Thursday, January 28, 2010

പുനര്‍ജന്മം

തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു  പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.




Tuesday, January 12, 2010

എന്റെ പുതുവത്സര തീരുമാനം..




എന്റെ പുതുവത്സര തീരുമാനം..

ഓര്‍മ്മയായ കാലം മുതൽ കണ്ടു തുടങ്ങിയതാണേ. എന്നും കാണുന്ന കൊണ്ടാണോ മറ്റുള്ളവര്‍ക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ഥാനം ആണോ അവൻ എന്നെയും വല്ലാതെ  ആകര്‍ഷിക്കാൻ  തുടങ്ങി. ആ ഇഷ്ടം ആരാധനയോ അഭിമാനമോ പ്രണയമോ ഒക്കെയായി വളര്‍ന്നു. തന്നിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് എന്നുള്ള ആ മനോഭാവം....

ഇടക്കിടെ അവനോടൊപ്പം വന്നെത്തുന്ന സുഹൃത്തുക്കൾ . . . അവരോടും വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. സത്യം പറയാമല്ലോ അവരേയും കാത്തിരുന്നിട്ടുണ്ട്.  അതു മനസ്സിലാക്കിയപോലെ അവർ വരും എന്നുള്ള ചില സൂചനകൾ ഒക്കെ അവൻ തരികയും ചെയ്യും (കള്ളൻ!‍).

എന്നും അവന്‍ എനിക്കു നല്ല വഴികാട്ടിയായിരുന്നു, ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങൾ, അവനില്‍ക്കൂടിയാണ് എനിക്കു കിട്ടിയിരുന്നത്. ഞാന്‍ പറയാൻ തുടങ്ങിയാൽ തീരില്ല അവനേക്കുറിച്ചുള്ള വര്‍ണ്ണനകൾ.  എവിടെയും എന്നും എനിക്കു കൂട്ടായിരുന്നവൻ. എന്നും കാലത്തു ഉണരുന്നതു പോലും അവനു വേണ്ടിയാണ് എന്നു എനിക്കു തോന്നാതിരുന്നിട്ടില്ല.

അവനു പകരക്കാരായി പലരും വീട്ടിനുള്ളിൽ  അധികാരത്തോടെ കയറിവരികയും അവനെക്കാൾ കേമന്മാരാകാന്‍, സ്ഥാനം പിടിക്കാൻ, ഒക്കെ ശ്രമിക്കയും ചെയ്തു.  എന്തോ അവരോടൊന്നും വലിയ താല്‍പര്യം  തോന്നിയതേയില്ലാ എനിക്ക്. എന്നാൽ ഈയിടെയായി എനിക്കു അവനേയും സഹിക്കാന്‍ വയ്യാതെയായി. എനിക്കു പ്രായം കൂടിയതുകൊണ്ടാണോ? അതോ പ്രതികരിക്കാനുള്ള കഴിവുകൾ ഒന്നും ഇല്ലാതെ ഇളിച്ചു നില്‍ക്കുന്ന അവനോടുള്ള ദേഷ്യമാണോ .... എനിക്കറിയില്ല.

അവനേ ഞാന്‍ ഈയിടെയായി കാണുമ്പോളെല്ലാം അവൻ മരണത്തിന്റെ അവതാരകനായിട്ടാണോ വരുന്നതു എന്നൊരു തോന്നൽ... ജീവിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പിൽ പലതരം പലവിധം മരണമാര്‍ഗ്ഗങ്ങൾ നിരത്തുന്നു. ജീവിക്കുന്നതിലും എളുപ്പം മരണം, മരിക്കുന്നതിലും വിഷമം ജീവിതം”  ഇവന്‍ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കു നിന്നേ ശരിക്കും ഭയമായിത്തുടങ്ങി.


             വയ്യ...വയ്യ.. പുലര്‍കാലത്തെത്തുന്ന ഇവന്റെ കൂടെയുള്ള, ഈ കെട്ടിമറിയല്‍, ആ ചുറ്റിപ്പിടുത്തത്തില്‍ കിടന്നുള്ള ശ്വാസം‌മുട്ടൽ  ഇനി വയ്യ. നിന്റെ കാലടിയൊച്ചക്കായ് കാത്തുകിടക്കില്ല ഇനി മുതൽ ഞാന്‍.  എനിക്കു പ്രഭാതം കാണണംപ്രഭാത സൂര്യനേ കാണണം, പുലര്‍കാലഭംഗിയിൽ പ്രകൃതിയെ അറിയണം.  എന്റെ പുതുവത്സര തീരുമാനം...ഇനി എനിക്കു അവനുമായുള്ള പുലരിക്കൂട്ടു വേണ്ട, ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം  ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കണം എനിക്കും....