Sunday, September 15, 2013

ഓണകോമാളികൾ

                                                                ഓണകോമാളികൾ

                                               ചിങ്ങത്തിലും കർക്കിടകം തുള്ളുന്ന നാട്
                               വഴികളിൽ കുഴികളിൽ വീണുകിടക്കുന്ന നാട്
                               വിലക്കയറ്റത്തിൽ എരിപൊരികൊള്ളുന്നനാട്
                               സൂര്യനെ വിലപേശി വിൽക്കുന്ന നാട്

                               എന്നിട്ടും

കേരളത്തിൽ വരാതിരിക്കാൻ കഴിയുമോ ഈ രാജാവിന്?
മറക്കാൻ കഴിയുമോ മലയാളം മറന്ന കുഞ്ഞുങ്ങളേ?
ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുക്കൾക്കു ദാനം കൊടുത്ത
വലിയ  തെറ്റിന്റെ പ്രായശ്ചിത്തമായി ആ  പാവം രാജാവ് 
എന്തു സഹിക്കും എന്തും ക്ഷമിക്കും നമ്മളേപ്പോലെ.....

നിറകണ്ണുകളൊടെ തന്നെ നോക്കുന്ന മഹാബലിയുടെ മുന്നിൽ വാമനൻ  ശിരസ്സുകുനിച്ചു പറഞ്ഞു ". എല്ലാം എന്റെ കൈയിൽനിന്നു വിട്ടുപോയി, ഇവിട ഇന്നു ഞാനും അങ്ങയെപ്പോലെ ഓണകോമാളിയായി തെരുവുതോറും നടക്കയാണ് .ചെയ്ത തെറ്റിനു ശിക്ഷയായി എന്നെയും ചവിട്ടിതാഴ്ത്തു ". ചെറുചിരിയോടെ മഹാബലി പറഞ്ഞു,
"നമ്മൽ തുല്യദു:ഖിതർ".

വാമനനും മഹാബലിയും കൈകോർത്തു നടന്ന് ഓണാഘോഷങ്ങൾ കണ്ടു .തങ്ങളുടെ പ്രതിരൂപങ്ങൾ തെരുവുതോറും നടന്ന് ബക്കറ്റുപിരിവു നടത്തുന്നതു കണ്ട് പൊട്ടിച്ചിരിച്ചു.
ആഘോഷത്തിമിർപ്പുകൾക്കിടയിൽ എല്ലാം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയേപ്പോലെ  'ഓണം വണോണം വന്നോണംവന്നേ'  എന്ന് അവരും വിളിച്ചുകൂവി...
                                            
                                                  പ്രിയപ്പെട്ട   എല്ലാവർക്കും

                                  കിലുക്കാമ്പെട്ടിയുടെ ഓണാശംസകൾ
                                                          
  


                                                         

Sunday, August 11, 2013

മൃഗത്വം......... ..

പൂർവികരോ, ഗുരുക്കന്മാരോ, നമ്മളേ നയിക്കുന്ന അദൃശ്യശക്തികളോ, ആരൊക്കെയോ നമ്മൾ മനുഷ്യജീവികൾക്കു കൽപ്പിച്ചുതന്ന ചിലത്‌-,  മനുഷ്യത്വം, മാതൃത്വം, പിതൃത്വം ,ഗുരുത്വം, '...........ത്വം' എന്നിങ്ങനെ പലതരം മഹത്വത്തിന്റെ കുറേ സ്ഥാനങ്ങൾ.


ഇതെല്ലാം നശിപ്പിച്ച ഒരു സമൂഹത്തിന്റെ നടുവിൽ കിടന്ന് പൊന്നോമനമക്കൾ ശാരീരികമാനസിക പീഡനങ്ങൾ അനുഭവിച്ചും കണ്ടും കേട്ടും പേടിച്ചു നിലവിളിക്കുന്നു. മാറോടുചേർത്ത് ഓമനിച്ചു താലോലിച്ചു വളർത്തേണ്ട  കുഞ്ഞുങ്ങളേ   ആർക്കൊക്കെയോ കടിച്ചുകീറി നശിപ്പിച്ചു കൊല്ലാൻ വലിച്ചെറിഞ്ഞു കൊടുത്ത അമ്മമാരേ നിങ്ങൾചെയ്ത പാപത്തിന്റെ  തീവ്രത നിങ്ങൾ അറിയുന്നുണ്ടോ?

                                                    
                         
                                               ( പാവം ഷെഫീക്കിന് അവനെ പ്രസവിച്ച അമ്മയുണ്ട്. പീഡിപ്പിക്കപ്പെട്ട പലകുട്ടികൾക്കും പെറ്റമ്മയുള്ളവരാണ്).

മാതൃത്വം എന്ന ദൈവീകമായ അവസ്ഥയേ ചില അമ്മമാർ കുറ്റബോധം തെല്ലുമില്ലാതെ കുരിശ്ശിൽ തറയ്ക്കുന്ന ഈ ഭൂമിയിൽ, ഒരു മൃഗം മനുഷ്യകുഞ്ഞിനെ ഒരുരാത്രിമുഴുവനും നെഞ്ചോടുചേർത്ത് ചൂടുനൽകി ജീവൻരക്ഷിച്ച സംഭവം മനുഷ്യനേ 'മൃഗം'എന്നുവിളിച്ചു തരംതാഴ്ത്തുന്ന മനുഷ്യപിശാചുക്കൾക്ക് ഒരുവെല്ലുവിളിയാണ്. മൃഗങ്ങളുടെ തെറിവാക്കുകളുടെ നിഘണ്ടുവിൽനിന്നുപോലും അവർ 'മനുഷ്യൻ ' എന്ന ആ പദം  എന്നേ എടുത്തുകളഞ്ഞിരിക്കും.......................!

തനിക്കു തന്ന സംരക്ഷണത്തിനു പകരം  അമ്മയ്ക്കുവേണ്ടി പറിച്ചെടുത്ത കാട്ടുപൂക്കൾ കങ്കാരുവിനു കൊടുത്ത്  ആ കുട്ടി മനുഷ്യകുലത്തിന്റെ മാനം മൃഗകുലത്തിനു മുൻപിൽ  കാത്തു.
                                             
               
                                                 (എല്ലാ  മൃഗങ്ങളും ഏറ്റവും കൂടുതൽ അക്രമകാരികളാകുന്നത് അവയുടെ കുട്ടികൾ എതെങ്കിലും വിധത്തിൽ ശല്യം ചെയ്യപ്പെടുന്നു എന്നു  തോന്നുമ്പോഴാണ്)
                   

Saturday, July 13, 2013

സ്നേഹവൃണങ്ങളുടെ കാവൽക്കാർ

                സ്നേഹവൃണങ്ങളുടെ കാവൽക്കാർ
                           ഒന്നിച്ചിരുന്നവർ തമ്മിലടിച്ചു 
                           തമ്മിലടിച്ചവർ വെല്ലുവിളിച്ചു
                           വെല്ലുവിളിച്ചവർ ചേരിതിരിഞ്ഞു
                           ചേരിതിരിഞ്ഞവർ ചേർത്തുപിടിച്ചു
                           ചേർത്തുപിടിച്ചവർ ആർത്തുചിരിച്ചു
                           ആർത്തുചിരിച്ചവർ ഓർത്തുചിരിച്ചു
                           തമ്മിലടിച്ചവർ  ഭിന്നിച്ചിരുന്നു 
                           ഭിന്നിച്ചിരുന്നവർ ഒന്നിച്ചിരുന്നു 
                           ഒന്നിച്ചിരുന്നവർ തേങ്ങിക്കരഞ്ഞു   
                           തേങ്ങിക്കരഞ്ഞവർ ഒന്നിച്ചിരുന്നു .

നിറഞ്ഞ സ്നേഹങ്ങളെ തകർത്ത ആഴമുറിവുകളുടെ  ഭീകരവൃണങ്ങൾ, ഏതു മരുന്നിട്ടാലും ഉണങ്ങാതെ ഉണങ്ങിയപോലെ പൊറ്റപിടിച്ചു മയങ്ങി കിടക്കും.
ഇടക്കിടെ ചൊറിയും പൊട്ടും ഒലിക്കും, പിന്നെയും നടിച്ചുകിടക്കും.... ഇളിഞ്ഞചിരികൊണ്ട് സ്നേഹവൃണങ്ങളേ ഹൃദയത്തിൽ ഒളിപ്പിക്കുന്ന മനുഷ്യാ! നിങ്ങളിലാരോ പറഞ്ഞു,"സോദരർ തമ്മിലെ പോരൊരു പോരല്ല " എന്ന്.
തെറ്റ് ..... ഒരിക്കലും മറക്കാത്ത പൊറുക്കാത്ത സോദരർപോരല്ലേ അന്നും ഇന്നും എന്നും.....
                                                 
                          മറക്കണം (ഇല്ല )  
                          മറക്കരുത്  (ഇല്ലേയില്ല) 
                          പൊറുക്കണം(ഇല്ല)
                          പൊറുക്കരുത്(ഇല്ലേയില്ല)
   
              'മറക്കാത്തവർ പൊറുക്കാത്തവർ ക്രൂരന്മാർ   
              മറക്കുന്നവർ പൊറുക്കുന്നവർ നിഷ്ക്കളങ്കർ
              മറക്കാത്തവർ പൊറുക്കുന്നവർ ജ്ഞാനികൾ'.

 ക്രൂരന്മാരും നിഷ്കളങ്കരും ജ്ഞാനികളും സഹോദരങ്ങൾ, 
 സ്നേഹവൃണങ്ങളെ മനസ്സിൽസൂക്ഷിക്കുന്ന കാവൽക്കാർ.