Sunday, December 7, 2008

കുന്തിയായ് മാറിയ ഗാന്ധാരി



മഴമേഘങ്ങള്‍ ആകാശത്തു നിറയുന്നതും അതിനിടയിലൂടെ സൂര്യന്‍ കടലിലേക്കു താഴുന്നതും ഇരുട്ട് പതിയെ പതിയെ കടന്നു വന്ന് എന്നെ പൂര്‍ണ്ണമായി മൂടുന്നതും ഞാന്‍ അറിഞ്ഞു.

ചുറ്റും കൂരിരുട്ട്, എത്ര സമയം വെളിച്ചത്തെ തേടി? ഓര്‍മ്മയില്ല.ഒട്ടും തന്നെ ഓര്‍മ്മയില്ല.

വെളിച്ചംവന്നു.... ഭയാനകമായ വെളിച്ചം....വിശ്വരൂപദര്‍ശനം പോലെ.
എന്തൊക്കെയായിരുന്നു ഞാന്‍ കണ്ടത്? മനസ്സിലാക്കിയത്?ആ വെളിച്ചം എന്നുള്ളില്‍ ഭീതിയുണര്‍ത്തി.ഭയം കൊണ്ട് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഹോ.....എല്ലാം വീണ്ടും ഇരുട്ടിലായി. എന്തൊരു സമാധാനം.

പതിയെ പതിയെ പതിയെ കണ്ണുകള്‍ എന്തിന്റെയോ നേരിയ മറവിലൂടെ കാണാന്‍ തുടങ്ങി.
മങ്ങിയ ശാന്തമായ വെളിച്ചം. ഇരുട്ടിലായിരുന്നപ്പോള്‍ അറിയാഞ്ഞതും ശക്തമായ വെളിച്ചത്തില്‍ കണ്ടു ഭയന്നതും ഒന്നും ആയിരുന്നില്ല ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടറിഞ്ഞു തുടങ്ങിയവ.


വിശ്വസിച്ചവര്‍, സ്നേഹിച്ചവര്‍......
ഇരുളില്‍ തപ്പുന്നവനൊന്നും അറിയുന്നില്ല എന്നു മനസ്സിലാക്കിയവര്‍.
ഇരുളിലായ എന്റെ അവസ്ഥയെ ഭംഗിയായി ഉപയോഗിച്ചവര്‍.

മങ്ങിയ ആ വെളിച്ചത്തില്‍ ഒന്നു ഞാന്‍ അറിഞ്ഞു തുടങ്ങി ഞാന്‍ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും ചെയ്തതും എല്ലാം തെറ്റ്.ഭയങ്കരമായ തെറ്റുകള്‍. എന്റെ ഇരുട്ടില്‍ ഞാന്‍ അറിയാതെ എന്നെകൊണ്ട് തെറ്റുകള്‍ ചെയ്യിച്ചു ഒരു തെറ്റും ചെയ്യാത്തവര്‍,ഒന്നായി കൈകോര്‍ത്തു പിടിച്ചു എനിക്കു ചുറ്റും ആനന്ദനൃത്തം ആടുന്നു ആഘോഷിക്കുന്നു ജീവിതത്തെ ഉത്സവമക്കി തകര്‍ക്കുന്നു.

ആര്‍ത്തട്ടഹസിക്കുന്ന ആ നല്ലവരുടെ , എന്റെ മനസ്സിന്റെ, ഒക്കെ മുന്‍പില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി മനസ്സാക്ഷി എന്ന നീതിപീഠത്തിനു മുന്നില്‍ തല കുനിച്ചു നിന്നു ഞാന്‍.തെറ്റുകള്‍ എല്ലാം ഏറ്റുപറഞ്ഞു.ജീവിതം ആഘോഷിക്കുന്നവര്‍ ഒന്നും അതു കേട്ടതായിപ്പോലും ഭാവിച്ചില്ല.മനസ്സെന്ന കോടതിയോ ഒന്നും ക്ഷമിച്ചതും ഇല്ല.

മനസ്സെന്ന കോടതി എനിക്കു നേരെ വിരല്‍ ചൂണ്ടി...............
ഒന്നൊന്നായി എന്റെ തെറ്റുകള്‍ ചൂണ്ടികാണിച്ചു.........
സ്നേഹം കൊണ്ടു കണ്ണുകളെ മൂടിക്കെട്ടി സ്വയം ഗാന്ധാരിയായവള്‍.
ആ ഇരുളിലിരുന്നു ചുറ്റിലും സ്നേഹം മാത്രം ആ‍ണ് എന്നു വിശ്വസിച്ചവള്‍.
സ്വന്തം ആത്മാവിനെ,മനസ്സിനെ,എന്തിനു ശരീരത്തിനെപ്പോലും സ്നേഹിക്കാത്തവള്‍.
സ്വയം സ്നേഹിക്കാത്തവര്‍ക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കാത്ത വിഡ്ഡി.നീ ശിക്ഷിക്കപ്പെടണം.....ഒരു ഇളവു ഞാന്‍ നിനക്കു തരുന്നു. മനസ്സാക്ഷി പറഞ്ഞു.
“നിന്റെ ശിക്ഷ നിനക്കു സ്വയം വിധിക്കാം”

ഒരു നിമിഷം പോലും വൈകിയില്ല ചിന്തിച്ചില്ല ശക്തമായി വിധിച്ചു.

“‘എന്നിലെ ഗാന്ധാരിയെ അഗ്നിദേവനു സമര്‍പ്പിക്കുക”
.........................................................

ആ ചിതയില്‍ നിന്നും ഉയര്‍ന്നു വന്നവളെ ‘കുന്തീദേവിയെ’ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചു.
ആ അവാഹന ശക്തിയെ ഉള്‍ക്കൊണ്ടു കൊണ്ട് സ്വയം മാത്രം സ്നേഹിക്കുന്നവളായി ഞാന്‍.

സ്വയം സ്നേഹത്താല്‍ സ്വന്തം കുഞ്ഞിനെപ്പോലും...........

സ്വയം സ്നേഹിക്കാന്‍ തുടങ്ങിയ എന്നേ പെട്ടന്നു ആരോ കെട്ടിപ്പുണരുന്നതും
ചുംബനങ്ങള്‍ കൊണ്ടു മൂടുന്നതും ഞാന്‍ അറിഞ്ഞു.
ഒട്ടും മൂടലില്ലാതെ തെളിമയുള്ള കണ്ണുകളോടെ ആദ്യമായി ഞാന്‍ തിരിച്ചറിയുന്നു അതു ആരാണ്ന്ന്.

ഇതുവരെ ക്രൂരമായി തടവിലാക്കിയിരുന്ന എന്നിലെ ഞാന്‍ ആയിരുന്നു അത്.

പെട്ടന്നു കടലില്‍ നിന്നും വന്ന തണുത്ത ശക്തമായ കാറ്റ് എനിക്കു ചുറ്റും സുഖം നിറഞ്ഞ ഒരു കവചം തീര്‍ത്തതു പോലെ.

ഇതാണ് സ്നേഹം...................ഇതു മാത്രം ആണ്.