രാത്രിമഴയുടെ സംഗീതം എന്നും എനിക്കു ലഹരി ആയിരുന്നു.അതും എന്റെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള നടുമുററത്തേക്കു പെയ്യുന്ന മഴ. പല ഭാവത്തിലും താളത്തിലും വന്നിരുന്ന എല്ലാ മഴകളും എന്നും ഞാന്‍ ഒരുപാടൊരുപാട് ആസ്വദിച്ചിരുന്നു.ചില രാത്രികളില്‍ ഉറങ്ങാതെ മഴ കച്ചേരി കേട്ടു കേട്ടു ഞാന്‍ നേരം വെളുപ്പിച്ചിട്ടുണ്ട്.
എന്റെ പ്രവാസ ജീവിതത്തില്‍ എന്നും എനിക്കു നഷ്ടപ്പെട്ടതും ആ മഴ സംഗീതം മാത്രം.ചില രാത്രികളില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു നടുമുറ്റത്ത് പെയ്യുന്ന രാത്രിമഴയും അതിലെ സംഗീതവും മനസ്സിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കാറും, അതു ആസ്വദിക്കാന്‍ കഴിയാറും ഉണ്ട് എന്നുള്ളതും ഒരു സുഖം തന്നെയാണേ.
എത്ര ആര്‍ത്തലച്ച് വരുന്ന മഴയാണങ്കിലും, ഒരു കാറ്റിന്റെ തലോടലില്‍ ആലസ്യം പേറി വരുന്ന മഴയാണങ്കിലും, ഒരു ചാറ്റല്‍ മഴ ആണങ്കിലും എന്റെ നാലുകെട്ടിന്റെ പായല്‍ പിടിച്ച ഓടുകളില്‍ തട്ടിയും തകര പാത്തികളില് കൂടി ഒഴുകിയും നാദ താള ലയങ്ങളോടെ നടുമുറ്റത്തേക്കു പതിക്കുന്ന ഓരോ മഴത്തുള്ളിയിലും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന (നില്ക്കുന്ന) ആ സംഗീതം ഒരു അത്ഭുതം തന്നെയാണ് .കവിതയും സംഗീതവും പേറി വന്നിരുന്ന മഴകളിൽ മനോഹരമായ പ്രണയവും , സ്നേഹവും ഒക്കെ നിറഞ്ഞു നില്ക്കുന്നതും കണ്ടിട്ടുണ്ട്.എപ്പോഴും മഴയെ കാത്തിരിക്കുന്നത് ഒരു ശീലമായി മാറുകയും ചെയ്തു.
ഈ മരുഭൂമിയില്‍ ഒരിക്കലും എന്റെ നടുമുറ്റവും അവിടെ എത്തിയിരുന്ന , എത്തുന്ന മാസ്മരിക ശക്തിയുള്ള രാത്രി മഴകളും വരില്ല എന്നറിയാമയിരുന്നു എങ്കിലും എന്നും ഞാന്‍ കാത്തിരുന്നു, കാതോര്‍ത്തിരുന്നു;എല്ലായിപ്പോഴും.അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍, എന്നെ കുളിര്‍കോരിയണിയിപ്പിച്ച എന്റെ മഴസംഗീതത്തിനും അപ്പുറമായി ഒരു അവര്‍ണ്ണനീയ ശബ്ദം(സംഗീതം) എന്നേ തേടിയെത്തി,അതും ഒരു രാത്രിയില്‍.
.ഇതു ആരെങ്കിലും വായിക്കുമെങ്കില്‍ പലര്‍ക്കും നിസ്സാരമായി തോന്നുമായിരിക്കാം.എന്നാല്‍ വെറും ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.
/ ദിവസം ഇതായിരുന്നു.2004 ഒക്ടോബര്‍ 8. സമയം 8.25 രാത്രി എന്റെ പ്രിയപ്പെട്ട കവി ശ്രീ കൈതപ്രം തിരുമേനി എന്റെ ഫോണിലേക്ക് കേരളത്തിൽ നിന്നും വിളിക്കുകയും പതിനഞ്ചു മിനിിറ്റോളം അദ്ദേഹവുമായും ഭാര്യ ദേവിയുമായും സംസാരിക്കാനുള്ള അവസരം എനിക്ക് തരികയും ചെയ്തു.ആ ധന്യ നിമിഷം.... വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .
അദ്ദേഹം എന്നെ വിളിക്കാനുണ്ടായ കാരണം ഞാന്‍ അദ്ദേഹത്തിനയച്ച ഒരു കത്താണ്.ആ കത്തെഴുതാന്‍ എനിക്കു പ്രചോദനമായത് അദ്ദേഹത്തിന്റെ ഒരു കവിതയും. 2004 ലെ ഓണ സമയത്ത് അത്തം മുതല്‍ പത്തു ദിവസം തിരുമേനി ജീവന് റ്റിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു ദിവസത്തെ കവിത ‘വിന്ധ്യാവലി’ എന്നതായിരുന്നു. തിരുമേനിക്കല്ലതെ ആര്‍ക്ക് ഇങ്ങനെ ഒരു കവിത നമ്മള്‍ക്കു തരാന്‍ പറ്റും എന്നു ഓര്‍ത്തപ്പോള്‍ കാണിച്ച ഒരു സാഹസം ആയിരുന്നു ആ കത്തെഴുത്ത്. അഡ്രസ്സ് ഒന്നും അറീയില്ലായിരുന്ന.കേരളത്തില്‍ എത്തിയാല്‍ അതു അദ്ദേഹത്തിനു കിട്ടും എന്നറിയാമായിരുന്നു. കിട്ടി !
എന്റെ മനസ്സില്‍ മായാതെ കിടക്കുന്ന അതിലെ വരികള്‍ ശ്രീ കൈതപ്രം തിരുമേനിയോടു കടപ്പാട് അറിയിച്ചു കൊണ്ട് ഇവിടെ എഴുതട്ടെ.
വിന്ധ്യാവലി
മുനിമാര്‍ക്കുപോലുമുണ്ട് ആശ്രമ പത്നിമാര്‍
മാനവരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനുമുണ്ടൊരു മഹാറാണി,
റാണി വിന്ധ്യാവലി..റാണി വിന്ധ്യാവലി.
മാനുഷരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനും ഉണ്ടൊരു മഹാറാണി,
ആരോരുമറിയാത്ത വിന്ധ്യാവലി
ഭാരത സ്ത്രി രത്നമെന്നു പുകള്‍പെറ്റ
നിത്യ സതീരത്നമായ് വിന്ധ്യാവലി..
പ്രണയ പര്‍വങ്ങള്‍ പരത്തി പറയുവാന്‍
പുണ്യപുരാണത്തിലായിരമേടുകള്‍
എങ്കിലും എപ്പോഴും മാവേലി മന്നന്
ഈ മലയാളമണ്ണിലെഴുന്നെള്ളുന്നത്
ഏകനായ് എന്നും ഏകനായ് മാത്രം.
അര്‍ദ്ധനാരീശ്വര കലപനാ വൈഭവം
കവിതയില്‍ വിളമ്പുന്ന കവി വര്യരേ
നിങ്ങള്‍ മാവേലി മന്നന്റെ പാതി മെയ്യാം സഖി
വിന്ധ്യാവലിയെ മറന്നതെന്തേ..
വിന്ധ്യാവലിയെ മറന്നതെന്തേ??