Monday, September 5, 2011

പൂക്കളം തേടിയ ദേവപാദങ്ങൾ


        കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.
            അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
         ഓണത്തുമ്പി പറഞ്ഞു, ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ.. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
             തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”
        ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോട്ടേ...”

      അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ  പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി  തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?”  
 ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും  തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
      തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.



ഓണംവന്നോണംവന്നോണംവന്നേ
പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ
പൂക്കളം തേടിയാ തുമ്പമലരിനും
പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി
പൂക്കളം കാണാനായി ഓടിവായോ
മാലോകരെല്ലാരും ഓടിവായോ
ബൂലോകരെല്ലാരും ഓടിവായോ

      ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ  നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ,  സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു  പൂക്കളം സമർപ്പിക്കുന്നു.
                എല്ലാപേർക്കും കിലുക്കാംപെട്ടിയുടെ ഓണാശംസകൾ....
നമ്മുടെ നാട്ടിലെ ഓണപ്പൂക്കളെ കണ്ടോ....






27 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കാളാൽ സമ്പന്നമായ, സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു പൂക്കളം സമർപ്പിക്കുന്നു.
എല്ലാപേർക്കും കിലുക്കാംപെട്ടിയുടെ ഓണാശംസകൾ....

sm sadique said...

സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ഞാനും നേരട്ടെ, “സമൃദ്ധിയുടെയും നിറസന്തോഷത്തിന്റെയും ആകട്ടെ ഈ ഒണക്കാലം” കിലുക്കാം പെട്ടിയും കുടുംബവും ഒരുപാടൊരുപാട് ഓണനിലാവുകൾക്ക് സാക്ഷിയാകട്ടെ...... പ്രാർഥനയോടെ.....

കലി said...

ഓണം വന്നോണം വന്നോണം വന്നേ....

ഓണാശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതുപോലെ എത്രയെത്ര ഓര്‍മ്മകളെ താലോലിച്ചു കൊണ്ടാണ്‌ പെന്‍ഷനാകാന്‍ നോക്കിയിരിക്കുന്നത്‌

വായിച്ചുതുടങ്ങിയപ്പോള്‍ പ്ലാസ്റ്റിക്‌ പൂക്കളമായിരിക്കുമെന്നാ വിചാരിച്ചത്‌ .
ഏതായാലും അത്രവരെ പോയില്ല നന്നായി
:)

ഓണത്തിന്റെ പായസമില്ലെ?

ഒരു യാത്രികന്‍ said...

തൊടിയില്‍ എത്ര തുമ്പ പൂക്കള്‍ ഉണ്ടായിരുന്നെന്നോ!! എന്നാല്‍ ഇക്കുറി നാട്ടില്‍ പോയപ്പോള്‍ അതൊരു അപൂര്‍വ വസ്തുവായിരിക്കുന്നു.എന്നാലും ഇതാണ് തുമ്പ പൂ എന്ന് പറഞ്ഞു മോന് കാട്ടിക്കൊടുക്കാന്‍ ഇത്തിരി പൂവ് കണ്ടു......സസ്നേഹം

Kalavallabhan said...

ഓണം പോസ്റ്റ് അതിഗംഭീരം.
ദേവപാദപ്പൂക്കൾ നല്ല വിശേഷണം.
(ഒരു നിവേദനം: ഈ പറന്നു നടന്ന് വായനക്കാരനെ ശല്യം ചെയ്യുന്ന കുഞ്ഞിയെ കുറഞ്ഞപക്ഷം ഒരിടത്തൊതുക്കിയിരുത്തുമോ ?)
ഓണാശംസകൾ

ബഷീർ said...

ഗംഭീരമായിരിക്കുന്നു പോസ്റ്റും പൂക്കളും..

ചുന്ദരിക്കുട്ടിയും..


ആശംസകൾ..

keraladasanunni said...

നന്നായി എഴുതി. ഓണാശംസകള്‍.

കുഞ്ഞൂസ് (Kunjuss) said...

ഓണാശംസകള്‍ ഉഷേച്ചീ...

ajitha kaimal said...

ushachechi ee thumba poovokke ippozhum naattil k
aanan kittarundo?
hrudayam niranja onasamsakal

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ,
ഈ പോസ്റ്റ് വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പറയേണ്ടതുണ്ടെന്നു തോന്നുന്നു.
ഒരു കൊച്ചു തുമ്പപ്പൂവിന്റെ പോലും മനസ്സ് ഇത്ര നന്നായി നമുക്ക് കാണിച്ചു തന്നത് എത്ര മനോഹരമായിരിക്കുന്നു. പ്ലാസ്റ്റിക് പൂക്കൾക്കും ചൈനീസ് പൂക്കളങ്ങൾക്കും ഇൻസ്റ്റന്റ് ഓണത്തിനും പിറകേ പോയ നമ്മൾ നമ്മുടെ തനതായ ഓണം ശരിക്കും മറന്നുപോയിരിക്കുന്നു - പഴയ തലമുറയിലെ പലരും മറക്കുകയും പുതിയ തലമുറയ്ക്ക് അത് അറിയാതെയാവുകയും ചെയ്തു. പരദേശിപ്പൂക്കളും ഉപ്പുപരലും തേങ്ങാപ്പീരയും ഇന്നത്തെ പൂക്കളങ്ങളായി അവതരിച്ചപ്പോൾ, പൂക്കളത്തെക്കുറിച്ചുള്ള സങ്കൽപ്പം തന്നെ നമ്മൾ മറന്നു. അത്തം തൊട്ട് ഓരോ ദിവസം ഓരോ തട്ട് ചേർത്ത് ചേർത്ത് തിരുവോണനാൾ പത്ത് തട്ടുകളുള്ള അത്തപ്പൂക്കളം...പിന്നെ, തൃക്കാക്കരയപ്പൻ.....ഇതൊക്കെ ഇന്നാർക്കറിയാം (എനിക്കുമറിയില്ല കേട്ടോ)
പിന്നെ, ഒരു രചന നടത്തുമ്പോൾ അതിന്റെ ആത്മാർത്ഥത....സമ്മതിച്ചു തന്നിരിക്കുന്നു.... ഒരു തുമ്പപ്പൂവിന്റെ മനസ്സ് പകർന്നു തന്നതിനൊപ്പം നമ്മുടെ മാത്രം സ്വന്തമായ ഒരുപാട് പൂക്കൾ....പലതും ഞാൻ ആദ്യമായി കേൾക്കുന്നതാണ് (വിഷ്ണുക്രാന്തി, ഗന്ധരാജൻ).... ഇതിന്റെയൊക്കെ പേരും പിന്നെ, ഒരുപാട് പൂക്കളുടെ ചിത്രങ്ങളും....ശരിക്കും ഒരു സ്ക്കൂൾ കുട്ടി പ്രോജക്ട് ചെയ്യുന്ന സൂക്ഷ്മയോടെ, ആത്മാർത്ഥതയോടെ...എല്ലാം പങ്കുവച്ചുതരുന്ന ആ നന്മമനസ്സ്...എത്ര സുന്ദരം....
ഈ തുമ്പച്ചെടിയ്ക്കൊപ്പം ആ തങ്കക്കുട്ടിയെക്കൂടി കാട്ടിത്തന്നല്ലോ....ഒരുപാട്....ഒരുപാട് ഇഷ്ടമായി...... തുമ്പപ്പൂവിന്റെ മനസ്സും(മുമ്പൊരിക്കൽ അമ്മത്തൊട്ടിലിന്റെ മനസ്സ് കാട്ടിത്തന്നതു പോലെ), മലയാളത്തിന്റെ സൗന്ദര്യവും സമ്പത്തും പൈതൃകവും ഒക്കെ .... ഒരു ഗംഭീരൻ ഓണസദ്യ.....ഉഷാമ്മേ......

വി.എ || V.A said...

ആഹ്ലാദത്തിമിർപ്പിലൂടെ ഒരു പൊന്നോണവുംകൂടി.....സന്തോഷവും സംതൃപ്തിയും ഐശ്വര്യവും നിറഞ്ഞ ഒത്തിരി ഓണാശംസകൾ.......

Junaiths said...

ഹൃദയം നിറഞ്ഞ,നന്മയും സന്തോഷവും സ്നേഹവും നിറഞ്ഞ പോന്നോണാശംസകള്‍..

Yasmin NK said...

സ്നേഹം നിറഞ്ഞ ഓണാശംസകള്‍...

വിധു ചോപ്ര said...

ഓണം നിറഞ്ഞ സ്നേഹാശംസകൾ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എസ്സ്.എം.സാദിഖ്, കലി: സന്തോഷം ആശംസയ്ക്ക്

പണിക്കർ സാർ : ബൂലോകത്തിനായുള്ള ഈ ഓണത്തിനുള്ള പായസം തന്നെയാണ് ഇത്......നന്നായി രുചിച്ചുനോക്കി അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു യാത്രികൻ: വളരെ സന്തോഷം, എന്റെ തുമ്പപ്പൂവിനെ കാണാൻ വന്നതിന്

കലാവല്ലഭൻ: ആദ്യമായി, വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി...ആ കുഞ്ഞിക്കിളിയെ പിടിച്ച് കൂട്ടിലടച്ചൂട്ടോ, ഞാനും കുറെ നാളായി വിചാരിക്കുവായിരുന്നു അത്.

ബഷീർ പി ബി വെള്ളറക്കാട്, കേരളദാസനുണ്ണി, കുഞ്ഞൂസ് : ഓണാശംസകൾ

അജിത : ഇതൊക്കെ എന്റെ വീടിനു ചുറ്റും കണ്ട പൂക്കളാണ്, നമ്മൾ അന്വേഷിച്ചാൽ തീർച്ചയായും കാണാം....ഓണാശംസകൾ

ഗോപൻ : ഈ ഒറ്റ കമന്റ് കൊണ്ട് എന്റെ ഈ പോസ്റ്റിന് ഒരു പൂർണ്ണത വന്നു, ഒരുപാട് സന്തോഷം മോനേ...

വി.എ, ജുനൈദ്, മുല്ല, വിധു ചോപ്ര : ഓണാശംസകൾ

yousufpa said...

തുമ്പയും മുക്കുറ്റിയും ഹനുമാൻ കിരീടവും ഒന്നും ഇപ്പൊ ഇല്ല ഏച്ചി.ഇപ്പൊ വരത്തൻ പാണ്ടിയുടെ പിച്ചിയും ജമന്തിയും ചെണ്ടുമല്ലിയും പ്ലാസിക് പൂക്കളും മാത്രം.

അഭി said...

ഓണാശംസകള്‍‌

പ്രജ്ഞാപഥം said...

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ പുടവയുമായി തിരുവോണനാളിൽ എത്താം...

അനില്‍കുമാര്‍ . സി. പി. said...

ഓണം അനുഭവവേദ്യമാക്കിയ നല്ല എഴുത്ത്.

ഹൃദ്യമായ ഓണാശംസകള്‍

Metro Film Society said...
This comment has been removed by the author.
Metro Film Society said...

Ushayude ezhuthu ente manassilEkku samrudhamaayi pooKaL uNtaayirunna oru ONakkaalathe koNtu vannu... innippOL thOvaaLappooKaLkkuvENti nammaL kaaththirikkukayaaNu. thamizhante kanivaaNu aaSrayam.

ONaaSamsakaL - murali menon

ജന്മസുകൃതം said...

ഓണാശംസകള്‍.

K C G said...

കൊച്ചുതുമ്പപ്പൂവിന്റെ വേദന നമ്മളേയും വേദനിപ്പിക്കുന്നത് തന്നെ. നല്ല ഭാവന ഉഷസ്സേ. കഥകഥ പൈങ്കിളിയിൽ ഞാനും ഇട്ടു ഒരു പോസ്റ്റ്. അതിലും സമാനമായ ആശയം തന്നെ.

Echmukutty said...

വൈകിപ്പോയി, സാരല്യാ....തുമ്പപ്പൂ മനസ്സ് കണ്ടു. അഭിനന്ദനങ്ങൾ ......

പിന്നെ ഓണാശംസകൾ....

iDeaZ said...

Ishtappettu ammee.. :) ..

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..

ഓടി വന്നോടി.. വന്നോടി വന്നേ....
പൂക്കളാൽ തീർത്തൊരു പൂക്കളം ഞാനും കണ്ടേ...

നന്ദി ട്ടൊ...ഇവിടെ എത്തിച്ചതിൽ..!