Tuesday, September 11, 2007

ചില്ലുകൊട്ടാരം



വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതെവിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!

എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്,പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൌതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണന്നള്ള കാര്യം പൊലും പലപ്പൊഴും മറന്നു പോയി.മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.

ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല.ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം..
ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..
സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

10 comments:

ശ്രീ said...

വിരലുകള്‍‌ ചീട്ടുകളെ തേടി വന്നു കൊണ്ടേയിരിക്കും. സത്യം തന്നെ. പക്ഷേ, തളരരുത്, പതറരുത്. വീണ്ടും വീണ്ടും പരിശ്രമിക്കുക. എങ്കിലേ നില നില്‍‌പ്പുള്ളൂ...
നല്ല പോസ്റ്റ്!
:)

വേണു venu said...

ശരിയാണു്. ചീട്ടു കൊട്ടാരവും വിരലുകളും എന്നും ഉണ്ടായിരിക്കും.:)

ഉപാസന || Upasana said...

പെട്ട്യേയ്,
കൊള്ളാല്ലോ. ഇതില്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ല. എല്ലാം ഉള്ളിലടക്കി വച്ച് എഴുതിയാ ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാവ്വോ കിലുക്കേ. മുകലിലെ കമന്റുകള്‍ അവര്‍ ചുമ്മാ ഇട്ടതാന്നാ തോന്നുന്നെ.

പക്ഷെ ഒരു ഒളിച്ചു വച്ച സൌന്ദര്യം ഈ കുറിപ്പിനുണ്ട്. Go Ahead...
:)
ഉപാസന

ഓ. ടോ: ചീട്ട് കൊണ്ട് കൊട്ടാരം ഉണ്ടാക്കുന്നതാ കുഴപ്പം. ഒരു കുടില്‍ ഒക്കെ പോരേ. ആകുന്നത് ആശിക്കുക. ആകാത്തത് ആശിക്കുമ്പോ തിരിച്ചടികള്‍ പ്രതീക്ഷിക്കുക. അപ്പോ പരിഭ്രമം ഒന്നും തോന്നില്ല. കേട്ടല്ലോ മാഡം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശ്രീ , വേണു, ഉപാസന.....
എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന്‍ ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.എന്നിക്കും കമന്റ്സ് തന്നതിനു നന്ദി.

അപ്പു ആദ്യാക്ഷരി said...

ഈ ചീട്ടുകൊട്ടാരത്തിന്റെ നിര്‍മ്മിതി എഴുതിയിരിക്കുന്ന രീതി കൊള്ളാം, അതിന്റെ പിന്നിലുള്ള പ്രതീക്ഷകളും. ഇനിയും എഴുതൂ..

സുല്‍ |Sul said...

‘ആശ‘യാണെല്ലാദുഖത്തിനും കാരണം. ഈ ആശയെ കിലുക്കാം‌പെട്ടിയും കൊടുത്തു വിടൂ. പിന്നെ സമാധാനം കിട്ടും :)

കൊള്ളാം ട്ടൊ!

-സുല്‍

Murali K Menon said...

ജീവിതത്തില്‍ സ്വപ്നം കൊണ്ട് ചീട്ടുകൊട്ടാരങ്ങള്‍ കെട്ടാത്തവരില്ല. തകരുന്ന അത്തരം ചീട്ടുകൊട്ടാരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. വീണ്ടും വീണ്ടും ചീട്ടുകൊട്ടാരങ്ങള്‍ കെട്ടുകയും വെളുത്തതോ, കറുത്തതോ, നീണ്ടു മെലിഞ്ഞതോ, തടിച്ചു കൊഴുത്തതോ ആയ വിരലുകള്‍ എപ്പോഴും അത് തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കും. അതില്‍ മനം നൊന്തു ജീവിക്കുകയോ, അതൊരു ഹരമായ് മാറുകയോ ചെയ്താല്‍ മനുഷ്യന്‍ സമനില തെറ്റിയവനാവും. അപ്പോള്‍ ഒന്നേ ചെയ്യാനുള്ളു മനസ്സിലൊരിക്കല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരത്തെ പറ്റിയുള്ള ഓര്‍മ്മകളില്‍ ആനന്ദം കൊണ്ട്, തകര്‍ക്കപ്പെടാത്ത കൊട്ടാരം മെനയാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുക, ഓരോ ദിവസവും ആനന്ദപ്രദമാകുമെന്നതില്‍ സംശയമില്ല.

കിലുക്കാം‌പെട്ടി:
എഴുത്തുകാരിയല്ലെന്ന് ഇനി പറയരുത്. വെറുതെ ചാറ്റുന്ന ബ്ലോഗിനേക്കാള്‍ എന്തുകൊണ്ടും വായനാ സുഖം തരുന്ന ബ്ലോഗാണിത്. ഞാന്‍ മറ്റു പോസ്റ്റുകള്‍ വായിച്ചീട്ടില്ല. സൌകര്യപൂര്‍വ്വം കണ്ണോടിക്കുന്നതാണ്. സ്നേഹപൂര്‍വ്വം

Unknown said...

കിലുക്കാം പെട്ടി,
എഴുത്തുകാരിയല്ലെന്നാരു പറഞ്ഞു
ഇനിയുമെഴുതുക
ആശംസകള്‍

Unknown said...

hai kilukkampetty,

i have read chillukottaram the value of truth is clearly expressed in your feature . i highly appreciate your literature.
very good lesson given to this generation , how i can express my passions i don't know.
all the best God bless you
anitha sreekumar

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നന്ദി നന്ദി നന്ദി. ഒരുപാട് ഒരുപാട്.........