Wednesday, July 23, 2008

മധുരനൊമ്പരം


അറിയാതെ ജനിച്ച പുഞ്ചിരി
അറിഞ്ഞു ജനിച്ച നീര്‍മിഴി
അറിയാതെ കിട്ടിയ ചുംബനം
അറിഞ്ഞു കിട്ടിയ താഡനം
അറിയാതെ വന്ന കര്‍മ്മങ്ങള്‍
അറിഞ്ഞു വന്ന ഓര്‍മ്മകള്‍
അറിയാതെ ചെയ്ത വാഗ്ദാനം
അറിഞ്ഞു ചെയ്ത സഹായം
അറിയാതെ കണ്ട സ്വപ്നങ്ങള്‍
അറിഞ്ഞു കണ്ട യാഥാര്‍ത്ഥ്യങ്ങള്‍
അറിയാതെ തന്ന സ്നേഹവും
അറിഞ്ഞു തന്ന ദ്രോഹവും
അറിയാതെ വന്ന തെറ്റുകള്‍
അറിഞ്ഞു തന്ന ശിക്ഷകള്‍
അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം
അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം

Monday, July 21, 2008

ഉത്തരമില്ലാത്ത ചോദ്യം


അച്ഛന്‍ നാലു വയസ്സായ മോളെ വിളിച്ചു.
“ശാരൂ...ശാരൂ..’
മോള്‍“ ങൂം..” അച്ഛന്‍ പിന്നെയും വിളിച്ചു.
“ശാരൂ...ശാരൂ......’
മോള്‍ “ങൂം........ങൂം.....”
അച്ഛന്‍ കുറച്ചു കൂടെ ഉച്ചത്തില്‍ അല്പം ദേഷ്യത്തോടെ വിളിച്ചു.”ശാരൂ.......”
മോള്‍ “ങൂം..(പെട്ടെന്നു എന്തോ ഒര്‍ത്തിട്ട്) എന്തോ....... എന്തോ....”
അച്ഛന്‍ വിളി നിര്‍ത്തി എന്നിട്ടു മോളോടു പറഞ്ഞു“ശാരൂ എത്ര തവണ ഞാന്‍ നിന്നോടു പറഞ്ഞു തന്നിട്ടുണ്ട് ആരു വിളിച്ചാലും ‘എന്തോ’ എന്നു വിളികേള്‍ക്കണം എന്നു?”അപ്പോള്‍ ശാരു എന്തോ വലിയ തെറ്റു താന്‍ ചെയ്തല്ലോ എന്നു ഓര്‍ത്ത് മിണ്ടാതെ കളിച്ചു കൊണ്ടിരുന്നു.പെട്ടന്നു എന്തോ ചോദിക്കാനായി ശാരു വിളിച്ചു ‘അച്ഛാ.....”
അച്ഛന്‍ “ങൂം..........”
“അച്ഛാ......”
അച്ഛന്‍ “ങൂം............”
ശാരു ഉച്ചത്തില്‍ വിളിച്ചു “അച്ഛാ‍ാ‍ാ‍ാ‍ാ‍ാ...........”
അച്ഛന്‍ (ദേഷ്യത്തില്‍) “എന്താ‍ടീ........എന്തിനാ നീ ഇങ്ങനെ അലറി വിളിക്കുന്നേ? എത്ര തവണ ഞാന്‍ വിളി കേട്ടു.
ശാരു വിളി നിര്‍ത്തിയിട്ട് അച്ഛനോടു ചോദിച്ചു “എന്താ അച്ഛാ ശാരു വിളിക്കുമ്പോള്‍ അച്ഛന്‍ ‘എന്തോ’ എന്നു വിളികേള്‍ക്കത്തത്?”അച്ഛന്‍ പെട്ടന്നു ഒന്നു ഞെട്ടി.
ശാരു ഈ കാലഘട്ടത്തിലെ കുട്ടികളുടെയെല്ലാം പ്രതിനിധി.
അവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അനുസരണശീലം, സ്വഭാവശീലം, വായനാശീലം...തുടങ്ങിയ ശീലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇന്നത്തെ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കന്മാര്‍, അധ്യാപകര്‍, മുതിര്‍ന്നവര്‍ എപ്പോഴെങ്കിലും ഓര്‍ക്കറുണ്ടോ ,ആലോചിക്കറുണ്ടോ, ഇതില്‍ എത്ര ശീലങ്ങള്‍ നമ്മള്‍ സ്വയം ശീലമാക്കിയിട്ടുണ്ട് എന്ന്? ശാരുവിനെപ്പോലെയുള്ള മക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നമ്മള്‍ മുതിര്‍ന്നവര്‍ എന്ത് ഉത്തരം നല്‍കും? അറിയില്ല.
ഇന്ന് ഇതു ഉത്തരമില്ലാത്ത ചോദ്യം.
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ചോദ്യം.

Monday, July 14, 2008

നഷ്ടപ്പെടുത്തിയ ആ ഒന്ന്

എന്നില്‍ നിന്നും നഷ്ടപ്പെട്ട ആ ഒന്നിനെ ഞാന്‍ അറിഞ്ഞില്ല.മറ്റുപലരും അറിഞ്ഞു.
പലരും അറിഞ്ഞപ്പോള്‍ ഞാനും അറിഞ്ഞു.
അറിഞ്ഞപ്പോള്‍ ആ നഷ്ടപ്പെട്ട ഒന്നിനെ ഞാനും ഓര്‍ത്തു. അത് നഷ്ടം ആയിരുന്നില്ല പലപ്പോഴും എനിക്കു നേട്ടമായിരുന്നു...

നീണ്ട യാത്രയില്‍ കുറെദൂരം പിന്നിട്ട ശേഷം ആണ്,അതൊ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയപ്പോഴോ, അറിയില്ല, എപ്പോഴോ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.നഷ്ടപ്പെട്ടത് ഇത്ര വിലപിടിച്ചതായിരുന്നു എന്ന്. നഷ്ടപ്പെട്ട സ്ഥലം കാലം സമയം ഒന്നും ഓര്‍മ്മയില്‍ വന്നില്ല..
ഒന്നിനെ മാത്രം തിരഞ്ഞുള്ള ആ നടപ്പിനിടയില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നു നഷ്ടപ്പെട്ട പലതും
പല്ലിളിച്ചും ക്രൂരമായും ദയനീയമായും എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
കണ്ടു മുട്ടിയതല്ലേ വീണ്ടും,എല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചു ഞാന്‍ എല്ലാത്തിന്റേയും അടുക്കല്‍ ഓടിയെത്തി.
പക്ഷെ നഷ്ടപ്പെടുത്തിയവയെല്ലാം ഒന്നായിച്ചേര്‍ന്നു ഒരേ സ്വരത്തില്‍ എന്നോട് പറഞ്ഞു
”ഞങ്ങള്‍ക്കാര്‍ക്കും ഇനി നിന്നോടൊത്തു വരാന്‍ കഴിയില്ല, ഞങ്ങള്‍ കൈവിട്ടു പോകുന്ന കാര്യം അറിഞ്ഞിട്ടോ അതോ അറിഞ്ഞില്ല എന്നു നടിച്ചിട്ടോ എന്തൊരു ഓട്ടം ആയിരുന്നു നീ ഓടിക്കൊണ്ടിരുന്നത്?”
മന;പൂര്‍വം എന്നില്‍ നിന്നും ഒഴിവാക്കിയവ, അറിയാതെ നഷ്ടപ്പെട്ടുപ്പോയവ, എല്ലാത്തിനോടും പറയാന്‍ എനിക്കു ഒരു ഉത്തരം ഉണ്ടായിരുന്നു .
ആദ്യമേ തന്നെ ഞാനായിട്ടു അറിയാതെ കളഞ്ഞതോ ,ആരെല്ലാമോ ചേര്‍ന്നു എന്നില്‍ നിന്നു കളയിപ്പിച്ചതോ ആയ ആ ഒന്ന് കാരണം ആണ് പിന്നെ നിങ്ങളെയെല്ലാം നഷ്ടപ്പെടേണ്ടി വന്നത്.ആ ഒന്നു എനിക്കു തിരിച്ചു കിട്ടിയാല്‍ നിങ്ങള്‍ക്കെല്ലാം എന്നിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെ??
അപ്പോഴുണ്ടായ ആ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തി ആ ഒന്നിനെ തിരഞ്ഞുള്ള ഒരു പരക്കം പാച്ചിലായിരുന്നു പിന്നീട്.അപരിചിതമായ ഭാവത്തില്‍ രൂപത്തില്‍ ഞാന്‍ അതിനെ കാണുകയായിരുന്നു.ഓടി അടുത്തുചെന്നു കൈക്കുള്ളില്‍ ഒതുക്കാന്‍ നോക്കി . കഴിയുന്നില്ല . പകച്ചു മാറി നിന്ന എന്നെ നോക്കി ഒരു ചെറു ചിരിയോടെ ആ ഒന്നു എന്നോടു ചോദിച്ചു.
“എന്തേ തിരഞ്ഞു വന്നതു?കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി അല്ലെ ഞാന്‍ കൂടെയില്ലാത്തതിന്റെ കുറവ്?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു.
“അതെ അതു മാത്രം ആണ് എനിക്കുള്ള സങ്കടം, ഇനിയുള്ള കാലമെങ്കിലും എന്റെ കൂടെ വരണം, ഒരിക്കലും കളയില്ല,ആര്‍ക്കും കളയിക്കാനും കഴിയില്ല,സൂക്ഷിക്കും ജീവനായി”.

അറിവിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആ ഒന്നു പറഞ്ഞു.
“വിളിച്ചാല്‍ വരാതിരിക്കാന്‍ എനിക്കു പറ്റില്ല,അന്നു ഒഴിവാക്കിയ ഭാവത്തിലോ ഭാഗത്തിലോ എനിക്കു ഇന്നു നിന്നിലേക്കു വരാന്‍ പറ്റില്ല, നീയും മാറി ഞാനും മാ‍റി.പുതിയ ഭാവവും ഭാഗവും തന്നു നീ എന്നെ നിന്റെ ഭാഗം ആക്കു”

ഞാന്‍ എവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വിദ്യാഭ്യാസം എന്ന ആ ഒന്ന് എനിക്കു ഇപ്പോള്‍ തന്ന
ആ വാക്കുകള്‍ എനിക്കു പ്രതീക്ഷകള്‍ ആയി,പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍ ആയി, എല്ലാത്തിനും അപ്പുറം ഒരു സമാധാനം ആയി.

Wednesday, July 9, 2008

ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???

എനിക്കു കൂടുതല്‍ ഒന്നും അറിയില്ല ഞാന്‍ ഈ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു.എന്നാല്‍ എനിക്കു ഇതു എല്ലാവരേയും അറിയിക്കാതെയും വയ്യ.
എന്റെ കമ്പ്യൂട്ടറിന്റെ ചെറിയ ജനവാതിലിലുടെ വന്ന ഈ വലിയ വിശേഷം എന്റെ പ്രിയപ്പെട്ട ബ്ലോഗേര്‍സിനെ
അറിയിക്കുക എന്നത് എന്റെ കടമ തന്നെയാണ്.അതിന്നായി ഞാന്‍ ഇതു ഇവിടെ എഴുതുന്നു.

സംഭവം ഇങ്ങനെ.
പി.സി.യില്‍ ജി മെയിലില്‍ ഒരു കുഞ്ഞു വിന്‍ഡൊ തുറക്കുന്നു(ഇന്നലെ ഒരു 1.30 ഉച്ചക്ക്).ഒരു ബ്ലോഗ് സുഹൃത്ത് പ്രത്യക്ഷപ്പെടുന്നു.
.....“ഹായ് ചേച്ചീ... സുഖമാണോ?“
ഞാന്‍..“ അതേല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”
.....”അതെ ചേച്ചീ.. ഇന്നു ഒരു സംഭവം ഉണ്ടായി, രാവിലെ ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയിരുന്നു ,ഒരു അഫിഡവിറ്റിന്റെ കാര്യത്തിനു പോയതാ, അവിടെ ഞാന്‍ ദയനീയമായ ഒരു കാഴ്ച കണ്ടു.എനിക്കു അറിയാവുന്ന ഒരു സ്ത്രീ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ സഹായത്തിനായി അവിടെ ഇരിക്കുന്നു, കൈയില്‍ നാട്ടിലെ ഏതോ ആധാരത്തിന്റെ രേഖകളും ഒക്കെയുണ്ട്.അവരുടെ അവസ്ഥ കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവര്‍ക്കു കുടിക്കാന്‍ ഒക്കെ വാങ്ങിക്കൊടുത്തു.”
ഞാന്‍...”എന്നിട്ട്”(എന്നിലെ എ.ഒ.എല്‍. ചാരിറ്റി പ്രവര്‍ത്തക ഉണര്‍ന്നു.)
.....”അവര്‍ക്കു നിങ്ങടെ സംഘടന വഴി എന്തെലും സഹായം ചെയ്യാന്‍ പറ്റുമോ?.അങ്ങനെ ചെയ്താല്‍ ചേച്ചിക്കു പുണ്യം കിട്ടും”.
ഞാന്‍...“തീര്‍ച്ചയായും, കോണ്ടാക്റ്റ് നമ്പറും, പേരും തരു.
(നമ്പര്‍ തന്നു)
ഞാന്‍ ...”പേരു പറയു”
.....“ഒരു പേരിലെന്തിരിക്കുന്നു, പ്രവര്‍ത്തിയിലല്ലേ കാര്യം സമയം കളയാതെ പെട്ടന്നു വിളിക്കു ചേച്ചി, ഞാന്‍ വെയിറ്റ് ചെയ്യാം”
ഞാന്‍...“ ശരി”(എന്തൊ ആ സമയത്തെ മനസ്സു കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ മുതിര്‍ന്നും ഇല്ല, സേവനം മാത്രം മുന്നില്‍)

വിങ്ങുന്ന ഒരു മനസ്സുമായി ഞാന്‍ ആ നമ്പറില്‍ വിളിച്ചു.ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടന്നു ഫോണ്‍ എടുത്തു
“ഹലോ ചേച്ചീ........(എന്റെ നമ്പര്‍ മനസ്സിലായതു കൊണ്ടാണ് ആ മറുവിളി കേട്ടത്))
സത്യത്തില്‍ ആ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. തൊണ്ടയുണങ്ങി നിശ്ചലയായി പോയി ഞാന്‍.(നമ്മുടെ മലയാളം ബ്ലോഗിലെ പ്രശസ്ഥയായ ഒരു എഴുത്തുകാരിയുടെ ശബ്ദം ആയിരുന്നു അത്,എനിക്കു വളരെ പരിചയമുള്ള ശബ്ദം.)
ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു “രാവിലെ എവിടെയായിരുന്നു?“
മറു മൊഴി....”ഒന്നു കോണ്‍സുലേറ്റില്‍ പോയി ചേച്ചി, അവിടെ വച്ചു നമ്മുടെ പ്രിയ സുഹൃത്തിനെ കണ്ടു, എനിക്കു വെള്ളം ഒക്കെ മേടിച്ചു തന്നു, അവിടെയും ആ മര്യാദ ഒക്കെ കാണിച്ചു പാവം”
ഇതും കൂടെ കെട്ടപ്പോള്‍ ഞാന്‍ അറിഞ്ഞതെല്ലാം സത്യം...എന്നു എനിക്കു തീര്‍ച്ചയായി. സംസാരം തുടരാന്‍ വയ്യാതെ
“ശരി മോളേ, പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു”

എന്റെ കുഞ്ഞു വിന്‍ഡോയില്‍ കാത്തിരുന്ന ആളിന്റെ അടുത്തു വന്നു, വിളിച്ച കാര്യം പറഞ്ഞു.
ആളിനു ഭയങ്കര സന്തോഷമായി(സന്തോഷത്തിന്റെ കാര്യം മനസ്സിലായില്ല എങ്കില്‍ പിന്നെ പറയാം)
അയാള്‍ എന്നിട്ടു എന്റെ അറിവിലേക്കായി ഒരു പുതിയ കാര്യം പറഞ്ഞു തന്നു
“പുണ്യപ്രവര്‍ത്തിക്കുള്ള നമ്മുടെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവാര്‍ഡ് ചേച്ചിക്കു ഞാന്‍ മേടിച്ചു തരും എന്ന്.“
ഇതിലേക്കായി(എനിക്കു ആ അവാര്‍ഡും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്) എല്ലാവരുടേയും മനസ്സറിഞ്ഞുള്ള സഹായം വേണം.
അതിനായി ഞാന്‍ എനിക്കു നേരിട്ടറിയാവുന്ന ബ്ലൊഗിലെ കാര്‍ണവരായ കൈതമുള്ളു ശശിയേട്ടന്‍,ഇത്തിരിവെട്ടം, സഹയാത്രികന്‍,വഴിപോക്കന്‍, അഭിലാഷങ്ങള്‍, എന്നിവരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു” ഇതു നമ്മളില്‍ മാത്രം ഒതുക്കേണ്ട കാര്യം അല്ല,നമ്മുടെ ബ്ലോഗിലെ ഈ പ്രശസ്ത എഴുത്തുകാരിയെ സഹായിക്കേണ്ടത് നന്മ നിറഞ്ഞ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവകാശമാണ്.” അവരുടെയെല്ലാം അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഒരു സഹായ അഭ്യര്‍ഥനയായി നിങ്ങളുടെ മുന്‍പാകെ സമര്‍പ്പിക്കുന്നു.

കണ്ണും മനസ്സും തുറക്കൂ‌, സഹായിക്കൂ ..ആ പാവം എഴുത്തുകാരിയെ, നമ്മുടെ ബ്ലൊഗ്ഗറെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ വിവരം എനിക്കു പറഞ്ഞു തന്നു ഈ പുണ്യപ്രവര്‍ത്തി ചെയ്യാന്‍ , ആ എഴുത്തുകാരിയുടെ അവസ്ഥക്കു ദൃക്‌സാക്ഷിയായ,നമ്മുടെ ബ്ലോഗിലെ എല്ലാവര്‍ക്കും പ്രിയപ്പേട്ട എഴുത്തുകാരന്‍ ഹരിയണ്ണനെ നേരിട്ട് വിളിക്കാം.

കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..

Tuesday, July 1, 2008

കണ്ണുനീരിന്റെ വിങ്ങല്‍

ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.

ഒരു
നാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.

കണ്‍പോളകളില്‍ വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.

“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.

“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര്‍ കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ..."