Sunday, September 18, 2011

ഐ ആം എ കോംപ്ലാൻ ബോയ്

        പ്രാപ്തിയുണ്ടായിട്ടല്ല, എന്നാലും കൊച്ചൂട്ടന്റെ ഒരു കൊച്ചു മോഹമല്ലേ?. അതു സാധിച്ചു കൊടുക്കേണ്ടതും അമ്മതന്നെയല്ലേ . ആ മോഹം വന്ന വഴിയോ..? അതു പറഞ്ഞേ തീരൂ. പഞ്ചായത്ത്   കൊടുത്ത പൊതു സ്ഥലത്ത് തല ചായ്ക്കാൻ ഒരിടം. പല കുടുംബങ്ങൾക്കും വലിയ സമാധാനവും ആശ്വാസവും ആയിരുന്നു ആ ദാനം. അവിടം ഒരു കൂട്ടുകുടുംബംപോലെ  തോന്നിയതുകൊണ്ടാവാം നാട്ടുകാർ ആ സ്ഥലത്തിനെ പഞ്ചായത്തുകുടുംബം എന്നുവിളിച്ചു.
      എവിടെനിന്നൊക്കെയോ വന്നവർ. ദുഃഖങ്ങളും ചെറുസന്തോഷങ്ങളും നുറുങ്ങറിവുകളും മുതൽ വൈകുന്നേരം വരെ ശേഖരിച്ചു കിട്ടുന്ന ആഹാരം പോലും നിറഞ്ഞ മനസ്സോടെ പങ്കുവയ്ക്കുന്ന അമ്മമാരും മക്കളും. പെണ്ണുങ്ങളുടെ സമ്പാദ്യം കൈയ്യിട്ടുവാരിയോ, അടിച്ചുമാറ്റിയോ, പിടിച്ചുപറിച്ചോ കള്ളും കഞ്ചാവും അടിച്ച്, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഈ പഞ്ചായത്ത്കുടുംബം എന്ന് പറഞ്ഞ്  അടിബഹളങ്ങളാഘോഷങ്ങൾക്കുശേഷം സമാധാനത്തോടെ ഗംഭീരമായി ഉറങ്ങുന്ന പുരുഷകേസരിമാർ. ഈ ലോകത്തിലേയ്ക്ക് ഒരു നാൾ ആരോ ഒരു സമ്മാനം നൽകി - ഒരു ടി വി. അടുത്തു തന്നെ കേബിൾ ബിസിനസ്സ് നടത്തുന്ന സഹൃദയന്മാരുടെ വക സൗജന്യമായിട്ടൊരു കേബിൾ കണക്ഷനും. പോരേ പൊടിപൂരം! വൈകുന്നേരത്തെ ആഘോഷങ്ങളിൽ ടിവി കാണലും ഒരു പതിവായി. ചാനലുകളിലെ വാർത്താ ബഹളങ്ങളും, കരയിപ്പിക്കുന്ന കോമഡിഷോകളും ചിരിപ്പിക്കുന്ന റിയാലിറ്റി ഷോകളും, സീരിയലുകളും, കഥയല്ലിതു ജീവിതവും എഫ്..ആർ പോലുള്ള സംഭവങ്ങളും കണ്ട് പഞ്ചായത്ത് കുടുംബം ആനന്ദിക്കുകയും അതോടൊപ്പം 'നമ്മുടെയൊക്കെ ജീവിതം എത്ര സുന്ദരം' എന്ന് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഇടയ്ക്കിടെ വരുന്ന പരസ്യങ്ങളിൽ മാത്രം കണ്ണുടക്കി, മനസ്സുടക്കിക്കിടന്ന കുറെ കുട്ടന്മാരും കുട്ടത്തിമാരും അവിടെയുണ്ടായിരുന്നു. ക്രീമുകളുടെയും, സോപ്പുകളുടെയും,എണ്ണകളുടേയും പരസ്യത്തിലെ ആൺപെൺചന്തങ്ങളെ കണ്ട് മനോഹരമായ, കുഴപ്പങ്ങളൊന്നുമില്ലാത്ത തങ്ങളുടെ മുഖങ്ങളിൽ വെറുതേ തലോടിക്കൊണ്ടിരുന്ന് അവർ ചിന്തിച്ചു - കുരുക്കളും പാടുകളുമൊക്കെ വന്നിരുന്നെങ്കിൽ, ചർമ്മ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ, മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നെങ്കിൽ, വയർചാടിയിരുന്നെങ്കിൽ, എങ്ങനെയും കാശുണ്ടാക്കി ഇതൊക്കെ വാങ്ങിപ്പുരട്ടാമായിരുന്നെന്ന്. എന്തു ചെയ്യാൻ, ആവശ്യത്തിനു വെയിലും മഴയും കാറ്റും ഒക്കെ ദേഹത്തു തട്ടുന്നതും, ആധുനിക ആഹാര രീതികൾക്കു പിന്നാലെ പോകാൻ സാമ്പത്തികമില്ലാത്തതും, വലിയ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളില്ലാതിരുന്നതും എല്ലാം ആ ചുള്ളത്തികൾക്കും ചുള്ളന്മാർക്കും വല്ലാത്ത വിഷമം തോന്നിച്ചിരുന്നു എന്ന് അവരുടെ സംഭാഷണങ്ങളിലും മുഖഭാവങ്ങളിലും ഒളിഞ്ഞുതെളിഞ്ഞു നിന്നിരുന്നു.
           ഇതിനിടയിലാണ്, നമ്മുടെ പതിനൊന്ന് വയസ്സുകാരൻ കൊച്ചൂട്ടൻ അവന്റെ തീരാദുഃഖവുമായി അമ്മയെ സമീപിച്ചത്... "അമ്മേ, ഞാനിങ്ങനെ തൂങ്ങും സ്വാമിയായി നിന്നാൽ മതിയോ? ഞാനെന്നാണമ്മേ കോംപ്ലാൻബോയി ആകുക?” അധികം ടിവി കാണാത്ത ആ അമ്മയ്ക്ക് മോൻ പറഞ്ഞ കാര്യം പെട്ടെന്ന് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ കൊച്ചൂട്ടൻ അന്ന് ടിവിയിൽ കോംപ്ലാൻ പരസ്യം വന്നപ്പോൾ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് നിറകണ്ണുകളോടെ ആ മാതൃത്വത്തെ ഒന്നുനോക്കി വീണ്ടും ചോദിച്ചു, “എന്നാണമ്മേ ഈ ഞാനും കോംപ്ലാൻബോയി ആകുന്നത്?” ആ ചോദ്യം  അമ്മമനസ്സിൽ മഴക്കാറ് നിറച്ചു. "പാവം എന്റെ കുട്ടി! നോക്കട്ടേ മോനെ, അമ്മ എങ്ങനെയും പൈസ ഉണ്ടാക്കി എന്റെ കുട്ടനെ  കോംപ്ലാൻബോയി ആക്കാം, കേട്ടോ",  അമ്മ മകനെ സമാധാനിപ്പിച്ചു. അപ്പോൾ മുതൽ ആ പാവം സ്ത്രീയ്ക്ക് അതു മാത്രമായി ചിന്ത. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും അന്നു മുതൽ ചെലവ് ചുരുക്കി, മിച്ചം വയ്ക്കുവാൻ കഴിയുന്നത്ര അവർ ശ്രമിച്ചു. സമ്പാദ്യക്കുടുക്കയുടെ ഭാരം കൂടുന്നതിലുള്ള സന്തോഷം അമ്മയും മകനും നിത്യേന പങ്കുവച്ചു. ഒന്നായിരുന്ന് അവർ കോംപ്ലാൻബോയിയെ സ്വപ്നവും കണ്ടു.
               എന്നത്തേയും പോലെ അത്താഴസല്ലാപസംഗമങ്ങളും ടിവി കാണലും എല്ലാം കഴിഞ്ഞ് എല്ലാപേരും ഉറക്കത്തിലേയ്ക്ക് ലയിച്ചു കൊണ്ടിരിയ്ക്കേ, പുറത്ത് ഭയങ്കര ബഹളം.... കള്ളു ബഹളം നിത്യ സംഭവമായിരുന്ന അവിടെ ആരും അതത്ര കാര്യമാക്കിയില്ല. എന്നാലും പതിവില്ലാത്ത ചില വാക്കുകൾ ബഹളത്തിനിടയിൽ കേട്ട കുഞ്ഞൂട്ടന്റെ അമ്മ പുറത്തിറങ്ങി, കൂടെ മറ്റ് സ്ത്രീകളും. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അന്നവിടെ നടന്ന കലാപരിപാടി കണ്ട് ഒരു പെണ്ണുങ്ങൾക്കും ദേഷ്യം വന്നില്ല, ചൂലെടുത്തില്ല എന്നു തന്നെയല്ല തൊലിക്കട്ടി കുറഞ്ഞ പലരും മുഖം പൊത്തി ചിരിച്ചുകൊണ്ട് അവരവരുടെ ഇടങ്ങളിലേയ്ക്ക് വലിഞ്ഞു. കൊച്ചൂട്ടന്റെ അമ്മ മാത്രം വീണ്ടും ആ കാഴ്ച തുടർന്നു. ഉടുമുണ്ടിനെ പല തരത്തിൽ ശരീരത്തിൽ പിടിച്ചു നിർത്തിയിരിക്കുന്നവരുടെ നടുവിൽ കുഞ്ഞൂട്ടന്റെ മാന്യപിതാവ് കൊച്ചാപ്പി ഓട്ടവീണ ഷഡി മാത്രം ധരിച്ച് ആടിക്കുഴയുകയും കൂട്ടത്തിൽ അലറിപ്പറയുകയും... “നീയെല്ലാം വെഴും തൂങ്ങും ചാമികൾ...ഞാൻ... ഈ ഞാൻ .. കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്...
        അകത്തേയ്ക്കോടിപ്പോയ കുഞ്ഞൂട്ടന്റെ അമ്മ കണ്ടു...മകന്റെ സ്വപ്നക്കുടുക്ക തകർന്നു കിടക്കുന്നതും അതിനരികിൽ ഒരു കോംപ്ലാൻബോയിയെ സ്വപ്നം കണ്ട് പാവം തൂങ്ങും സ്വാമി തൂങ്കുന്നതും (ഉറങ്ങുന്നതും).... അപ്പോഴും വെളിയിൽ തൂങ്ങും ചാമികളും  കൊഴമ്പാൻബ്ലോയിയും, വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ് കോർപ്പറേഷന് റെക്കാർഡ് വരുമാനം ഉണ്ടാക്കിക്കൊടുത്ത്, ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖം ആഘോഷിച്ച് ആടിക്കുഴയുന്നു, അലറിവിളിയ്ക്കുന്നു, അയാമേ കൊഴമ്പാ ഴാ ഴാാ @$@(*^& ബ്ലോ.....ഴ്ഴ്....

22 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ് കോർപ്പറേഷന് റെക്കാർഡ് വരുമാനം ഉണ്ടാക്കിക്കൊടുത്ത്, ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖം ആഘോഷിച്ച് ആടിക്കുഴയുന്നു, അലറിവിളിയ്ക്കുന്നു.... ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾ!!!!!

ഗംഗ said...

ശരിയാണ്, കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങളും ആഗ്രഹങ്ങളും അമ്മമാർക്കേ അറിയൂ... ലഹരിയുടെ താൽക്കാലിക സുഖത്തിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിനുണ്ടാക്കുന്ന വേദനയും അമ്മമാർക്കുണ്ടാക്കുന്ന തീരാദുഃഖവും ഈ വിഡ്ഡികൾ അറിയുന്നില്ലല്ലോ, കഷ്ടം! ചെറുനർമ്മത്തിൽ ചാലിച്ച് നല്ല ഒരു സന്ദേശം നൽകിയിരിക്കുന്നു കിലുക്കാമ്പെട്ടി, വീഡിയോ ലിങ്കും നന്നായി. നന്ദി, ആശംസകൾ

മാണിക്യം said...

ഈ വക റ്റീവീ പരസ്യങ്ങള്‍ എത്രയെത്ര കുഞ്ഞു മനസ്സില്‍ സ്വപ്നങ്ങള്‍ വിതയ്ക്കുന്നു. അതൊക്കെ നേടിക്കൊടുക്കാന്‍ പുത്രവത്സരയായ അമ്മമാരും ഒടുവില്‍ സ്വപ്നം പൂവണിയുന്നതോ ബിവറേജസ് കോർപ്പറേഷന് മുന്നിലും

കൊള്ളാമല്ലൊ കിലുക്ക്സേ
"ഐ ആം എ കോംപ്ലാൻ ബോയ്യും"
ബോയ്യുടെ അച്ഛനും :)

കലി said...

പരസ്യം .. കേരള മനസുകളില്‍ (കുട്ടികളുടെ മാത്രമല്ല) ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയം... കാമിലാരിയും ലവണ തൈലവും മാന്ത്രിക കിടക്കയും ഒക്കെ നമ്മെ വേട്ടയാടുന്നു.. തുടക്കം ഹെല്‍ത്ത് ദ്രിങ്ക്സിലും ചോക്ലടുകളിലും ആണെന്നുമാത്രം... വേദനയിലെ നര്‍മവും അസലായി... ഹാപ്പി ഹര്‍ത്താല്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരുപാട്‌ സന്ദേശങ്ങള്‍ ഒന്നിച്ചങ്ങു വിളമ്പി അല്ലെ

ഓണസദ്യ ആയിട്ടാണോ?

നന്നായി

Anonymous said...

3 വയസില്‍ കുറവുള്ള കുട്ടികള്‍ ടിവി കാണരുത്. ടിവി ഓഫ് ചെയ്യുക. വീട്ടിലുള്ളവര്‍ പേക്കോലങ്ങളെ നോക്കിയിരിക്കാതെ സ്വന്തം ജീവിതം ജീവിക്കുക.

ബഷീർ said...

തകര്‍ത്തല്ലോ ചേച്ചീ :)
എല്ലാവര്‍ക്കുമിട്ട് കൊട്ടി. .പ്രതികരണം. ഉഷാറായി..

അടുത്ത ഓണം വരെ ഇനി പെട്ടി നിറക്കാനുള്ള ഓട്ടമാണ്‌. ഇനി അടുത്ത റെക്കോറ്ഡ് തകര്‍ക്കണ്ടേ...

റോസാപ്പൂക്കള്‍ said...

നല്ല കഥ.
ചിന്തിപ്പിക്കുകയും അതുപോലെ തന്നെ ദുഖിപ്പിക്കുകയും ചെയ്തു

Kalavallabhan said...

കേരളം കുളിച്ചാൽ കുവൈറ്റ് ആവുമോ ?
ഓട്ടവീണതിൽകൂടി സ്വാമി തൂങ്ങാതിരുന്നത് ഭാഗ്യം

രമേശ്‌ അരൂര്‍ said...

ഇഷ്ടപ്പെട്ടു ,,പിതാശ്രീയുടെ പ്രകടനം ചിരിപ്പിച്ചു ,,പരസ്യത്തിന്റെ ദൃശ്യം അടങ്ങുന്ന ലിങ്ക് പലകുറി കൊടുത്ത് കമ്പനിക്കു നാലുകാശിന്റെ ചെലവില്ലാതെ പരസ്യം കാണാന്‍ സഹായിച്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും കള്ളുകുടിയന്‍മാരായ പിതാശ്രീമാരെയും ഇത്രക്കങ്ങോട്ടു പ്രോത്സാ ഹിപ്പിക്കണ മായിരുന്നോ എന്നൊരു സന്ദേഹവും ഇല്ലാതില്ല .ചില നെഗറ്റീവുകളും പോസിട്ടീവിന്റെ ഗുണം ചെയ്യുമേ,,:)

Murali K Menon said...

തൂങ്ങും സ്വാമി തൂങ്ക്യാച്ച്. അച്ഛന്‍ ആസാമി ആടി നിന്നു.
അവന്‍ കോമ്പ്ലാന്‍ സ്വപ്നം കണ്ട് വളരട്ടെ...

നന്നായിട്ടുണ്ട്. ആശംസകള്‍!

കുഞ്ഞൂസ് (Kunjuss) said...

ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം, നന്നായി വരഞ്ഞിട്ടു ഉഷേച്ചി...

anil said...

ആശയം ഗംഭീരം.ഒരു ചെറു കഥയുടെ ചൂടും ചൂരും
ഉള്ള മനോഹര ആവിഷ്കാരം.നിത്യ ജീവിതത്‌തില്‍ നാം കാണേണ്ടതും എന്നാല്‍ ബോധപൂര്‍വ്വം കാണാത്തതുമായ കഥാപാത്രങ്ങള്‍ക്ക് യാദാര്‍ത്ഥ്യത്തിന്റെ തുടിക്കുന്ന ജിവന്‍ പകര്‍ന്ന കിലുക്കാംപെട്ടിക്ക് അഭിനന്ദനങ്ങള്‍!

Gopakumar V S (ഗോപന്‍ ) said...

നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിൽ പലരൂപത്തിൽ കാണുന്ന വ്യത്യസ്തവിഷയങ്ങളെ ചേർത്തുകെട്ടി അവതരിപ്പിച്ചല്ലോ...
വർണ്ണപ്പൊലിമയോടെ വരുന്ന പരസ്യങ്ങളെന്ന മാന്ത്രികവലയത്തിൽ മയങ്ങിവിശ്വസിക്കുന്ന, അതിലെ ഭ്രമിപ്പിക്കുന്ന സൗഭാഗ്യങ്ങൾ സ്വന്തമാക്കാൽ എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നാം ഉൾപ്പെടുന്ന സമൂഹം ഒരു വശത്ത്.....
ലഹരിയുടെ മയക്കത്തിൽ സ്വന്തം ബോധം തന്നെ നഷ്ടപ്പെട്ട്, സ്നേഹിക്കുന്നവരുടെ മനസ്സും കണ്ണീരും കാണാൻ പോലും സാധിക്കാത്ത, മെനക്കടാത്ത, സ്വന്തം കാര്യം മാത്രം (അതെങ്കിലും നേരെ ചൊവ്വേ നോക്കിയെങ്കിൽ!) നേടുന്ന വിഡ്ഡികൾ!!!
തികഞ്ഞ ഒരു സറ്റൈർ തന്നെയായി...സമൂഹത്തിന്റെ ഒരു ഇരുണ്ട വശം ഒരു കണ്ണാടിയിലെന്നവണ്ണം കാട്ടിത്തരുന്നു....
ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട്... ആശംസകൾ ഉഷാമ്മേ....

Typist | എഴുത്തുകാരി said...

അതെ, എത്ര സ്വപ്നങ്ങളാ നിമിഷനേരംകൊണ്ട് തകര്‍ന്നുപോകുന്നതു്.

Prabhan Krishnan said...

പരിതപിച്ചിട്ട് ഒരു കാര്യോല്ല..!
എത്ര കണ്ടാലും ,എത്ര കൊണ്ടാലും മതിയാവൂല്ലാ ഇവറ്റക്ക്..! അവരിങ്ങനെ കുടിച്ചുകൊണ്ടേയിരിക്കും..
പുതു തലമുറയുടെ ചിന്തകളും,ആശകളും..!
ആശംസകള്‍..!

Anonymous said...

നല്ല കഥ.കെട്ടൊ അപ്പച്ചി..

Echmukutty said...

ആഹാ! നല്ല കോമ്പ്ലാൻ ബോയ് ! ഇഷ്ടപ്പെട്ടൂ കേട്ടൊ. അഭിനന്ദനങ്ങൾ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കോമ്പ്ലാൻബോയിയുടേ ദു:ഖത്തിൽ പങ്കുചേർന്നല്ലോ നിങ്ങളെല്ലാം. എന്റെ കൊച്ചുകിലുക്കം കേട്ടതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം നന്ദി...

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാം കേട്ടോ...
കുറെ പേര്‍ക്ക് ഒരുമിച്ചാണല്ലോ കൊട്ട് !

അഭിനന്ദനങ്ങള്‍ .

ചന്തു നായർ said...

സമൂഹത്തിന്റെ നേർക്കാഴ്ച....നല്ല രചന വരാനും വായിക്കാനും താമസിച്ചതിൽ ഖേദം....എല്ലാ ഭാവുകങ്ങളും......

ഒരു വിളിപ്പാടകലെ said...

കണ്ടുമറന്ന ഏതൊക്കെയോ ജീവിതങ്ങള്‍ വീണ്ടും മുന്നില്‍ വന്നു നിന്ന് വര്‍ത്തമാനം പറയുന്നതുപോലെ ! കുട്ടിയായിരിക്കുമ്പോ എന്‍റെ വീടിനടുത്ത് ഇതുപോലൊരു പഞ്ചായത്ത് കുടുംബം ഉണ്ടായിരുന്നു - തിരുവാതിര കോളനി . അവിടെ ഇതൊക്കെ നിത്യ സംഭവങ്ങള്‍ ആയിരുന്നു . ഇപ്പോഴും ചുറ്റുപാടുമുള്ള എല്ലാം മാറിയിട്ടും അവിടത്തുകാര്‍ക്ക്‌ വല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല . ജീവിതത്തിലെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിക്കാതെ പാവം കുറേ മനുഷ്യര്‍ .