Sunday, July 11, 2010

സ്റ്റൈല്‍



എന്റെ നാട്.
ഒന്നു കൂടെ കാണണം..
കുട്ടിക്കാലത്തു ഓടിച്ചാടി നടന്ന ഇടവഴികളിലെല്ലാം കുട്ടിത്തം മാറാത്ത മനസ്സുമായി ഒന്നുകൂടെ നടക്കണം. ഓര്‍മ്മകള്‍ കൂട്ടത്തോടെ ചുറ്റിലും നിരന്നു. അവധി ദിവസങ്ങളില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാനിറങ്ങുന്നതും, അച്ഛന്റെ സുഹൃത്ത് രാമേട്ടന്റെ ചായക്കടയുടെ മുന്‍പിലുള്ള ബെഞ്ചിലിരുന്നു ചൂടു ചായ കുടിക്കുന്നതും, കൂട്ടത്തില്‍ സ്നേഹിതന്റെ മകനു രാമേട്ടന്‍ സ്നേഹത്തോടെ വാഴയില കീറില്‍ തന്ന ചൂടു ഇഡ്ഡലിയും, തേങ്ങ ചമ്മന്തിയും,എല്ലാം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കണം എന്നൊക്കെ കരുതിയാണ് നാട്ടില്‍ എത്തിയത്.  പഴയനാടല്ല മാറ്റം വന്നു കാണും എന്നൊക്കെ പ്രതീക് ഷിച്ചിരുന്നു. എങ്കിലും ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചിരുന്നതേയില്ല.

ടാറിട്ട റോഡുകളും കൊണ്‍ക്രീറ്റു കെട്ടിടങ്ങളുമൊക്കെ വന്നുയെങ്കിലും ഭൂമിശാസ്ത്രപരമായ ഘടനക്കു വലിയ മാറ്റം കണ്ടില്ല.  പിറ്റേ പ്രഭാതത്തില്‍ നടക്കാനിറങ്ങിയ ഞാന്‍ നേരേപോയത് രമേട്ടന്റെ ചായ പീടിക ഇരുന്നയിടത്തേക്കാണ്. അവിടെകൂറ്റന്‍ ഒരു ഹോട്ടൽ...
അച്ഛന്‍ തുടങ്ങി വച്ച ചെറിയ ചായക്കട ഇത്ര വളരെ വളര്‍ത്തിയ രാമേട്ടന്റെ മക്കളോട് ബഹുമാനം തോന്നി.  ഉള്ളിലേക്കു കടന്ന ഞാന്‍ കണ്ടത് സ്വീകരണമുറിയില്‍ തന്നെ രാമേട്ടന്റെ വലിയ ഒരു പടം അലങ്കരിച്ചു വച്ചിരിക്കുന്നതാണ്.  സ്നേഹം തുളുമ്പുന്ന ആ പടത്തിന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ "കഴിച്ചിട്ടു പോകാം മോനേ" എന്നു പറയുന്നതായി തോന്നി. ഞാന്‍ നേരെ റെസ്റ്റോറെന്റിലേക്കു പോയി. അതിമനോഹരം. വെള്ളവിരിപ്പിട്ട് മൂടിയ മേശകളും അതിന്മേല്‍ പൂ പാത്രങ്ങളും പൊക്കം കൂടിയ ചാരുള്ള കസേരകളും എല്ലാം ഭംഗിയായി വച്ചിരിക്കുന്നു.

എന്നേ കണ്ടതും തൂവെള്ള വസ്ത്ര ധാരിയായ സേവകന്‍ ഓടി വന്നു.

"ഇരിക്കണം സര്‍ ", ഇരുന്നു.

"എന്താണ്സര്‍ കഴിക്കാൻ ‍?"

അയാള്‍ വിഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പറഞ്ഞു. അതൊന്നും ശ്രദ്ധിച്ചില്ല ഞാൻ‍.
"ഇഡ്ഢലി മതി".

അയാള്‍ അടുക്കളയിലേക്കും ഞാന്‍ കൈ കഴുകാനും പോയി. കൈ കഴുകി തിരികെ തീന്‍ മേശക്കു മുന്നിലെത്തിയ ഞാന്‍കണ്ടത് പൂ പോലത്തെ ഇഡ്ഡലികള്‍ സുന്ദരമായ വെള്ളപാത്രത്തില്‍ എന്നെയും കാത്തിരിക്കുന്നു. ഒന്നുമാത്രം മനസ്സിലായില്ല. ഇരുവശത്തും രണ്ട് ആയുധങ്ങള്‍ 'കത്തിയും മുള്ളും' ഒന്നു സംശയിച്ചു.
ഇതു കൊന്നു തിന്നേണ്ട സാധനം വല്ലതും ആണോ?കഴിക്കാതെ അതിനേ നോക്കി ഇരുന്നു. കഴിക്കാതിരുന്ന എന്നേ കണ്ടിട്ടു സേവകന്‍ ഓടി വന്നു, "എന്താണു സര്‍ കഴിക്കാത്തത്?" ഭവ്യതയോടെ ചോദിച്ചു.

വിഷമത്തോടെ ഞാന്‍ ചോദിച്ചു...

' ഇതു ഇഡ്ഡലി തന്നെ അല്ലേ?"... "അതെ" അയാൾ സംസാരം തുടര്‍ന്നു.

"ഇപ്പോള്‍ എല്ലാം തനിനാടന്‍ രീതിയില്‍ ആണല്ലോ എല്ലാര്‍ക്കും പ്രിയം. സാറിനു വിദേശ ആഹാരം വല്ലതും വേണേല്‍ വേഗം തയ്യാറാക്കാം".

ഞാന്‍ പറഞ്ഞു "വേണ്ട, ഇത്ര സാധുവായ ഇഡ്ഡലിക്കിരുപുറവും ആയുധങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം തോന്നി, കൊന്നു തിന്നണ്ട വല്ലതും ആണോ നമ്മുടെ ഇഡ്ഡലിയുടെ രൂപത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന്".

എന്റെ സംശയം കേട്ട് അയാളുടെ മുഖത്ത് അര്‍ത്ഥം മനസ്സിലക്കാന്‍ പറ്റാത്ത ഒരു ചിരി കണ്ടു.

"അതാണു സര്‍ ഇപ്പോളത്തെ ഒരു സ്റ്റൈൽ!"

എന്നു പറഞ്ഞു സേവകന്‍ അവന്റെ തിരക്കുകളിലേക്കു മടങ്ങി.

ഞാന്‍ സാവധാനം ആ ആയുധങ്ങളെ ഒരു വശത്തേക്കു മാററി വച്ചു. ആയുധങ്ങള്‍ കൊണ്ടുള്ള വെട്ടും കുത്തും പ്രതീക്ഷിച്ച് നിസ്സഹായതയോടെ ഇരുന്നിരുന്ന പാവം ഇഡ്ഡലികളെ എന്റെ കൈകള്‍ കൊണ്ട് ഒന്നു തൊട്ടു.

രോമകൂപങ്ങള്‍ ഒന്നും ഇല്ലതെയിരുന്നിട്ടും അവയെല്ലാം രോമാഞ്ചം കൊള്ളുന്നതു ഞാന്‍ കണ്ടു.

അത് എന്റെ ഭക്ഷണം ആണന്നു മറന്നുപോയ ഞാന്‍ സ്നേഹത്തോടെ അവയെ തലോടിക്കൊണ്ടേയിരുന്നു.........


(പ്രവാസി എന്ന അപരനാമം ഒഴിവായിക്കിട്ടിയ സന്തോഷത്തില്‍ പ്രവാസകാലത്തു എഴുതിയ ഈ കഥ ഒരിക്കല്‍ക്കൂടി .....പുനര്‍വായനക്കു  നിര്‍ബ്ബന്ധിക്കുന്നതു ഔചിത്യം അല്ല എന്നറിയാം എന്നാലും ......)