
എന്നില്‍ നിന്നും നഷ്ടപ്പെട്ട ആ ഒന്നിനെ ഞാന്‍ അറിഞ്ഞില്ല.മറ്റുപലരും അറിഞ്ഞു.
പലരും അറിഞ്ഞപ്പോള്‍ ഞാനും അറിഞ്ഞു.
അറിഞ്ഞപ്പോള്‍ ആ നഷ്ടപ്പെട്ട ഒന്നിനെ ഞാനും ഓര്‍ത്തു. അത് നഷ്ടം ആയിരുന്നില്ല പലപ്പോഴും എനിക്കു നേട്ടമായിരുന്നു...
നീണ്ട യാത്രയില്‍ കുറെദൂരം പിന്നിട്ട ശേഷം ആണ്,അതൊ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയപ്പോഴോ, അറിയില്ല, എപ്പോഴോ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.നഷ്ടപ്പെട്ടത് ഇത്ര വിലപിടിച്ചതായിരുന്നു എന്ന്. നഷ്ടപ്പെട്ട സ്ഥലം കാലം സമയം ഒന്നും ഓര്‍മ്മയില്‍ വന്നില്ല..
ഒന്നിനെ മാത്രം തിരഞ്ഞുള്ള ആ നടപ്പിനിടയില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നു നഷ്ടപ്പെട്ട പലതും
പല്ലിളിച്ചും ക്രൂരമായും ദയനീയമായും എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
കണ്ടു മുട്ടിയതല്ലേ വീണ്ടും,എല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചു ഞാന്‍ എല്ലാത്തിന്റേയും അടുക്കല്‍ ഓടിയെത്തി.
പക്ഷെ നഷ്ടപ്പെടുത്തിയവയെല്ലാം ഒന്നായിച്ചേര്‍ന്നു ഒരേ സ്വരത്തില്‍ എന്നോട് പറഞ്ഞു
”ഞങ്ങള്‍ക്കാര്‍ക്കും ഇനി നിന്നോടൊത്തു വരാന്‍ കഴിയില്ല, ഞങ്ങള്‍ കൈവിട്ടു പോകുന്ന കാര്യം അറിഞ്ഞിട്ടോ അതോ അറിഞ്ഞില്ല എന്നു നടിച്ചിട്ടോ എന്തൊരു ഓട്ടം ആയിരുന്നു നീ ഓടിക്കൊണ്ടിരുന്നത്?”
മന;പൂര്‍വം എന്നില്‍ നിന്നും ഒഴിവാക്കിയവ, അറിയാതെ നഷ്ടപ്പെട്ടുപ്പോയവ, എല്ലാത്തിനോടും പറയാന്‍ എനിക്കു ഒരു ഉത്തരം ഉണ്ടായിരുന്നു .
ആദ്യമേ തന്നെ ഞാനായിട്ടു അറിയാതെ കളഞ്ഞതോ ,ആരെല്ലാമോ ചേര്‍ന്നു എന്നില്‍ നിന്നു കളയിപ്പിച്ചതോ ആയ ആ ഒന്ന് കാരണം ആണ് പിന്നെ നിങ്ങളെയെല്ലാം നഷ്ടപ്പെടേണ്ടി വന്നത്.ആ ഒന്നു എനിക്കു തിരിച്ചു കിട്ടിയാല്‍ നിങ്ങള്‍ക്കെല്ലാം എന്നിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെ??
അപ്പോഴുണ്ടായ ആ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തി ആ ഒന്നിനെ തിരഞ്ഞുള്ള ഒരു പരക്കം പാച്ചിലായിരുന്നു പിന്നീട്.അപരിചിതമായ ഭാവത്തില്‍ രൂപത്തില്‍ ഞാന്‍ അതിനെ കാണുകയായിരുന്നു.ഓടി അടുത്തുചെന്നു കൈക്കുള്ളില്‍ ഒതുക്കാന്‍ നോക്കി . കഴിയുന്നില്ല . പകച്ചു മാറി നിന്ന എന്നെ നോക്കി ഒരു ചെറു ചിരിയോടെ ആ ഒന്നു എന്നോടു ചോദിച്ചു.
“എന്തേ തിരഞ്ഞു വന്നതു?കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി അല്ലെ ഞാന്‍ കൂടെയില്ലാത്തതിന്റെ കുറവ്?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു.
“അതെ അതു മാത്രം ആണ് എനിക്കുള്ള സങ്കടം, ഇനിയുള്ള കാലമെങ്കിലും എന്റെ കൂടെ വരണം, ഒരിക്കലും കളയില്ല,ആര്‍ക്കും കളയിക്കാനും കഴിയില്ല,സൂക്ഷിക്കും ജീവനായി”.
അറിവിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആ ഒന്നു പറഞ്ഞു.
“വിളിച്ചാല്‍ വരാതിരിക്കാന്‍ എനിക്കു പറ്റില്ല,അന്നു ഒഴിവാക്കിയ ഭാവത്തിലോ ഭാഗത്തിലോ എനിക്കു ഇന്നു നിന്നിലേക്കു വരാന്‍ പറ്റില്ല, നീയും മാറി ഞാനും മാറി.പുതിയ ഭാവവും ഭാഗവും തന്നു നീ എന്നെ നിന്റെ ഭാഗം ആക്കു”
ഞാന്‍ എവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വിദ്യാഭ്യാസം എന്ന ആ ഒന്ന് എനിക്കു ഇപ്പോള്‍ തന്ന
ആ വാക്കുകള്‍ എനിക്കു പ്രതീക്ഷകള്‍ ആയി,പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍ ആയി, എല്ലാത്തിനും അപ്പുറം ഒരു സമാധാനം ആയി.