ഫെബ്രുവരി 14- ലോകത്തിന്റെ സ്നേഹദിനം .. സുന്ദരമായ വാലൻന്റൈൻ ദിനം (സൈയ്ന്റ് വാലൻന്റൈൻ ദിനം). സ്നേഹിക്കുന്നവരുടെ മാത്രം ദിനം....
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്താരെങ്കിലും ഉണ്ടോ? ഒരിക്കലും ഇല്ല. മനുഷ്യനുമാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്നേഹം, പ്രണയം എല്ലാം നിറഞ്ഞു നിൽക്കയല്ലേ? എന്തിനു ദൈവം എന്നാൽ സ്നേഹം (GOD IS LOVE)എന്നല്ലേ?
തിരക്കോടു തിരക്കല്ലേ എല്ലാവർക്കും. എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
തിരക്കോടു തിരക്കല്ലേ എല്ലാവർക്കും. എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
ലോകമെമ്പാടുമുള്ള ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് (ആണും പെണ്ണും തമ്മിലുള്ള സ്നേഹം മാത്രമല്ല) ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറി ആ ഇഷ്ടംഒന്നു ബലപ്പെടുത്തുന്നു. അതിനു പണം മുടക്കി വലിയ പൊതി ഒന്നും വാങ്ങണ്ട. പ്രിയപ്പേട്ടവരെ എന്നും എപ്പോഴും ഓർക്കുന്നപോലെ അല്ലാതെ ആത്മാർഥമായിട്ടൊന്ന് ഓർമ്മിച്ചാൽ മതി, ഒരു സ്നേഹസമ്മാനമായി നമ്മുടെ ആ ചിന്ത അവരിൽ എത്തും (ആർക്കും ഇത് ശ്രമിച്ചു നോക്കാം).
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂയെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. അന്ന് വാലൻന്റൈൻ എന്നൊരാളായിരുന്നു ബിഷപ്പ്, അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിലായി.. അന്ധയായ ആ കുട്ടിക്ക് ജയിലഴികൾക്ക് പിന്നിൽ എവിടെ നിന്നോ കേട്ടിരുന്ന ശബ്ദം മാത്രമായിരുന്നു ആ പ്രണയം. ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും, കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
'ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു ' കണ്ടില്ലേ സ്നേഹത്തിന്റെ ശക്തി എത്രമാത്രമാണെന്ന്??. ഇതു കഥയായിക്കോട്ടെ ചരിത്രമായിക്കോട്ടെ കാലം കടന്നുകടന്ന് ഇന്നു നമ്മളിൽ എത്തി അത്. തലമുറകളൂടെ നിലനില്പിനുവേണ്ടി ദൈവം എല്ലാ ജീവജാലങ്ങൾക്കും കൊടുത്ത ഒരു വികാരം ദുരുപയോഗം ചെയ്യുന്ന മനുഷ്യർ എന്നെങ്കിലും പ്രണയത്തിന്റെ, സ്നേഹത്തിന്റെ അർഥം അദൃശ്യമായ നന്മയുള്ള ഒരു ശക്തിയാണ് തിരിച്ചറിയുമോ?
വിദേശരാജ്യത്തുള്ള ഒരു ഷോപ്പിങ്ങ്മാളിൽ ഒരു വാലന്റൈൻഡേയുടെ തലേന്ന് പോകാൻ എനിക്ക് മഹാഭാഗ്യം കിട്ടി (അതെ ആ കാഴ്ചകൾ മഹാഭാഗ്യം തന്നെയായിരുന്നു). അന്നു അവിടെ ഞാൻ ഒരു കാഴ്ചകണ്ടു. എൺപതുവയസ്സിനു മുകളിൽ പ്രായം ഉള്ള രണ്ട് അമ്മമാർ .. അവരുടേ ഭാഷ എനിക്കു മനസ്സിലായില്ല. എന്റെ മോൾ എന്നോടു പറഞ്ഞുതന്നു "അവർ അവരുടെ കൂട്ടുകാർക്കു വേണ്ടി വാലൻന്റൈൻസ്സ് ഗിഫ്റ്റ്സ് നോക്കുവാ" എന്ന്. ഒരാൾ വാക്കിംഗ്സ്റ്റിക്ക് ഒക്കെ കുത്തി, മറ്റെ ആൾ വീൽ ചെയറിലും. കുറെ സമയം ഞാൻ അവരെ നോക്കി നിന്നു. അവരിലെ ആ സന്തോഷം. ഇത്ര വയസ്സായിട്ടും ജീവിതത്തോടൂള്ള സ്നേഹം......നമിക്കുന്നു മനസ്സാൽ ഞാൻ ആ സംസ്കാരത്തെ. നാൽപ്പതു വയസ്സാവുമ്പോഴേക്കും 'ഇനി എനിക്കെന്തു ജീവിതം' എന്നു പറയാൻ നിർബ്ബന്ധിക്കപ്പേടുന്നവരുടെ നാട്, ജീവിതാനുഭവങ്ങളാൽ സമ്പന്നാരായ നമ്മുടെ മുതിർന്നവരെ 'കടുംവെട്ടുകൾ(ഉപയോഗമില്ലാത്തവർ)' എന്നു പറഞ്ഞു അവരുടെ അത്മവീര്യം നശിപ്പിക്കുന്നവരുടെ നാട്, ദൈവത്തിന്റെയും, എന്റെയും സ്വന്തം നാടിനെ, ആ സംസ്കാരത്തെ നിറകണ്ണുകളോടെ അപ്പോൾ ഞാൻ ഓർത്തു.
കടതിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധയെ ആക്രമിക്കുന്ന(മറ്റേവാക്ക് എഴുതാൻ എനിക്കാവില്ല), ട്രെയിനിലും ബസ്സിലും എന്തിനു സ്വന്തം വീടുകളിൽ പോലും പെണ്ണായിപ്പോയതു കൊണ്ട് രക്ഷയില്ലാത്ത, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വാലന്റൈൻസ്ഡെയിക്കു എതിരേ ഉയരുന്ന കോലാഹലങ്ങൾ കാണുമ്പോൾ ഇവിടുത്തെ സദാചാരസംരക്ഷകരെ നിങ്ങളും ഈ കേരളം നന്നാവാൻ സമ്മതിക്കാത്തതിൽ ഒരു കൂട്ടർ ആണ്.
വാക്കുകളിൽക്കൂടെ, വരകളിൽക്കൂടെ, വർണ്ണങ്ങളിൽക്കൂടേ, വരികളിൽക്കൂടെ ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......