Sunday, May 11, 2008

ബാന്‍സുരി ശ്രുതി പോലെ

വിങ്ങലുകളുടെ ദിവസങ്ങള്‍ അവസാനിപ്പിക്കാന്‍ എന്നെ തേടിയെത്തിയ ആ സാന്ത്വനശബ്ദം ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു?ഞാന്‍ വിളിക്കുന്ന ഏതു ദൈവം ആണ് ആ ശബ്ദം എന്നിലേക്കു എത്തിച്ചത് ? മെയ് 6നു വൈകിട്ട് ഏകദേശം എട്ടുമണിയായിക്കാണും,ആകെ അസ്വസ്ഥമായിരുന്നു മനസ്സ് .ബ്ലോഗുകളില്‍ക്കൂടെ കറങ്ങി കറങ്ങി ഇരിക്കയായിരുന്നു ഞാന്‍. ഈ അടുത്തകാലത്തായി എനിക്കു കൂട്ടാകുന്നതു പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ ബ്ലോഗുകള്‍തന്നെയാണ് .അതിലൂടെയുള്ള ചുറ്റിക്കറങ്ങലുകള്‍ വല്ലാത്ത ഒരു തരം ആശ്വാസം തരുന്നു പലപ്പോഴും. എന്താന്നറിയില്ല അന്നു ബ്ലോഗുകള്‍ക്കും എന്തോ എന്നോട് ഒരു പരിഭവം പോലെ തോന്നി .അപ്പൊഴത്തെ എന്റെ മാനസികനിലയുടെ പ്രതിഫലനം ആയിരുന്നിരിക്കാം ആ തോന്നലും.

ഇടക്കിടെ ഞാന്‍ എന്റെ ഫോണെടുത്ത് അതിലുള്ള എല്ലാ നമ്പരുകളും, പേരുകളും ഒക്കെ നോക്കി കൊണ്ടേയിരുന്നു. ആരെയെങ്കിലും ഒന്നു വിളിച്ചാലോ..”വേണ്ട”..വിഷമിച്ചിരിക്കുമ്പോള്‍ വേണ്ടതും വേണ്ടാ‍ത്തതും ഒക്കെ പറയും, പിന്നെ അതൊക്കെ അവസരങ്ങള്‍ നോക്കി നമുക്കു തന്നെ പാരയായി വരും.(അനുഭവം ഗുരു). പെട്ടന്നു എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത നമ്പര്‍. എടുക്കാതിരിക്കാനും കഴിയില്ല.കാരണം എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍ പെട്ടന്നു നാട്ടില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ എന്റെ ഫോണിലേക്ക് ഡൈവേര്‍ട്ട് ചേയ്തിരിക്കുകയായിരുന്നു.. ഇനി അവരെ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കായാണങ്കിലോ?ഞാന്‍ ഫോണെടുത്ത് ഒരു മൂഡും ഇല്ലാതെ ഹലോപറഞ്ഞു. പെട്ടന്നു മറുതലക്കല്‍ നിന്നും വളരെ മര്യാദക്കു ഒരു ചോദ്യം ”സുബൈര്‍ ഇല്ലേ?”

ഞാന്‍ “ഇല്ല”

ചോദ്യം “ഇതു സുബൈറിന്റെ നമ്പര്‍ അല്ലേ?”

ഞാന്‍ “അല്ല ഇതു എന്റെ നമ്പര്‍ ആണ്, അതല്ലേ എന്റെ ഫോണ്‍ റിങ്ങ് ചെയ്തത്।”

പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?

മറുപടി“അല്ല” ..മറുതലക്കല്‍ ഉള്ള ആളു ആകെ ഒരു കണ്‍ഫ്യ്യൂഷന്‍ അടിച്ചപോലെ തോന്നി എനിക്ക് ..വീണ്ടും മറുതലക്കല്‍ നിന്നും സംസാരം തുടര്‍ന്നു ”ക്ഷമിക്കണം, എനിക്കു കിട്ടിയ നമ്പരില്‍ തന്നെയാണ് ഞാന്‍ വിളിച്ചത്, സുബൈര്‍ ഒരു സൌണ്ട് എഞ്ചിനിയര്‍ ആണ്.. ഞാന്‍ ഒരു ചെറിയ പാട്ടുകാരന്‍ ആണ്, ഒരു സോങ്ങ് റെക്കൊര്‍ഡിങ്ങിനെ കുറിച്ചു പറയാനാണ് വിളിച്ചത്, ..ക്ഷമിക്കണം“. എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്യും, എന്നു തോന്നിയപ്പോള്‍ ഞാന്‍ പെട്ടന്നു ചോദിച്ചു“ഈ ചെറിയ പാട്ടുകാരന്റെ പേര് എന്താണ് ?”

മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”

എന്നിട്ടു അയാള്‍ ആത്മഗതം പോലെയും എന്നോടായിട്ടും പറയുന്നതു കേട്ടു “ഈ നമ്പര്‍ എങ്ങനെ എന്റെ ഫോണില്‍ സേവ് ആയി ?”

ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..

പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”

മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”

ഞാന്‍“പെട്ടന്നു പറഞ്ഞാലും പാടും നല്ല ഒരു പാട്ടുകാരന്‍”

മറുപടി“ഏതു പാട്ടു വേണം?”

ഞാന്‍ “ഏതായാലും മതി”

കുറച്ചു സമയത്തെ മൌനത്തിനു ശേഷം നല്ല ഒരു ഹമ്മിങ്ങ്, നാലു വരി പാട്ടും........

ഞാന്‍ എന്നെതന്നെ മറന്നു, എന്റെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി..ആ ഒരു ഗന്ധര്‍വശബ്ദം എവിടെ നിന്നാണ് എന്റെ കാതില്‍ക്കൂടെ ഹൃദയത്തിലേക്കു വന്നത്? ദൈവ സാന്നിധ്യം പ്രിയ സംഗീതമായി നിന്റെ മനസ്സിന്റെ മുറിവുകളില്‍ തലോടാനായി എത്തും എന്നു എന്റെ ഭഗവാന്‍ എന്നോട് പറയുന്നതായി ആ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു..

പ്രിയ ഗായകാ നിന്നോടുള്ള നന്ദി ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?നന്ദി എന്ന രണ്ടു അക്ഷരത്തില്‍ ഞാന്‍ അതിനെ ചെറുതാക്കുന്നില്ല..എനിക്കു നീ തന്ന ആ വിലപ്പെട്ട സമയവും ശബ്ദവും,നാലുവരി കവിതയും(പാട്ട്) മറക്കില്ല..

(ഒരു പ്രത്യേക ഭാഷയില്‍ പാടി പ്രശസ്തനായ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ മകളെയും എല്ലാ മാധ്യമങ്ങളില്‍ കൂടിയും അറിയാമായിരുന്നു എനിക്ക്. ചാനലുകളിലും, സി।ഡികളിലും ഒക്കെ ആ ശബ്ദം കേള്‍ക്കുന്നും ഉണ്ട്.. അതായിരുന്നു സംസാരത്തിന്റെ തുടക്കത്തിലെ ആ ശബ്ദത്തിനോട് ഒരു പരിചയം തോന്നിയിരുന്നത്).

Thursday, May 1, 2008

വര്‍ഷങ്ങള്‍പോയതറിയാതെ

എന്നത്തേയും പോലെ അന്നും അസ്തമയസൂര്യനെ നോക്കി കടല്‍തീരത്ത് ഇരിക്കുകയായിരുന്നു അവള്‍ ചുറ്റിലും കൂടിനിന്ന ടൂറിസ്റ്റുകളോട് ഒരു ഗൈഡ് ആ സമുദ്രതീരത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന, ഒരു ഗ്രാമം മുഴുവനും കടലെടുത്ത ദുരന്ത സംഭവം വിവരിക്കുന്നത് കേട്ടപ്പോളാണ് തന്റെ കാത്തിരുപ്പിനു ഇത്രയും വര്‍ഷങ്ങളായി എന്നവള്‍ക്കു ബോധ്യം വന്നത്.കാത്തിരുപ്പിന്റെ തീവ്രതയില്‍ തന്നിലും ചുറ്റിലും ഉണ്ടായ മാറ്റങ്ങളോ, കാലം ഇത്രയും കടന്നു പോയതോ ഒന്നും അവള്‍ അറിഞ്ഞതേയില്ല.

എവിടെനിന്നൊക്കെയോ കിട്ടിയ അറിവുകള്‍ വച്ച് ,ആ ഗൈഡിന്റെ വാതോരാതെയുള്ള ദുരന്തവിവരണം അവളുടെ ഓര്‍മമകളെ , താന്‍ നേരിട്ടനുഭവിച്ച , മറക്കാനാഗ്രഹിക്കയും മറക്കാതിരിക്കയും ചെയ്ത ആദിവസത്തിലേക്കും പിന്നീട് ഇന്നുവരെയുള്ള കാത്തിരുപ്പിലേക്കും കൂട്ടിക്കോണ്ടുപോകുന്നത് വേദനയോടെ അവള്‍ അറിഞ്ഞു .

അന്നത്തെ ആ തണുത്ത പ്രഭാതത്തില്‍ ഉദയസൂര്യനെ കാണാനായി, സൂര്യകിരണങ്ങള്‍ തട്ടുമ്പോള്‍ കിട്ടുന്ന ചെറുചൂടിനായി രാമന്‍ ലവകുശന്മാരോടൊപ്പം മൈഥിലിയെ കൂട്ടാതെ കടല്‍ക്കരയിലേക്ക് പോയ ദിവസം. പ്രഭാതത്തില്‍ സൂര്യനല്ല വരുണനാണ് മുന്‍പേ എത്തുക എന്ന് ആരും അറിഞ്ഞിരുന്നില്ല .ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഭൂമിയില്‍നിന്നും തനിക്കു വേണ്ടതെല്ലാം എടുത്തുകൊണ്ട് വരുണന്‍ തന്റെ ലോകത്തിലേക്കു തിരികെ പോയി.


ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കുറെ കരച്ചിലുകള്‍ക്കിടയിലാണ് താനും എന്നവള്‍ മനസ്സിലാക്കി. സംഭവിച്ചത് എന്താണെന്നു മനസ്സിലായതും ഇല്ല. ഒന്നു മാത്രം പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങി ;എന്തു ചെയ്യണമെന്നും എങ്ങോട്ടുപോകണം എന്നും അറിയാതെ താനും ജീവിതത്തിന്റെ നടുക്കടലില്‍ പെട്ടിരിക്കായാണെന്നും,കാലത്തിന്റെ ഓളങ്ങളില്‍ പെട്ട് അവള്‍ക്കും തീരത്ത് അടുക്കാതെ പറ്റില്ലയെന്നും .

ജീവിതത്തില്‍ നടന്നതെല്ലാം യാദൃശ്ചികം മാത്രം.മൈഥിലിക്കു രാമന്‍ ഭര്‍ത്താവായതും ഇരട്ടകുട്ടികള്‍ ലവകുശന്മാരായതും എല്ലാം . എന്നാല്‍ അവരുടെ വീട് അയോദ്ധ്യ ആയിരുന്നില്ല, അതു ദ്വാരകയാ‍യിരുന്നു .ദ്വാരക കടലെടുത്തപ്പോള്‍ മൈഥിലിക്കു കൂട്ടായി രാമനും ലവകുശന്മാരും ഇല്ല; കൃഷ്ണന്‍ പോലും !

തന്റെ പ്രിയപ്പെട്ടവരെല്ലാം, പ്രിയപ്പെട്ടതെല്ലാം കടലിനടിയില്‍ എവിടെയോ ഉണ്ട് എന്നു വിശ്വസിച്ച് കടലിനെ കാണാവുന്ന , കടലിനെ കേള്‍ക്കാവുന്ന ദൂരത്തില്‍, ഇനിയും ഒരുനാല്‍ വരുണന്‍ വരും, അന്നു തന്നെയും കൂട്ടിക്കൊണ്ടുപോകും എന്ന വിശ്വാസത്തില്‍ അവളുടെ കൊച്ചു പര്‍ണ്ണശാലയില്‍ അവള്‍ ജീവിതത്തോടൊപ്പം കാത്തിരുപ്പിന്റെ ദിവസങ്ങളും ആരംഭിച്ചു.

കടല്‍ത്തീരത്തു മുഴുവനും വര്‍ണ്ണം വാരി വിതറിയ ശംഖുകളും ചിപ്പികളും കാണുന്നത് ആദ്യമാദ്യം അവള്‍ക്കു വല്ലാത്തൊരു ആശ്വാസം ആയിരുന്നു. പതുക്കെ പതുക്കെ ആ വര്‍ണ്ണ ചിപ്പികളും ശംഖുകളും കൊണ്ട് ജീവിതത്തിനു തന്നെ വര്‍ണ്ണങ്ങള്‍ കൊടുക്കുവാന്‍ അവള്‍ പഠിച്ചു .ഓരോചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഉള്ളിലിരുന്ന് തന്റെ ഭര്‍ത്തവും മക്കളും തന്നെ ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്നതായും, എന്തൊക്കെയോ നേടിതരുന്നതായും അവള്‍ അറിഞ്ഞു.

ജീവിതത്തില്‍ നേടിയതൊന്നും നഷ്ടപ്പെട്ടതിനു തുല്യമായില്ല. കടല്‍ത്തീരത്തെ കാത്തിരുപ്പു മാത്രം ഒരു ശീലമായി, സ്വഭാവമായി, ജീവിതത്തിന്റെ ഭാഗമായി. കടലില്‍ താണുപോയ യാഥാര്‍ത്യങ്ങളെ സ്വപ്നങ്ങളില്‍ പേറി നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുഖമായി.

തന്റെ ജീവിതത്തിന്റെ ഉദയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി, ആ അസ്തമയത്തിലും കാത്തിരുന്നിരുന്ന അവളെ, സ്നേഹത്തിന്റെ ചൂടുള്ള ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും നെഞ്ചോട് ചേര്‍ക്കുന്നതും അവള്‍ അറിഞ്ഞു. കാഴ്ച്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്കും സന്ധ്യയുടെ ഇരുട്ടിനും ആ മുഖം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തിന്റെ ആ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് വര്‍ഷങ്ങളായുള്ള കാത്തിരുപ്പു മതിയാക്കി, ഉദയത്തില്‍ നഷ്ടപ്പെട്ടതെന്തോ അത് അസ്തമയത്തില്‍ തനിക്കു തിരികെ കിട്ടി എന്ന വിശ്വാസത്തോടെ, സമാധാനത്തോടെ, ആ കൈകളോടോപ്പം അവള്‍ നടന്നു നീങ്ങി..