ഒരു ദിവസം രാവിലെ ഞങ്ങൾ കാണുന്ന കാഴ്ച....
തൊട്ടപ്പുറത്തെ വീട്ടിലെ അമ്മൂമ്മ കാലുമ്മേല്‍കാലും കയറ്റിയിരുന്ന്, ഞങ്ങടെ വീട്ടിലെ ഒരു പ്രജയേക്കൊണ്ട് വെള്ളം കോരിക്കുന്നു തേങ്ങ പൊതിച്ചു ചിരവിക്കുന്നു...........വിറകു കീറിക്കുന്നു... പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല
തൊട്ടപ്പുറത്തെ വീട്ടിലെ അമ്മൂമ്മ കാലുമ്മേല്‍കാലും കയറ്റിയിരുന്ന്, ഞങ്ങടെ വീട്ടിലെ ഒരു പ്രജയേക്കൊണ്ട് വെള്ളം കോരിക്കുന്നു തേങ്ങ പൊതിച്ചു ചിരവിക്കുന്നു...........വിറകു കീറിക്കുന്നു... പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല
“ഈ ചെറുക്കന് ഇതെവിടെപ്പോയി? ഇവനു സ്കൂളില്‍ പോകണ്ടേ എന്നു ചോദിച്ച് അമ്മച്ചി (ചേട്ടന്റെ അമ്മ) അടുക്കളയില്‍നിന്നും അരങ്ങത്തെത്തി. ഞങ്ങള്‍ കുട്ടികളെല്ലാവരും അന്തംവിട്ടു നോക്കി നില്ക്കുന്ന, ആ കാഴ്ചകണ്ട് (ചേട്ടന് വിറകു കീറുന്നു) അമ്മച്ചി ഞെട്ടി, കൂട്ടത്തില്‍ ഒരു അലറലും “ഇവിടെ വാടാ"... പെട്ടന്നു അമ്മൂമ്മേടേ അടുത്ത് എന്തോ പൊറുപൊറുത്തിട്ട് ആശാന് വലിയ ഗമയിൽ വീട്ടിലേക്കു വന്നു. ആരേയും കൂസാതെ നേരെ പോയി കുളിച്ച് ഒരുങ്ങിവന്നു കഴിക്കാനിരുന്നു. അമ്മച്ചി ഒരു വലിയപാത്രം നിറയെ ഇഡ്ഡലി കൊണ്ടുവച്ചിട്ട്, “ഇന്നു നല്ല വിശപ്പുകാണുമല്ലോ, പതിവില്ലാതെ പണിയേടുത്തതല്ലേ, നിറച്ചു കഴിക്ക്”എന്നൊക്കെ മുഖവുരയായി കാച്ചിയിട്ട് ഞങ്ങള്‍ എല്ലാവരും കാതോര്‍ത്തിരുന്ന ചോദ്യത്തിലേക്കു വന്നു.
"നിനക്കു എന്തിന്റെ സൂക്കേടാ കുട്ടാ? ഈ കൊച്ചുവെളുപ്പാങ്കാലത്ത്, വല്ലതും നാലക്ഷരം പഠിക്കാനുള്ള നേരത്ത്, എന്തിനാ ആ തള്ളക്കു പണിയെടുക്കാൻ പോയത്? അച്ഛന് അറിഞ്ഞാലുണ്ടല്ലോ???ങൂം...നിനക്കു നല്ലതു കിട്ടും കേട്ടോ."
ചേട്ടന്റെ മറുപടി ഞങ്ങളെയെല്ലാം ഭീകരമായി പിന്നെയും ഞെട്ടിച്ചു, “ഞാന്‍ ഇന്നലെ രാത്രി ഒരു ശപഥം ചെയ്തു. ഇന്നു മുതല്‍ എന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവച്ച് വയസ്സായവരെ എന്നാൽ കഴിയുന്നപോലെ, ചിലപ്പോള്‍ അതിലും കൂടുതലായി ഞാൻ സഹായിക്കും എന്ന്.”
“ങാ! അതു വളരെ നല്ല കാര്യമാ, അതിനു വയസ്സായവര്‍ ഈ വീട്ടിലും ഉണ്ടല്ലോ, വയസ്സായവരെ തപ്പി അയൽപ്പക്കം തോറും പോകണോ?അമ്മച്ചി വിട്ടില്ല.
ചേട്ടൻ, “അതിനു ഈ വീട്ടില്‍ ആരേലും വയസ്സായി എന്നു സമ്മതിച്ചു തന്നാൽ ഞാന്‍ അവരേയും സഹായിക്കും”(വയസ്സായീന്നു ആരും സമ്മതിക്കില്ല എന്നു ചേട്ടനു നൂറുശതമാനവും നന്നായിട്ടറിയാമയിരുന്നു)
ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവുപോലെ ചേട്ടനും, ഞങ്ങള്‍ എല്ലാവരും സ്കൂളിൽ പോയി. വൈകിട്ടു എല്ലാരും വന്നു ചായകുടി വാചകമടി ഒക്കെയായിരിക്കുമ്പോൾ അടുത്തവീട്ടിലെ അമ്മൂമ്മേടെ ഒരു വിളി, “കുട്ടാാാാ…”കുടിച്ചു കൊണ്ടിരുന്ന ചായ അവിടെ വച്ചു ചേട്ടന് ഇടംവലം നോക്കാതെ അപ്പുറത്തേക്ക് ഒറ്റഓട്ടം. അടുത്തരംഗം കാണാന്‍ ഞങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു,അല്ല കാത്തുനിന്നു.
=========
കഴുത്തിലെ കയറിൽ തൂങ്ങിയാടുന്ന ഒരു മണ്ണെണ്ണക്കുപ്പിയും ഒരു കുട്ടയുമായി ചേട്ടൻ സ്വന്തം വീടിനു മുന്നിലൂടെ, ‘ഈ വീടെനിക്കറിയുകേ ഇല്ല’ എന്ന ഭാവേന നടന്നു പോയി.ഞങ്ങൾ കുട്ടികൾ കളി, പഠിത്തം എല്ലാം താൽക്കാലികമായി മരവിപ്പിച്ച് ചേട്ടന്റെ തിരിച്ചുവരവും കാത്ത് മുറ്റത്തു തന്നെ നിന്നു. കുറച്ചു സമയത്തിനു ശേഷം കയറിലെ കുപ്പി ആടാതെ, തലയിലെ കുട്ട അനങ്ങാതെ, ഭാരം താങ്ങിയ കഴുതയെപ്പോലെ മുഖം കുനിച്ച്, ഞങ്ങളെ കടന്ന് ആ മഹാത്മാവ് അടുത്ത വീട്ടിലേയ്ക്ക് കയറിപ്പോയി.
അടുത്ത വീട്ടിലിനി എന്തു സംഭവിക്കും എന്നു കാത്തിരുന്ന ഞങ്ങൾ കണ്ടത് അളിഞ്ഞുപിളിഞ്ഞ ഒരു നിലവിളക്കും തട്ടവുമായി കുട്ടേട്ടൻ കിണറ്റിൻ തളത്തിലേയ്ക്ക് വരുന്നു. പൊട്ടിച്ചിരിക്കുന്ന സഹോദരസൈന്യത്തെ ഒരു ക്രൂരഭാവത്തോടെ നോക്കി, അമ്മൂമ്മയുടെ അടിമ അദ്ദേഹത്തിന്റെ ജോലികൾ തുടർന്നു.
സന്ധ്യമയക്കത്തിൽ തിരികെയെത്തിയ വല്യേട്ടനെ കണ്ട് ഞങ്ങടെ പൊടിമോൻ “അപ്പറത്തമ്മൂമ്മേടെ ജീനി (അലാവുദീന്റെ ശിങ്കിടി) വന്നേ… എല്ലാരും ഓടി വായോ…” എന്നുള്ള വിളിയിൽ വീട്ടിലെല്ലാരും മുൻവശത്തെത്തി. അന്നാണ് ഞങ്ങൾക്ക് മനസ്സിലായത് കുട്ടേട്ടന്റെ അമ്മേടെ ഭാഷാശേഖരത്തിൽ ഇത്രേം ഗംഭീരന്മാരായ അസഭ്യവാക്കുകൾ ഒളിപ്പിച്ചു വച്ചിരുന്നുവെന്ന സത്യം. ആ സമയത്ത് ഒരു സന്തൂർസോപ്പുപോലെ കുളിർമ്മയോടെ വന്ന് ഞങ്ങടെ കുഞ്ഞമ്മച്ചി എണ്ണമെഴുക്കിലും കരിയിലും ആറാടിനിന്ന കുട്ടേട്ടനെ കുളിമുറിയിലേയ്ക്ക് കയറ്റിവിട്ട് ആ വീട്ടിലെ ഒരു കൈയ്യാങ്കളി ഒഴിവാക്കി.
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ആ അടിമ ആത്മാർത്ഥതയുടെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അടിമ ചെല്ലാൻ വൈകിയ ഒരു ദിവസം അമ്മൂമ്മ നേരെ ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നതും, “രാധക്കുട്ടീ (അമ്മച്ചി)” എന്നു നീട്ടിയൊരു വിളി. “നീ നിന്റെ ആമ്പ്രന്നോനേം വിളിച്ചോണ്ട് ഇങ്ങ് വന്നേടീ… നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്…!”
ഇത്രേം പറഞ്ഞതും കുട്ടേട്ടൻ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നത് മാത്രം ഞങ്ങൾ കണ്ടു. ആ കുട്ടൻകാറ്റ് അമ്മൂമ്മയെ ചുറ്റിവരിഞ്ഞ് വലിച്ചപ്പുറത്തേയ്ക്ക് പോയി.
അമ്മൂമ്മയെ പൂർത്തിയാക്കാൻ സമ്മതിക്കാത്ത ആ വാചകം പരീക്ഷാഹാളിൽ ഉത്തരക്കടലാസിന്റെ മുന്നിലിരിക്കുന്ന ശ്രദ്ധയോടെ ഞങ്ങളെല്ലാപേരും അവരവരുടെ യുക്തിക്കനുസരിച്ച് പൂരിപ്പിക്കാൻ ശ്രമിച്ചു – കൂട്ടത്തിൽ ഈ ഞാനും. എനിക്കു കിട്ടിയ ഉത്തരം എന്നെ ലജ്ജിപ്പിച്ചു… ‘ച്ഛെ… എന്നാലും ഈ കുട്ടേട്ടൻ…. ഈ വയസ്സായ അമ്മൂമ്മയോട്.. ച്ഛേ…..’
ആകാംക്ഷ സഹിക്കവയ്യാതെ ഞാൻ പതുങ്ങിപ്പതുങ്ങി അപ്പുറത്തെ വീട്ടിലെത്തി ജനലിൽകൂടി അകത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ സംശയത്തെ ശക്തിപ്പെടുത്തി. അമ്മൂമ്മ കുട്ടേട്ടന്റെ മടിയിൽ തലവച്ചു കിടക്കുന്നു (അതു പോട്ടെ, സാരമില്ല) കുട്ടേട്ടനോ, കഥകളിക്കാരെ ചുട്ടികുത്തിക്കുന്നതു പോലെ അമ്മൂമ്മയുടെ മുഖം മിനുക്കുന്നു. ഒരു തുണികൊണ്ട് മുഖമെല്ലാം തുടച്ചു, എന്നിട്ട് അടുത്ത് കമിഴ്ത്തി വച്ചിരുന്ന കരി പിടിച്ച ചീനച്ചട്ടിയിൽ തൊട്ട് അമ്മൂമ്മയ്ക്ക് ചന്ദ്രക്കല പോലെ പുരികമെഴുതി. കൈയ്യിൽ പറ്റിയ ബാക്കി കരികൊണ്ട് കവിളിലൊരു കുത്തും, കൂടെയൊരു ചൊല്ലും... “പഴയതിനെക്കാൾ അടിപൊളിയായി, അമ്മൂമ്മ ഇപ്പോൾ ”. ഒരുക്കം കഴിഞ്ഞ് അമ്മൂമ്മ എഴുന്നേറ്റ് നോക്കിയത് ജനാലയ്ക്കൽ നിൽക്കുന്ന എനിക്കു നേരെ. “എന്താടീ ഒളിഞ്ഞു നോക്കാൻ?അസത്തേ”.. ഭൈരവിക്കോലം എഴുതിയപോലുള്ള ആ മുഖം കണ്ട് ഞാൻ ഓടി. നേരത്തെ കണ്ട കാഴ്ച എന്നെ വല്ലാതെ നോവിച്ചു…. അസൂയയുടെ നോവ്…ഇന്നുവരെ ഞങ്ങൾ അനിയത്തിമാർക്ക് ഒരു പൊട്ടുപോലും തൊട്ടു തരാത്ത കുട്ടേട്ടൻ ആ കിളവിയെ ഒരുക്കി എഴുന്നള്ളിക്കുന്നതിന്റെ കുശുമ്പ് എന്നെ അടിമുടി വിഴുങ്ങി.
അമ്മൂമ്മയോടുള്ള കുട്ടേട്ടന്റെ വിധേയത്വം കൂടിക്കൂടി വന്നു. കുട്ടേട്ടന്റെ വിധേയത്വം മങ്ങുന്ന ദിവസങ്ങളിൽ അമ്മൂമ്മ, കുപ്പി തുറന്നു വിട്ട ഭൂതത്തിനെപ്പോലെ, ഇപ്രത്തേയ്ക്ക് പാഞ്ഞു വരും. “എടീ രാധേ, നിന്റെ മോൻ എന്നോട് ചെയ്തത്…” ആ വാചകം പൂർത്തിയാക്കാൻ ആ ഭൂതത്തിനു ‘കുട്ടനടിമ’ അവസരം കൊടുത്തതേയില്ല.
കുട്ടേട്ടനെ അടിമയാക്കിയ നാൾ മുതൽ ആ സ്ത്രീയുടെ മുഖത്തിനു എന്തോ ഒരു വ്യത്യാസം തോന്നിയിരുന്നു എനിക്ക് – ഒരു അതിശയ ഭാവം, എപ്പോഴും. ചിരിക്കുകയാണോ, കരയുകയാണോ, അടിമയെ കിട്ടിയതിന്റെ അഹന്തയാണോ എന്നൊന്നും മനസ്സിലാകാത്ത ഒരു മുഖഭാവം.ആ ഭാവവും ഒരു ഉത്തരമില്ലാ ചോദ്യമായി മനസ്സിൽ കിടന്നു.
പെട്ടെന്ന് തന്നെ കുട്ടേട്ടന്റെ നല്ലകാലം വന്നു. അമ്മൂമ്മ എല്ലാം കെട്ടിപ്പെറുക്കി മകളുടെ കൂടെ പോകാൻ തീരുമാനിച്ചു. പോകുന്ന പോക്കിൽ യാത്ര പറയാൻ വന്നു. “എടീ രാധേ, കുട്ടനെവിടെ? സ്ക്കൂളിൽ നിന്ന് വന്നില്ലേ? അവനെന്നോട് ചെയ്തത്…ഞാൻ പറഞ്ഞിട്ടു പോയേക്കാം.” ഇത്രേം പറഞ്ഞതും അവരുടെ മകൾ വന്ന്, “അമ്മ വന്ന് കാറേലേയ്ക്ക് കേറിക്കേ, ആൺകുട്ടികളായാൽ ഈ പ്രായത്തിൽ അങ്ങനെയുള്ള ചെറിയ കൈയ്യബദ്ധമൊക്കെ പറ്റും, പോട്ടേ, സാരമില്ല, വാ…. ഈ അമ്മേടെ ഒരു കാര്യം!” എന്നു പറഞ്ഞ് മകൾ അമ്മയെയും കൊണ്ട് പോയി.
ആ അപൂർണ്ണമായ വരികളിൽ വീണ്ടും ഞങ്ങൾ കുട്ടികൾ കുരുങ്ങിക്കിടന്നു… ‘എന്തായിരിക്കും അമ്മൂമ്മയ്ക്ക് പറയാനുള്ളത്?” അമ്മൂമ്മയുടെ മകൾ പറഞ്ഞ, “ആൺകുട്ടികളായാൽ അങ്ങനെ ചെറിയ കൈബദ്ധമൊക്കെ പറ്റും..” എന്നുള്ള ക്ലൂ കൂടിയായപ്പോൾ ഞങ്ങൾക്ക് സഹിക്കാനാവാത്ത ആകാംക്ഷയായി. അമ്മൂമ്മ അന്ന് പോകുമെന്ന് അറിയാമായിരുന്നിട്ടും കുട്ടേട്ടൻ വൈകിയാണ് സ്ക്കൂളിൽ നിന്ന് വന്നത്. വന്നപാടെ ഒരു ചോദ്യം എല്ലാരോടുമായി, “പോയോ ആ ഡാകിനി?(ആ ചോദ്യത്തിൽ കുട്ടന്റെ ദ്വേഷ്യവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു) ...
“കുട്ടേട്ടാ, കുട്ടേട്ടന്റെ യജമാനത്തി സ്ഥലം വിട്ടു…ജീനിയെക്കൂടി കൂട്ടിക്കൊണ്ട് പോകാൻ ഇവിടെ വന്നിരുന്നു.. പിന്നീട് തന്നു വിടാം അടിമയെ എന്നുള്ള ഉറപ്പിന്മേൽ അമ്മച്ചി അവരെ പറഞ്ഞു വിട്ടു കേട്ടോ” എന്നുള്ള പൊടിമോന്റെ കത്തിക്കലിൽ എല്ലാരും തലതല്ലി ചിരിച്ചു.
കുട്ടേട്ടൻ പഴയ കുട്ടനായി, സ്വാതന്ത്ര്യം കിട്ടിയത് പരമാവധി ആഘോഷിച്ചു. അന്നു പതിവിലും നേരത്തേ നാമജപം കഴിഞ്ഞ് കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം എല്ലാരും ഊണുമേശയ്ക്ക് ചുറ്റും നിരന്നു. എത്രയോ ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ കുട്ടന്റെ സ്ഥായീഭാവം കണ്ട സന്തോഷം എല്ലാരിലും ഉണ്ട്. എന്നാലും ഒരു അപൂർണ്ണത… അതു പൂരിപ്പിക്കാൻ ഞാൻ തന്നെ തീരുമാനിച്ചു. ഏട്ടനാണെങ്കിലും ചില സന്ദർഭങ്ങളിൽ ഞാൻ ‘എടാ കുട്ടാ’ എന്നു വിളിച്ചിരുന്നു.
ഞാൻ വിളിച്ചു, “…ടാ കുട്ടാ, എന്തായിരുന്നു നീയും ആ അമ്മൂമ്മയുമായിട്ട്?”(അവരുടെ പുരികംവര ശൃംഗാരം ഞാൻ കണ്ട കാര്യം അദ്ദേഹത്തിനു അറിയാമല്ലോ)
ഒട്ടും ഗൗരവം വിടാതെ, ചിരി കടിച്ചു പിടിച്ച്, എല്ലാരും ഉത്തരം കേൾക്കാൻ കാതോർത്ത് നിന്നു. ചോദ്യം തീരെ ഇഷ്ടപ്പെടാത്തതു കൊണ്ട് മറുപടി പറയാൻ താൽപര്യമില്ലാതെ കുട്ടനടിമ മുഖംകുനിച്ചിരുന്നു. ആ മൗനം വീണ്ടും വീണ്ടും ഞങ്ങളെ സംശയാലുക്കളാക്കി. എല്ലാപേരുടെയും നിർബന്ധം കൂടിക്കൂടി വന്നപ്പോൾ, കുട്ടേട്ടൻ ആദ്യദിവസം പറഞ്ഞ മറുപടി തന്നെ വീണ്ടും പറഞ്ഞു, “പ്രായമായവരെ സഹായിക്കുക എന്നേ വിചാരിച്ചുള്ളൂ”.
സഹികെട്ട് അമ്മച്ചി ചാടിയെണീറ്റിട്ട്, ‘പിന്നേ, സഹായിക്കുന്ന ആളുതന്നെ നീ മോനേ?… സ്വന്തം ദേഹത്തെ ഉറുമ്പിനെ തൂക്കാത്ത നീയാണോ മറ്റുള്ളവരെ സഹായിക്കാൻ,? നീ മര്യാദയ്ക്ക് പറയടാ…”
എല്ലാരുടെയും നിർബന്ധം സഹിക്കവയ്യാതെ വീട്ടിലെ പ്രായമായ പുരുഷപ്രജകൾ ആരും തന്നെ ചുറ്റിലും ഇല്ലെന്ന് ഉറപ്പുവരുത്തി ചേട്ടൻ ആ സമസ്യാപൂരണം ആരംഭിച്ചു, “അമ്മേ, അമ്മ ഓർക്കുന്നില്ലേ, അന്ന് ഉത്സവപ്പറമ്പിൽ നിന്ന് പൊട്ടാത്ത പടക്കമൊക്കെ ഞാൻ പെറുക്കി കൂട്ടി വെച്ചിരുന്നത്”
“ങൂം, അന്ന് നിന്നെ ഞാൻ ചീത്തപറഞ്ഞ് അത് കളയിക്കുകേം ചെയ്തല്ലോ”, അമ്മച്ചിക്കും ആകാംക്ഷയായി.
കുട്ടൻ രണ്ടുകണ്ണും ചുറ്റിലുമിരിക്കുന്ന ഞങ്ങളുടെ നേരെ വീശിയൊരേറുതന്നിട്ട് പറച്ചിൽ തുടർന്നു, “ഞാനത് കളഞ്ഞില്ലാരുന്നമ്മേ, ആരും കാണാതെ അതിലെ വെടിമരുന്നെല്ലാം പൊളിച്ചെടുത്ത് മുട്ടനൊരു പടക്കമാക്കി തിരിയെല്ലാം ഫിറ്റുചെയ്ത് വച്ചു. അത് പൊട്ടിക്കാൻ അവസരം കാത്തുകാത്തു നടന്ന ഞാൻ ഒരു ദിവസം സന്ധ്യക്ക് അപ്രത്തെ അമ്മുമ്മ നിലവിളക്കും കത്തിച്ച് കണ്ണുമടച്ചിരിക്കുന്നത് കണ്ടു.”
കുഞ്ഞമ്മച്ചി: “എന്നിട്ട് എന്നിട്ട്????”
കുട്ടൻ, “ഞാൻ നീളമുള്ള ഒരു കമ്പിന്റെ അറ്റത്ത് പടക്കം കെട്ടിവച്ച് പുറത്തു നിന്ന് ആ വിളക്കിലേയ്ക്ക് നീട്ടി. കത്തിച്ചു വെളിയിലേയ്ക്ക് എടുത്തെറിയാമെന്ന് കരുതി. എന്നാൽ ഒരു വെടി, ഒരു പുക, വിളക്കും കെട്ടു… വീട്ടിനകത്ത് ഇരുട്ടും.”
കോറസ്സ്: “എന്നിട്ട് .............?”
“പുക തട്ടിമാറ്റി വീട്ടിനകത്തു കയറിയ ഞാൻ കണ്ടത് അമ്മൂമ്മ അവിടെ മലർന്നടിച്ച് കിടക്കുന്നതാ. ഞാൻ പേടിച്ചു പോയി. അമ്മൂമ്മയുടെ കാറ്റ് പോയോന്ന് പേടിച്ച് ഞാൻ കുലുക്കി വിളിച്ചതും അമ്മൂമ്മ ചാടിയെഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങി. സന്ധ്യവെളിച്ചത്തിൽ അവരുടെ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി. മൊണാലിസയെപ്പോലെ പുരികമില്ല, വെടിവഴിപാടിൽ അത് കത്തിപ്പോയി. പൂച്ച കരിക്കലത്തിൽ തലയിട്ടതുപോലെ മുഖവും. അത് കരിയാ തുടച്ചാലും മതി, ഈ പുരികമെന്തു ചെയ്യും.??? എന്തായാലും പുരികം പോയ കാര്യം ഞാൻ അപ്പോൾ മറച്ചു വച്ചു. മുറ്റത്തേയ്ക്കിറങ്ങിയ എന്നെ കണ്ടതും അമ്മൂമ്മ ഒരു ചോദ്യം, ‘എന്നതാടാ ഒരു വെടിയൊച്ച കേട്ടത്?’ നടന്ന സംഭവം ഞാൻ പറഞ്ഞതും, ‘എന്തിനാടാ നീയെന്നെ കൊല്ലാൻ നോക്കിയത്? ' എന്നു പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി. ഇപ്രത്തേയ്ക്ക് വരാൻ തുടങ്ങിയ അവരെ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു, ‘അമ്മൂമ്മേ, ഇതാരോടും പറയല്ലേ, അച്ഛനറിഞ്ഞാൽ എന്നെ കൊല്ലും’, ആ ദുഷ്ടബുദ്ധി തള്ള അതു തന്നെ ലാക്കാക്കി ഉടനെ എന്നോട് പറഞ്ഞു, ‘ശരി, ഞാൻ ആരോടും പറയില്ല, ഞാനെന്തു പറഞ്ഞാലും നീയിനി അനുസരിച്ചോണം. ധിക്കാരം കാട്ടിയാൽ അന്നേരം ഞാനിത് നിന്റെ വീട്ടിൽ വന്നു പറയും.’ എന്റെമ്മേ, ആ പേടിയാണ് ഇത്രേം ദിവസം എന്നെക്കൊണ്ട് ആ അടിമപ്പണി ചെയ്യിച്ചത്.”
ഞാൻ അറിയാതെ എന്റെ പുരികം തലോടിക്കൊണ്ട് പറഞ്ഞു,
ഞാൻ അറിയാതെ എന്റെ പുരികം തലോടിക്കൊണ്ട് പറഞ്ഞു,
“എടാ കള്ളാ, അതായിരുന്നല്ലേ മുഖം തുടയ്ക്കലിന്റെയും പുരികമെഴുത്തിന്റെയും ഗുട്ടൻസ്”. (അഹന്ത നിറഞ്ഞ അവരുടെ മുഖഭാവം പുരികം കരിഞ്ഞു പോയതുകൊണ്ട് ഉണ്ടായതാ എന്ന ഉത്തരവും കുട്ടൻ പറയാതെ തന്നെ എനിക്കു മനസ്സിലായി...)
കുട്ടൻ: “ആ ഡാകിനി കണ്ണാടി നോക്കാത്തത് എന്റെ ഭാഗ്യം, ആരെങ്കിലും കണ്ടു പിടിച്ച് പുരികം എന്ത്യേ എന്ന് ചോദിക്കണ്ടാ എന്ന് കരുതി 'അമ്മൂമ്മേ സുന്ദരിയാക്കാം 'എന്നു പറഞ്ഞു ചീനച്ചട്ടിക്കരി കൊണ്ട് ഞാൻ പുരികം വരച്ചു കൊടുത്തു. 'സുന്ദരിയാക്കാം' എന്നു പറഞ്ഞുള്ള സുഖിപ്പിക്കലിൽ അമ്മൂമ്മേടെ "എന്തിനാ നീ കരി വരയ്ക്കുന്നതെന്ന" ചോദ്യം ഒഴിവാക്കി.
ഒരു ദീർഘനിശ്വാസംവിട്ട് കഥപറച്ചിലിനു സമാപനംകുറിച്ച് മഹാനായകുട്ടൻ ചമ്മിയ മുഖത്തോടെ എല്ലാവരേയും ദയനീയമായി ഒന്നു നോക്കിയതും................
"എന്റേടാ ... നിന്നെപ്പോലൊരു കഴുത" എന്നു പറഞ്ഞ് അമ്മമാരെല്ലാം എഴുന്നേറ്റുപോയി....
അമ്മൂമ്മ ഇടക്കിടെ പറഞ്ഞിരുന്ന "നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്…!”എന്ന പ്രയോഗത്തിന്റെ വിട്ടുപോയഭാഗം കുട്ടൻ പൂരിപ്പിക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഞങ്ങളിൽ ചിലർ ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി ഇളിക്കുന്നപോലെ ഒന്നു ചിരിച്ചു നിരാശയോടെ സ്ഥലം കാലിയാക്കി.....
ഒരു ദീർഘനിശ്വാസംവിട്ട് കഥപറച്ചിലിനു സമാപനംകുറിച്ച് മഹാനായകുട്ടൻ ചമ്മിയ മുഖത്തോടെ എല്ലാവരേയും ദയനീയമായി ഒന്നു നോക്കിയതും................
"എന്റേടാ ... നിന്നെപ്പോലൊരു കഴുത" എന്നു പറഞ്ഞ് അമ്മമാരെല്ലാം എഴുന്നേറ്റുപോയി....
അമ്മൂമ്മ ഇടക്കിടെ പറഞ്ഞിരുന്ന "നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്…!”എന്ന പ്രയോഗത്തിന്റെ വിട്ടുപോയഭാഗം കുട്ടൻ പൂരിപ്പിക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഞങ്ങളിൽ ചിലർ ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി ഇളിക്കുന്നപോലെ ഒന്നു ചിരിച്ചു നിരാശയോടെ സ്ഥലം കാലിയാക്കി.....
സമസ്യാപൂരണവും കഞ്ഞികുടിയും കഴിഞ്ഞ് എല്ലാരും ഉറങ്ങി. കാലത്തെണീക്കാതെ കിടന്ന കുട്ടേട്ടനെ അമ്മച്ചി വിളിച്ച് എന്തോ ജോലി പറഞ്ഞതും, ‘എനിക്ക് പറ്റില്ല’ എന്നു പറഞ്ഞ് ആ ‘ഒരാഴ്ചഅടിമ’ അടിമത്തത്തിൽ നിന്ന് സ്വയം മോചനം നേടി ഉറക്കം തുടർന്നു.
ദിവസങ്ങൾ കഴിഞ്ഞു. ശിവരാത്രി തലേന്ന് കുട്ടേട്ടന്റെ അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ കൈയ്യിൽ വലിയ ഒരു പൊതി. കുട്ടികളെല്ലാരും വല്യച്ഛന്റെ ചുറ്റുംകൂടി. കുട്ടേട്ടന്റെ കൈയ്യിൽ കൊടുത്ത പൊതി ഏട്ടനോടു തന്നെ തുറക്കാൻ പറഞ്ഞു വല്യച്ഛൻ. പൊതി നിറയെ പടക്കം. സങ്കടവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു ഭാവത്തോടെ നിന്ന കുട്ടേട്ടനെ ചേർത്തു പിടിച്ച് വല്യച്ഛൻ പറഞ്ഞു, “ആരുടെയും പുരികം കളയാതെ ശ്രദ്ധിച്ചു പൊട്ടിക്കണേ മോനേ” . ആ പറച്ചിലിൽ 'എനിക്കെല്ലാം അറിയാമായിരുന്നടാ ! പോട്ടെ സരമില്ല 'എന്നുള്ള ഒരു നിശ്ശബ്ദസ്നേഹസാന്ത്വനം മകരമഞ്ഞായി ആ കുംഭമാസത്തിലും കുട്ടന്റെ മനസ്സിനെയും ദേഹത്തെയും തലോടിത്തലോടി നിന്നു.................
26 comments:
ആ സ്നേഹസാന്ത്വനം ഒരു മകരമഞ്ഞായി ആ കുംഭമാസത്തിലും കുട്ടന്റെ മനസ്സിലും ദേഹത്തിലും തലോടിത്തലോടി നിന്നു.................
അസ്സല് മാലപ്പടക്കം..!
ആഘോഷിച്ചു വായിച്ചു..!!
വെടിമരുന്നിനു തീപിടിച്ച ഒരു സംഭവം എന്റെ ഓർമയിലുണ്ട്, അതെങ്ങാനും പോസ്റ്റായിവന്നാൽ കോപ്പിയടിച്ചെന്നു കുറ്റം പറയരുത്..!!
ആശംസകളോടെ..പുലരി
തലക്കെട്ട് വായിച്ചപ്പോള്‍ തന്നെ ഇതെന്തിന്റെ 'കിലുക്കമാണെന്ന്'അറിയാതെ ഇരുപ്പുറയ്ക്കില്ലന്നായി
"മൊണാലിസ അമ്മൂമ്മ" ആള് മിടുക്കിയാണ്
പയ്യനെ ശരിക്കും പുരികക്കൊടികാട്ടി ബ്ലാക്ക്മെയില്‍ ചെയ്തല്ലൊ!
കിലുക്ക്സേ പുതുവത്സരാശംസകള്‍!
കഥ ഉശിരന്‍..:)
അമ്മൂമ്മ ഇടക്കിടെ പറഞ്ഞിരുന്ന "നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്…!”എന്ന പ്രയോഗത്തിന്റെ വിട്ടുപോയഭാഗം കുട്ടൻ പൂരിപ്പിക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഞങ്ങളിൽ ചിലർ ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി ഇളിക്കുന്നപോലെ ഒന്നു ചിരിച്ചു നിരാശയോടെ സ്ഥലം കാലിയാക്കി....
.ആരാ ഈ ഞങ്ങളില്‍ ചിലര്‍..എവിടെയും ചിലത് മനക്കുന്നവര് അല്ലെ ... നന്നായി എഴുതി... ആശംസകള്‍
super
ആ സ്നേഹസാന്ത്വനം ഒരു മകരമഞ്ഞായി ആ കുംഭമാസത്തിലും കുട്ടന്റെ മനസ്സിലും ദേഹത്തിലും തലോടിത്തലോടി നിന്നു...എന്റെയും...
ഉഷേച്ചീ, നല്ല രസായിട്ട് പറഞ്ഞു ട്ടോ...
ഒരു ലളിത മായ കഥയാണെങ്കിലും .ഒരു പാട് അര്‍ത്ഥമുള്ള കഥയാണ് ,അക്ഷരങ്ങള്‍ കാണാനും ശൈലിയിലുള്ള വരികള്‍ ,രസിപ്പിക്കുന്ന പദങ്ങള്‍ ,ഇതല്ലാം കൊണ്ട് കഥ മനസറിഞ്ഞു വായിക്കാന്‍ കഴിഞ്ഞു ....ടീച്ചറെ......നന്ദി ആശംസകള്‍
kollam. :-)
ഡാകിനി അമ്മൂമ്മ ആളു കൊള്ളാലോ :) പാവം കുട്ടന്
പിന്നേയ്. ചേച്ചീ. ഞാന്‍ ആദ്യം കരുതിയത് (തലക്കെട്ട് കണ്ടപ്പോള്‍ ) കിലുക്കാം പെട്ടി അമ്മൂമ്മയെ പറ്റിയായിരിക്കുമെന്നാ ( ഞാന്‍ ഓടി ) :)
നല്ല രസായിട്ടുണ്ട്.
ന്നാലും ആ പാവം ചെക്കനെ പാട്ടി എന്തൊക്കെയാ ആലോചിച്ചു കൂട്ടിയത് :)
നന്നായി പറഞ്ഞു.
ഉഷമ്മേ, കുറച്ചു കാത്തിരുന്നെങ്കിലും രാഘവപ്രതിജ്ഞയ്ക്കു
ശേഷം ഒരു ഗംഭീര വെടിക്കെട്ടു തന്നെ നടത്തിയല്ലോ...
പാവം കുട്ടേട്ടനെ വല്ലാതെ സംശയിച്ചു, അയ്യേ...
തുടർന്നും ഇടയ്ക്കിടെ ഇതുപോലുള്ള വെടിക്കെട്ടുകൾ വരട്ടേ, വരട്ടേ, വരട്ടേ...
നല്ല കഥ കിലുക്കേ. എത്ര നല്ല അച്ഛൻ !
മോണാലിസക്ക് പുരികം ഇല്ലെന്ന കാര്യം ഇപ്പോഴാ ശ്രദ്ധിച്ചത് :)
എന്നാലും ആ സമസ്യാപൂരണം ഇത്തിരി കടും കൈ ആയിപ്പോയി കേട്ടോ.
ചിത്രങ്ങളും കഥയും കഥയിലെ സസ്പെന്‍സ്, നര്‍മം എല്ലാം നന്നായി.
ഓലപടക്കം പോലെ... മത്താപ്പു പോലെ... കഥ ഞാൻ വായിച്ചു. ഞാൻ എന്റെ ബാല്യകാലത്തിലേക്ക് പോയി... അവിടെ,നിക്കർ ഇട്ട് നിൽക്കുന്ന ഒരു ഒമ്പത് വയസ്സുകാരൻ. പൊട്ടാതെ കിടന്ന ഓലപ്പടക്കങ്ങെളല്ലാം കൂടി പെറുക്കിയെടുത്ത് ഓല അഴിച്ച് ഒരു പേപ്പറിൽ ഒന്നിച്ചിട്ട് ഒരു തീപ്പട്ടി കൊള്ളി ഉരച്ചതിലിട്ടു.ഹോ... എന്റുമ്മോ... എന്നൊരു നിലവിളിയോടെ....പൊള്ളികുടുന്ന കൈയുമായി ഞാൻ. രണ്ടാഴ്ച്ച ഉമ്മ ചോറ് വാരിതന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
പാവം കുട്ടനടിമ.
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, ആത്മാവിന് നഷ്ട സുഗന്ധം.....
ഓര്‍മ്മകള്‍ തുളുമ്പട്ടെ..... ഒരുപാടിഷ്ടമായി.
പിന്നെ “"നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്…!”എന്ന പ്രയോഗത്തിന്റെ വിട്ടുപോയഭാഗം കുട്ടൻ പൂരിപ്പിക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഞങ്ങളിൽ ചിലർ ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി ഇളിക്കുന്നപോലെ ഒന്നു ചിരിച്ചു നിരാശയോടെ സ്ഥലം കാലിയാക്കി...
എന്തൊക്കെയായിരുന്നു കിലുക്കാം പെട്ടിയുടെ പ്രതീക്ഷ? അല്ല അതും കൂടി അറിയുമ്പോഴല്ലേ ഒരു പൂര്‍ണ്ണതയുള്ളു. ഹ ഹ ഹ
ബാല്യ കാലത്തിലൂടെ കൊണ്ട് പോയി ഈ എഴുത്ത്. അമ്മൂമ്മ ഓര്‍മ്മയില്‍ എന്നും കാണും.
കഥ നന്നായി ... ആശംസകള്‍
പടക്ക കഥ പടക്കത്തോളം ഒന്നും ഇല്ലെങ്കിലും ഒറ്റവാക്കില്‍ നന്നായി എന്ന് പറയാം
പടക്ക കഥ പടക്കത്തോളം ഒന്നും ഇല്ലെങ്കിലും ഒറ്റവാക്കില്‍ നന്നായി എന്ന് പറയാം
പടക്ക കഥ പടക്കത്തോളം ഒന്നും ഇല്ലെങ്കിലും ഒറ്റവാക്കില്‍ നന്നായി എന്ന് പറയാം
ഇഷ്ടമായി ... ഒത്തിരി.
കഥ നന്നായി.
നന്നായി പറഞ്ഞു... കഥക്കു പിന്നില്‍ നല്ല ഒരു പ്രതിഭയുണ്ട്. വരികളില്‍ നിന് അതറിയാനാവുന്നു.
ബാല്യത്തിൽ ഇങ്ങനെ ഒഅലർക്കും അടിമകളാകേണ്ടിവനും. ചെറുതെറ്റുകൾക്ക് ശിക്ഷ ഇതായിരുന്നല്ലൊ.
പണ്ട് പൊട്ടാത്ത പടക്കം പെറുക്കി അമ്പലത്തിനു സമീപം കരിയിലക്കടിയില് സൂക്ഷിച്ചതും ഉത്സവത്തിനു തലേന്ന് ആരോ കരിയിലക്കൂട്ടം കത്തിച്ചപ്പോള്‍ ഉണ്ടായ പുകിലും ഓര്‍മ്മയില്‍ തെളിഞ്ഞു .
Very Informative, thanks for shearing it. english to malayalam typing
Post a Comment