Wednesday, July 9, 2008

ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???

എനിക്കു കൂടുതല്‍ ഒന്നും അറിയില്ല ഞാന്‍ ഈ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു.എന്നാല്‍ എനിക്കു ഇതു എല്ലാവരേയും അറിയിക്കാതെയും വയ്യ.
എന്റെ കമ്പ്യൂട്ടറിന്റെ ചെറിയ ജനവാതിലിലുടെ വന്ന ഈ വലിയ വിശേഷം എന്റെ പ്രിയപ്പെട്ട ബ്ലോഗേര്‍സിനെ
അറിയിക്കുക എന്നത് എന്റെ കടമ തന്നെയാണ്.അതിന്നായി ഞാന്‍ ഇതു ഇവിടെ എഴുതുന്നു.

സംഭവം ഇങ്ങനെ.
പി.സി.യില്‍ ജി മെയിലില്‍ ഒരു കുഞ്ഞു വിന്‍ഡൊ തുറക്കുന്നു(ഇന്നലെ ഒരു 1.30 ഉച്ചക്ക്).ഒരു ബ്ലോഗ് സുഹൃത്ത് പ്രത്യക്ഷപ്പെടുന്നു.
.....“ഹായ് ചേച്ചീ... സുഖമാണോ?“
ഞാന്‍..“ അതേല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”
.....”അതെ ചേച്ചീ.. ഇന്നു ഒരു സംഭവം ഉണ്ടായി, രാവിലെ ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയിരുന്നു ,ഒരു അഫിഡവിറ്റിന്റെ കാര്യത്തിനു പോയതാ, അവിടെ ഞാന്‍ ദയനീയമായ ഒരു കാഴ്ച കണ്ടു.എനിക്കു അറിയാവുന്ന ഒരു സ്ത്രീ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ സഹായത്തിനായി അവിടെ ഇരിക്കുന്നു, കൈയില്‍ നാട്ടിലെ ഏതോ ആധാരത്തിന്റെ രേഖകളും ഒക്കെയുണ്ട്.അവരുടെ അവസ്ഥ കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവര്‍ക്കു കുടിക്കാന്‍ ഒക്കെ വാങ്ങിക്കൊടുത്തു.”
ഞാന്‍...”എന്നിട്ട്”(എന്നിലെ എ.ഒ.എല്‍. ചാരിറ്റി പ്രവര്‍ത്തക ഉണര്‍ന്നു.)
.....”അവര്‍ക്കു നിങ്ങടെ സംഘടന വഴി എന്തെലും സഹായം ചെയ്യാന്‍ പറ്റുമോ?.അങ്ങനെ ചെയ്താല്‍ ചേച്ചിക്കു പുണ്യം കിട്ടും”.
ഞാന്‍...“തീര്‍ച്ചയായും, കോണ്ടാക്റ്റ് നമ്പറും, പേരും തരു.
(നമ്പര്‍ തന്നു)
ഞാന്‍ ...”പേരു പറയു”
.....“ഒരു പേരിലെന്തിരിക്കുന്നു, പ്രവര്‍ത്തിയിലല്ലേ കാര്യം സമയം കളയാതെ പെട്ടന്നു വിളിക്കു ചേച്ചി, ഞാന്‍ വെയിറ്റ് ചെയ്യാം”
ഞാന്‍...“ ശരി”(എന്തൊ ആ സമയത്തെ മനസ്സു കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ മുതിര്‍ന്നും ഇല്ല, സേവനം മാത്രം മുന്നില്‍)

വിങ്ങുന്ന ഒരു മനസ്സുമായി ഞാന്‍ ആ നമ്പറില്‍ വിളിച്ചു.ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടന്നു ഫോണ്‍ എടുത്തു
“ഹലോ ചേച്ചീ........(എന്റെ നമ്പര്‍ മനസ്സിലായതു കൊണ്ടാണ് ആ മറുവിളി കേട്ടത്))
സത്യത്തില്‍ ആ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. തൊണ്ടയുണങ്ങി നിശ്ചലയായി പോയി ഞാന്‍.(നമ്മുടെ മലയാളം ബ്ലോഗിലെ പ്രശസ്ഥയായ ഒരു എഴുത്തുകാരിയുടെ ശബ്ദം ആയിരുന്നു അത്,എനിക്കു വളരെ പരിചയമുള്ള ശബ്ദം.)
ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു “രാവിലെ എവിടെയായിരുന്നു?“
മറു മൊഴി....”ഒന്നു കോണ്‍സുലേറ്റില്‍ പോയി ചേച്ചി, അവിടെ വച്ചു നമ്മുടെ പ്രിയ സുഹൃത്തിനെ കണ്ടു, എനിക്കു വെള്ളം ഒക്കെ മേടിച്ചു തന്നു, അവിടെയും ആ മര്യാദ ഒക്കെ കാണിച്ചു പാവം”
ഇതും കൂടെ കെട്ടപ്പോള്‍ ഞാന്‍ അറിഞ്ഞതെല്ലാം സത്യം...എന്നു എനിക്കു തീര്‍ച്ചയായി. സംസാരം തുടരാന്‍ വയ്യാതെ
“ശരി മോളേ, പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു”

എന്റെ കുഞ്ഞു വിന്‍ഡോയില്‍ കാത്തിരുന്ന ആളിന്റെ അടുത്തു വന്നു, വിളിച്ച കാര്യം പറഞ്ഞു.
ആളിനു ഭയങ്കര സന്തോഷമായി(സന്തോഷത്തിന്റെ കാര്യം മനസ്സിലായില്ല എങ്കില്‍ പിന്നെ പറയാം)
അയാള്‍ എന്നിട്ടു എന്റെ അറിവിലേക്കായി ഒരു പുതിയ കാര്യം പറഞ്ഞു തന്നു
“പുണ്യപ്രവര്‍ത്തിക്കുള്ള നമ്മുടെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവാര്‍ഡ് ചേച്ചിക്കു ഞാന്‍ മേടിച്ചു തരും എന്ന്.“
ഇതിലേക്കായി(എനിക്കു ആ അവാര്‍ഡും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്) എല്ലാവരുടേയും മനസ്സറിഞ്ഞുള്ള സഹായം വേണം.
അതിനായി ഞാന്‍ എനിക്കു നേരിട്ടറിയാവുന്ന ബ്ലൊഗിലെ കാര്‍ണവരായ കൈതമുള്ളു ശശിയേട്ടന്‍,ഇത്തിരിവെട്ടം, സഹയാത്രികന്‍,വഴിപോക്കന്‍, അഭിലാഷങ്ങള്‍, എന്നിവരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു” ഇതു നമ്മളില്‍ മാത്രം ഒതുക്കേണ്ട കാര്യം അല്ല,നമ്മുടെ ബ്ലോഗിലെ ഈ പ്രശസ്ത എഴുത്തുകാരിയെ സഹായിക്കേണ്ടത് നന്മ നിറഞ്ഞ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവകാശമാണ്.” അവരുടെയെല്ലാം അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഒരു സഹായ അഭ്യര്‍ഥനയായി നിങ്ങളുടെ മുന്‍പാകെ സമര്‍പ്പിക്കുന്നു.

കണ്ണും മനസ്സും തുറക്കൂ‌, സഹായിക്കൂ ..ആ പാവം എഴുത്തുകാരിയെ, നമ്മുടെ ബ്ലൊഗ്ഗറെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ വിവരം എനിക്കു പറഞ്ഞു തന്നു ഈ പുണ്യപ്രവര്‍ത്തി ചെയ്യാന്‍ , ആ എഴുത്തുകാരിയുടെ അവസ്ഥക്കു ദൃക്‌സാക്ഷിയായ,നമ്മുടെ ബ്ലോഗിലെ എല്ലാവര്‍ക്കും പ്രിയപ്പേട്ട എഴുത്തുകാരന്‍ ഹരിയണ്ണനെ നേരിട്ട് വിളിക്കാം.

കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..

30 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..

ചന്ദ്രകാന്തം said...

ചേച്ചീ,
ആപല്‍ഘട്ടങ്ങളില്‍, ഒരു കൈ സഹായം ചെയ്യാന്‍ കഴിയുക എന്നത്‌ തികച്ചും നല്ലകാര്യം തന്നെ.
ഹരിയണ്ണന്റെ നമ്പര്‍ കൂടി കൊടുക്കാമായിരുന്നു..ട്ടൊ.
എന്നാലാവുന്ന ഏതു സഹാവും ചെയ്യാന്‍ ഞാന്‍ സന്നദ്ധയാണ്‌ .
കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയാമെന്ന പ്രതീക്ഷയോടെ..

ചന്ദ്രകാന്തം.

സഹയാത്രികന്‍ said...

ഹ.. ഹ.. ഹ.. പോസ്റ്റാക്കിയത് നന്നായി ചേച്ചി...
ഹരിയണ്ണനെ ഞാന്‍ ഇന്നലെയേ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.... ആ പാവപ്പെട്ട എഴുത്തുകാരിയേയും കുടുംബവുമായും സംസാരിച്ചിരുന്നു...

എന്തായാലും ഇത്രയും സത്പ്രവൃത്തി ചെയ്ത ഹരിയണ്ണനെ ആദരിക്കേണ്ടതല്ലേ എന്നൊരു സംശ്യം....!

:)

Rasheed Chalil said...

പാ‍വം... ഹരിയണ്ണന്‍. അറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി... അവാര്‍ഡ് കൊടുക്കണം. :) പക്ഷേ ആ പാവം എഴുത്ത് കാരിക്ക് കൊടുക്കണോ... കേട്ടപ്പോള്‍ തന്നെ ഓടിയെത്തിയ കിലുക്കാംപെട്ടി ചേച്ചിക്ക് കൊടുക്കണോ... അതോ ഹരിക്ക് കൊടുക്കണോ... (ഹരിക്ക് ഏതായാലും വല്ലതും കിട്ടുമായിരിക്കും...)


ഓടോ:
ആപല്‍ സന്ധികളില്‍ സഹായം ലഭിച്ചവര്‍ക്ക് സഹായ മനസ്ഥിതി കൂടും എന്ന കാര്യം ഉറപ്പായി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
കോള്ളാം.

പോസ്റ്റിന്റെ ലേബല്‍ "അനുഭവം(പറ്റിപ്പോയി)" എന്നാക്കണം !
ഹരിയണ്ണാ, അതായിരുന്നോ ഇന്നലെ വൈകിട്ട് കരാമയില്‍ താങ്കള്‍
അന്തംവിട്ട് ഓടുന്നത് കണ്ടത്, പുറകെ കിലുക്കാംപെട്ടിയും !!

Sharu (Ansha Muneer) said...

ഈ പോസ്റ്റ് മുഴുവന്‍ വായിച്ചു, രണ്ട് പ്രാവശ്യം. ക്ഷമിക്കണം; പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.

Kaithamullu said...

ഇത്രയുമല്ലല്ലോ,
ബാക്കി ‘സങ്ങതി‘ കൂടെ അറിഞ്ഞോളു:

കിലുക്കാം‌പെട്ടി പരാമര്‍ശിച്ച പ്രശസ്ത ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇക്കാര്യമറിയുന്നൂ. പിന്നെ‍ വിയര്‍ക്കുന്നു, വിളര്‍ക്കുന്നൂ, ചുവക്കുന്നൂ!
ചാരിറ്റിയുടെ പേരിലായായാലും, തമാശക്കായാലും സ്വന്തം കാന്തയെ ഇക്കാ‍ര്യത്തിലേക്ക് വലിച്ചിഴച്ച ഹരിയണ്ണനെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങു എന്ന് പറഞ്ഞ് ഗണ്ഡീവം കൈയിലെടുക്കുന്നു.

‘അടങ്ങ്, മടങ്ങ്, എല്ലാം വിഴുങ്ങ് എന്റെ അര്‍ജ്ജുനാ, ഫല്‍ഗുനാ, പാര്‍ത്ഥാ, വിജയാ ‘ എന്ന് കഴുത്തില്‍ കേറിപ്പിടിച്ച് കേഴുന്നൂ ഭാര്യ.

“എന്നാ ശരി, എന്റെ കൈ കൊണ്ടവന്‍ ചാവണ്ടാ, “ഡി’കമ്പനി ക്വട്ടേഷന്‍കാ‍ര്‍ക്ക് ‘സുപാരി’ കൊടുക്കാം“ എന്നാ‍യി ശ്രീമാന്‍.

‘ഹരിയണ്ണന്‍‘ എന്ന ദുബായ് ബ്ലോഗറെത്തേടി ഷാര്‍ജയിലെ ക്വട്ടേഷന്‍ ടീം അലയുന്നു, വലയുന്നൂ, ദുബായാകെ പടരുന്നൂ.

അപ്പോള്‍‍ ആരോ പറഞ്ഞൂ:“ കുറുമാനറിയാം ആളെ.അയാളോട് ചോദിക്കൂ‘.
- എങ്കില്‍ ആദ്യം കുറുമാന്‍ തന്നെ, വിടൂ വണ്ടി
കരാമയിലേക്ക്.
പക്ഷേ കുറു‍ പണ്ടേ സ്ഥലം വിട്ടിരിക്കുന്നു.

പിന്നെ ആര്‍? ഓ, വിശാല‍ന്‍ എന്ന മനസ്കന്‍...
ഈയിടെ നാട്ടീന്ന് ഒരു പെണ്ണീനേം രണ്ട് പിള്ളേരേം ഒന്നിച്ച് അടിച്ച് കൊണ്ട് വന്നതിനാല്‍ ദുബായ് പ്ലാസക്കരികിലെ ഫ്ലാറ്റ് വിട്ട് ഷാര്‍ജയിലെവിടേയോ അജ്ഞാതവാസത്തിലത്രെ, അദ്ദേഹം!

പിന്നെ ആര്‍?
പേരുകള്‍ ഒന്നൊന്നായി പൊങ്ങി വന്നു.
അപ്പൂസ്: നാട്ടില്‍!
മുസാഫിര്‍: നാട്ടില്‍!
ദില്‍ബന്‍ :ഇപ്പോ ബ്ലോഗിലില്ല, അങ്ങ് അബുദാബി ബോര്‍ഡറിലേക്ക് നാടു കടത്തിയിരിക്കുന്നു.
വഴിപോക്കന്‍: അബുദാബിയില്‍.
ഇത്തിരി: കാണാറില്ല ഈയിടെ.
ദേവന്‍, സുല്‍, അഗ്രജന്‍, സിദ്ധാര്‍ത്ഥന്‍, രാധേയന്‍, ശിവപ്രസാദ്, അനിലന്‍,കുഴൂര്‍, അജിത്.... ലിസ്റ്റ് നീണ്ട് പോയി.

ആരോ പറഞ്ഞു ബര്‍ ദുബായില്‍ ഒരു കൈതമുള്ളുണ്ട്. പിടിച്ചാലോ?
-തലവന്‍ പറഞ്ഞൂ: വേണ്ടാ, ഒരു നിലയ്ക്കും പിടി തരില്ല.

അങ്ങനെയാണ് വിശന്ന് തളര്‍ന്നാണ് ദുബായ് റമദാ ഹോട്ടലിനു സമീപമുള്ള വല്യ ഒരു ഫാര്‍മസിയില്‍ അവരെത്തുന്നത്.
അവിടെ വെളുത്ത ഗൌണ്‍ ഇട്ട ഒരാള്‍ ചിരിച്ചോണ്ട് നില്‍ക്കുന്നൂ.
“ഒരു പനഡോള്‍, കുറച്ച് വേള്ളവും വേണം.”
അവര്‍ ഓറ്ഡര്‍ ചെയ്തു.
“യൂ മള്‍‌യാളീ?“ സംശയം അവര്‍ക്ക്.
“യേസ്”
“ബ്ലോഗര്‍?”
“ബ്ലോഗറല്ലാത്ത മലയാളിയുണ്ടോ?” ഗൌണ്‍ വാല ‍ തിരിച്ച് ചോദിച്ചു.
“ശരി, അപ്പോ ആരാ ഹരിയന്നന്‍?”

വയറിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞെങ്കിലും ചിരിക്കു വോള്‍ട്ടേജ് കുറയ്ക്കാതെ അല്പം വിറയലോടേ അദ്ദേഹം മൊഴിഞ്ഞൂ:
“ഓ, ഹറിയന്നന്‍...അങ്ങേര്‍ അജ്മാനിലാ. നീണ്ട മുടിയും ഊശാന്താടിയും ഒക്കെയുള്ള ഒരാളാ. ശരിയായ പേര്‍ നിഷാദ് എന്നാ. കൈപ്പള്ളിയെന്നും പറയും. നേരെ വച്ച് പിടിച്ചോ. അജ്മാന്‍ ബോര്‍ഡറില്‍ ചെന്ന് ആ പേര്‍ നീട്ടി വിളിച്ചാ ആരും കാണിച്ച് തരും വീട്.”

- പിന്നെ എന്തായിയെന്ന് അന്വേഷിച്ച് കൊണ്ടിരിക്കയാ ഞാന്‍. അറിഞ്ഞാല്‍ ഉടന്‍ വിളിച്ചൊന്നറിയിക്കണേ, പ്ലീസ്.....

അങ്കിള്‍ said...

ഇന്നലെ കൂടി ഞാനും ഹരിയണ്ണനും കൂടി ചാറ്റിയതേയുള്ളൂ. നല്ല മനുഷ്യനായിരുന്നു. പോരാഞ്ഞിട്ട് തിരോന്തരം കാരനും. എന്തു ചെയ്യാം ദൈവനിശ്ചയം മാറ്റാന്‍ പറ്റില്ലല്ലോ.

കൈതമുള്ളേ, ആ ഫാര്‍മസിക്ക് മുന്നിലുള്ള ആളിന്റെ മുഖം ശരിക്കും കണ്ടായിരുന്നോ?

Ranjith chemmad / ചെമ്മാടൻ said...

ഞങ്ങളിവിടെ പിരിവു തുടങ്ങി...
ബക്കറ്റ് ഏകദേശം നിറയാറായി എന്നു തോന്നിയപ്പോള്‍
ഹരിയണ്ണനെ വിളിപ്പിച്ചു.
അജ്മാനിലോട്ട് വച്ചു പിടിക്കാന്‍ നിറ്ദ്ദേശം കിട്ടി.
അവിടെ ബിയറിന്‌ വില കുറവാണല്ലോ..
അതല്ല റാസല്‍ഖൈമയിലോ, ഉം‌അല്‍ഖ്വയിനിലോ ആക്കിയാലോ
എന്നൊരു ആശയക്കുഴപ്പവും ഇല്ലാതില്ല...

ഹരിയണ്ണന്‍@Hariyannan said...

ki“r“ukkampetty ചേച്ചീ...

അവാര്‍ഡ് ചേച്ചിക്ക് തന്നെ!
അതടിച്ചുമാറ്റാനാരെങ്കിലും അടുപ്പില്‍ വെള്ളം വച്ചിട്ടൊണ്ടെങ്കില്‍ അതില്‍ കുറച്ച് അരീം പയറും കൂടിയിട്ട് തിളപ്പിച്ചോളൂ...
ഇത്തവണത്തെ “ബ്ലോഗേഴ്സ് സദ്ഭാവനാ അവാറ്ഡ്” കിറുക്കാം‌പെട്ടി...ശ്ശേ..കിലുക്കാം‌പെട്ടിക്കുതന്നെ!

ബഷീർ said...

എന്റെ എല്ലാ വിധ അനുശോചനങ്ങളും അറിയിക്കുന്നു.

ഇത്‌ പാരമ്പര്യമായി തന്നെ കിട്ടിയതാണോ ? അതോ ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണോ ?

ഹരിയണ്ണന്‍@Hariyannan said...

ചേച്ചി ദുബായില്‍ സാമോഹ്യസേവനത്തിന്റെ മൊത്തക്കച്ചവടം ടെന്ററെടുത്തതുകാരണം ഒരു ബ്ലോഗറിയും ബ്ലോഗേ ‘അറിയാത്ത‘ കെട്ടിയോനും
പല്ലുകൊഴിഞ്ഞ രണ്ടുസിംഹക്കുട്ടികളും രക്ഷപ്പെട്ടു!!

ഹോ...എന്റെ അലക്കുമ്പാറ അമ്മച്ചീ..
ആ നേരത്ത്(തക്ക സമയം എന്ന് വേറേ പ്രയോഗം)ഞാന്‍ കോണ്‍സുലേറ്റില്‍ ചെന്നില്ലായിരുന്നെങ്കില്‍ അവരുടെ കഷ്ടപ്പാടുവല്ലോം ജനം അറിയുവാരുന്നോ?!

ഇന്നലെ ഉച്ചക്ക് അവരെ എങ്ങനെ “നാട്ടില്‍‌കയറ്റിയയക്കാം?”എന്ന് കൂലംകക്ഷമായിട്ടാലോചിച്ചപ്പോ ദുബായിക്ക് ആ പേരുവരും മുമ്പേ കള്ളവഞ്ചിയിലെത്തി ഇന്ന് അറബിയായിക്കഴിയുന്ന മലയാളബ്ലോഗര്‍ അല്‍ കൈത അല്‍ മഹാനുഭാവനെ വിളിക്കാനാണുതോന്നിയത്!പുള്ളിപറഞ്ഞ പരിജ്ഞാനം വച്ച് ഇത്രേം പ്രബലമായ ഒരു ഫാമിലിക്ക് ടികറ്റെടുത്തുകൊടുത്ത് കയറ്റിയയക്കാന്‍ കിലുക്സേ ദുബായിലുള്ളൂ!!

കേട്ടപാതി കേള്‍ക്കാത്തപാതി സേവനം ജീവിതത്തില്‍ വ്രതവും ത്വരയുമായ ചേച്ചി ഫോണെടുത്തു!
ആദ്യം കേന്ദ്ര വ്യോമയാനമന്ത്രി(ടിക്കറ്റ് ബുക്ക് ചെയ്യാന്‍),അച്ചുമ്മാന്‍(നാട്ടില്‍ വച്ച് സ്വീകരണം കൊടുക്കാന്‍),ഇന്ത്യന്‍ അമ്പാസഡര്‍(നാട്ടിലെത്തുന്ന അബലകുടുംബത്തിന് അറ്റ്ലീസ്റ്റ് ഒരു അമ്പാസഡര്‍ ടാസ്കികൊടുക്കാന്‍)തുടങ്ങിയവരെയൊക്കെ വിളിച്ച് പുള്ളിക്കാരി സ്ഥിരം കൊടുക്കാറുള്ള മുന്നറിയിപ്പ് “അലേര്‍ട്ട്” കൊടുത്തു.

“കാളപെറ്റെന്ന് കേട്ട..” തെറ്റിപ്പോയി..സേവനം വേണമെന്ന് കേട്ട ഉടനേ വെപ്രാളിതാവിവശയായിപ്പോയ ചേച്ചി(പണ്ടേ മൂഢ..ഇപ്പോ ഇതികര്‍ത്തവ്യതാമൂഢ!)നേരെ പിന്നെ വിളിച്ചത് ഞാന്‍ കൊടുത്ത നമ്പരിലേക്കായിരുന്നു!

സ്വന്തം ഫോണില്‍ ഉടനേ..
“കാളിങ്ങ് ബ്ലോഗിണി ഷാര്‍ജ...”എന്ന് ഡിസ്പ്ലേ വന്നെങ്കിലും ചേച്ചിയത് മൈന്‍ഡുചെയ്തില്ല!“അവളെപ്പഴും ഓസിനു ഫോണുകിട്ടിയാ വിളിക്കുന്നതാ...
അതുപോലെവിളിക്കുവായിരിക്കും;
വെയിറ്റുചെയ്യട്ടേ”എന്ന് മനസ്സില്‍ പറഞ്ഞ് ഹോള്‍ഡി!

“എന്താ ചേച്ചീ...”മറ്റേത്തലക്കല്‍ ഷാര്‍ജ ബ്ലോഗിണി!
പിന്നെ ചേച്ചിയൊരു പൊട്ടിക്കരച്ചിലായിരുന്നു!
“കഴിഞ്ഞ വെള്ളിയാഴ്ചേം കണ്ടതാണേ..
നെനക്കീഗതിവന്നല്ലോ മളകേ...”

ഒന്നും മനസ്സിലാവാതെ മറ്റേ അറ്റം കുന്തം വിഴുങ്ങി നില്‍പ്പായി!

ഫോണ്‍ വെച്ച ഉടനേ ചേച്ചി അടുപ്പില്‍ തിളപ്പിച്ചുകൊണ്ടിരുന്ന ഐസ് വാട്ടര്‍ ഒരുലിറ്റര്‍ എടുത്ത് വായിലൂടെ ആവിയാക്കി!!
“ലവള്‍ക്കിതുതന്നെ വരണം”എന്നുമനസ്സില്‍ പറഞ്ഞിട്ട് .....

ബാക്കി സ്ക്രീനില്‍ കണ്ടപോലെ!

സുഹൃത്തുക്കളേ..
ഒരു ബ്ലോഗറായ എന്നെപ്പിടിക്കാന്‍ ഇന്നലെ
ഒരു ‘നീല’ടീഷര്‍ട്ടിട്ട ഗുണ്ടാനേതാവ് വന്നിരുന്നു!
പുള്ളിയെപ്പോലെ ഒരാളുടെ രേഖാചിത്രം ഞാന്‍ കണ്ടത് ദുബായ് ഇന്റര്‍പോളിന്റെ സൈറ്റിലാണോ അതോ “കള്ളിമുള്ള്”എന്ന സൈറ്റിന്റ്റെ തലപ്പിലാണോ എന്നോര്‍മ്മകിട്ടുന്നില്ല!!
:)

തണല്‍ said...

എന്നാലുമെന്റെ ഹരിയണ്ണാ..:)
ചേച്ചിയെ കിലുക്കി കിലുക്കി ഒരു പരുവമാക്കിയല്ലേ.
വന്നു വന്നു എഴുത്തുകാരികള്‍ക്കും ജീവിക്കാന്‍ പറ്റാണ്ടായി ശ്ശി കഷ്ടണ്ടേ..തനി തിരുവന്തോരം പുലി തന്നെ കേട്ടാ‍ാ‍ാ..:)

ജിജ സുബ്രഹ്മണ്യൻ said...

ഈ രോദനം കേട്ട് വല്ല സഹായവും കൊടുക്കാം എന്നു കരുതിയതാ..പിന്നെ ഉള്ള കമന്റ്സ് വായിച്ചപ്പോള്‍ മനസ്സിലായി ഇതു ശരി പാരയാ എന്ന്... എനിക്കു വയ്യ..കിലുക്കാം പെട്ടീ .ഇനി മുതല്‍ ഒരു രോദനവും കേള്‍ക്കാതെ എന്റെ ചെവി പഞ്ഞി വെച്ച് അടച്ചൂ ഞാന്‍ ..

അപ്പു ആദ്യാക്ഷരി said...

കിലുക്കാം‌പെട്ടിച്ചേച്ചിയേ, ഹരിയണ്ണൊ, ശശിയേട്ടാ... തമാശയാണൊ കാര്യമാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. തമാശകളഞ്ഞു സത്യം‌പറ. ചേച്ച്യേ, ഇങ്ങനെ പോസ്റ്റിട്ടാൽ അവസാനം പുലിവരുന്നേ പുലിവരുന്നേ എന്നു പറഞ്ഞ കുട്ടിയെപ്പോലെയാവും പറഞ്ഞെക്കാം. ശശിയേട്ടന്റെ കമന്റിനെ ഗാണ്ഡീവം മനസ്സിലായിട്ടോ. അവരങ്ങനെ കോൺസുലേറ്റിൽ പോകേണ്ട അവസ്ഥയൊന്നും ആയിട്ടില്ല എന്നറിയാം.

ഇതുവല്ല കാര്യവും ആണോ അതോ തമാശയാണോ എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.

കാപ്പിലാന്‍ said...

ഹരി അങ്ങനെ ചെയ്തത് മോശമായിപ്പോയി .കിലുക്കാം പെട്ടി ഇങ്ങനെ ഇവിടെ ഇത് പറഞ്ഞത് അതിലും മോശം കാരണം .ദുബായ് എന്ന് പറയുന്ന സ്ഥലത്ത് ഇനിയും ആരെയെങ്കിലും എന്തിനെങ്കിലും ഒരത്യാവശ്യ കാര്യത്തിനു വിളിച്ചാല്‍ അവര്‍ വീണ്ടും ഒന്നും കൂടി ആലോചിക്കും .ചിലപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല എന്നും വരാം .എനിക്ക് ദുബായില്‍ നല്ല പരിചയം ഉണ്ട് .പതിന്ച്ചു വര്‍ഷത്തോളം ആ നല്ല നാട്ടില്‍ വേലചെയ്യാന്‍ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് .അവിടുത്തെ മലയാളികളുടെ പരസ്പര സഹകരണം പ്രശംസാവഹം തന്നെയാണ് .ഈ കമെന്റ് ഒരു തമാശ പോലെ തന്നെ ഇരിക്കട്ടെ .ഇതാരും കാര്യമായി എടുക്കണ്ടാ .

ഹരിയണ്ണന്‍@Hariyannan said...

ഇതാണ് കുഴപ്പം.
ഉഷേച്ചി എല്ലാം ഗൌരവപരമായിട്ട് എഴുതീട്ട് എടെലൊരെണ്ണം ഗൌരവപാരയായോ തമാശായോ എഴുതിയാല്‍ ജനം അതും സീരിയസാട്ട് വായിച്ചുകളയും.
:)
ഒരു ഡിസ്ക്ലൈമറ് കൊടുക്കാരുന്നു.
ഈ കഥയിലെ സംഭവം ഇന്നലെ നടന്ന ഒരു തമാശയുടെ വിവരണമാണെന്നും വായിക്കുന്നവരാരും ഇത് സീരിയസാക്കരുതെന്നും!!

ഒന്നുമില്ല കൂട്ടുകാരേ..
സംഭവം സീരിയസേ അല്ല!
കിലുക്സിനുപറ്റിയ ഒരമളി എഴുതിയതാണ്!

ഞാന്‍ ചേച്ചിയോട് പണ്ടേ പറഞ്ഞതാ തമാശ പറേണേനുമുന്‍പ് ഒരു സിഗ്നല്‍ കൊടുക്കണംന്ന്..

ഇല്ലേല്‍ ഇന്നേവരെ ഒരുതമാശേം പറഞ്ഞിട്ടില്ലാത്ത കാപ്പിലാനൊക്കെ കേറി സീരിയസായിക്കളയും!
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സഹായം തരാന്‍ തീരുമാനിച്ചവര്‍ ,തീരുമാനം മാറ്റരുതെ. എന്നെ ഇങ്ങനെ പറ്റിച്ച ഹരിക്കുട്ടന് എന്തായാലും ഒരു അവാര്‍ഡ് കൊടുക്കണം എനിക്കു.അത് എന്നെക്കൊണ്ട് ഒറ്റക്കു കഴിയില്ല. അതു കൊണ്ട് ഭീകരമായി പറ്റിക്കപ്പെട്ട കിലുക്കിന്റെ രോദനം കേള്‍ക്കു, സഹായിക്കു......

Unknown said...

ചേച്ചി ഞാന്‍ ഒന്ന് സഹായീക്കാമെന്ന് കരുതി പുറപ്പെട്ടതാ .പക്ഷെ ഇങ്ങനെ പറ്റിപ്പീര്
പ്രതീക്ഷിച്ചില്ല
വേണ്ടായിരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഷാരു പറഞ്ഞതെന്നെ, എനിയ്ക്കും ഒന്നും മന്നസ്സിലായില്ല

Typist | എഴുത്തുകാരി said...

സത്യം പറയാല്ലോ, എനിക്കിപ്പഴും മുഴുവനുമൊന്നും മനസ്സിലായിട്ടില്ല. എല്ലാര്‍ക്കും മനസ്സിലായിട്ടും എനിക്കു മാത്രം മനസ്സിലാവാത്തതു്, എന്റെ കുഴപ്പം കൊണ്ടായിരിക്കും അല്ലേ?

smitha adharsh said...

അതേയ്...ഷാരൂനും പ്രിയ ക്കും ഒരു സെയിം പിന്ച്ച്... എന്തൊക്കെയാ ഇവിടെ നടന്നത്?

Kaithamullu said...

ഒരു തമാശ് പറഞ്ഞിട്ട് ആരും ചിരിക്കാതെ വന്നാ എന്താ ചെയ്ക?
-ഇക്കിളിയിട്ട് എല്ലാരേം ചിരിപ്പിക്കാനൊക്വോ?

കഥയിങ്ങനെ:
(ഷാ‍രൂ,പ്രിയ,എഴുത്തുകാരി, സ്മിതാ...എല്ലാരും ചെവി ഇങ്ങ് താ....)

സംഭവം:(1)

ഹരിയണ്ണന്‍‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍.(എന്തിനോ എന്തരോ?)
അവിടെ പരിചയമുള്ള മറ്റൊരു മുഖം-ഒരു ബ്ലോഗിണി , അതും കുടുംബസമേതം.(പിള്ളേര്‍ക്ക് സ്കൂള്‍ മുടക്കമല്ലേ?)
“കൈയിലെന്താ ഒരു പൊതി?-ഹരിയണ്ണന്റെ ചോദ്യം.
“വീടിന്റേം പറമ്പിന്റേം ആധാരമാ”: മറുപടി.
“ഒരു ‘Power of attorney‘ എടുക്കാന്‍ വന്നതാ’എന്ന് വിശദീകരണം.

- വന്ന കാര്യങ്ങള്‍ വേഗം പൂര്‍ത്തിയാക്കി, മസാഫി വാട്ടര്‍ വാങ്ങി കുടിച്ച് ആഘോഷിച്ച്, ഹരിയണ്ണനെയും കുടെ കൂട്ടി കുടുംബം മടങ്ങുന്നു.

സംഭവം:(2)

ഹരിയണ്ണന്‍ ചാറ്റില്‍.
കിലുക്ക്സ് ജനവാതില്‍ തുറന്നെത്തി നോക്കുന്നു.
“സുഖമോ ദേവി?”-ഹരീയണ്ണന്‍.
“ആണല്ലോ ആര്യപുത്രാ”: കിലുക്കം കിലുങ്ങി.
“AOL ഒക്കെ എങ്ങനെ?“(Art of living)
"നന്നായി പോകുന്നു മകാനേ”

കുസൃതി:(1)

“ചാരിറ്റി വല്ലതും ചെയ്യുന്നുണ്ടോ?”
“ഉണ്ടല്ലോ. എന്താ?”
“ഇന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരിചയമുള്ള ഒരു ഫാമിലിയെ കണ്ടു“
ഹരിയണ്ണന്‍ ഏദന്‍ തോട്ടത്തിലെ മരത്തിലേക്കോടി ക്കയറി ചില്ലയില്‍ തൂങ്ങിക്കിടന്ന് സദ്ഭാഷണമാരംഭിച്ചു:
“വളരെ പരിതാപകരമായ അവസ്ഥയിലാ അവര്‍. കൈയില്‍ അഞ്ച് പൈസയില്ല. നാട്ടിലെ പറമ്പിന്റേം വീടിന്റേം ആധാരമൊക്കെയുണ്ട്. കുടിക്കാന്‍ വെള്ളം പോലും ഞാനാ വാങ്ങിക്കൊടുത്തേ. അവര്‍ക്ക് നാട്ടില്‍ പോകാന്‍ വല്ല സഹായവും ചെയ്ത് കൊടുക്കാന്‍ പറ്റുമൊ?”
“ഓ, ഞാന്‍ ചാരിറ്റിയുടെ ആ‍ളല്ലേ? ദാ, ഓള്‍റെഡി എന്റെ ഹൃദയമുരുകിത്തുടങ്ങിയിരിക്കുന്നു. അവരുടെ ടെലഫോണ്‍ നമ്പര്‍ തരൂ...”

ഹരിയണ്ണന്‍ ബ്ലോഗിണിയുടെ നമ്പര്‍ എഴുതുന്നു.
കിലു(റു)ക്ക്‍സ് നമ്പര്‍ കറക്കുന്നു, സോറി, മൊബൈലില്‍ നമ്പര്‍ കുത്തുന്നു:
“ഞാന്‍ കിലുക്കം എന്ന ചാരിറ്റി....” എന്ന് പറയുമ്പോഴേക്കും അപ്പുറത്ത് ആളെ തിരിച്ചറിഞ്ഞ ബ്ലോഗിണി:“എന്താ ചേച്ചീ?”
ശബ്ദം തിരിച്ചറിഞ്ഞ കിറുക്ക് സ് ബോധം കെട്ട് സോഫയിലേക്ക് ചരിയുന്നൂ.

അല്പസമയം കഴിഞ്ഞെഴുന്നേറ്റ് നോക്കിയപ്പോള്‍ ‍ ചാറ്റില്‍ നിന്ന് തന്ത്രപൂര്‍വം തലയൂരിയിരിക്കുന്നു, ഹരിയണ്ണന്‍. പക്ഷെ കിലുക്ക് വിട്ടില്ല. മൊബൈലില്‍ വിളിച്ച് നാലു വട്ടം ഗീതോപദേശം നടത്തി.

കുസൃതി:(2)
കിലുക്ക് സ് ഇക്കാര്യം ഇത്തിരി,സുല്‍,വഴിപോക്കന്‍, കൈതമുള്‍ ആദിയായവരെ വിളിച്ചറിയിക്കുന്നു. അവര്‍ ഹരിയണ്ണന്റെ ഈ practical joke വയര്‍ കുലുക്കിച്ചിരിച്ചാസ്വദിക്കുന്നു.

-സംഗതി പോസ്റ്റാക്കിയിട്ടാല്‍ എല്ലാരും ചിരിക്കുമല്ലോ എന്ന സദ്ചിന്ത കിലുക്കിനു:(ലോകാ സമസ്തൊ സുഖിനോ ഭവന്തു!)
അങ്ങനെ “ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???” - മൂന്ന് ക്വസ്റ്റിന്‍ മാര്‍ക്കോടെ സംഗതി ഇതാ ഇവിടെ.

ഓം ശാന്തി!

രസികന്‍ said...

എന്തൊക്കെ കേൾക്കണം ........
എന്തൊക്കെ സഹിക്കണം .......
ആ ..... വരും ആ ദിവസം
മഹാകവി മോഹൻലാൽ പറഞ്ഞ ദിവസം

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ ഓടി.... ചാരിറ്റി നിര്‍ത്തിയേ...... ഞാന്‍ അപ്പഴേ പറഞ്ഞതാ അല്ലെ ശശിയേട്ടാ..ഇനി എല്ലാരും കൂടെ പിരിവെടുത്തു എന്നെ കയറ്റി അയക്കുന്നതു നൊക്കിയിരിക്കയാ ഞാന്‍. ഞാന്‍ അവനെയും കൊണ്ടേ പോകൂ... ഹരിയണ്ണാനെ....എന്റെ നാട്ടു കാരി ഒരു പ്രീതയുണ്ട്. അവടെ മുന്‍പില്‍ കൊണ്ടിട്ടു കോടുക്കും ഞാന്‍ അവനെ.പ്രിത അവനെ കടിച്ചു പറിച്ചു തിന്നോളും അതു കണ്ടാലേ നാണക്കേടു കൊണ്ട് ഉരിഞ്ഞു പോയ എന്റെ തൊലി ഇനി കിളീര്‍ക്കു.

Sunith Somasekharan said...

entha sambhavam onnum pidikittunnilla...comments ellam vaayichu ennittum......!

മാണിക്യം said...

ശരിയാ !!
ഞാന്‍ പോസ്റ്റും കമന്റും
വായിച്ചു മൊത്തത്തില്‍
ഒരു ക്ലാരിറ്റി
ഇപ്പൊഴും കിട്ടില്ലാ
ആ നീലഷര്‍‌ട്ടിട്ടാ
വെളുത്ത കോട്ടിട്ടാ
എപ്പോഴും ചിരിക്കുന്ന
ആ വൈദ്യശാലക്കാരന്‍
പ്രതി ആയകൊണ്ട്
“അശ്വത്ഥാമാ ഹത”
പറഞ്ഞാല്‍ ബ്രാക്കറ്റില്‍
ഉടനെ ഇട്ടോണം (കുഞ്ജര )എന്ന് !

ടോട്ടോചാന്‍ said...

അതേയ് ശരിക്കും പുലി വന്നോ?

Anil cheleri kumaran said...

valare serious aayi
vaayichchu vannathaayirunnu
pinneetaanu manassilaayath
ithoru kalippeeranennu..

Anil cheleri kumaran said...

valare serious aayi
vaayichchu vannathaayirunnu
pinneetaanu manassilaayath
ithoru kalippeeranennu..