇല്ല. 
    ദുബായിൽ നിന്ന് നാട്ടിലെത്തിയശേഷം ഇടയ്ക്കിടെ പ്രിയമുഖങ്ങൾക്കൊപ്പം മനസ്സിലേയ്ക്കോടിയെത്തുന്ന അവിടുത്തെ എന്റെ സന്യാസിമരങ്ങളും.... ആ ഓർമ്മകളെ താലോലിച്ചു കൊണ്ട് ഒരിക്കൽക്കൂടി ഞാനീ "പച്ചനിറമുള്ള സന്യാസി മരങ്ങൾ"..... പുനർവായനയ്ക്കായി.....]