Tuesday, September 7, 2010

കുട്ടിമാളുവിന്റെ വേദവാക്യങ്ങളും അടുക്കളദൈവങ്ങളും


          ഇത് അമ്മുലുകുഞ്ഞിന്റെ മാളുച്ചേയി. കല്യാണം കഴിക്കാതിരുന്നതൊ കുറഞ്ഞപക്ഷം ഒന്നു പ്രണയിക്കാതിരുന്നതോ ആണുങ്ങളെ ഇഷ്ട്മല്ലാത്തതു കൊണ്ടല്ല.കുട്ടി മാളു അതിനു പറയുന്ന ഉത്തരം ഇങ്ങനെ. 
 
       “ഞാന്‍ ഇട്ട ടെസ്റ്റില്‍ ഇതുവരെ ആരും പാസ്സായില്ല, ശൈവചാപം കുലയ്ക്കണ പോലത്തെ ഗമണ്ടന്‍ ടെസ്റ്റൊന്നുമല്ല. കൃത്യമായ കുഴിയും വട്ടവും ഉള്ള ഒരുപൊലത്തെ രണ്ടേരണ്ടു ദോശ, കുടിച്ചാലുടനെ കക്കൂസിലേക്കു ഓടേണ്ടാത്ത ഒരു ചായ. കുറഞ്ഞപക്ഷം ഇതു രണ്ടും ഉണ്ടാക്കാനെങ്കിലും അറിയണം. ഒരാണും  ഇതുവരെ ആ ടെസ്റ്റ് പാസ്സായില്ല”.
              അതുകൊണ്ട്  ഈ വീട്ടിലെ വന്നതും നിന്നതുമായ എല്ലാ പെണ്ണുങ്ങള്‍ക്കും മാളുവിനെ വല്ലാത്ത ഇഷ്ടമാണ്.  കാരണം അവരുടെ ആണുങ്ങള്‍ക്കൊന്നും ദോശയോ ചായയോ ഉണ്ടാക്കി മാളുപരീക്ഷ പാസ്സാവാന്‍ കഴിഞ്ഞില്ല എന്നതു തന്നെ.


              ഹിന്ദിയിലും ഇംഗ്ലീഷിലും  പ്രാര്‍ഥനകള്‍ ചൊല്ലുന്ന കൊച്ചുമക്കളോട് “ദൈവത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ഥിക്കു കൊച്ചുങ്ങളേ”.  എന്നു പറയുന്ന അമ്മൂമ്മേടടുത്ത് “ഭാഷയില്ലാത്ത ചെകിടനും പൊട്ടനും ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കും ആംഗ്യം കാണിച്ചാല്‍ മതിയോ?” എന്നു ചോദിച്ച് അമ്മൂമ്മേ കളിയാക്കുന്ന മാളു. എല്ലാവരെയും ചൂലെടുത്ത് ലക്ഷ്യം തെറ്റാതെ എറിയുന്ന അമ്മായിയോട്  ഇന്ത്യക്കു വേണ്ടി എറിഞ്ഞിരുന്നങ്കില്‍ എത്ര സ്വര്‍ണ്ണം കിട്ടണ്ടതാ  ഏറുകളികളില്‍ (ഷൂട്ടിങ്ങ്, ജാവലിന്‍ത്രൊ, ടാര്‍ട്സ് ഒക്കെയായിരിക്കാം ഏറുകളികള്‍ )നമ്മുടേ ഭാരതമാതാവിന് എന്നു പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്ന മാളു. 
                 ആഹാരം കഴിക്കാന്‍ സ്പൂണ്‍ ചോദിക്കുന്ന കുഞ്ഞുങ്ങളോട് കൈകൊണ്ടു തൊടാന്‍ അറയ്ക്കുന്നത് സ്പൂണ്‍കൊണ്ട് വാരി തിന്നല്ലെ എന്നു പറയുന്ന മാളു. നമുക്കു ഭാരമല്ലാത്ത മുടി ആഹാരത്തില്‍ കിടന്നാല്‍  അതൊരു ഭാരമാകും  കഴിക്കുന്ന ആളുടെ മനസ്സിന് എന്നു പറഞ്ഞു എപ്പോഴും ഒരു തോര്‍ത്തു  കൊണ്ട് മുടി മൂടി കെട്ടിവയ്ക്കുന്ന മാളു.  പശുവിനോടും പച്ചക്കറികളോടും കപ്പിയോടും കയറിനോടും സംസാരിക്കുന്ന മാളു, അമ്മുലുകുഞ്ഞിനോടൊഴികെ ബാക്കി എല്ലാവരോടും ആവശ്യത്തിനു മാത്രം സംസാരിച്ചു.

              അമ്മുലുവിന്റെ മനസ്സിലെ അത്ഭുതങ്ങളിലൊന്നായിരുന്നു മാളുച്ചേയിയും. പരിഭവങ്ങളും പരാതികളും ദ്വേഷ്യപ്പെടലുകളും ഒന്നുമില്ലാത്ത ഇച്ചേയി. 
മാറ്റമില്ലാത്ത ചെറിയ ചിരിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, മനുഷ്യരൊഴികെ മറ്റുള്ളവയോട് ചുറുചുറു എന്നു സംസാരിക്കയും ചടപടാന്നു  നടക്കയും എപ്പോഴും  എന്തേലും ജോലി ചെയ്യുകയ്യും ഒക്കെ ചെയ്യുന്ന മാളുച്ചേയിയേ എന്തോ അമ്മുലുകുഞ്ഞിനു വല്ലാത്ത ഇഷ്ടമാണ്.  മാളുച്ചേയി അമ്മുലുകുഞ്ഞിന്റെ ‘റോള്‍മോഡല്‍ ‘ ആണ്..

                 ഇത് കുട്ടിമാളൂന്റെ മാത്രം അടുക്കള.   കരിയുള്ള, പുകയുള്ള, ഐശ്വര്യമുള്ള അടുക്കള.  തോരാമഴയില്‍ അടുക്കളയുടെ പലഭാഗത്തേക്കും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളേ നോക്കി ആസ്വദിച്ചു ആനന്ദിച്ചു ചെറുചിരിയോടെ ആദരവോടെ കുട്ടിമാളു  മനസ്സില്‍ പറഞ്ഞു, “പ്രകൃതിശക്തികളുടെ സാമീപ്യം മേല്‍ക്കൂരകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തുന്നതിഷ്ടമല്ലാത്ത വനദുര്‍ഗ്ഗാ സാന്നിദ്ധ്യം എന്റെ ഈ അടുക്കളയില്‍  ഉണ്ട്. അതാണല്ലോ   പനിനീര്‍മഴ പ്രതിരോധങ്ങളെയെല്ലാം മറികടന്ന് ഈ ദേവീ സവിധത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്”.
           “അടുക്കള മുഴുവനും ചോര്‍ന്നൊലിക്കുന്നത്  കണ്ട് ആസ്വദിച്ചു നില്‍ക്കുകയാ നീ, അഹങ്കാരീ”?  ഒരലറിച്ച കേട്ട് കുട്ടിമാളു  ഞെട്ടാതെ (“വിവരമുള്ളവര്‍  ഞെട്ടാന്‍ പാടില്ല”, ഇതും കുട്ടിമാളൂന്റെ വേദവാക്യത്തില്‍പ്പെടും)  പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. വെള്ളം ഇറ്റു  വീഴുന്നിടത്തെക്കെല്ലാം പാത്രങ്ങളും തുണിക്കഷണങ്ങളും വച്ചുകൊണ്ട് കുട്ടിമാളു തന്റെ  യജമാനത്തിയെക്കുറിച്ചും മനസ്സില്‍ ദു:ഖത്തൊടെ  പറഞ്ഞു,“കരിയും പുകയും അമ്മിയും പണിയും ഇല്ലാത്ത ഷോറൂംഅടുക്കളയില്‍  വിലസുന്ന, അടുക്കള മാഹാത്മ്യം അറിയാത്ത വിവരദോഷി”. 

          മനസ്സില്‍മാത്രം പറഞ്ഞത് അറിയാതെ വായില്‍ക്കൂടി പുറത്തേക്കു വന്നുപോയി.  ചോര്‍ന്നു വീഴുന്ന മഴത്തുള്ളികളേ തട്ടിത്തെറിപ്പിച്ച് അതിന്റെ രസം ആസ്വദിച്ചു കൊണ്ട് വിവരദോഷം ഒട്ടും ഇല്ലാത്ത മനസ്സുമായി ഒരു സുന്ദരിബാല്യം അടുത്തുനിന്നു ചോദിച്ചു, “മാളുച്ചേയീ അടുക്കള മാഹാത്മ്യമോ, എന്താ അത്?”
           മാളു കാലങ്ങളായി കാ‍ത്തിരുന്ന ചോദ്യം.  ഉത്തരങ്ങള്‍ ധാരാളമുള്ള ചോദ്യം.  പക്ഷേ ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരങ്ങള്‍ക്കു എന്തു  വില?
      തന്റെയുള്ളില്‍ നിറഞ്ഞു കിടക്കുന്ന ഉത്തരങ്ങളില്‍  കുറേയെണ്ണത്തിനു ശാപമോക്ഷം കൊടുക്കാന്‍, കുരുന്നുനാവില്‍ നിന്നും വന്ന ആ ചോദ്യം കേട്ട് , സന്തോഷം ഇടവപ്പാതിയേക്കാള്‍ ശക്തിയായി കുട്ടിമാളൂന്റെ മനസ്സിലും മുഖത്തും തകര്‍ത്തു പെയ്തു.  വിദ്യാഭ്യാസവും കൂടെ വിവരക്കേടും എല്ലാം കുത്തിക്കേറ്റി ഈ കുഞ്ഞു മനസ്സു നിറയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് , ഈ ചോദ്യം വന്ന ഹൃദയത്തിലെ, നാവിലെ ,സരസ്വതീ സാമീപ്യത്തെ  മനസ്സാ നമിച്ച് ആ അതിശയക്കുട്ടിയെ വാരിപ്പുണര്‍ന്നു കൊണ്ട് കുട്ടിമാളു പറഞ്ഞു, “ഈ ഭൂമിയില്‍ അടുക്കളയോളം മാഹാത്മ്യം ഉള്ള  സ്ഥലം  വേറേയില്ല കുഞ്ഞൂ”.


           “അതു എങ്ങിനെയാ മാളൂച്ചേയീ, അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവങ്ങള്‍ ഉള്ള അമ്പലങ്ങളാ ഏറ്റവും മാഹാത്മ്യം ഉള്ള സ്ഥലങ്ങള്‍ എന്ന്‍...”  

             “.........അയ്യോ ...........”, വിളിച്ചുപോയി കുട്ടിമാളു.  ഈ പൊടിമനസ്സില്‍ ഇത്രയും വലിയ മണ്ടത്തരം കുത്തിനിറച്ച, വിശ്വവിജ്ഞാനകോശം എന്നു സ്വയം ഭാവിക്കുന്ന തന്റെ യജമാനത്തിക്കിട്ട് കുട്ടിമാളു  മനസ്സുകൊണ്ട് കണക്കിനു ഒരു തൊഴി കൊടുത്തു, എന്നിട്ടു  കുഞ്ഞിനോടു ചോദിച്ചു,
              “എന്റെ അമ്മുലുക്കുട്ടിക്കു  മാളുച്ചേയിയെ ഇഷ്ടമല്ലേ?” 
            “ങൂം........”, അമ്മുലുകുഞ്ഞു ചെറുചിരിയോടെ നിറഞ്ഞ സ്നേഹത്തൊടെ ഒന്നു മൂളി. ആ ആത്മാര്‍ത്ഥമായ മൂളലില്‍നിന്നും കുട്ടിമാളു ഒന്നു മനസ്സിലാക്കി. തൈരും ചോറൂം കൂട്ടിക്കുഴച്ച് ഞാന്‍ ഈ കുഞ്ഞിനു കൊടുത്ത ഓരോ ഉരുളയ്ക്കുമൊപ്പം എന്റെ സ്നേഹം ഉണ്ടായിരുന്നതും  കുഞ്ഞില്‍ എത്തിയിട്ടുണ്ടെന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്ന നല്ല അറിവുകളും ഈ കുഞ്ഞിനു മനസ്സിലാവും. അടുക്കളമാഹാത്മ്യത്തെക്കുറിച്ചു  ചോദിച്ച ചോദ്യം കുഞ്ഞ് മറക്കുന്നതിനു മുന്‍പ് താന്‍ വര്‍ഷങ്ങള്‍കൊണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവള്‍ക്കു പറഞ്ഞു കൊടുക്കണം.

           പിറ്റേന്നും പതിവുപോലെ  വെളുപ്പിനെ അമ്മുലുക്കുഞ്ഞ് അടുക്കളയിലെത്തി. അടുപ്പിലെ ചാരം  വാരി മാറ്റുകയായിരുന്നു  മാളു അപ്പോള്‍ .  തലേന്നു തന്നോടു പറഞ്ഞ കാര്യം ഓര്‍ത്തു കൊണ്ട് അമ്മുലു ചോദിച്ചു , “അടുക്കളയോളം മാഹാത്മ്യം ഉള്ള സ്ഥലം വേറേയില്ല എന്നു ഇച്ചേയി പറഞ്ഞില്ലേ, അപ്പോള്‍ അമ്പലമോ?“
            മാളു: “ഈ അടുക്കളയേക്കാള്‍ വലിയ ഏതു അമ്പലമാണ് കുഞ്ഞേ?”
             അമ്മുലു: “എന്താ?” അവള്‍ക്കു മനസ്സിലായില്ല മാളു പറഞ്ഞത്.
           ചാരം വാരിമാറ്റിയ അടുപ്പിനെ തൊട്ടുകൊണ്ട് കുട്ടിമാളു  ചോദിച്ചു, “ഇതെന്താണ്?”
            അമ്മുലു : “ഇത് അടുപ്പ്”
          മാളു : “അതെ അതു ശരിതന്നെ, എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ,  ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
           അമ്മുലു: “അതെങ്ങെനെ?“
          “ഇവര്‍ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ളവര്‍ . നമുക്കു സ്ഥിതി ചെയ്യുവാന്‍വേണ്ട ആഹാരം സൃഷ്ടിക്കുന്നവര്‍ ,അതിനു പാകപ്പിഴകള്‍ വന്നാലോ. സംഹാരമൂര്‍ത്തിയായ് മാറില്ലേ? എന്നും രാവിലെ ഞാന്‍  വിറകുകളും ചിരട്ടയും തൊണ്ടും കത്തിജ്വലിപ്പിച്ച്  ഒരു ഹോമകുണ്ഡമായ് മാറ്റിയ അടുപ്പില്‍ ഗണപതി ഹോമത്തോടെ ഈ വീടിന്റെ ചൈതന്യത്തിനു തുടക്കം കുറിക്കുന്നു. അല്ലേ മുത്തേ?  പിന്നെ ചിലര്‍ക്കു ആ‍ഹാരം കൊടുക്കുമ്പോളേ ഗണപതി ഭഗവാന്‍ നേരിട്ടു വന്നതാണോ എന്നു തോന്നാറുണ്ടേ, അതുപോലെ ഞാന്‍ എന്തു ചെയ്യുന്നതും അഗ്നിസാക്ഷിയായിട്ടല്ലേ ? (ഈ കത്തുന്ന അടുപ്പിനു മുന്‍പിലേ ഹി ...ഹി..)”.
             പിന്നെ അസുരന്മാരും ദേവന്മാരും എല്ലാം പല രൂപത്തില്‍  ഭാവത്തില്‍ എന്റെ ഈ അടുക്കളയില്‍ വരും. അവരുടെയൊക്കെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഈ മാളുച്ചേയി എപ്പോഴും ഇവിടെ വേണ്ടേ ചക്കരേ?” അമ്മലു കഞ്ഞിന് മാളുച്ചേയീടെ പറച്ചില്‍ കേട്ട് വല്ലാതെ ചിരി വന്നു.
               “എന്താ കള്ളി ചിരിക്കുന്നേ” എന്നുചോദിച്ച് വെള്ളം തിളക്കുന്ന കലത്തിലേക്കു അരികഴുകിയിട്ടുകൊണ്ട്  മാളു പറഞ്ഞു, “നോക്കു തങ്കം, അന്നം (ചോറ്) മഹാലക്ഷ്മി അല്ലേ? ഈ വീടിന്റെ ഐശ്വര്യം (ആരോഗ്യമാണ് ഐശ്വര്യം) മുഴുവനും ഇവിടെയല്ലേ?”.  പിന്നെ പാലഭിഷേകം നെയ്യഭിഷേകം (എല്ലാം തിളച്ചു തൂവില്ലെ) ഒക്കെയുണ്ടല്ലൊ ഇവിടെ.  ശ്രദ്ധയോടെല്ലാം കേട്ടിരുന്നു അമ്മലുകുട്ടി.  രാവിലത്തെ പലഹാരത്തിനുള്ള തേങ്ങ പൊതിക്കാന്‍ മഴു എടുത്തപ്പോള്‍ മാളു പറഞ്ഞു, “ഇതില്‍ പരശുരാമ സാന്നിദ്ധ്യം, എന്നുവച്ചാല്‍  സാക്ഷാല്‍ ഭഗാവാന്‍ മാഹവിഷ്ണു തന്നെ”.
           പൊതിച്ചതേങ്ങ അമ്മിക്കല്ലില്‍ അടിച്ചുടക്കുമ്പോള്‍  അമ്മുലുവിനോട് കുട്ടിമാളു ചോദിച്ചു “എന്റെ തങ്കം കണ്ടിട്ടില്ലേ, അമ്പലങ്ങളിലും ഇതുപോലെ ചെയ്യുന്നേ?”
                  “......ങൂം”
               പുതിയ അറിവുകള്‍ നിറയുന്നതിന്റെ സന്തോഷം അമ്മുലുവിന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.  തേങ്ങചിരവാന്‍ ചിരവ എടുത്തപ്പോള്‍ അതിനെ, ശ്രീകോവിലുകളെ, ഭഗവാന്മാരെ ഒക്കെ കാക്കുന്ന വ്യാളികളോട് ഉപമിച്ചു കൊണ്ട് മാളു പറഞ്ഞു അടുക്കളയിലെ മിക്ക സാധനങ്ങളും ‌- പല രൂപത്തിലുള്ള ചിരവകള്‍ , ഉലക്ക, അമ്മിക്കുട്ടി, കത്തികള്‍ ‍, തവികള്‍ , ചട്ടുകങ്ങള്‍ , വിവിധതരം പാത്രങ്ങള്‍ എല്ലാം വ്യാളികള്‍ തന്നെ. എന്നുവച്ചാല്‍ വീട്ടിലേക്ക് പുറത്തുനിന്നുവരുന്ന ഏതുതരം ശത്രുക്കളേയും നേരിടാന്‍ ശക്തിയുള്ളവരാണ് ഇവയെല്ലാം തന്നെ. അതുപോലെ ചോറുവാര്‍ക്കാന്‍ ഉപയോഗിക്കുന്ന അടപലക, ഇഡ്ഡലിത്തട്ട് തുടങ്ങിയവ പരിച പോലെ നല്ല ഒരു രക്ഷകന്‍ ആകും പലപ്പോഴും. ശരിയല്ലേ കുട്ടാ?”  ഇതൊക്കെ കേട്ട് മാളുവിന്റെ തങ്കം ചിരിച്ചുപോയേ..
             അടുക്കളയിലെ അത്ഭുതലോകത്തേക്കുറിച്ച്  ശ്രദ്ധയോടെ കേള്‍ക്കുന്നതിനിടയില്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരിക്കുന്ന അരിക്കലത്തിലേക്കു നോക്കി അമ്മുലു ചോദിച്ചു, “അപ്പോള്‍ ഇതിനെന്തു പറയും ഇച്ചേയീ?”
              പൊട്ടിച്ചിരിച്ചുകൊണ്ട് മാളു ചോദിച്ചു “ അറിയാന്‍ വയ്യേ എന്റെ തങ്കത്തിന്? ഒന്നു ഓര്‍ത്തു നോക്കിക്കേ! ഇതിനുത്തരം എന്റെ സുന്ദരിക്കുട്ടി തന്നെ പറയണം. ഇച്ചേയി ക്ലൂ തരാം”.
              “ക്ലൂ ഒന്ന്, ഒരിക്കലും അടുക്കളയില്‍ കയറാത്തവര്‍ക്കുള്ള ഒരു ശിക്ഷ”.
             “ക്ലൂ രണ്ട്, വേറോരാളിനെക്കൊണ്ട് കാര്യങ്ങള്‍ ഭഗവാനില്‍  എത്തിക്കുന്നത് ഇഷ്ടമില്ലാതിരുന്ന ഏതോ മിടുക്കത്തികള്‍ നേരിട്ടു ഭഗവാനേ പൂജിക്കാന്‍ ഉണ്ടാക്കിയ സൂത്രം”.
          “ക്ലൂ മൂന്ന്, അടുക്കളയിലെ പ്രകടനം അരങ്ങത്ത് എത്തിക്കാനുള്ള  ഒരു നമ്പര്‍ ”.
             “ഇത്രയും പറഞ്ഞിട്ടും എന്റെ പൊന്നിനു മനസ്സിലായില്ല അല്ലെ? പൊട്ടടാ സാരമില്ല, ഒരു ക്ലൂ കൂടെ തരാം, പത്രത്തിലും റ്റിവീ ലും വാര്‍ത്തയായ് വരും, വലിയ പേരു പെരുമയും  ഉള്ള ചിലര്‍ കൈയ്യില്‍ കയിലും (തവി), കണ്ണില്‍ കണ്ണീരും, മുട്ടോളം കയറ്റികുത്തിയ സാരിയും , ചുണ്ടില്‍ വരുത്തിതീര്‍ത്ത ചിരിയും ചുറ്റിലും പുകയും, അവരെ നോക്കി അന്തം വിട്ടു നില്‍ക്കുന്ന പാവങ്ങളായ കുറേ പെണ്ണുങ്ങളും.........” പറഞ്ഞു തീര്‍ക്കാന്‍ സമ്മതിക്കാതെ അമ്മുലുക്കുഞ്ഞു ഉച്ചത്തില്‍ വിളിച്ചുകൂവി, “ പൊങ്കാല”.

              “അതന്നേ കുട്ടാ‍ാ‍ാ‍ാ..... ഈ അടുപ്പത്തു കാണുന്നതും പൊങ്കാല തന്നെ.  ആര്‍ക്കു വേണ്ടിയായാലും എവിടെയായാലും ആഹാരം ഉണ്ടാക്കുന്നതും കൊടുക്കുന്നതും എല്ലാം ഭഗവാനു വേണ്ടി  എന്ന മനസ്സോടെ,ആദരവോടെ, സ്നേഹത്തോടെ വേണം ചെയ്യാന്‍”.
            “പിന്നെ എന്തിനാ ഇച്ചേയി അമ്പലം, പൊങ്കാല, പ്രാര്‍ത്ഥന.................?????????”
            ഈ പാവം നിഷ്കളങ്കബാല്യത്തോട് എന്തു പറയും? മാളു ആലോചിച്ചു.
        “തങ്കം.....,,, ഇച്ചേയിക്കും ഈ അടുക്കളലോകത്തിനപ്പുറം ഒന്നുമറിയില്ല. എന്നാലും എനിക്കു തോന്നുന്നത് ദേവാലയങ്ങളില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രമായി ഒരേ മനസ്സോടെ നില്‍ക്കുന്നു. (ദൈവത്തിന്റെ മുപില്‍ ജാട കാണിക്കാന്‍ പറ്റില്ലല്ലോ).   വഴിപാടുകള്‍ , പ്രാര്‍ഥനകള്‍ , ഒക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം , സന്തോഷം, 
ഉന്മേഷം, പിന്നെ പലര്‍ക്കും വീടെന്ന ജയിലില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ഒരു രക്ഷപെടല്‍ ............”

            മനസ്സിലായതില്‍ കൂടുതല്‍ മനസ്സിലാവാതെ നിറഞ്ഞ സ്നേഹത്തോടെ അമ്മുലുകുഞ്ഞു മാളുച്ചേയിയെ പിടിച്ചിരുത്തി ആ മടിയില്‍ തലചായ്ച്ച്  കിടന്നു, മനസ്സ് നിറയെ മാളുച്ചേയി പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്കൊണ്ട്, ഉത്തരം കിട്ടാനുള്ള നിറയെ ചോദ്യങ്ങളുമായി.


.....................................................................................................

ഇന്നു പലര്‍ക്കും അറിയാത്ത, ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന  അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തു ഞാന്‍.
ഇതുപോലെ ഒരു ഇച്ചേയി എനിക്കും ഉണ്ട്. ഇന്ദിരാമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ഇച്ചേയിക്കു വേണ്ടി എന്റെ ഈ പോസ്റ്റ്.