Monday, March 19, 2018

അവതാരം


നാലു കൃഷ്ണന്മാർ എന്റെ മുന്നിൽ നിരന്നു നിന്നപ്പോൾ വർഷങ്ങൾക്കു മുൻപ് ഒറ്റപ്പെട്ടു പോയ ഒരു കൃഷ്ണനെ ഓർമ്മ വന്നു.അന്നും ഒരു ആനിവേഴ്സറി ദിവസം ആയിരുന്നു.

സംഭവം പറയുന്നതിനു മുൻപേ ഒന്നറിയണം അന്നത്തെ ആ കൃഷ്ണവേഷത്തിനുളളിൽ മറഞ്ഞിരുന്നത് ഒരു കുഞ്ഞു പുലിക്കുട്ടിയായിരുന്നു. ഒന്നും രണ്ടും മൂന്നും ക്ലാസുകളിൽ പങ്കെടുത്ത എല്ലാത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടിയ പുലി.

പക്ഷേ കിട്ടിയതെല്ലാം കോപ്പ പാത്രം മാത്രം... (ഒരു കുഴിഞ്ഞ മൺപാത്രം. ഇന്നതിനെ ബൗൾ എന്നു പറയുന്നു.) നാലാം ക്ലാസിലെ ആനിവേഴ്സറിക്കു പോകാനിറങ്ങുമ്പോൾ അമ്മാവൻ ആ കുട്ടിയോടു പറഞ്ഞു "ഇപ്രാവിശ്യവും കോപ്പ പാത്രം ആണ് കിട്ടുന്നതെങ്കിൽ ഞാൻ ഒരു കള്ളുഷാപ്പ് തുടങ്ങും എന്ന് " . കള്ളുഷാപ്പിൽ അത്തരം കോപ്പകളാണ്  ഉപയോഗിക്കുന്നത് എന്നുള്ള പുതിയ അറിവിൽ, തന്റെ സമ്മാനങ്ങൾ കള്ളുകുടിയന്മാരുടെ മുൻപിൽ പതഞ്ഞു നിറഞ്ഞു നിരന്ന് ഇരിക്കുന്ന രംഗം അമ്മാവൻ പറഞ്ഞത് മനസ്സിൽ കണ്ട് ആകെ വിഷമിച്ചാണ് അന്ന്  കുട്ടി സ്കൂളിലേക്കു പോയത്....

ആന തലയോളം വെണ്ണയും കൊണ്ട് കൃഷ്ണനെ കാത്തിരിക്കുന്ന യശോദാമ്മ ഒരു തലോടലായി ആ കുട്ടിമനസ്സിൽ നിറഞ്ഞു തുളുമ്പി. ആ ഓർമ്മകളെ താലോലിച്ച് സ്കൂളിലെത്തിയ കുട്ടി വേഗം മഞ്ഞ പട്ടുടുത്ത് ഓടക്കുഴലും എടുത്ത് യശോദയെ തേടി നടന്നു. പട്ടു ചേലയും ചുറ്റി കവിളിൽ റോസ് പൗഡറും പൂശി പൂതനയുടെ രൗദ്രഭാവത്തോടെ സ്കൂളിന്റെ പിന്നാമ്പുറത്ത് നിലക്കുന്ന യശോദയെ കണ്ട കൃഷ്ണൻ ഞെട്ടി. ദയ ഒട്ടും ഇല്ലാതെ യശോദ പറഞ്ഞു "ഞാൻ ഡാൻസ് കളിക്കുന്നില്ല എനിക്ക് സ്റ്റേജിൽ കയറാൻ പേടിയാ".
അയ്യോ! എന്ന വിളിയോടെ,
തകർന്ന ഹൃദയത്തോടെ കൃഷ്ണൻ പറഞ്ഞു "പേടിക്കണ്ട നമ്മൾ ഒന്നിച്ചല്ലേ " എന്നു പറഞ്ഞതും അടുത്ത ഡാൻസിനായി അവരുടെ പേരു വിളിച്ചതും കൃഷ്ണൻ യശോദയെ വലിച്ചുകൊണ്ട് സ്റ്റേജിലേക്ക് ഒറ്റ ഓട്ടം. സ്റ്റേജിൽ കയറിയതും കൃഷ്ണനെ തള്ളിയിട്ട് യശോദ തിരിച്ചൊരോട്ടം. കൂക്കുവിളികളുടെ അകമ്പടിയോടെ വീണിടത്തു നിന്ന് എണീറ്റ കൃഷ്ണൻ കണ്ടത് റോഡിലൂടെ ദൂരേക്ക് ഓടി മറയുന്ന യശോദയെ..

ഡാൻസിനു പാട്ടു പാടാൻ നിന്ന കുട്ടി പേടിച്ച് കണ്ണും മിഴിച്ച് വായും  തുറന്ന് ഒറ്റനിൽപ്പ്. ആ തുറന്ന വായിൽ അന്ന് ആദ്യമായും അവസാനമായും കൃഷ'ണനും വിശ്വരൂപ ദർശനം കണ്ടു.
ഒറ്റയ്ക്ക് കളിച്ചാൽ ശരിയാവില്ല ഡാൻസ് കളിക്കണ്ട എന്ന്  ടീച്ചറിന്റെ വാശി.....
ഡാൻസു കളിച്ചിട്ടേ സ്റ്റേജിൽ നിന്ന് ഇറങ്ങൂ എന്ന് കൃഷണന്റെ പിടിവാശി......
കൂട്ടുകാരിയായ പാട്ടുകാരി കൃഷ്ണനെ ചതിച്ചില്ല . ഒറ്റയ്ക്കു കളിക്കാൻ പറ്റുന്ന ഒരു പാട്ടു പാടി . കൃഷ്ണൻ സ്റ്റേജിൽ തകർത്താടി  ഒരു മൈന വില്പനക്കാരനായി .. (കൃഷ്ണനല്ലേ 'ഏതു വേഷത്തിലും വരാമല്ലോ)..... മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന മൈന വേണോ മൈന മൈനാ.... മൈനാ.....
(ആന തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ ഓടി വാടാ  എന്ന പാട്ടും, ഓട്ടക്കാരി യശോദയും , പാവം കൃഷ്ണ മനസ്സിലിരുന്നു തേങ്ങിയത് ആരും അറിഞ്ഞില്ല ).....

ഇത്തവണ കോപ്പ പാത്രം വേണ്ട എന്ന് റ്റീച്ചറിനോടു രഹസ്യമായി പറഞ്ഞിരുന്നതു കൊണ്ട് വേറെ എന്തൊക്കെയോ ആണ് സമ്മാനം കിട്ടിയത്.  പതറാതെ പൊരുതി ഡാൻസ് കളിച്ചതിന് ഒരു സ്പെഷ്യൽ സമ്മാനവും.  എല്ലാർക്കും കൊടുത്തു കഴിഞ്ഞ് ബാക്കി വന്ന വലിയ ഒരു പൊതി . .. മൂന്നു കോപ്പകൾ .....

കോപ്പകൾ ഒന്നും ഷാപ്പിൽ പോയില്ല. ലോകകപ്പുകളുടെ ഗാംഭീര്യത്തോടെ അവയെല്ലാം നാലുകെട്ടിന്റെ ഉത്തരങ്ങളിൽ നിരന്നിരുന്നു കുറേക്കാലം. പിന്നെ പല ഭാവത്തിൽ കണ്ടു. കാപ്പി നിറഞ്ഞും കഞ്ഞി നിറഞ്ഞും , കറി നിറഞ്ഞും, പെയിന്റ് നിറഞ്ഞും,  ബ്രഷ് മുക്കിയും അങ്ങനെ അങ്ങനെ ....

ആ കുട്ടി വളർന്നു .അമ്മയായി അമ്മൂമ്മയായി ,  കൃഷ്ണൻമാരുടെയും യശോദമാരുടേയും പ്രിയപ്പെട്ട ഉഷാമ്മ ആയി. എന്റെ മുൻപിൽ നിരന്നു നിന്ന ഈ നാലു കൃഷ്ണൻമാരിൽ ലയിച്ച് ഞാനും എന്റെ കൃഷ്ണാവതാര കാലത്തിലേക്ക് പോയിവന്നു...