ജാനകിയും രാഘവനും മാതൃകാ നാമധാരികളായ മുറപ്പെണ്ണും മുറച്ചെറുക്കനും.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ഒളിച്ചോടിപ്പോയി നടത്തി നാട്ടില്‍ പ്രസിദ്ധരാവുകയും ചരിത്രം സൃഷ്ടിക്കയും ചെയ്തവര്‍. പ്ലസ് റ്റു വരെ പഠിച്ച ജാനകിക്ക് ഒണ്‍ലി റ്റു വരെ പഠിച്ച സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്നും അഭിമാനം മാത്രം. രാഘവനേക്കുറിച്ചു ജാനകി പറഞ്ഞ മഹത് വചനം നാട്ടുകാര്‍ ഒന്നാകെ അവരുടെ മനസ്സുകളില്‍ തങ്കലിപികളില്‍ എപ്പോഴും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. “രണ്ടാം ക്ലാസില്‍ ഇയാളു പഠിത്തം നിര്‍ത്തിയത് നന്നായി , ആ അറിവിന്റെ മഹത്വം ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ? വിദ്യാഭ്യാസം കൂടിപ്പൊയിരുന്നങ്കില്‍ ആ ഒറ്റക്കാരണത്താല്‍ ഈ ലോകം മുഴുവന്‍ മറ്റു പലരേയും സഹിക്കുന്നപോലെ, ഇയാളേയും സഹിക്കേണ്ടി വന്നേനേ”.
പറയുന്നവന്‍ അറിയുന്നില്ല, കേള്‍ക്കുന്നവന്‍ ഒന്നുമേ അറിയുന്നില്ല എന്ന തരത്തിലുള്ള പല പല സംഭാഷണങ്ങള്‍ , ചോദ്യോത്തരങ്ങള്‍, വാചകമത്സരങ്ങള്‍ മുതലായവ ആ വീട്ടില്‍ നിന്നുമുയരുന്നത് ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ മിക്ക സമയങ്ങളിലും അലയടിച്ചിരുന്നു,കൂടുതലായും ചില വൈകുന്നേരങ്ങളില്‍. അതൊന്നും പുതിയ കാര്യങ്ങള്‍ ആയിരുന്നില്ല.എന്നാല്‍ ഈയിടെയായി നേരഭേദം ഇല്ലാതെ എപ്പോഴും വഴക്കും ബഹളവും തന്നെ. ചുറ്റുവട്ടത്തുള്ളവര്‍ക്കും കൂടെ സമാധാനക്കേടായിട്ട് എന്തിനാ ഈ ബഹളം എന്നുള്ള ചോദ്യത്തിനുത്തരം തേടി നേരിട്ട് ആ വീട്ടിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ചില സമയങ്ങളില്‍ ഉച്ചസ്ഥായിയില്‍ കേട്ട രാഘവ സംഭാഷണങ്ങളില്‍ നിന്നും വഴക്കിന്റെ അടിസ്ഥാനം എന്തോ കൊടുക്കല്‍ വാങ്ങല്‍ ആണ് എന്നു എനിക്കു തോന്നിയിരുന്നു.
ഒരു വൈകുന്നേരം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മാതൃകാനാമധാരികള്‍ വളരെ അച്ചടക്കത്തോടെ പരസ്പരം നോക്കിയിരിക്കുന്നതാണ് കണ്ടത്. അടുത്ത ഗുസ്തിക്കു മുന്‍പുള്ള ഒരു തയ്യാറെടുപ്പായി തോന്നി ആ ഇരുപ്പ്. എന്നേക്കണ്ടതും രണ്ടാളും ഒന്നിളകിയിരുന്നു. വെളിയില്‍നിന്നും വരുന്ന ആളെ നോക്കി ഒന്നു ചിരിക്കാന്‍ പോലും വയ്യാത്ത അത്ര വിഷമം എന്താണാവൊ ഈ രാഘവജാനകിമാര്‍ക്കിടയില്‍ സംഭവിച്ചത്?എന്നാലും ജാനകി എന്നേ തിണ്ണയിലെക്കു ക്ഷണിച്ചു. അവരോടൊപ്പം ആ നിശ്ശബ്ദ മീറ്റിംഗിന്റെ ഭാഗമായി ഞാനും അവിടെ ഇരുന്നു.
കുറച്ചു നേരത്തേക്ക് മൌനം ഒരു പ്രാര്‍ത്ഥനയായി കരുതിയിട്ട് ഞാന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി.
”എന്തു പറ്റി രണ്ടാള്‍ക്കും?”
അവരുടെ പ്രശ്നത്തിനു ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ആദ്യമായി ഒരാള്‍ വന്ന സന്തോഷത്തോടെ രണ്ടു പേരും എനിക്കിരുപുറവും വന്നിരുന്നു. പുറമേ സന്തോഷവും ഉള്ളാലേ ചെറിയ ഒരു ഭയവും(എന്തു തെറിയും എപ്പോള്‍ രഘവവായില്‍ നിന്നു വരും എന്ന് അറിയില്ലാല്ലോ)തോന്നിയെങ്കിലും ,എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായ ഇവരുടെ പ്രശ്നം എന്റേതും കൂടിയല്ലേ (ഒരു ഗാന്ധിയന്‍ ചിന്ത) എന്നൊക്കെ മനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് അവരുടെ ഇപ്പോഴുള്ള ആ ഭീകര പ്രശ്നം എന്തായാലും ഞാന്‍ കേള്‍ക്കാന്‍ തയ്യാറായി.
രാഘവന്‍ തന്നെ തുടക്കമിട്ടു.
“ഈ ഭയങ്കരി, എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസി, ഇവളുണ്ടല്ലോ പാവമായ എന്നെ ചതിച്ചു കുഞ്ഞേ.....”
കൂട്ടുകാരിയുടെ മുന്‍പില്‍ വച്ച് ആത്മനിയന്ത്രണം വിട്ടു പോകല്ലേ എന്നു ജാനകി മനസ്സില്‍ പറയുന്നത് അവളുടെ മുഖഭാവത്തില്‍ നിന്നും അപ്പോള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു.
‘എന്താ രാഘവാ ചതിക്കുകയോ,അതും ഈ പ്രായത്തിലോ? അറിയാതെ ഞാന്‍ ചോദിച്ചു പോയി.
രാഘവന്‍;ങൂം.... പ്രായത്തിന്റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം, പെണ്ണല്ലേ വര്‍ഗ്ഗം,
ചതി കണ്ടുപിടിച്ചവര്‍, ചതിയും കൊണ്ടു നടക്കുന്നവര്‍.......”(വടി കൊടുത്ത് അടി മേടിച്ച പോലെയായി ഞാന്‍)രാഘവന്‍ തുടര്‍ന്നു“എന്റെ അമ്മയെന്ന സ്ത്രീ അവരുടെ എണ്‍പതാമത്തെ വയസ്സില്‍ പുരുഷന്മാരായ എന്റെ അച്ഛനേയും എന്നേയും ചതിച്ചില്ലേ?”...ങൂം...........
‘യ്യോ......അങ്ങനേയും ഒരു സംഭവം നടന്നോ?
അതെന്താ? അറിയാതെ ചോദിച്ചു പോയി ഞാന്‍.
രഘവന്‍ തുടര്‍ന്നു,“എന്റെ പാവം അച്ഛനെ, ഈ പാവം എന്നെ, ഒരിക്കലും വിശ്വസിക്കാന്‍
കൊള്ളാത്ത ഇവളേ ഏല്‍പ്പിച്ചിട്ടു മുങ്ങിയില്ലേ ആ തള്ള”.
“മരിച്ചു പോയ ആ അമ്മായിയെക്കുറിച്ചു പറയുന്നതു കേട്ടില്ലേ ഈ ദുഷ്ടന്‍” ജാനകി ഒന്നു പൊറുപൊറുത്തു.
എനിക്കു ചിരിയും ഒപ്പം തന്നെ കരച്ചിലും വരുന്നുണ്ടായിരുന്നു.
അമ്മയേക്കുറിച്ചു പറയുന്നതു കേട്ടിട്ടായിരിക്കാം അകത്തു കിടന്നിരുന്ന അച്ഛനും അവിടേക്കു വന്നു ഞങ്ങളുടെ അടുത്തിരുന്നു. എന്നേക്കണ്ടതും അച്ഛന്‍ പറഞ്ഞു“ മോളു വന്നിട്ടുണ്ടന്നു അറിഞ്ഞാരുന്നു, തീരെ നടക്കാന്‍ വയ്യ,അല്ലേല്‍ ഒന്നു വന്നേനെ ഞാന്‍ അവിടേക്ക്. മോള്‍ ഇങ്ങോട്ടു വന്നത് നന്നായി, ഈയിടെയായി ഇവിടുത്തെ പുകിലു കാരണം ആരും ഈ വഴി വരാതെയായി”.
അച്ഛന്‍ നിര്‍ത്തിയതും രാഘവന്‍ ചാടി വീണു.”അറിയാം അച്ഛാ, നിങ്ങള്‍ പറയുന്നതേ എന്നെ കുറിച്ചു തന്നെയാണ് എന്നെനിക്കറിയാം,എങ്ങനെ ഞാന്‍ ബഹളം വൈക്കാതിരിക്കും?ഈ ബഹളം ഇത്രയും ഉണ്ടാക്കിയിട്ടും, ഇത്രയും ദിവസമായിട്ടും, എന്റെ പ്രശ്നത്തിനു നിങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞോ?എനിക്കെല്ലാം മനസ്സിലായി അച്ഛാ, നിങ്ങള്‍ അമ്മാവനും മരുമകളും ഒറ്റക്കെട്ടാ...“
രാഘവന്‍ എന്റെ നേരെ തിരിഞ്ഞു പറയാന്‍ തുടങ്ങി ”ഞാന്‍ പറയുന്നതു കുഞ്ഞു സൂക്ഷിച്ചു കേള്‍ക്കണം,(ശ്രദ്ധിച്ചു എന്ന വാക്കിനു പകരം ആണ് രാഘവന്‍ സൂക്ഷ്ച്ചു എന്നു പറഞ്ഞത്.
പല വാക്കുകളും രാഘവ ശബ്ദതാരാവലിയില്‍ ഇല്ല,സ്വന്തമായ ചില വാക്കുകള്‍ പലയിടത്തും പ്രയോഗിക്കും.കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായാല്‍ പോരേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.)
കുഞ്ഞിന്റെ കൂട്ടുകാരിയാണല്ലോ ഈ സാമദ്രോഹി. ഇവളോട് എന്റെ കിണ്ടി തിരിച്ചു തരാന്‍ ഒന്നു പറയാമോ?”
ഒരു കിണ്ടിക്കു വേണ്ടി ഇക്കണ്ട ബഹളം മുഴുവനും ഉണ്ടാക്കുന്നതു എന്തിനാ ഈ ജാനകി എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ അവളേയൊന്നു നോക്കി. പല്ലും കടിച്ചു പിടിച്ച് എന്തു പറയണം എന്നറിയാത്ത ഒരു അവസ്ഥയില്‍ അവള്‍ എന്നേ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.
മരുമകളുടെ ആ ദയനീയാവസ്ഥ കണ്ട് അമ്മാവന്റെ മനസ്സലിഞ്ഞു. വരാന്തയില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടി കാണിച്ചുകൊണ്ട് അച്ഛന്‍ മകനോടു പറഞ്ഞു,
“നിനക്കു കിണ്ടി മതിയെങ്കില്‍ ഇതെടുത്തുകൊണ്ടുപോയി ആര്‍ക്കാന്നു വച്ചാ കൊടുത്തു തുലക്ക്, എന്റെ അപ്പൂപ്പന്റെ കിണ്ടിയാ ,സാരമില്ല, എന്നാലെങ്കിലും ഇവിടെയൊരു സമാധാനം കിട്ടട്ടെ.”
രാഘവന്റെ ക്ഷമ മുഴുവനും നശിച്ച ഒരു കാഴ്ച്ചയാ പിന്നീട് ഞാന്‍ അവിടെ കണ്ടത്.
രഘവന്‍ അലറി പറഞ്ഞു“നിങ്ങടെ അപ്പൂപ്പന്റേ കാല്‍ക്കാശിനു വിലയില്ലാത്ത ഈ പരട്ട കിണ്ടി അല്ല എനിക്കു വേണ്ടത് ,ലക്ഷങ്ങള്‍ വിലയുള്ള എന്റെ സ്വന്തം കിണ്ടിയാ എനിക്കു വേണ്ടത്”.
വിറഞ്ഞു തുള്ളുന്ന രാഘവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടിപ്പോയി.ഇത്ര വിലപിടിപ്പുള്ള കിണ്ടിയോ? എന്താദ്?സ്വര്‍ണ്ണക്കിണ്ടിയോ?????
ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത എന്റെ അവസ്ഥ കണ്ടു അച്ഛന്‍ പറഞ്ഞു,”എന്റെ പൊന്നു കുഞ്ഞേ വെള്ളമടിച്ചടിച്ച് ഇവനു വട്ടാ”.
“ങാ... സത്യം പറഞ്ഞാല്‍ ഉടനെ വട്ടാന്നു പറഞ്ഞു പരത്തിക്കോ,എന്റെ അച്ഛന്‍ എന്നു പറയുന്ന ഈ മനുഷ്യനും എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസിയും കൂടി എന്നെ പറഞ്ഞു മയക്കി എന്റെ കിണ്ടി......”
രഘവന്‍ ഇത്രയും പറഞ്ഞതും ഇതുവരെ മിണ്ടാതിരുന്ന ജാനകി കൈയില്‍ വച്ചിരുന്ന ക്ഷമയുടെ നെല്ലിപ്പലക വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്ത് എന്റെ നേരെ ഒരു ചോദ്യം.
“വല്ലതും മനസ്സിലായോ കുഞ്ഞേ??...”
ഞാന്‍ ഉണ്ട് എന്നും ഇല്ല എന്നും പറഞ്ഞില്ല.എങ്ങനെയെങ്കിലും അവിടെനിന്നും പോയിക്കിട്ടിയാല്‍ മതി എന്ന അവസ്ഥയായിരുന്നു എന്റേത് അപ്പോള്‍.
രാഘവന്‍ വീണ്ടും എന്തോ പറയാന്‍ ഭാവിച്ചതും ജാനകി ഒരു അലറല്‍ “മിണ്ടിപ്പോകരുത്,ബോധമില്ലാത്ത വിവരദോഷി”. അവിടെ രാഘവന്‍ വായടച്ചു താല്‍ക്കാലികമായി.
ജാനകിക്കു ഭാഷാ പ്രയോഗത്തില്‍ പണ്ടേയുള്ള നൈപുണ്യം ഇപ്പോഴും ഒട്ടും തന്നെ മാറ്റു കുറയാതെ കാത്തു സൂക്ഷിക്കുന്നുണ്ട് മിടുക്കത്തി എന്നു എനിക്കു അപ്പോള്‍ തോന്നി.
പക്ഷെ ജാനകിയുടെ മിടുക്കൊന്നും തന്നെ ബാധിക്കുന്നേയില്ല ,ഏതു സമയത്തും എന്തും ഞാന്‍ പറയും എന്ന ഭാവത്തില്‍ തന്നെയിരുന്നു മിടുമിടുക്കന്‍ രാഘവന്‍.
പെട്ടന്നു ജാനകിയുടെ കണ്ണുകള്‍ നിറഞ്ഞു, ഒഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍
വീണ്ടും പറഞ്ഞു തുടങ്ങി“ഇയാള്‍ പറയുന്ന ഈ കിണ്ടി പ്രശ്നം എന്താണന്നോ?..
സൂക്കേടു വന്നു എന്റെ രണ്ടു കിഡ്നിയും പോയി... ജീവിതത്തില്‍ ഒരു പൊരുത്തവും ഇല്ലായിരുന്നങ്കിലും കിഡ്നി പൊരുത്തം ഉണ്ടായിരുന്നു,ഞാന്‍ മരിച്ചു പോകും എന്ന ഒരു അവസ്ഥയില്‍ ,അമ്മാവന്റെ നിര്‍ബ്ബന്ധം കൊണ്ട്, എന്റെ കഷ്ടകാലത്തിന്, ഈ മനുഷ്യന്റെ ഒരു കിഡ്നി എനിക്കു തന്നു കുഞ്ഞേ”.ജാനകി ഏങ്ങലടിച്ചു കൊണ്ടേയ്യിരുന്നു.
രാഘവന്‍ വീണ്ടും പറച്ചില്‍ തുടങ്ങി: “തന്നന്നോ, ആരു തന്നന്ന്???അടിച്ചു മാറ്റിയതാ,ആണുങ്ങളുടെ വിലപിടിപ്പുള്ളതെല്ലാം അടിച്ചു മാറ്റുന്നത് ഭാര്യമാരും അവരുടെ വീട്ടുകാരും അല്ലാതെ ആരാ”.............
ഉടനെ ജാനകി;”മിണ്ടാതിരിക്കു മനുഷ്യാ അന്തസ്സുള്ള ഭാര്യമാരാരേലും കേട്ടാല്‍ നിങ്ങടെ പേരില്‍ മാനനഷ്ടത്തിനു കേസു കൊടുക്കുമേ...
എന്തോ പുതിയ ഒരു കാര്യം കേട്ടപോലെ രഘവന്‍; “ങേ...അങ്ങനെയുള്ള ഭാര്യമാരും ഉണ്ടോ?? എന്റെ അറിവില്‍ ഇല്ല”.
‘പോ മനുഷ്യാ !എല്ലാം അറിയുന്ന ഒരു ജ്ഞാനി വന്നിരിക്കുന്നു.”
ജനകീരാഘവ സംവാദം പാരലലായി തുടരുന്നതിനോടൊപ്പം ജാനകി തന്റെ കദനകഥ എന്നോട് തുടര്‍ന്നു:“ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം വന്നു.ആര്‍ക്കോ ഒരു കിഡ്നി വേണം,കുറെ പണം കൊടുക്കാം എന്നോ മറ്റോ. കള്ളുഷാപ്പിലിരുന്ന് ഏതോ ഒരു പരമദ്രോഹി ഈ മനുഷ്യനു അതു വായിച്ചു വിശദീകരിച്ചു കൊടുത്തു. അന്നു തുടങ്ങിയതാ കുഞ്ഞേ ഈ വീട്ടിലെ ബഹളം”.
“എന്റെ പൊന്നുകുഞ്ഞേ അന്നേരമാ ഞാന്‍ അറിയുന്നേ ഇത്ര വിലപിടിപ്പുള്ള സാധനം ആണ് ഒരു വിലയും ഇല്ലാത്ത ഈ കഴുതക്കു(അവിടെ കഴുത ഇല്ലാഞ്ഞത് എന്റെ ഭാഗ്യം) ഞാന്‍ ബ്രീ ആയിട്ട് കൊടുത്തത് എന്ന്, ”രാഘവന്‍ വിഷമത്തോടെ പറഞ്ഞു...മനസ്സിലെ വിഷമം മുഖത്തും കാണാമായിരുന്നു. (ബ്രീ-ഫ്രീ എന്നാണ് ).
ഒരു സ്വാന്ത്വനം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു:“എന്തായാലും രാഘവന്‍ കിഡ്നി ജാനകിക്കു കൊടുത്തുപോയി,ഇനിയതു ഉപയോഗിക്കാന്‍ എങ്ങനെയാ വേറൊരാള്‍ക്ക്.........എന്നെ മുഴുവനും പറയാന്‍ അനുവദിക്കാതെ രാഘവന്‍ ചോദിക്കയാ “ങൂം...ങൂം...എന്താ ഉപയോഗിച്ചതൊന്നും നമ്മള്‍ വില്‍ക്കാറില്ലേ? വങ്ങാറില്ലേ? ഉപയോഗിക്കാറില്ലേ? പിന്നെ എനിക്കു കാശിനോടെ ആര്‍ത്തിയൊന്നും ഇല്ല.സെക്കാണ്ട്(സെക്കന്‍ഡ് ഹാന്‍ഡ് ആണ് ഉദ്ദേശിച്ചത്) ആയതുകൊണ്ട് പാതി വില തന്നാല്‍ മതിയല്ലോ .വങ്ങുന്നവര്‍ക്കും സന്തോഷം എനിക്കും സന്തോഷം...
മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്ന എന്നേയും, നിസ്സഹായയായി നിന്ന ജാനകിയേയും, അമ്മാവനായ ആ പാവം അച്ഛനേയും എല്ലാം ഞെട്ടിച്ചു കൊണ്ട് രാഘവന്‍ പറഞ്ഞു:“എന്റെ കിണ്ട്യാണ് ഇവടേതെങ്കില്‍ അതു ഞാന്‍ അടിച്ചു മറ്റിയിരിക്കും,അതിനു കഴിഞ്ഞില്ലങ്കില്‍ രാഘവനു ലക്ഷം പോയി, രഘവന്‍ തോറ്റു പോയി എന്നൊന്നും ആരും വിചരിക്കണ്ടാ....ങൂം....“
കുറച്ചു നേരത്തെ മൌനത്തിനും ദീര്‍ഘനിശ്വാസത്തിനും ശേഷം സ്വല്‍പ്പം സമാധനത്തോടെ എന്നെ നോക്കി പറഞ്ഞു“ ഇവരറിയാത്ത ഒരു രഹസ്യം ഉണ്ട്, ഒരു കിണ്ടി കൂടെ ഉണ്ടല്ലോ എന്റെ കൈയില്‍, അതു വിറ്റു ഞാന്‍ ലക്ഷാധിപതിയായി ഈ കുലദ്രോഹികളുടെ മുന്‍പില്‍ ഞെളിഞ്ഞു ജീവിച്ചു കാണിച്ചു കൊടുന്നതു കുഞ്ഞു കണ്ടോണം”........
ഭീക്ഷ്മ പ്രതിജ്ഞയേക്കാള്‍ ഭീകരമായിപ്പോയ ആ രാഘവപ്രതിജ്ഞയുടെ മുന്‍പില്‍ തലയും കുനിച്ചു ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.എന്നെ പിന്തുടരുന്ന അന്തം വിട്ടിരിക്കുന്ന ആ നാലു കണ്ണുകളിലേക്കു ഒന്നു കൂടെ തിരിഞ്ഞു നോക്കാന്‍ എനിക്കായില്ല.അല്ലെങ്കില്‍ ധൈര്യം ഉണ്ടായില്ല.......