Tuesday, November 6, 2007

അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്..



അമ്മച്ചി മരിച്ചു...
ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കും വയ്യാഴികള്‍ക്കും മോചനം കിട്ടി..
എന്നാലും അമ്മാമാരുടെ വേര്‍പാട് എല്ലാ മക്കള്‍ക്കും ദു:ഖം തന്നെയാണ്.
മനസ്സോടെ അല്ലെങ്കിലും ചില സാഹചര്യങ്ങള്‍ മാനിച്ച് അമ്മച്ചിയെ തണുത്തു
മരവിച്ച മുറിയില്‍ കിടത്തിയിട്ട് അതിനേക്കാള്‍ മരവിച്ച മനസ്സുമായി
പ്രിയപ്പെട്ടവരെല്ലാം കുടുംബ വീട്ടിലേക്ക് മടങ്ങി.

മരണ വീടുകളില്‍ സമയം തനിയെ നീങ്ങില്ലല്ലോ, തള്ളിനീക്കുകയല്ലേ ?
ദു:ഖിതരായ മക്കളും മരുമക്കളും ചെറുമക്കളും ബന്ധുക്കളും തണുത്ത മനസ്സുമായി വീടിന്റെ പലഭാഗങ്ങളിലും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. രാത്രി ആയതിനാല്‍ പലരും മയക്കത്തിലും, മറ്റു ചിലര്‍ നല്ല ഉറക്കത്തിലുമായിരുന്നു..

വര്‍ഷങ്ങള്‍ക്കു ശേഷം അമ്മച്ചിടെ മക്കള്‍ എല്ലാവരും ഒത്തുകൂടിയ രാത്രി കൂടിയായിരുന്നു അത്.കാലങ്ങാളായി എല്ലാവരും പറയാന്‍ വെമ്പിനിന്നിരുന്ന കഥകളും കാര്യങ്ങളും അവരവരുടെ കഴിവുകള്‍ അനുസരിച്ച് വിവരിച്ചുകൊണ്ടേയിരുന്നു..
ആ സ്നേഹനിധികളായ മക്കള്‍,അവരവരുടെ അനുഭവങ്ങള്‍ അയവിറക്കികൊണ്ടിരുന്നു.സംസാരം ഒരുപാടു വിഷയങ്ങളിലേക്കെല്ലാം പോയി.

സമയം രണ്ടു മണിയോളമെത്തി..
അകത്തെ മുറിയില്‍ ചെറിയ മയക്കത്തിലായിരുന്ന മൂത്ത ചേട്ടത്തി അതി ഭയങ്കരമായ ഒരു കൂട്ടച്ചിരി കേട്ടു ചാടിയെണീറ്റു,സ്വപ്നമാണോ,ശരിക്കും കേട്ടതാണോ എന്ന സംശയത്തോടെ അമ്മച്ചിയുടെ പ്രിയ മക്കള്‍ ഇരുന്ന മുറിയിലേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു..!

അമ്മച്ചിടെ പ്രിയപ്പെട്ട ആണ്മക്കളും പൊന്നോമന മോളുംകൂടെ തലയും കുത്തിക്കിടന്നു ചിരിക്കുന്ന കാഴ്ച കണ്ട്, ചേട്ടത്തി സങ്കടം കൊണ്ടുണ്ടായ ദേഷ്യത്തില്‍ ഒറ്റ അലറല്‍.

“നിങ്ങള്‍ക്കൊക്കെ എന്തിന്റെ അസുഖമാ‍..? നാട്ടാരെന്തു വിചാരിക്കും? , ഇതൊരു മരണം നടന്ന വീടാണ്.”

പെട്ടന്ന് എന്തോ ഓര്‍മ്മ തിരികെ വന്നപോലെ എല്ലാവരും നിശ്ശബ്ദരായി. എങ്കിലും ഒരു മുഖങ്ങളിലും ചിരി പൂര്‍ണ്ണമായി പോയിരുന്നില്ല, എന്നു മാത്രമല്ല പോയ ചിരി എപ്പോള്‍ വേണമെങ്കിലും വീണ്ടും ശക്തിയായി തിരിച്ചു വരാമന്നുള്ള ഭാവവും .

മരണ വീട്ടില്‍ കൂട്ടച്ചിരി ഉണ്ടായാല്‍ മരിച്ച ആത്മാവിനു മോക്ഷം കിട്ടുമെന്ന് ഒരു വിശ്വാസം ഉണ്ട്, അപ്പോള്‍ ചിരിച്ചതു മക്കള്‍ തന്നെയാ‍യലോ ? അമ്മച്ചിയുടെ ആത്മാവിനു മോചനം കൊടുത്ത ആ പൊട്ടിച്ചിരിയുടെ പിന്നില്‍ ആരായിരുന്നു, എന്തായിരുന്നു ? എനിക്കും ആകാംക്ഷ ഉണ്ടായി.

അപ്പോഴാണ് ചേട്ടന്മാരുടെ പുന്നാ‍ര പെങ്ങള്‍,നിര്‍മ്മല ആ സംഭവം കരഞ്ഞും ചിരിച്ചും കൊണ്ട് എനിക്കു പറഞ്ഞു തന്നത് ; ഒരു ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിന്റെ കഥ.

മക്കളെയൊക്കെ കയ്യെത്താ ദൂരത്തു നിറഞ്ഞ വിശ്വാസത്തോടെ ഉന്നത വിദ്യാഭ്യാസത്തിനു കൊണ്ടാക്കിയ അപ്പന്മാര്‍..
ലഹരി മൂത്ത എതോ ഒരു നിമിഷത്തില്‍ അപ്പനും വല്യപ്പനും , തങ്ങളുടെ പുത്രന്മാരിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയതായി തോന്നി. മക്കളെ നേരിട്ട് പോയി നോക്കിയാലോ എന്നായി രണ്ടാള്‍ക്കും.
ലഹരിയില്‍ എടുത്ത തീരുമാനം പാറപോലെ ഉറച്ചു നിന്നു. ഉടനെ യാത്ര തിരിക്കുകയും ചെയ്തു.

രണ്ടു ദിവസത്തെ നീണ്ട യാത്രക്കു ശേഷം ഒരു നട്ടുച്ച നേരത്ത് മക്കളുടെ താവളത്തില്‍ എത്തിയ അവര്‍ കണ്ട കാഴ്ച മനോഹരമായിരുന്നു. ഭാവി വാഗ്ദാനങ്ങളുടെ ഒരു പ്രതിഭാ സംഗമം തന്നെ പ്രതീക്ഷിച്ചു ചെന്ന അവര്‍ക്ക് ഒട്ടും നിരാശ ഉണ്ടായില്ല !! പ്രതിഭകള്‍ നട്ടുച്ച നേരത്തും കിടക്കപ്പായില്‍ തന്നെ..!!
എന്തൊരു കൂട്ടായ്മ..സ്വന്തം മക്കള്‍ ഉള്‍പ്പടെ ആ കുരുന്നു മനസ്സുകളെ ഒരു വിധത്തിലും ശല്യപ്പെടുത്തുവാനാകാതെ അപ്പന്മാര്‍ അവരുടെ പൂര്‍വ്വകാല സുഹ്യത്തിന്റെ വീട്ടിലേക്കു ചേക്കേറി..

അവിടെകിട്ടിയ സ്വീകരണമോ, ലോകത്ത് ഒരു സുഹ്യത്തുക്കള്‍ക്കും കിട്ടാ‍ത്തയത്ര സന്തോഷത്തോടെയുള്ളതായിരുന്നു..
‘ഇവന് ഇതെന്തുപറ്റി’ എന്നുള്ള ചെറിയ സംശയം ആ അപ്പന്മാര്‍ക്കും ഉണ്ടാകാതിരുന്നില്ല.എല്ലാ സംശയങ്ങളും ക്രമേണ മാറ്റാമെന്നുള്ള ആത്മവിശ്വാസത്തോടേ അവര്‍ സ്വീകരണ മുറിയിലേക്കു കയറി.

പക്ഷെ വീടിന്റെ അന്തരീക്ഷം അവരുടെ സംശയത്തിനു ആക്കം കൂട്ടി. ഇത്ര മനോഹരമാക്കിയിട്ടിട്ടുള്ളൊരു വിടുണ്ടോ എന്നു പലപ്പോഴും തോന്നിച്ചിട്ടുള്ള ആ സുന്ദരഭവനത്തിന്റെ സ്വീ‍കരണ മുറിയില്‍ തന്നെയണോ തങ്ങള്‍ നില്‍ക്കുന്നതെന്ന് തോന്നി രണ്ടാള്‍ക്കും. അടി വസ്ത്രങ്ങള്‍ മുതല്‍ അലങ്കാര വസ്ത്രങ്ങള്‍ വരെ കൊണ്ടലങ്കരിച്ചിരിക്കുന്ന സോഫകള്‍, കസേരകള്‍,കതകുകള്‍.ദിവസങ്ങള്‍ പോയതറിയാതെ നീണ്ടും,നിവര്‍ന്നും,ചുരുണ്ടും,കുനിഞ്ഞും കിടക്കുന്ന പത്ര മാസികകള്‍,തപാ‍ല്‍ സന്ദേശങ്ങള്‍.സുഗന്ധം പരത്തുന്ന തിരികള്‍ മാത്രം കത്തി നിന്നിരുന്ന മെഴുകുതിരിക്കാലുകളില്‍ പഴത്തൊലികള്‍ അഭിമാ‍നത്തോടെ തൂങ്ങിക്കിടക്കുന്നു..

പക്ഷെ ഇതുവരെ ആ വീട്ടില്‍ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച അന്നവിടെ കണ്ടു..ഏതു സമയത്തും ആര്‍ക്കും ഉപയോഗിക്കാവുന്ന
സൌകര്യത്തില്‍ ലഹരി നുരയുന്ന മദ്യ കുപ്പികള്‍..!, അതിനു വേണ്ട അനുബന്ധ സാമഗ്രികളും. ഒന്നും മനസിലാകതെ അന്തം
വിട്ട് കുന്തം വിഴുങ്ങി നിന്ന അവരോട്, സുഹ്യത്തു നിറഞ്ഞു തുളുമ്പുന്ന അനന്ദത്തോടെ പറഞ്ഞു..

“സ്വാഗതം ..സ്വാഗതം ! കുളിച്ചു വേഷം മാറി വരൂ..നമുക്കാഹ്ലാദിക്കാം.., അനന്ദിക്കാം..അര്‍ത്തുല്ലസിക്കാം..!!”

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി കൊടുക്കാതെ ആ നല്ല ദിവസം ആസ്വദിക്കാന്‍ അവര്‍ സഭ ആരംഭിച്ചു..!

കുടിയും, വലിയും , തീറ്റയും , ചീട്ടുകളിയും , പോഴത്തം പറച്ചിലും, വീരവാദവും എല്ലാമായി നേരം പാതിരാവായി. ലഹരി അതിന്റെ പരമകോടിയിലെത്തിയപ്പോള്‍ ആതിഥേയന്‍ പൊട്ടിക്കരഞ്ഞു, പിന്നെ ഒറ്റ ചോദ്യം..

“ നിങ്ങള്‍ എന്നെ വഞ്ചിക്കുകയായിരുന്നു..!
.....എന്നെ സംശയിച്ചു കൊണ്ടല്ലേ ഇതുവരെ എന്റെ കൂടെയിരുന്നത് ? ..അല്ലെ? “

രണ്ടുപേരും ഒരുപോലെ പറഞ്ഞു .. “ അതെ”

“എന്നാല്‍ കേട്ടോളു..സംശയങ്ങളെല്ലാം തീര്‍ത്ത് തെളിഞ്ഞ മനസോടെ ഉറങ്ങാന്‍ പോകാവു..,“

ഒരു ചെറിയ മൌനത്തിനു ശേഷം സുഹ്യത്തു തുടര്‍ന്നു .. “ ..എന്റെ ഭാര്യ..”
പിന്നെ ഒരു ശക്തികൂടിയ കരച്ചിലായിരുന്നു.. ആകെ വിഷമത്തിലായ അതിഥികളിലൊരാള്‍ ചോദിച്ചു..

“അയ്യോ..ഭാര്യക്ക് വല്ല അസുഖമോ,അപകടമോ..?”

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അയാള്‍ കൂട്ടുകാരന്മാരെ നോക്കി, ‘ആശിപ്പിക്കല്ലേ..‘ എന്നുപറയുന്ന പോലെ,സംസാരം
തുടര്‍ന്നു..

“കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണ്ണുനീരിനും, പ്രാര്‍ത്ഥനക്കും ഫലമുണ്ടായി..കര്‍ത്താവ് അനുഗ്രഹിച്ചു. എന്റെ ഭാര്യ അവളുടെ
അമ്മച്ചിയെ നോക്കാന്‍ ആറുമാസത്തേക്കു നാട്ടില്‍ പോയി..പൊന്നുതമ്പുരാന്‍ അനുവദിച്ചു തന്ന സമയം, വിനീത വിധേയ
ദാസനായ ഞാന്‍, ആഘോഷത്തോടെ അനുസരിച്ചു കൊണ്ടിരിക്കുകയാണ് സുഹ്യത്തുക്കളെ..ഈ കണ്ണുനീര്‍ സന്തോഷത്തിന്റെയാണ്, എന്റെ കര്‍ത്താവിനോടുള്ള നന്ദിയാണ്...എനിക്കു തന്ന ഈ സന്തോഷം പാ‍പികളായ ഭര്‍ത്താക്കന്മാര്‍ക്കെല്ലാം കഴിയുന്നത്ര ഞാന്‍ പങ്കുവെച്ചു കൊടുത്തു...ഇപ്പൊഴും കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ ശേഷിപ്പുകളാണ് ഈ വീട്ടില്‍ കാണുന്നത്..”

സംശങ്ങളെല്ലാം മാറി..തെളിഞ്ഞ മനസ്സും,ഉറക്കാത്ത കാലുകളുമായി എല്ലാവരും ഉറങ്ങാനായി പോയി..എല്ലാവര്‍ക്കും കട്ടിലില്‍
വീണ ഓര്‍മ്മ മാത്രം...

അതിഥി സുഹ്യത്തുക്കളില്‍ ഇളയ ആളിന് ആതിഥേയന്റെ കിടപ്പു മുറിയാണ് നല്കിയിരുന്നത്. ഉറക്കത്തിനിടയില്‍ എപ്പോഴോ
കട്ടിലിനു വെല്ലാത്ത ചലനം തോന്നി. ഉറക്കത്തിന്റെയണോ, ലഹരിയുടെയണോ.. ആകെ അസ്വസ്തത തോന്നിയ സുഹ്യത്ത്
പാതി കണ്ണു തുറന്നു നോക്കിയപ്പോള്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ടത് അതിഭയാനകമായ കാഴ്ചായാണ്..
തന്റെ കാല്‍ ഭാഗത്ത് കര്‍ത്താവു തമ്പുരാന്‍ കുരിശോടെ വന്നു നില്‍ക്കുന്നു..ആ കിടന്ന കിടപ്പില്‍ ആലോചിക്കാന്‍ പാ‍ടില്ലത്തത്
എല്ലാം ആലോചിച്ചു.

‘എങ്ങ് ഉയര്‍ത്തെഴുന്നേറ്റു എന്നൊക്കെ ആരാ നുണ പറ‍ഞ്ഞത് ? ഈസ്റ്റര്‍ എന്നും പറഞ്ഞ് എന്തുമാത്രം കള്ളു കുടിച്ചു, എത്ര
പോത്ത്, കാള, ആട്,കോഴി, പന്നി എല്ലാത്തിനേയും തിന്നു തീര്‍ത്തു..എന്റെ കര്‍ത്താവെ അങ്ങ് ഇപ്പോഴും അവിടെ തന്നെ
കിടക്കുവണോ? അങ്ങയുടെ ഉയര്‍പ്പ് ഒരു നുണ പ്രചരണമാരുന്നോ? എന്തിനാണ് എന്റെ മുന്നില്‍ വന്നത്?..കൂടെ ഉണ്ടായിരുന്ന കള്ളന്മാരെ കാണുന്നുമില്ല..ഒന്നും മനസ്സിലാകുന്നില്ലല്ലോ..എന്നെ കൂടെ കൊണ്ടു പോകാനാണോ?’ ചിന്തകള്‍ ഇങ്ങനെ ഒരുണ്ടുകൂടി..കൂട്ടത്തില്‍ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങള്‍ നീണ്ട നിരയായി മനസ്സില്‍ മറിഞ്ഞു വന്നു.മരണ ഭീതിയില്‍ ഉണ്ടാ‍യ എതോ ശബ്ദങ്ങള്‍ കേട്ടിട്ടാവണം പെട്ടന്നെ മുറിയില്‍ വെട്ടം പരന്നു..വിയര്‍പ്പില്‍ കുളിച്ചു കിടന്ന അനുജനെ ചേട്ടന്‍ തട്ടിയുണര്‍ത്തി..

“എന്താടാ..എന്തു പറ്റി..?”
ഒരു അലറല്‍ കൂടി അനിയന്‍ സാധിച്ചു.. ”അയ്യോ..അതാരാ..? കണ്ടില്ലെ..കണ്ടില്ലേ..? അവിടെ നില്‍ക്കുന്നതാരാ?”

അപ്പോഴാണ് ചേട്ടനും ശ്രദ്ധിക്കുന്നത്..കട്ടിലിന്റെ താഴെ ഭാ‍ഗത്ത് കസേരയില്‍ കയറി കൈ ഇരു വശത്തേക്കും നീട്ടി ആരോ
നില്‍ക്കുന്നു. പെട്ടന്ന് ഒരു വളിച്ച മുഖത്തോടെ ആ രൂപം താഴേക്കു വന്നു. ആളിനെ മനസിലായപ്പോള്‍ അതിഥികള്‍ രണ്ടുപേരും
ഒന്നിച്ചു ഞെട്ടി.; ആതിഥേയന്‍ ആയിരുന്നു അത്..

ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ കുപ്പി കണക്കിനു വെള്ളം അകത്താക്കി തിരിച്ചു വന്ന സുഹ്യത്ത് ഗ്യഹനാഥനോടു
ചോദിച്ചു.

“എന്തിന്റെ സൂക്കേടാ നിനക്ക് ,,,ആളെ പേടിപ്പിച്ചു കൊല്ലുന്നോ,,?“

ചമ്മിയ മുഖത്തോടെ നടന്നതു പറയാന്‍ തുടങ്ങി ഗ്യഹനാഥന്‍.

“ഉറങ്ങാന്‍ തുടങ്ങിയപ്പോളാണ് പെട്ടന്ന് ഒരു കാര്യം ഓര്‍മ്മ വന്നത്. നാട്ടില്‍ പോകാന്‍ പെട്ടി പായ്കു ചെയ്യുമ്പോള്‍ സാരിയെല്ലാം
മറക്കാതെ എടുത്തു വെക്കണം എന്ന് അവള്‍ എന്നോടെ പറഞ്ഞിരുന്നു. എടുത്തു വെച്ചോ ..അതോ മറന്നോ? മറന്നെങ്കില്‍
അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തപ്പോള്‍ ഉറക്കവും പൊയി, കുടിച്ച കള്ളിന്റെ ഫിറ്റും ഇറങ്ങി.. ഇപ്പോള്‍ തന്നെ സംശയം തീര്‍ത്തിട്ട് മനസ്സമാധാനമയി കിടക്കാമല്ലോ എന്നെ വിചാരിച്ചാ..”

ദേഷ്യം പിടിച്ച അതിഥികള്‍ ചൂടായി..
“ഇതുവരെ പറഞ്ഞതും ഇവിടെ ഇപ്പോള്‍ നടന്നതും തമ്മില്‍ എന്താ ബന്ധം.? ആകെയുള്ളത് നീയും ഞങ്ങളും ഉറങ്ങിയില്ലന്നുള്ളതാണ്..”

“..ബന്ധമുണ്ട്..ഈ കട്ടിലിന്റെ മുകളിലുള്ള തട്ടിലാണു അവളുടെ സാരി പെട്ടി സൂക്ഷിച്ചിരിക്കുന്നത് ..ആ പെട്ടി നോക്കാനായി
കയറിയതാണു ഞാന്‍..അതാണു നിങ്ങള്‍ കണ്ടത്...” വിഷമത്തോടെ ഗ്യഹനാഥന്‍ പറഞ്ഞു നിര്‍ത്തി.

കള്ളിന്റെ ലഹരിയില്‍ കണ്ണു തുറന്നു സുഹ്യത്തുക്കള്‍ കണ്ട വിശ്വരൂപം അതായിരുന്നു.!!!

ഇത്രയും വിവരിച്ചു കൊണ്ട് ചേട്ടന്‍, അനിയത്തിയോട് പറയുകയാണ്..

“..ഇഷ്ടം പോലെ കള്ള് അകത്തായതു കൊണ്ട് എന്റെ മോളെ, നിനക്കു ഈ അച്ചായനെ വീണ്ടും കാണാന്‍ പറ്റി,പേടിച്ചു
ചാകാതെ.. കള്ളു ജീവന്‍ രക്ഷിച്ചു..!”

ആ കൂട്ടച്ചിരിയുടെ പിന്നിലെ സംഭവം ഇതായിരുന്നു ; അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ..!!

മദ്യപാനം ജീവന്‍ അപഹരിക്കും എന്നു കേട്ടിട്ടുണ്ട്. മദ്യം ജീ‍വന്‍ നിലനിര്‍ത്തും എന്നു ഇപ്പോള്‍ കേട്ടു..!! പുതിയ പുതിയ ഓരോരോ അറിവുകള്‍ വരുന്ന വഴിയെ..!!!

സമര്‍പ്പണം....
ജീവിത യാത്രയില്‍ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും പങ്കുവെക്കുവാന്‍ കിട്ടിയ എന്റെ പ്രിയ സുഹ്യത്ത്, നിര്‍മ്മലക്ക്....

10 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സമര്‍പ്പണം....
ജീവിത യാത്രയില്‍ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും പങ്കുവെക്കുവാന്‍ കിട്ടിയ എന്റെ പ്രിയ സുഹ്യത്ത്, നിര്‍മ്മലക്ക്..,അവളുടെ അനുഭവത്തിനും.

ശ്രീ said...

ചേച്ചീ...

രണ്ടു തവണ വായിച്ചെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ മുറിഞ്ഞു പോയതു പോലെ തോന്നുന്നു.

എങ്കിലും ആ മരണവീടിനെ കുറിച്ചുള്ള വിവരണം എന്റെ അമ്മൂമ്മയുടെ മരണ ദിവസത്തെ ഓര്‍‌മ്മിപ്പിച്ചു.

“വര്‍ഷങ്ങള്‍ക്കു ശേഷം അമ്മച്ചിടെ മക്കള്‍ എല്ലാവരും ഒത്തുകൂടിയ രാത്രി കൂടിയായിരുന്നു അത്.കാലങ്ങാളായി എല്ലാവരും പറയാന്‍ വെമ്പിനിന്നിരുന്ന കഥകളും കര്യങ്ങളും അവരവരുടെ കഴിവുകള്‍ അനുസരിച്ച് വിവരിച്ചുകൊണ്ടേയിരുന്നു...”

അമ്മൂമ്മയുടെ 12 മക്കളും ഒരുപാട് വര്‍‌ഷങ്ങള്‍‌ക്കു ശേഷം ഒത്തു കൂടിയത് അന്നായിരുന്നു.

ഉപാസന || Upasana said...

അമ്മച്ചിക്ക്,
കൂട്ടുകരിയുടെ ഒരു നല്ലതും മോശവും അനുഭവണ്‍ഗള്‍ പറഞ്ഞു തന്നതിന്....
അമ്മച്ചിയുടെ സ്ഥിരം ശൈലിയില്‍ നിന്ന്നുള്ള വ്യതിയാനമാണ് ഇതില്‍ കാണാന്‍ സാധിക്കുക. യെന്തു പറ്റി
നന്നായി
:)
ഉപാസന

വേണു venu said...

ഇതു വായിക്കാന്‍‍ രസമുണ്ടു്. അല്പം ശ്രദ്ധിച്ചു വായിക്കണമെന്നു തോന്നുന്നു. നല്ല ലളിതമായ് ശൈലി.
മനസ്സമധാനമയി കിടക്കമല്ലോ എന്ന ഗൃഹ നാഥന്‍റെ ഓര്‍മ്മപ്പെടുത്താലില്‍‍ ഒരു കൊച്ചു കഥയും ഓര്‍ത്തു പോയി.
മുകളിലെ നില ഒരു ബാച്ചിലറായ ഒരുദ്യോഗസ്തനു് വാടകയ്ക്കു കൊടുത്ത ഗൃഹനാഥന്‍‍. രാത്രി 10 മണിക്കെത്തുന്ന ചെറുപ്പക്കാരന്‍‍. വന്നാലുടനെ മുകളിലെ തന്‍റെ മുറിയിലെ ബെഡ്ഡില്‍‍ കിടന്നു് അല്പം റ്റി.വി. കാണും. കണ്ടു കൊണ്ടു തന്നെ ഷൂസു് ഊരി മൂലയിലേയ്ക്കെറിയും.ഡും. ഡും. എന്നു് ഉറച്ച ശബ്ദം താഴെ വീട്ടുടമസ്ഥന്‍‍ കേട്ടു് ഞെട്ടിയുണരും.
എന്നും ഇതു പതിവായതിനാല്‍‍ ഒരു ദിവസം വീട്ടുടമസ്തന്‍‍‍ ചെറുപ്പക്കാരനോടു് നേരിട്ടു് പറഞ്ഞു. രാത്രിയില്‍ ഷൂസൂരി എറിയാതെ പതുക്കെ മൂലയില്‍ വച്ചാല്‍‍ നന്നായിരുന്നൂ എന്നു്.. ജെന്‍റില്‍‍മാനായ ബാച്ചിലര്‍, ഇനി ആവര്‍ത്തിക്കില്ലെന്നും സോറിയുമൊക്കെ പറഞ്ഞു് ഓഫീസ്സില്‍‍ പോയി.അന്നും രാത്രിയില്‍ തിരിച്ചു വന്നു. റ്റി.വി.കണ്ടു കിടന്നു. പതിവു പോലെ ഒരു ഷൂസ്സൂരി മൂലയിലേയ്ക്കെറിഞ്ഞു. ഡും.പെട്ടെന്നോര്‍ത്തു. ശെടാ..ഇന്നു രാവിലെ പാവം പറഞ്ഞതേ ഉള്ളു. പിന്നെ അയാള്‍ എഴുനേറ്റു് മറ്റേ ഷൂസൂരി ശബ്ദമില്ലാതെ മൂലയില്‍ കൊണ്ടു വച്ചു. കുറേ കഴിഞ്ഞുറങ്ങി.
രാത്രി 2മണിക്കു് ഫോണടിക്കുന്നു. അയാള്‍ ഫോണെടുത്തു. താഴെ നിന്നും ഗൃഹ നാഥനായിരുന്നു. “നിങ്ങള്‍ നിങ്ങളുടെ രണ്ടാമത്തെ ഷൂസ്സൂരുന്നുണ്ടോ. എന്നിട്ടു വേണം ഞങ്ങള്‍ക്കു് മനസ്സമാധാനമായി ഒന്നുറങ്ങാന്‍.” :)

ദിലീപ് വിശ്വനാഥ് said...

ആദ്യം വായിച്ചപ്പോള്‍ തെളിയാതെ എന്തൊക്കെയോ കിടന്നു. രണ്ടാം വായനയില്‍ ശരിയായി.

സഹയാത്രികന്‍ said...

നന്നായി....
അദ്ദേഹം പറഞ്ഞപോലെ കര്‍ത്താവിനെ കണ്ട് തട്ടിപോക്കഞ്ഞത് ഭാഗ്യം

ഓ:ടോ : വേണു മാഷേ അത് കലക്കി...
:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Murali K Menon said...

ആദി പകുതി കിലുക്കാം‌പെട്ടിയുടെ സ്വന്തവും ബാക്കി ഭാഗം നിര്‍മ്മല പറഞ്ഞതും ആണെന്ന് എഴുത്തില്‍ നിന്നും മനസ്സിലാക്കാം. ആദി പകുതി ഇഷ്ടമായി. പിന്നെ രണ്ടാം പകുതി, ആ നിര്‍മ്മലയെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ, ഞാനവര്‍ക്ക് പഴയ ഫലിത ബിന്ദുക്കള്‍ വാങ്ങിക്കൊടുക്കുന്നുണ്ട്, അന്ന് ചിരിച്ചതിനേക്കാള്‍ നല്ലോണം ചിരിക്കാന്‍....
നല്ല രചനകള്‍ കിലുക്കാം‌പെട്ടിയില്‍ നിന്നും ഇനിയും പുറത്ത് വരും എന്ന ദൃഢ വിശ്വാസത്തോടെയും, പ്രതീക്ഷകളോടെയും,
സസ്നേഹം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

‘അമ്മച്ചി മരിച്ചു...
ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കും വയ്യാഴികള്‍ക്കും മോചനം കിട്ടി..‘

..ജീവിത സത്യം തപ്തനിശ്വാസമായി വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞു.

ചിലയിടങ്ങളില്‍ കുറച്ചു വ്യക്തത കുറഞ്ഞെന്നു തോന്നുന്നു.പ്രത്യേകിച്ചു കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതില്‍..

..ഇനിയും വരട്ടെ രചനകള്‍..ആശംസകള്‍ .

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?