
വിങ്ങലുകളുടെ ദിവസങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നെ തേടിയെത്തിയ ആ സാന്ത്വനശബ്ദം ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു?ഞാന്‍ വിളിക്കുന്ന ഏതു ദൈവം ആണ് ആ ശബ്ദം എന്നിലേക്കു എത്തിച്ചത് ? മെയ് 6നു വൈകിട്ട് ഏകദേശം എട്ടുമണിയായിക്കാണും,ആകെ അസ്വസ്ഥമായിരുന്നു മനസ്സ് .ബ്ലോഗുകളില്‍ക്കൂടെ കറങ്ങി കറങ്ങി ഇരിക്കയായിരുന്നു ഞാന്‍. ഈ അടുത്തകാലത്തായി എനിക്കു കൂട്ടാകുന്നതു പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ ബ്ലോഗുകള്‍തന്നെയാണ് .അതിലൂടെയുള്ള ചുറ്റിക്കറങ്ങലുകള്‍ വല്ലാത്ത ഒരു തരം ആശ്വാസം തരുന്നു പലപ്പോഴും. എന്താന്നറിയില്ല അന്നു ബ്ലോഗുകള്‍ക്കും എന്തോ എന്നോട് ഒരു പരിഭവം പോലെ തോന്നി .അപ്പൊഴത്തെ എന്റെ മാനസികനിലയുടെ പ്രതിഫലനം ആയിരുന്നിരിക്കാം ആ തോന്നലും.
ഇടക്കിടെ ഞാന്‍ എന്റെ ഫോണെടുത്ത് അതിലുള്ള എല്ലാ നമ്പരുകളും, പേരുകളും ഒക്കെ നോക്കി കൊണ്ടേയിരുന്നു. ആരെയെങ്കിലും ഒന്നു വിളിച്ചാലോ..”വേണ്ട”..വിഷമിച്ചിരിക്കുമ്പോള്‍ വേണ്ടതും വേണ്ടാത്തതും ഒക്കെ പറയും, പിന്നെ അതൊക്കെ അവസരങ്ങള്‍ നോക്കി നമുക്കു തന്നെ പാരയായി വരും.(അനുഭവം ഗുരു). പെട്ടന്നു എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത നമ്പര്‍. എടുക്കാതിരിക്കാനും കഴിയില്ല.കാരണം എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍ പെട്ടന്നു നാട്ടില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ എന്റെ ഫോണിലേക്ക് ഡൈവേര്‍ട്ട് ചേയ്തിരിക്കുകയായിരുന്നു.. ഇനി അവരെ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കായാണങ്കിലോ?ഞാന്‍ ഫോണെടുത്ത് ഒരു മൂഡും ഇല്ലാതെ ഹലോപറഞ്ഞു. പെട്ടന്നു മറുതലക്കല്‍ നിന്നും വളരെ മര്യാദക്കു ഒരു ചോദ്യം ”സുബൈര്‍ ഇല്ലേ?”
ഞാന്‍ “ഇല്ല”
ചോദ്യം “ഇതു സുബൈറിന്റെ നമ്പര്‍ അല്ലേ?”
ഞാന്‍ “അല്ല ഇതു എന്റെ നമ്പര്‍ ആണ്, അതല്ലേ എന്റെ ഫോണ്‍ റിങ്ങ് ചെയ്തത്।”
പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?
മറുപടി“അല്ല” ..മറുതലക്കല്‍ ഉള്ള ആളു ആകെ ഒരു കണ്ഫ്യ്യൂഷന് അടിച്ചപോലെ തോന്നി എനിക്ക് ..വീണ്ടും മറുതലക്കല്‍ നിന്നും സംസാരം തുടര്‍ന്നു ”ക്ഷമിക്കണം, എനിക്കു കിട്ടിയ നമ്പരില്‍ തന്നെയാണ് ഞാന്‍ വിളിച്ചത്, സുബൈര്‍ ഒരു സൌണ്ട് എഞ്ചിനിയര്‍ ആണ്.. ഞാന്‍ ഒരു ചെറിയ പാട്ടുകാരന് ആണ്, ഒരു സോങ്ങ് റെക്കൊര്‍ഡിങ്ങിനെ കുറിച്ചു പറയാനാണ് വിളിച്ചത്, ..ക്ഷമിക്കണം“. എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്യും, എന്നു തോന്നിയപ്പോള്‍ ഞാന്‍ പെട്ടന്നു ചോദിച്ചു“ഈ ചെറിയ പാട്ടുകാരന്റെ പേര് എന്താണ് ?”
മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”
എന്നിട്ടു അയാള്‍ ആത്മഗതം പോലെയും എന്നോടായിട്ടും പറയുന്നതു കേട്ടു “ഈ നമ്പര്‍ എങ്ങനെ എന്റെ ഫോണില്‍ സേവ് ആയി ?”
ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..
പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”
മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”
ഞാന്‍“പെട്ടന്നു പറഞ്ഞാലും പാടും നല്ല ഒരു പാട്ടുകാരന്”
മറുപടി“ഏതു പാട്ടു വേണം?”
ഞാന്‍ “ഏതായാലും മതി”
കുറച്ചു സമയത്തെ മൌനത്തിനു ശേഷം നല്ല ഒരു ഹമ്മിങ്ങ്, നാലു വരി പാട്ടും........
ഞാന്‍ എന്നെതന്നെ മറന്നു, എന്റെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി..ആ ഒരു ഗന്ധര്‍വശബ്ദം എവിടെ നിന്നാണ് എന്റെ കാതില്‍ക്കൂടെ ഹൃദയത്തിലേക്കു വന്നത്? ദൈവ സാന്നിധ്യം പ്രിയ സംഗീതമായി നിന്റെ മനസ്സിന്റെ മുറിവുകളില്‍ തലോടാനായി എത്തും എന്നു എന്റെ ഭഗവാന് എന്നോട് പറയുന്നതായി ആ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു..
പ്രിയ ഗായകാ നിന്നോടുള്ള നന്ദി ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?നന്ദി എന്ന രണ്ടു അക്ഷരത്തില്‍ ഞാന്‍ അതിനെ ചെറുതാക്കുന്നില്ല..എനിക്കു നീ തന്ന ആ വിലപ്പെട്ട സമയവും ശബ്ദവും,നാലുവരി കവിതയും(പാട്ട്) മറക്കില്ല..
(ഒരു പ്രത്യേക ഭാഷയില്‍ പാടി പ്രശസ്തനായ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ മകളെയും എല്ലാ മാധ്യമങ്ങളില്‍ കൂടിയും അറിയാമായിരുന്നു എനിക്ക്. ചാനലുകളിലും, സി।ഡികളിലും ഒക്കെ ആ ശബ്ദം കേള്‍ക്കുന്നും ഉണ്ട്.. അതായിരുന്നു സംസാരത്തിന്റെ തുടക്കത്തിലെ ആ ശബ്ദത്തിനോട് ഒരു പരിചയം തോന്നിയിരുന്നത്).