Tuesday, March 13, 2012

പെൺപൂജയും പെൺപൂക്കളും

   കുംഭമാസത്തിലെ കത്തുന്നചൂടിൽ മഴമേഘങ്ങളാൽ കുടപിടിച്ചും, മന്ദമാരുതനാൽ ചെറുകുളിരേകിത്തലോടിയും ആ അമ്മ  തന്റെ പെൺ‌മക്കളെ പരിരക്ഷിച്ച് അവരുണ്ടാക്കുന്ന നേദ്യം സ്വീകരിക്കാൻ  കാത്തിരിക്കുന്നത് നേരിട്ടനുഭവിക്കുമ്പോൾ കോവിലന്റെകണ്ണകി എന്ന ആ പതിവ്രതാരത്നത്തിനു മുൻപിൽ കണ്ണുകളടച്ച്, മനസ്സുതുറന്ന് ഒരുനിമിഷം നിൽക്കാതിരിക്കാനാവില്ല.  ആധുനിക പുരോഗമനവാദികൾ എന്തൊക്ക വാദിച്ചാലും അതിനെ നിസ്സംശയം നിഷ്കരുണം എതിർക്കാതെ പറ്റില്ല.  പ്രകൃതിയെത്തന്നെ നമുക്കായി ഒരുക്കിനിർത്തുമ്പോൾ അതിനപ്പുറം എന്തു യുക്തിവാദം പറയാനാണ്?

  മണ്ണും, പൊടിയും, അഴുക്കും, വകവക്കാതെ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എവിടെയെങ്കിലും കിട്ടും എന്ന  പ്രതീക്ഷയോടെ (ഉറപ്പായിട്ടും കിട്ടുന്നു, ആരെല്ലാമോ ആർക്കെല്ലാമോവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നു ആ അമ്പലവട്ടത്ത് ) രണ്ടു ദിവസം മുന്നേമുതൽ കൂട്ടുന്ന അടുപ്പിനരുകിൽ, അടുത്തുകിടക്കുന്ന  മക്കളെ ആ  അദൃശ്യകൈകളിലേൽപ്പിച്ച്, വീടിനെ, വീട്ടിലെ കോലാഹലങ്ങളെ, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കാത്തിരുപ്പുകളെ, കേരളത്തിന്റെമാത്രം എന്നവകാശപ്പെടുന്ന കള്ളുഗുസ്തികളെ, എല്ലാം മറന്ന് വർഷത്തിൽ കുറച്ചുസമയമെങ്കിലും ഇവർ ഒന്നുറങ്ങിക്കോട്ടെ  എന്നു വിചാരിച്ചിട്ടായിരിക്കാം കോവിലന്റെ പ്രിയകണ്ണകി  ഈ പെണ്മക്കളെയെല്ലാം അരികത്ത് വിളിച്ചുകൂട്ടുന്നതെന്നുതോന്നും ആറ്റുകാലമ്മയുടെ സവിധത്തിൽ എല്ലാം മറന്നുറങ്ങുന്ന സ്ത്രീകളെക്കാണുമ്പോൾ!!

ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ... ഹൃദയം തകർക്കുന്ന ഒരു അത്യാഹിതങ്ങളുമുണ്ടാകാതെ വളരെ അച്ചടക്കത്തോടെ  മുപ്പത്തഞ്ചു ലക്ഷത്തിനുമേലെ വരുന്ന സ്ത്രീകൾ, വലിപ്പച്ചെറുപ്പമോ, സ്ഥാനമാനങ്ങളോ ഒന്നും ഇല്ലാതെ ഒന്നായിച്ചെയ്യുന്ന പൊങ്കാലപൂജക്കെതിരെ ഉയരുന്ന ശബ്ദം  അത് എതു പ്രസ്ഥാനത്തിന്റെയായാലും ഏതു നേതാവിന്റെയായാലും അവർ മനസ്സിലാക്കണം അവിടെ ഉയരുന്ന പുകമറക്കുള്ളിൽ ഒഴുക്കുന്ന കണ്ണുനീരിൽ, ലക്ഷക്കണക്കിനു അമ്മമാരുടെ സഹോദരിമാരുടെ പ്രാർഥനകളിൽ  ഈ അർഥശൂന്യങ്ങളായ രാഷ്ട്രീയ ജല്പനങ്ങളലിഞ്ഞില്ലാതാവും എന്ന്...വീണ്ടും അടുത്ത  കുംഭമാസത്തിലെ മകം നാളിൽ  അറബിക്കടലിലെ കാറ്റേന്തിയ വിശറിയും കാർമേഘക്കുടയുമായി പെണ്മക്കളെമാത്രം കാത്തിരിക്കുന്ന ആ അമ്മയുടെ അടുത്തേക്ക്, ഒന്നിച്ചു പാചകം ചെയ്ത്, ഒന്നിച്ചു കഴിച്ച് അടുത്തൊരു വർഷത്തേക്കുവേണ്ട എല്ലാ സ്നേഹവും സമാധാനവും പേറി മടങ്ങാനായി എന്നും എന്നും ഈ പെണ്മക്കൾ ചെന്നുകൊണ്ടേയിരിക്കും.
    പെൺപൂജക്കെത്തുമ്പോൾ അറിഞ്ഞിരുന്നില്ല അത് പെൺപൂക്കളേ കാണാനും കൂടെയാവുമെന്ന്...അറിയാതെ പറയാതെ വന്നിട്ടും എനിക്കും കിട്ടി കൈനിറയെ പെൺപൂക്കൾ. ഗീതാഗീതികൾ താലോലിച്ചു വളർത്തിവലുതാക്കിയ  പെൺപൂക്കൾ.....
          
            ഞാൻ ബൂലോകത്തിൽ നിലത്തെഴുത്തു പഠിക്കുമ്പോൾ എന്റെ കിലുക്കംപെട്ടിയിലെ അക്ഷരപിശാചുക്കളെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ചിരുന്ന എന്റെ മാനസഗുരു,  ബൂലോകത്തിലെ ഗീതാഗീതികൾ എന്ന എന്റെ ഗീതച്ചേച്ചിയുടെ ആദ്യ പുസ്തകപ്രകാശനം. ചേച്ചിയോട് എനിക്കുള്ള സ്നേഹം അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എന്നെ ആ  സദസ്സിൽ എത്തിച്ചു...(നന്ദി മോനേ). ചേച്ചിയോടുള്ള സ്നേഹമാണോ, ഗുരുഭക്തിയാണോ  എന്തു കൊണ്ടാണവിടെ ആ സമയത്ത്  എനിക്കും എത്താൻ കഴിഞ്ഞത്? ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ.. ചേച്ചി അന്തംവിട്ട ഒരു ചിരിചിരിച്ചു... ഹ.. ഹ .......
             മധുരം നിറഞ്ഞ ഒരു ചിരിയും  അതിമധുരമുള്ള ഒരു പൊതിയും   കൈനിറച്ച ആ പെൺപൂക്കളും   എല്ലാം ചേച്ചിയിൽ നിന്നും ഏറ്റുവാങ്ങി ഞാൻ മടങ്ങുമ്പോൾ   എന്റെ മനസ്സും ഹൃദയവും ശരീരവും പെൺപൂജയാൽ പെൺപൂക്കളാൽ  ആനന്ദ നിർവൃതിയിൽ ആയിരുന്നു..