
ഒരു നാള് ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന് കണ്ടു.
ഇവയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന് അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്പില് കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള് പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്ക്കാന് മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.
തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്പില് ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന് അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള് അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”
ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്പില്നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന് ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
എന്നാല്‍ ഒരു നാള് സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന് കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന് അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന് “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.
അന്നാദ്യമായ് ആ മണ്കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന് ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള് പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്ക്കുന്നവന് എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന് മകനായി, ഇവന് അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’
അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന് ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്കൂനകളില് നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള് അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..