Saturday, April 14, 2012

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍

          മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

11 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

മണ്ടൂസന്‍ said...

ചേച്ചീ ഞാനീ കഥ കേട്ടിരിക്കുന്നത് ഇങ്ങനേയല്ല. ആ എന്റെ കഥയ്ക്ക് വിഷുവുമായി ഒരു ബന്ധവുമില്ല.

അതിങ്ങനെയാണ് 'ഗുരുവായൂരിലെ ബണ്ഡാരത്തിൽ നിന്ന് ഒരു കുട്ടി കാശ് ഈർക്കില കൊണ്ട് എടുത്ത് പഴം വാങ്ങി അവിടുത്തെ കണ്ണന് തന്നെ നിവേദിച്ച് പ്രസാദമായി നൽകി. ഇതറിഞ്ഞ ക്ഷേത്രം ഭരണാധികാരികൾ കുട്ടിയെ പിടിച്ച് ഒരുപാട് തല്ല് കൊടുത്തു. ശേഷം ആ അമ്പലത്തിന് ചുറ്റും നൂറ് വട്ടം ഓടിവരാൻ കൽപ്പിച്ചു. അങ്ങനെ കുട്ടി ഓടാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഓടുന്ന ഈ കുട്ടിയോടൊപ്പം മറ്റൊരു കുട്ടി കൂടി ഓടുന്നു. അത് കണ്ട് ആൾക്കാർ അത്ഭുതം കൂറി. അതിൽ ആ കുട്ടി എടുത്ത പണത്തിന്റെ പങ്ക് കണ്ണനും നിവേദ്യമായി കൈപ്പറ്റിയതിനാലാണ് ആ കുട്ടിക്കൊപ്പം കണ്ണനും ശിക്ഷയുടെ ഒരു പങ്ക് ഏറ്റെടുത്തത്.'

ഇങ്ങനെയാൺ ഞാൻ കേട്ട കഥ. നന്നായിരിക്കുന്നൂ ട്ടോ ചേച്ചീ. വിഷുദിനാശംസകൾ.

kanakkoor said...

കഥക്കും ആശംസകള്‍ക്കും നന്ദി. ഈ കഥ നല്ല ഒരു കൈനീട്ടം ആയി. മ ണ്ടൂസന്‍ പറഞ്ഞ കഥയും ഇഷ്ടമായി. രണ്ടു കഥയും ഞാന്‍ ആദ്യം കേള്‍ക്കുന്നു.

Happy vishu

ajitha kaimal said...

ushachechi kanninu nalla oru kani thanneyanu konnapookkal kadhayiloode njanathu kandu valare santhosham oppam hrudayam niranja vishu asamsakalum

റോസാപൂക്കള്‍ said...

വിഷു ആശംസകള്‍.
ഈ കഥക്കും

ajith said...

എന്റെയും ആശംസകള്‍

khaadu.. said...

കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

സത്യം..ഇപ്പൊ എനിക്കും തോന്നുന്നു...

മാണിക്യം said...

കിലുക്ക്സേ
നന്മയും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍..!
ഇവിടെ കൊന്നയില്ല പക്ഷെ അതേ നിറത്തില്‍ പൂത്ത ഒരു ചെടിയുണ്ട് നല്ല ഭംഗിയാണ്

Devi said...

Happy Vishu Amma...vishukkadha ennu kandappozhe njan radhammachiye orthu....pinneyum ee kadha vaayichappo oru nostalgia.....kichunum ee kadha othiri ishttama....

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, താമസിച്ചുപോയി, വിഷു ആശംസകൾ ഇവിടെ രേഖപ്പെടുത്താൻ.... സുന്ദരമായ ഒരു കഥയും, ആശംസകളും... ഒരുപാടിഷ്ടമായി...

mazhamekhangal said...

ee kadha kettittillayirunnu...manassil konnapookkal viriyichu...