എന്റെ വല്യമ്മച്ചി പറയുമായിരുന്നു, കുയിൽ പാടിയാൽ കല്യാണം വരും, ഉപ്പന്മാർ (ചെമ്പോത്ത്) പുരയ്ക്കുചുറ്റും നടന്നാൽ മംഗളകാര്യം നടക്കും, ചില മരങ്ങളും ചെടികളും പൂക്കുന്നതും കായ്ക്കുന്നതും കാണുമ്പോൾ ചാവുവിള നാശം വരുത്തും, കാലൻ കോഴി (ഒരു തരം പക്ഷി) മൂളുന്നതു കേട്ടാൽ മരണം കേൾക്കും എന്നൊക്കെ. വിശ്വസിക്കുന്നുവോ ഇതൊക്കെ നിങ്ങൾ? ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. കാരണം, കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞാനിതെല്ലാം അനുഭവിച്ചറിഞ്ഞു.
എനിക്കോർമ്മയായ കാലം മുതൽ ആസ്വദിച്ചു കണ്ടിരുന്ന, സ്നേഹിച്ചിരുന്ന, ഒരു കൂവളമരം എന്റെ കുടുംബക്ഷേത്രത്തിന്റെ മുറ്റത്തുണ്ട്. “ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഒന്നിച്ചിരിക്കുന്ന ഒറ്റഞെട്ടിലെ മൂവില, സാളഗ്രാമം എന്നുപറയുന്ന കായ്… ഇത് ഒരു സർവ്വരോഗസംഹാരി”, എന്നൊക്കെ എനിക്ക് പറഞ്ഞു തന്നിരുന്ന എന്റെ അച്ഛൻ പതിവായി ക്ഷേത്രദർശനത്തിനു ശേഷം അതിൽ നിന്ന് ഒരു ഇല അടർത്തി തിന്നിരുന്നു. കഴിഞ്ഞ കുറെ നാളായി ആ കൂവളമരം കാണുമ്പോൾ ഞാൻ വല്ലാതെ പേടിച്ചു. ത്രിമൂർത്തികളുടെയും സാളഗ്രാമത്തിന്റെയും (ഇലകളും കായ്കളും) ഭാരം താങ്ങാനാവാത ആ വലിയ വൃക്ഷം നിലം പതിക്കുമോ എന്ന്. ഇലച്ചു കുലച്ചു നിൽക്കുന്ന ആ ഭീകര കാഴ്ച കണ്ട് ‘യ്യോ’ എന്ന് പറയാത്ത ആരും ഈ ചുറ്റുവട്ടത്ത് ഇല്ല. ആ കൂവളച്ചുവട്ടിൽ എന്റെ അമ്മ നട്ട മുല്ലവള്ളിയും പിച്ചിവള്ളിയും അതിന്റെ തായ്ത്തടിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ഇപ്പോൾ കണ്ടാൽ അകാലത്തിൽപിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ ദേഹത്തെ ചിതയിലേയ്ക്കെടുക്കാൻ അനുവദിക്കാത്ത പ്രിയപ്പെട്ടവരെ ഓർമ്മ വരും. ഇലകളും കായ്കളും കിളികളും ഉപേക്ഷിച്ച ആ കൊമ്പുകളും ശോഷിച്ച ചില്ലകളും കറുത്തിരുണ്ട തായ്ത്തടിയും കണ്ട് ‘യ്യോ’ എന്ന് പറയാതെ ആ കൂവളമരത്തെ അറിയാവുന്ന ആരും ഇന്ന് അതിനെ കടന്നു പോകാറില്ല . “ചാവുവിള നാശം വരുത്തും” എന്നുള്ള ചൊല്ല് സത്യമായി എന്റെ കണ്ണുകളെ വിശ്വസിപ്പിക്കുന്നു, മനസ്സിനെ ഞെട്ടിക്കുന്നു.

മീനമാസത്തിലെ തൃക്കേട്ട, എന്റെ അമ്മായിയമ്മയുടെ പിറന്നാൾ… ഇത്തവണ അത് ഏപ്രിൽ 11 ന്, ഏപ്രിൽ 15 വിഷു… അമ്മയുടെ വീട്ടിൽ, മക്കളുടെ സൗകര്യാർത്ഥം പിറന്നാൾ-വിഷു ആഘോഷം എല്ലാം കൂടി പതിനൊന്നാം തീയതി ഒന്നിച്ചാഘോഷിച്ചു. കാലങ്ങൾക്ക് ശേഷം നാത്തൂന്മാരെയും അമ്മായിയമ്മയെയും ഒരുമിച്ച് കൈയ്യിൽ കിട്ടിയപ്പോൾ, കിട്ടിയ സമയം അവരെ പരമാവധി ഉപദ്രവിക്കാം എന്ന് വിചാരിച്ച് അന്നത്തെ ദിവസം ഞാനും അവിടെ കൂടി. രാത്രി മുഴുവൻ കുശുമ്പ് കുന്നായ്മ പരദൂഷണ ആഘോഷങ്ങളും രാവിലത്തെ അമ്പല ദർശനവും എല്ലാം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകാൻ ചേട്ടന്റെ ഒപ്പം വന്ന എന്റെ കുഞ്ഞമ്മയുടെ മകൻ മധു ഒരു ചോദ്യം, “ചേച്ചീ, നമ്മടെ വീട്ടിൽ കല്യാണം, അറിഞ്ഞോ?” ഞാൻ ഞെട്ടിപ്പോയി. ഡ്രൈവർ സീറ്റിൽ അനങ്ങാതെ, ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിലിരിക്കുന്ന, കല്യാണവീട്ടിലെ ഗൃഹനാഥനെ ഞാനൊന്ന് നോക്കി. ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുന്നത് സീറ്റ് ബെൽറ്റിടാതെ ഡ്രൈവ് ചെയ്യുന്നത് പോലെ കുറ്റകരം എന്നുള്ള മുഖഭാവം. അദ്ദേഹം ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം ഒന്നും തോന്നേണ്ട കാര്യമില്ല. കാരണം അക്ഷരങ്ങളെ, വാക്കുകളെ, സംസാരിച്ച് ദുരുപയോഗം ചെയ്ത് നശിപ്പിക്കാൻ പാടില്ല എന്നൊരു പുതിയ സംഘടന ലോകത്ത് രൂപീകരിച്ചാൽ, എതിരില്ലാതെ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളിൽ നിന്ന് ഒരു വാക്കും പ്രതീക്ഷിക്കാതെ വീട്ടിലെത്തിയ ഞാൻ കാണുന്നത് എന്റെ വീട്ടുമുറ്റത്ത് ഒരു തകർപ്പൻ കല്യാണ പന്തൽ ഉയരുന്നു.
‘ആർ യൂ റെഡി, കൈയ്യിൽ ഒരു കോടി’ എന്ന് ടി വി അവതാരക പറയുന്ന പോലെ എന്റെ അമ്മ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി ഒരു പറച്ചിൽ, “കല്യാണം റെഡി, ആർ യൂ റെഡി?” ഞാൻ, സമനില കൈവിടാതെ, എന്തും കേൾക്കാനുള്ള തയ്യാറെടുപ്പോടെ ചോദിച്ചു, ‘എന്താ അമ്മേ ഇത്?” മനസ്സിൽ നാലു മുഖങ്ങൾ തെളിഞ്ഞു… ചിന്നു, മണി, അനി, പൊന്നി…. കൊച്ചുമക്കളുടെ എന്തു തോന്ന്യാസത്തിനും ന്യായീകരണം പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്ന ഈ അമ്മച്ചി ആർക്കുവേണ്ടിയാണോ ന്യായീകരണം പറയാൻ തുടങ്ങുന്നത്? അതോ ഈ കുടുംബത്തിൽ ഭാര്യമാരുടെയോ ഭർത്താക്കന്മാരുടെയോ പീഡനം സഹിക്ക വയ്യാതെ ഒരു കല്യാണ പരീക്ഷണംകൂടെ നടത്താൻ ആരെങ്കിലും തയ്യാറായോ? (ഏയ്, അതിനു ധൈര്യമുള്ളവർ ഈ വീട്ടിലില്ല).
ആദ്യമേതന്നെ അമ്മ എന്റെ മനസ്സിന്റെ ദുർബ്ബലതയെ (മറ്റുള്ളവരുടെ വിഷമം കാണാനുള്ള വിഷമം) ആക്രമിക്കാൻ തുടങ്ങി. “എന്റെ ഉഷേ, ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലല്ലോ…താഴെ അമ്പലത്തിൽ നടത്താനിരുന്ന കല്യാണം ‘പുല’ (ബന്ധുക്കളുടെ മരണം കൊണ്ടുണ്ടാകുന്ന ഒരു അശുദ്ധി) കാരണം മുടങ്ങി. ആ പെണ്ണിന്റെ അച്ഛനും ആങ്ങളയും കൂടി ഇവിടെ വന്ന് ഒരേ കരച്ചിലും ബഹളവും. നിനക്കറിയില്ലേ അവരുടെ സ്ഥിതി, എത്ര പാടുപെട്ടാ ഇവിടെവരെ തന്നെ ഈ കല്യാണം എത്തിച്ചതെന്ന്. അവര് ചോദിച്ചു ഈ മുറ്റത്ത് ഒരു പന്തലിട്ട് കല്യാണം മുടങ്ങാതെ നടത്തിക്കോട്ടേ എന്ന്. ആ അച്ഛനെയും മകനെയും കൂട്ടിച്ചെന്ന് ഞാൻ മോഹനനോട് (എന്റെ ശ്രീകുമാർ എന്ന ഗൃഹനാഥൻ) എന്തുവേണമെന്നു ചോദിച്ചു. കൂടുതലോന്നുമാലോചിക്കാതെതന്നെ ( കൂടുതലെന്തു പറയാനാ…) ഞങ്ങളങ്ങു സമ്മതിച്ചു. അവരുടെ ഒരു സന്തോഷം കാണേണ്ടതായിരുന്നു എന്റെ ഉഷേ..” അമ്മ പ്രസംഗം അവസാനിപ്പിച്ച് ഏറു കണ്ണിട്ട് എന്നെയൊന്നു നോക്കി. രണ്ടുപെൺകുട്ടികളുടെ ആ അച്ഛനും അഞ്ചുപെൺകുട്ടികളുടെ ആ അമ്മച്ചിയും ചേർന്ന് ഒരു നിമിഷം കൊണ്ടെടുത്ത ആ തീരുമാനം കേട്ടപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പെട്ടന്നു ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നു. കല്യാണമേളം വരുന്നതിനു മുന്നോടിയായി കുയിൽമേളം നിന്നിരിക്കുന്നു. കുയിൽപാടിയാൽ കല്യാണം വരും എന്നനാട്ടറിവ് എന്റെ മനസ്സിലും ഒരു കുളിർപാട്ടായി...
ഗംഭീരമായ ഒരു കല്യാണം എന്റെ വീട്ടുമുറ്റത്ത് ഞങ്ങൾ നടത്തി. ആ പെൺകുട്ടിക്ക് ഞങ്ങളുമായി എന്തോ കർമ്മബന്ധം ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നോ ആവോ?. നാലാളു കൂടിയാൽ വീട് വൃത്തികേടാകും, മുറ്റത്തെ ചെടികൾ നശിപ്പിക്കും എന്നൊക്കെ പിറുപിറുക്കുകയും എന്നെ പല്ലിറുക്കിക്കൊണ്ട് നോക്കുകയും ചെയ്യുന്ന എന്റെ ചേട്ടൻ ഒരു തോർത്തും തോളത്തിട്ട് വലിയ കാരണവരായി, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിക്ക് വേണ്ടി വീടും മുറ്റവും ഒരുക്കുന്നതും ഓടി നടന്ന് കല്യാണമേൽനോട്ടം നടത്തുന്നതും കണ്ടപ്പോൾ ആ ശുണ്ഠിക്കാരന്റെ നല്ല മനസ്സിനെയും അതിനുള്ളിലെ സ്നേഹനിധിയായ ഒരുഅച്ഛനേയും നിറകണ്ണൂകളോടെ നോക്കിനിന്നു ഞാൻ പലപ്പോഴും. എല്ലാപേരും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരിലെല്ലാം കണ്ട ആ സംതൃപ്തി ഞങ്ങളിലും നിറഞ്ഞു. ഇന്ന് വരെ കാണാത്ത ഒരു ഉണർവ്വ് ഞാനെന്റെ വീട്ടിലും കണ്ടു. അളിഞ്ഞു പിളിഞ്ഞ് വലിച്ചു വാരി നിരന്നു കിടന്നിരുന്ന എന്റെ വീട് എന്നോട് പറയുന്നപോലെ തോന്നി.., ‘ഇതൊക്കെയാണ് സത്യമായ വീട്’,അനുഗ്രഹിക്കപ്പെട്ട വീട്....'

ഇന്ന് ഞങ്ങളും, ഞങ്ങളുടെ വീടും വീണ്ടും കുയിൽപാട്ടിനായി, എന്റെ ചിന്നുവിന്റെ കല്യാണമേളവുമായി കാലേക്കൂട്ടി വന്നെത്തുന്ന കുയിലുകൾക്കായി, കാവലാളായ ചെമ്പോത്തുകൾക്കായി, കാതോർത്ത് കാത്തിരിക്കുന്നു.