Saturday, April 14, 2012

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍

          മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു. എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി (അമ്മയുടെ ചേച്ചി) പറഞ്ഞു തന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു. പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം. എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
        ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.  നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
           അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ. ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ടേയിരുന്നു. ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആ കുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
        ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്ത സ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
         പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി. നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
         നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്. വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പൂജാരി പോയ തക്കം നോക്കി നട തുറന്നു ആഭരണം എല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി. അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും. ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി. കാര്യം മനസ്സിലാകാത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കി. പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
   "ഹായ് എന്തൊരു ഭംഗി", ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു. തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല. എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി. കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
     കുട്ടി മുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരു വലിയ കുട്ടി ചെറിയ കുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ടത്രെ. ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ. കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

         ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന...അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന.. എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

Tuesday, March 13, 2012

പെൺപൂജയും പെൺപൂക്കളും

   കുംഭമാസത്തിലെ കത്തുന്നചൂടിൽ മഴമേഘങ്ങളാൽ കുടപിടിച്ചും, മന്ദമാരുതനാൽ ചെറുകുളിരേകിത്തലോടിയും ആ അമ്മ  തന്റെ പെൺ‌മക്കളെ പരിരക്ഷിച്ച് അവരുണ്ടാക്കുന്ന നേദ്യം സ്വീകരിക്കാൻ  കാത്തിരിക്കുന്നത് നേരിട്ടനുഭവിക്കുമ്പോൾ കോവിലന്റെകണ്ണകി എന്ന ആ പതിവ്രതാരത്നത്തിനു മുൻപിൽ കണ്ണുകളടച്ച്, മനസ്സുതുറന്ന് ഒരുനിമിഷം നിൽക്കാതിരിക്കാനാവില്ല.  ആധുനിക പുരോഗമനവാദികൾ എന്തൊക്ക വാദിച്ചാലും അതിനെ നിസ്സംശയം നിഷ്കരുണം എതിർക്കാതെ പറ്റില്ല.  പ്രകൃതിയെത്തന്നെ നമുക്കായി ഒരുക്കിനിർത്തുമ്പോൾ അതിനപ്പുറം എന്തു യുക്തിവാദം പറയാനാണ്?

  മണ്ണും, പൊടിയും, അഴുക്കും, വകവക്കാതെ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എവിടെയെങ്കിലും കിട്ടും എന്ന  പ്രതീക്ഷയോടെ (ഉറപ്പായിട്ടും കിട്ടുന്നു, ആരെല്ലാമോ ആർക്കെല്ലാമോവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നു ആ അമ്പലവട്ടത്ത് ) രണ്ടു ദിവസം മുന്നേമുതൽ കൂട്ടുന്ന അടുപ്പിനരുകിൽ, അടുത്തുകിടക്കുന്ന  മക്കളെ ആ  അദൃശ്യകൈകളിലേൽപ്പിച്ച്, വീടിനെ, വീട്ടിലെ കോലാഹലങ്ങളെ, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കാത്തിരുപ്പുകളെ, കേരളത്തിന്റെമാത്രം എന്നവകാശപ്പെടുന്ന കള്ളുഗുസ്തികളെ, എല്ലാം മറന്ന് വർഷത്തിൽ കുറച്ചുസമയമെങ്കിലും ഇവർ ഒന്നുറങ്ങിക്കോട്ടെ  എന്നു വിചാരിച്ചിട്ടായിരിക്കാം കോവിലന്റെ പ്രിയകണ്ണകി  ഈ പെണ്മക്കളെയെല്ലാം അരികത്ത് വിളിച്ചുകൂട്ടുന്നതെന്നുതോന്നും ആറ്റുകാലമ്മയുടെ സവിധത്തിൽ എല്ലാം മറന്നുറങ്ങുന്ന സ്ത്രീകളെക്കാണുമ്പോൾ!!

ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ... ഹൃദയം തകർക്കുന്ന ഒരു അത്യാഹിതങ്ങളുമുണ്ടാകാതെ വളരെ അച്ചടക്കത്തോടെ  മുപ്പത്തഞ്ചു ലക്ഷത്തിനുമേലെ വരുന്ന സ്ത്രീകൾ, വലിപ്പച്ചെറുപ്പമോ, സ്ഥാനമാനങ്ങളോ ഒന്നും ഇല്ലാതെ ഒന്നായിച്ചെയ്യുന്ന പൊങ്കാലപൂജക്കെതിരെ ഉയരുന്ന ശബ്ദം  അത് എതു പ്രസ്ഥാനത്തിന്റെയായാലും ഏതു നേതാവിന്റെയായാലും അവർ മനസ്സിലാക്കണം അവിടെ ഉയരുന്ന പുകമറക്കുള്ളിൽ ഒഴുക്കുന്ന കണ്ണുനീരിൽ, ലക്ഷക്കണക്കിനു അമ്മമാരുടെ സഹോദരിമാരുടെ പ്രാർഥനകളിൽ  ഈ അർഥശൂന്യങ്ങളായ രാഷ്ട്രീയ ജല്പനങ്ങളലിഞ്ഞില്ലാതാവും എന്ന്...വീണ്ടും അടുത്ത  കുംഭമാസത്തിലെ മകം നാളിൽ  അറബിക്കടലിലെ കാറ്റേന്തിയ വിശറിയും കാർമേഘക്കുടയുമായി പെണ്മക്കളെമാത്രം കാത്തിരിക്കുന്ന ആ അമ്മയുടെ അടുത്തേക്ക്, ഒന്നിച്ചു പാചകം ചെയ്ത്, ഒന്നിച്ചു കഴിച്ച് അടുത്തൊരു വർഷത്തേക്കുവേണ്ട എല്ലാ സ്നേഹവും സമാധാനവും പേറി മടങ്ങാനായി എന്നും എന്നും ഈ പെണ്മക്കൾ ചെന്നുകൊണ്ടേയിരിക്കും.
    പെൺപൂജക്കെത്തുമ്പോൾ അറിഞ്ഞിരുന്നില്ല അത് പെൺപൂക്കളേ കാണാനും കൂടെയാവുമെന്ന്...അറിയാതെ പറയാതെ വന്നിട്ടും എനിക്കും കിട്ടി കൈനിറയെ പെൺപൂക്കൾ. ഗീതാഗീതികൾ താലോലിച്ചു വളർത്തിവലുതാക്കിയ  പെൺപൂക്കൾ.....
          
            ഞാൻ ബൂലോകത്തിൽ നിലത്തെഴുത്തു പഠിക്കുമ്പോൾ എന്റെ കിലുക്കംപെട്ടിയിലെ അക്ഷരപിശാചുക്കളെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ചിരുന്ന എന്റെ മാനസഗുരു,  ബൂലോകത്തിലെ ഗീതാഗീതികൾ എന്ന എന്റെ ഗീതച്ചേച്ചിയുടെ ആദ്യ പുസ്തകപ്രകാശനം. ചേച്ചിയോട് എനിക്കുള്ള സ്നേഹം അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എന്നെ ആ  സദസ്സിൽ എത്തിച്ചു...(നന്ദി മോനേ). ചേച്ചിയോടുള്ള സ്നേഹമാണോ, ഗുരുഭക്തിയാണോ  എന്തു കൊണ്ടാണവിടെ ആ സമയത്ത്  എനിക്കും എത്താൻ കഴിഞ്ഞത്? ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ.. ചേച്ചി അന്തംവിട്ട ഒരു ചിരിചിരിച്ചു... ഹ.. ഹ .......
             മധുരം നിറഞ്ഞ ഒരു ചിരിയും  അതിമധുരമുള്ള ഒരു പൊതിയും   കൈനിറച്ച ആ പെൺപൂക്കളും   എല്ലാം ചേച്ചിയിൽ നിന്നും ഏറ്റുവാങ്ങി ഞാൻ മടങ്ങുമ്പോൾ   എന്റെ മനസ്സും ഹൃദയവും ശരീരവും പെൺപൂജയാൽ പെൺപൂക്കളാൽ  ആനന്ദ നിർവൃതിയിൽ ആയിരുന്നു..

Tuesday, February 14, 2012

14-2-12=0 (പൂജ്യം = പൂർണ്ണം)പൂർണ്ണമീദിനം

     ഫെബ്രുവരി 14- ലോകത്തിന്റെ സ്നേഹദിനം .. സുന്ദരമായ വാലൻന്റൈൻ ദിനം (സൈയ്ന്റ് വാലൻന്റൈൻ ദിനം). സ്നേഹിക്കുന്നവരുടെ മാത്രം ദിനം....

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്താരെങ്കിലും ഉണ്ടോ? ഒരിക്കലും ഇല്ല.  മനുഷ്യനുമാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്നേഹം, പ്രണയം എല്ലാം നിറഞ്ഞു നിൽക്കയല്ലേ? എന്തിനു ദൈവം എന്നാൽ സ്നേഹം (GOD IS LOVE)എന്നല്ലേ?

തിരക്കോടു തിരക്കല്ലേ എല്ലാവർക്കും.  എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള  ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ  നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
     ലോകമെമ്പാടുമുള്ള ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് (ആണും പെണ്ണും തമ്മിലുള്ള സ്നേഹം  മാത്രമല്ല) ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറി ആ ഇഷ്ടംഒന്നു ബലപ്പെടുത്തുന്നു. അതിനു പണം മുടക്കി വലിയ പൊതി ഒന്നും വാങ്ങണ്ട. പ്രിയപ്പേട്ടവരെ എന്നും എപ്പോഴും ഓർക്കുന്നപോലെ അല്ലാതെ ആത്മാർഥമായിട്ടൊന്ന് ഓർമ്മിച്ചാൽ മതി, ഒരു സ്നേഹസമ്മാനമായി നമ്മുടെ ആ ചിന്ത  അവരിൽ എത്തും  (ആർക്കും ഇത് ശ്രമിച്ചു നോക്കാം).
           ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം.  വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂയെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലന്നും ചക്രവർത്തിക്ക് തോന്നി.  അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. അന്ന് വാലൻന്റൈൻ എന്നൊരാളായിരുന്നു ബിഷപ്പ്,  അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിലായി.. അന്ധയായ ആ കുട്ടിക്ക് ജയിലഴികൾക്ക് പിന്നിൽ എവിടെ നിന്നോ കേട്ടിരുന്ന ശബ്ദം മാത്രമായിരുന്നു ആ പ്രണയം. ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും, കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
         'ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു ' കണ്ടില്ലേ സ്നേഹത്തിന്റെ ശക്തി എത്രമാത്രമാണെന്ന്??. ഇതു കഥയായിക്കോട്ടെ ചരിത്രമായിക്കോട്ടെ കാലം  കടന്നുകടന്ന് ഇന്നു നമ്മളിൽ എത്തി അത്.  തലമുറകളൂടെ നിലനില്പിനുവേണ്ടി ദൈവം എല്ലാ ജീവജാലങ്ങൾക്കും കൊടുത്ത ഒരു വികാരം ദുരുപയോഗം ചെയ്യുന്ന മനുഷ്യർ  എന്നെങ്കിലും പ്രണയത്തിന്റെ, സ്നേഹത്തിന്റെ അർഥം  അദൃശ്യമായ നന്മയുള്ള  ഒരു ശക്തിയാണ്  തിരിച്ചറിയുമോ?
          വിദേശരാജ്യത്തുള്ള ഒരു ഷോപ്പിങ്ങ്മാളിൽ  ഒരു വാലന്റൈൻഡേയുടെ തലേന്ന് പോകാൻ എനിക്ക്   മഹാഭാഗ്യം കിട്ടി (അതെ ആ കാഴ്ചകൾ മഹാഭാഗ്യം തന്നെയായിരുന്നു).  അന്നു അവിടെ  ഞാൻ ഒരു കാഴ്ചകണ്ടു. എൺപതുവയസ്സിനു മുകളിൽ പ്രായം ഉള്ള രണ്ട് അമ്മമാർ .. അവരുടേ ഭാഷ എനിക്കു മനസ്സിലായില്ല. എന്റെ മോൾ എന്നോടു പറഞ്ഞുതന്നു "അവർ അവരുടെ കൂട്ടുകാർക്കു വേണ്ടി വാലൻന്റൈൻസ്സ് ഗിഫ്റ്റ്സ് നോക്കുവാ" എന്ന്. ഒരാൾ വാക്കിംഗ്സ്റ്റിക്ക് ഒക്കെ കുത്തി, മറ്റെ ആൾ വീൽ ചെയറിലും.   കുറെ സമയം ഞാൻ അവരെ നോക്കി നിന്നു.   അവരിലെ ആ സന്തോഷം. ഇത്ര വയസ്സായിട്ടും ജീവിതത്തോടൂള്ള  സ്നേഹം......നമിക്കുന്നു മനസ്സാൽ ഞാൻ  ആ സംസ്കാരത്തെ. നാൽപ്പതു വയസ്സാവുമ്പോഴേക്കും 'ഇനി എനിക്കെന്തു ജീവിതം' എന്നു പറയാൻ നിർബ്ബന്ധിക്കപ്പേടുന്നവരുടെ നാട്, ജീവിതാനുഭവങ്ങളാൽ സമ്പന്നാരായ നമ്മുടെ മുതിർന്നവരെ 'കടുംവെട്ടുകൾ(ഉപയോഗമില്ലാത്തവർ)' എന്നു പറഞ്ഞു അവരുടെ അത്മവീര്യം നശിപ്പിക്കുന്നവരുടെ നാട്, ദൈവത്തിന്റെയും,   എന്റെയും സ്വന്തം നാടിനെ, ആ സംസ്കാരത്തെ നിറകണ്ണുകളോടെ അപ്പോൾ ഞാൻ  ഓർത്തു.
 കടതിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധയെ ആക്രമിക്കുന്ന(മറ്റേവാക്ക് എഴുതാൻ എനിക്കാവില്ല), ട്രെയിനിലും ബസ്സിലും  എന്തിനു  സ്വന്തം വീടുകളിൽ പോലും പെണ്ണായിപ്പോയതു കൊണ്ട് രക്ഷയില്ലാത്ത, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വാലന്റൈൻസ്ഡെയിക്കു എതിരേ ഉയരുന്ന കോലാഹലങ്ങൾ കാണുമ്പോൾ ഇവിടുത്തെ സദാചാരസംരക്ഷകരെ  നിങ്ങളും ഈ കേരളം  നന്നാവാൻ സമ്മതിക്കാത്തതിൽ ഒരു കൂട്ടർ ആണ്.
        വാക്കുകളിൽക്കൂടെ, വരകളിൽക്കൂടെ, വർണ്ണങ്ങളിൽക്കൂടേ, വരികളിൽക്കൂടെ ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ  ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......

Sunday, January 29, 2012

മൊണാലിസ അമ്മൂമ്മ

ഒരു ദിവസം രാവിലെ ഞങ്ങൾ കാണുന്ന കാഴ്ച....
    തൊട്ടപ്പുറത്തെ വീട്ടിലെ അമ്മൂമ്മ  കാലുമ്മേല്‍കാലും കയറ്റിയിരുന്ന്, ഞങ്ങടെ വീട്ടിലെ ഒരു പ്രജയേക്കൊണ്ട് വെള്ളം കോരിക്കുന്നു തേങ്ങ  പൊതിച്ചു ചിരവിക്കുന്നു...........വിറകു കീറിക്കുന്നു...  പെട്ടെന്ന് ഒരു സുപ്രഭാതം മുതല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല
“ഈ ചെറുക്കന്‍ ഇതെവിടെപ്പോയി? ഇവനു സ്കൂളില്‍ പോകണ്ടേ എന്നു ചോദിച്ച്  അമ്മച്ചി (ചേട്ടന്റെ അമ്മ) അടുക്കളയില്‍നിന്നും അരങ്ങത്തെത്തി. ഞങ്ങള്‍ കുട്ടികളെല്ലാവരും അന്തംവിട്ടു നോക്കി നില്‍ക്കുന്ന, ആ കാഴ്ചകണ്ട് (ചേട്ടന്‍ വിറകു കീറുന്നു) അമ്മച്ചി  ഞെട്ടി, കൂട്ടത്തില്‍ ഒരു  അലറലും “ഇവിടെ വാടാ"...  പെട്ടന്നു അമ്മൂമ്മേടേ അടുത്ത് എന്തോ പൊറുപൊറുത്തിട്ട് ആശാന്‍ വലിയ ഗമയിൽ വീട്ടിലേക്കു വന്നു. ആരേയും കൂസാതെ നേരെ പോയി കുളിച്ച് ഒരുങ്ങിവന്നു കഴിക്കാനിരുന്നു. അമ്മച്ചി  ഒരു വലിയപാത്രം നിറയെ ഇഡ്ഡലി കൊണ്ടുവച്ചിട്ട്, “ഇന്നു നല്ല വിശപ്പുകാണുമല്ലോ, പതിവില്ലാതെ പണിയേടുത്തതല്ലേ, നിറച്ചു കഴിക്ക്”എന്നൊക്കെ മുഖവുരയായി കാച്ചിയിട്ട് ഞങ്ങള്‍ എല്ലാവരും കാതോര്‍ത്തിരുന്ന ചോദ്യത്തിലേക്കു വന്നു.
"നിനക്കു എന്തിന്റെ സൂക്കേടാ കുട്ടാ? ഈ കൊച്ചുവെളുപ്പാങ്കാലത്ത്, വല്ലതും നാലക്ഷരം പഠിക്കാനുള്ള നേരത്ത്, എന്തിനാ ആ തള്ളക്കു പണിയെടുക്കാൻ പോയത്? അച്ഛന്‍ അറിഞ്ഞാലുണ്ടല്ലോ???ങൂം...നിനക്കു നല്ലതു കിട്ടും കേട്ടോ."
ചേട്ടന്റെ മറുപടി ഞങ്ങളെയെല്ലാം ഭീകരമായി പിന്നെയും ഞെട്ടിച്ചു, “ഞാന്‍ ഇന്നലെ രാത്രി ഒരു ശപഥം ചെയ്തു. ഇന്നു മുതല്‍ എന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവച്ച്  വയസ്സായവരെ എന്നാൽ കഴിയുന്നപോലെ, ചിലപ്പോള്‍ അതിലും കൂടുതലായി  ഞാൻ സഹായിക്കും എന്ന്.”
“ങാ! അതു വളരെ നല്ല കാര്യമാ, അതിനു വയസ്സായവര്‍ ഈ വീട്ടിലും ഉണ്ടല്ലോ, വയസ്സായവരെ തപ്പി അയൽപ്പക്കം തോറും പോകണോ?അമ്മച്ചി വിട്ടില്ല.
ചേട്ടൻ, “അതിനു ഈ വീട്ടില്‍ ആരേലും  വയസ്സായി എന്നു സമ്മതിച്ചു തന്നാൽ ഞാന്‍ അവരേയും സഹായിക്കും”(വയസ്സായീന്നു  ആരും സമ്മതിക്കില്ല എന്നു ചേട്ടനു നൂറുശതമാനവും നന്നായിട്ടറിയാമയിരുന്നു)
ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവുപോലെ ചേട്ടനും, ഞങ്ങള്‍ എല്ലാവരും സ്കൂളിൽ പോയി. വൈകിട്ടു എല്ലാരും വന്നു ചായകുടി വാചകമടി ഒക്കെയായിരിക്കുമ്പോൾ  അടുത്തവീട്ടിലെ അമ്മൂമ്മേടെ ഒരു വിളി, “കുട്ടാ‍ാ‍ാ‍ാ”കുടിച്ചു കൊണ്ടിരുന്ന ചായ  അവിടെ വച്ചു ചേട്ടന്‍ ഇടംവലം നോക്കാതെ അപ്പുറത്തേക്ക് ഒറ്റഓട്ടം. അടുത്തരംഗം കാണാന്‍ ഞങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു,അല്ല കാത്തുനിന്നു.
=========
കഴുത്തിലെ കയറിൽ തൂങ്ങിയാടുന്ന ഒരു മണ്ണെണ്ണക്കുപ്പിയും ഒരു കുട്ടയുമായി ചേട്ടൻ സ്വന്തം വീടിനു മുന്നിലൂടെ, ‘ഈ വീടെനിക്കറിയുകേ ഇല്ല’ എന്ന ഭാവേന നടന്നു പോയി.ഞങ്ങൾ കുട്ടികൾ കളി, പഠിത്തം എല്ലാം താൽക്കാലികമായി മരവിപ്പിച്ച് ചേട്ടന്റെ തിരിച്ചുവരവും കാത്ത് മുറ്റത്തു തന്നെ നിന്നു.  കുറച്ചു സമയത്തിനു ശേഷം കയറിലെ കുപ്പി ആടാതെ, തലയിലെ കുട്ട അനങ്ങാതെ, ഭാരം താങ്ങിയ കഴുതയെപ്പോലെ മുഖം കുനിച്ച്, ഞങ്ങളെ കടന്ന് ആ മഹാത്മാവ് അടുത്ത വീട്ടിലേയ്ക്ക് കയറിപ്പോയി. 
            അടുത്ത വീട്ടിലിനി എന്തു സംഭവിക്കും എന്നു കാത്തിരുന്ന ഞങ്ങൾ കണ്ടത് അളിഞ്ഞുപിളിഞ്ഞ ഒരു നിലവിളക്കും തട്ടവുമായി കുട്ടേട്ടൻ കിണറ്റിൻ തളത്തിലേയ്ക്ക് വരുന്നു. പൊട്ടിച്ചിരിക്കുന്ന സഹോദരസൈന്യത്തെ ഒരു ക്രൂരഭാവത്തോടെ നോക്കി, അമ്മൂമ്മയുടെ അടിമ അദ്ദേഹത്തിന്റെ ജോലികൾ തുടർന്നു. 
            സന്ധ്യമയക്കത്തിൽ തിരികെയെത്തിയ വല്യേട്ടനെ കണ്ട് ഞങ്ങടെ പൊടിമോൻ “അപ്പറത്തമ്മൂമ്മേടെ ജീനി (അലാവുദീന്റെ ശിങ്കിടി) വന്നേ എല്ലാരും ഓടി വായോ” എന്നുള്ള വിളിയിൽ വീട്ടിലെല്ലാരും മുൻവശത്തെത്തി.  അന്നാണ് ഞങ്ങൾക്ക് മനസ്സിലായത് കുട്ടേട്ടന്റെ അമ്മേടെ ഭാഷാശേഖരത്തിൽ ഇത്രേം ഗംഭീരന്മാരായ അസഭ്യവാക്കുകൾ ഒളിപ്പിച്ചു വച്ചിരുന്നുവെന്ന സത്യം.  ആ സമയത്ത് ഒരു സന്തൂർസോപ്പുപോലെ കുളിർമ്മയോടെ വന്ന് ഞങ്ങടെ കുഞ്ഞമ്മച്ചി എണ്ണമെഴുക്കിലും കരിയിലും ആറാടിനിന്ന കുട്ടേട്ടനെ കുളിമുറിയിലേയ്ക്ക് കയറ്റിവിട്ട് ആ വീട്ടിലെ ഒരു കൈയ്യാങ്കളി  ഒഴിവാക്കി. 
            എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ആ അടിമ ആത്മാർത്ഥതയുടെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു.  എന്നാൽ അടിമ ചെല്ലാൻ വൈകിയ ഒരു ദിവസം അമ്മൂമ്മ നേരെ ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നതും, “രാധക്കുട്ടീ (അമ്മച്ചി)” എന്നു നീട്ടിയൊരു വിളി. “നീ നിന്റെ ആമ്പ്രന്നോനേം വിളിച്ചോണ്ട് ഇങ്ങ് വന്നേടീ നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്!”
            ഇത്രേം പറഞ്ഞതും കുട്ടേട്ടൻ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നത് മാത്രം ഞങ്ങൾ കണ്ടു.  ആ കുട്ടൻകാറ്റ് അമ്മൂമ്മയെ ചുറ്റിവരിഞ്ഞ് വലിച്ചപ്പുറത്തേയ്ക്ക് പോയി. 
            അമ്മൂമ്മയെ പൂർത്തിയാക്കാൻ സമ്മതിക്കാത്ത ആ വാചകം പരീക്ഷാഹാളിൽ ഉത്തരക്കടലാസിന്റെ മുന്നിലിരിക്കുന്ന ശ്രദ്ധയോടെ ഞങ്ങളെല്ലാപേരും അവരവരുടെ യുക്തിക്കനുസരിച്ച് പൂരിപ്പിക്കാൻ ശ്രമിച്ചു – കൂട്ടത്തിൽ ഈ ഞാനും.  എനിക്കു കിട്ടിയ ഉത്തരം എന്നെ ലജ്ജിപ്പിച്ചു ‘ച്ഛെ എന്നാലും ഈ കുട്ടേട്ടൻ.  ഈ വയസ്സായ അമ്മൂമ്മയോട്.. ച്ഛേ..’ 
ആകാംക്ഷ സഹിക്കവയ്യാതെ ഞാൻ പതുങ്ങിപ്പതുങ്ങി അപ്പുറത്തെ വീട്ടിലെത്തി ജനലിൽകൂടി അകത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ സംശയത്തെ ശക്തിപ്പെടുത്തി.  അമ്മൂമ്മ കുട്ടേട്ടന്റെ മടിയിൽ തലവച്ചു  കിടക്കുന്നു (അതു പോട്ടെ, സാരമില്ല)  കുട്ടേട്ടനോ, കഥകളിക്കാരെ ചുട്ടികുത്തിക്കുന്നതു പോലെ അമ്മൂമ്മയുടെ മുഖം മിനുക്കുന്നു.  ഒരു തുണികൊണ്ട് മുഖമെല്ലാം തുടച്ചു, എന്നിട്ട് അടുത്ത് കമിഴ്ത്തി വച്ചിരുന്ന കരി പിടിച്ച ചീനച്ചട്ടിയിൽ തൊട്ട് അമ്മൂമ്മയ്ക്ക് ചന്ദ്രക്കല പോലെ പുരികമെഴുതി. കൈയ്യിൽ പറ്റിയ ബാക്കി കരികൊണ്ട് കവിളിലൊരു കുത്തും, കൂടെയൊരു ചൊല്ലും...  “പഴയതിനെക്കാൾ അടിപൊളിയായി, അമ്മൂമ്മ ഇപ്പോൾ ”.  ഒരുക്കം കഴിഞ്ഞ് അമ്മൂമ്മ എഴുന്നേറ്റ് നോക്കിയത് ജനാലയ്ക്കൽ നിൽക്കുന്ന എനിക്കു നേരെ.  “എന്താടീ ഒളിഞ്ഞു നോക്കാൻ?അസത്തേ”.. ഭൈരവിക്കോലം എഴുതിയപോലുള്ള ആ മുഖം കണ്ട് ഞാൻ ഓടി.  നേരത്തെ കണ്ട കാഴ്ച എന്നെ വല്ലാതെ നോവിച്ചു. അസൂയയുടെ നോവ്ഇന്നുവരെ ഞങ്ങൾ അനിയത്തിമാർക്ക് ഒരു പൊട്ടുപോലും തൊട്ടു തരാത്ത കുട്ടേട്ടൻ ആ കിളവിയെ ഒരുക്കി എഴുന്നള്ളിക്കുന്നതിന്റെ കുശുമ്പ് എന്നെ അടിമുടി വിഴുങ്ങി. 
അമ്മൂമ്മയോടുള്ള കുട്ടേട്ടന്റെ വിധേയത്വം  കൂടിക്കൂടി വന്നു.  കുട്ടേട്ടന്റെ വിധേയത്വം മങ്ങുന്ന ദിവസങ്ങളിൽ അമ്മൂമ്മ, കുപ്പി തുറന്നു വിട്ട ഭൂതത്തിനെപ്പോലെ, ഇപ്രത്തേയ്ക്ക് പാഞ്ഞു വരും.  “എടീ രാധേ, നിന്റെ മോൻ എന്നോട് ചെയ്തത്” ആ വാചകം പൂർത്തിയാക്കാൻ ആ ഭൂതത്തിനു ‘കുട്ടനടിമ’ അവസരം കൊടുത്തതേയില്ല. 
 
 കുട്ടേട്ടനെ അടിമയാക്കിയ നാൾ മുതൽ ആ സ്ത്രീയുടെ മുഖത്തിനു എന്തോ ഒരു വ്യത്യാസം തോന്നിയിരുന്നു എനിക്ക് – ഒരു അതിശയ ഭാവം, എപ്പോഴും.  ചിരിക്കുകയാണോ, കരയുകയാണോ, അടിമയെ കിട്ടിയതിന്റെ അഹന്തയാണോ എന്നൊന്നും മനസ്സിലാകാത്ത ഒരു മുഖഭാവം.ആ ഭാവവും ഒരു ഉത്തരമില്ലാ ചോദ്യമായി മനസ്സിൽ കിടന്നു.
പെട്ടെന്ന് തന്നെ കുട്ടേട്ടന്റെ നല്ലകാലം വന്നു. അമ്മൂമ്മ എല്ലാം കെട്ടിപ്പെറുക്കി മകളുടെ കൂടെ പോകാൻ തീരുമാനിച്ചു.  പോകുന്ന പോക്കിൽ യാത്ര പറയാൻ വന്നു.  “എടീ രാധേ, കുട്ടനെവിടെ? സ്ക്കൂളിൽ നിന്ന് വന്നില്ലേ?  അവനെന്നോട് ചെയ്തത്ഞാൻ പറഞ്ഞിട്ടു പോയേക്കാം.” ഇത്രേം പറഞ്ഞതും അവരുടെ മകൾ വന്ന്, “അമ്മ വന്ന് കാറേലേയ്ക്ക് കേറിക്കേ, ആൺകുട്ടികളായാൽ ഈ പ്രായത്തിൽ അങ്ങനെയുള്ള ചെറിയ കൈയ്യബദ്ധമൊക്കെ പറ്റും, പോട്ടേ, സാരമില്ല, വാ. ഈ അമ്മേടെ ഒരു കാര്യം!” എന്നു പറഞ്ഞ് മകൾ അമ്മയെയും കൊണ്ട് പോയി. 
ആ അപൂർണ്ണമായ വരികളിൽ വീണ്ടും ഞങ്ങൾ കുട്ടികൾ കുരുങ്ങിക്കിടന്നു  ‘എന്തായിരിക്കും അമ്മൂമ്മയ്ക്ക് പറയാനുള്ളത്?” അമ്മൂമ്മയുടെ മകൾ പറഞ്ഞ, “ആൺകുട്ടികളായാൽ അങ്ങനെ ചെറിയ കൈബദ്ധമൊക്കെ പറ്റും..” എന്നുള്ള ക്ലൂ കൂടിയായപ്പോൾ ഞങ്ങൾക്ക് സഹിക്കാനാവാത്ത ആകാംക്ഷയായി.  അമ്മൂമ്മ അന്ന് പോകുമെന്ന് അറിയാമായിരുന്നിട്ടും കുട്ടേട്ടൻ വൈകിയാണ് സ്ക്കൂളിൽ നിന്ന് വന്നത്.  വന്നപാടെ ഒരു ചോദ്യം എല്ലാരോടുമായി, “പോയോ ആ ഡാകിനി?(ആ ചോദ്യത്തിൽ കുട്ടന്റെ ദ്വേഷ്യവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു) ...
        “കുട്ടേട്ടാ, കുട്ടേട്ടന്റെ യജമാനത്തി സ്ഥലം വിട്ടുജീനിയെക്കൂടി കൂട്ടിക്കൊണ്ട് പോകാൻ ഇവിടെ വന്നിരുന്നു.. പിന്നീട് തന്നു വിടാം അടിമയെ എന്നുള്ള ഉറപ്പിന്മേൽ  അമ്മച്ചി അവരെ പറഞ്ഞു വിട്ടു കേട്ടോ” എന്നുള്ള പൊടിമോന്റെ കത്തിക്കലിൽ എല്ലാരും തലതല്ലി ചിരിച്ചു.
കുട്ടേട്ടൻ പഴയ കുട്ടനായി, സ്വാതന്ത്ര്യം കിട്ടിയത് പരമാവധി ആഘോഷിച്ചു.  അന്നു പതിവിലും നേരത്തേ നാമജപം കഴിഞ്ഞ് കുഞ്ഞുകുട്ടിപരാധീനങ്ങളടക്കം എല്ലാരും ഊണുമേശയ്ക്ക് ചുറ്റും നിരന്നു.  എത്രയോ ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ കുട്ടന്റെ സ്ഥായീഭാവം കണ്ട സന്തോഷം എല്ലാരിലും ഉണ്ട്.  എന്നാലും ഒരു അപൂർണ്ണത അതു പൂരിപ്പിക്കാൻ ഞാൻ തന്നെ തീരുമാനിച്ചു.  ഏട്ടനാണെങ്കിലും ചില സന്ദർഭങ്ങളിൽ ഞാൻ ‘എടാ കുട്ടാ’ എന്നു വിളിച്ചിരുന്നു. 
ഞാൻ വിളിച്ചു, “ടാ കുട്ടാ, എന്തായിരുന്നു നീയും ആ അമ്മൂമ്മയുമായിട്ട്?”(അവരുടെ പുരികംവര ശൃംഗാരം ഞാൻ കണ്ട കാര്യം അദ്ദേഹത്തിനു അറിയാമല്ലോ) 
ഒട്ടും ഗൗരവം വിടാതെ, ചിരി കടിച്ചു പിടിച്ച്, എല്ലാരും ഉത്തരം കേൾക്കാൻ കാതോർത്ത് നിന്നു.  ചോദ്യം തീരെ ഇഷ്ടപ്പെടാത്തതു കൊണ്ട് മറുപടി പറയാൻ താൽപര്യമില്ലാതെ കുട്ടനടിമ മുഖംകുനിച്ചിരുന്നു.  ആ മൗനം വീണ്ടും വീണ്ടും ഞങ്ങളെ സംശയാലുക്കളാക്കി.  എല്ലാപേരുടെയും നിർബന്ധം കൂടിക്കൂടി വന്നപ്പോൾ, കുട്ടേട്ടൻ ആദ്യദിവസം പറഞ്ഞ മറുപടി തന്നെ വീണ്ടും പറഞ്ഞു, “പ്രായമായവരെ സഹായിക്കുക എന്നേ വിചാരിച്ചുള്ളൂ”.  
സഹികെട്ട് അമ്മച്ചി ചാടിയെണീറ്റിട്ട്, ‘പിന്നേ, സഹായിക്കുന്ന ആളുതന്നെ നീ മോനേ? സ്വന്തം ദേഹത്തെ ഉറുമ്പിനെ തൂക്കാത്ത നീയാണോ മറ്റുള്ളവരെ സഹായിക്കാൻ,? നീ മര്യാദയ്ക്ക് പറയടാ” 
എല്ലാരുടെയും നിർബന്ധം സഹിക്കവയ്യാതെ വീട്ടിലെ പ്രായമായ പുരുഷപ്രജകൾ  ആരും തന്നെ ചുറ്റിലും ഇല്ലെന്ന് ഉറപ്പുവരുത്തി ചേട്ടൻ ആ സമസ്യാപൂരണം ആരംഭിച്ചു,  “അമ്മേ, അമ്മ ഓർക്കുന്നില്ലേ, അന്ന് ഉത്സവപ്പറമ്പിൽ നിന്ന് പൊട്ടാത്ത പടക്കമൊക്കെ ഞാൻ പെറുക്കി കൂട്ടി വെച്ചിരുന്നത്”
         “ങൂം, അന്ന് നിന്നെ ഞാൻ ചീത്തപറഞ്ഞ് അത് കളയിക്കുകേം ചെയ്തല്ലോ”, അമ്മച്ചിക്കും ആകാംക്ഷയായി.
      കുട്ടൻ രണ്ടുകണ്ണും ചുറ്റിലുമിരിക്കുന്ന ഞങ്ങളുടെ നേരെ വീശിയൊരേറുതന്നിട്ട് പറച്ചിൽ തുടർന്നു, “ഞാനത് കളഞ്ഞില്ലാരുന്നമ്മേ, ആരും കാണാതെ അതിലെ വെടിമരുന്നെല്ലാം പൊളിച്ചെടുത്ത് മുട്ടനൊരു പടക്കമാക്കി തിരിയെല്ലാം ഫിറ്റുചെയ്ത് വച്ചു.  അത് പൊട്ടിക്കാൻ അവസരം കാത്തുകാത്തു നടന്ന ഞാൻ ഒരു ദിവസം സന്ധ്യക്ക് അപ്രത്തെ അമ്മുമ്മ നിലവിളക്കും കത്തിച്ച് കണ്ണുമടച്ചിരിക്കുന്നത് കണ്ടു.”
കുഞ്ഞമ്മച്ചി: “എന്നിട്ട് എന്നിട്ട്????”
കുട്ടൻ, “ഞാൻ നീളമുള്ള ഒരു കമ്പിന്റെ അറ്റത്ത് പടക്കം കെട്ടിവച്ച് പുറത്തു നിന്ന് ആ വിളക്കിലേയ്ക്ക് നീട്ടി.  കത്തിച്ചു വെളിയിലേയ്ക്ക് എടുത്തെറിയാമെന്ന് കരുതി.  എന്നാൽ ഒരു വെടി, ഒരു പുക, വിളക്കും കെട്ടു വീട്ടിനകത്ത് ഇരുട്ടും.”

കോറസ്സ്: “എന്നിട്ട് .............?”
“പുക തട്ടിമാറ്റി വീട്ടിനകത്തു കയറിയ ഞാൻ കണ്ടത്  അമ്മൂമ്മ അവിടെ മലർന്നടിച്ച് കിടക്കുന്നതാ.  ഞാൻ പേടിച്ചു പോയി.  അമ്മൂമ്മയുടെ കാറ്റ് പോയോന്ന് പേടിച്ച് ഞാൻ കുലുക്കി വിളിച്ചതും അമ്മൂമ്മ ചാടിയെഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങി.  സന്ധ്യവെളിച്ചത്തിൽ അവരുടെ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി.  മൊണാലിസയെപ്പോലെ പുരികമില്ല, വെടിവഴിപാടിൽ അത് കത്തിപ്പോയി.  പൂച്ച കരിക്കലത്തിൽ തലയിട്ടതുപോലെ മുഖവും.   അത് കരിയാ തുടച്ചാലും മതി, ഈ പുരികമെന്തു ചെയ്യും.???  എന്തായാലും പുരികം പോയ കാര്യം ഞാൻ അപ്പോൾ മറച്ചു വച്ചു. മുറ്റത്തേയ്ക്കിറങ്ങിയ എന്നെ കണ്ടതും അമ്മൂമ്മ ഒരു ചോദ്യം, ‘എന്നതാടാ ഒരു വെടിയൊച്ച കേട്ടത്?’ നടന്ന സംഭവം ഞാൻ പറഞ്ഞതും, ‘എന്തിനാടാ നീയെന്നെ കൊല്ലാൻ നോക്കിയത്? ' എന്നു പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി.  ഇപ്രത്തേയ്ക്ക് വരാൻ തുടങ്ങിയ അവരെ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു, ‘അമ്മൂമ്മേ, ഇതാരോടും പറയല്ലേ, അച്ഛനറിഞ്ഞാൽ എന്നെ കൊല്ലും’, ആ ദുഷ്ടബുദ്ധി തള്ള അതു തന്നെ ലാക്കാക്കി ഉടനെ എന്നോട് പറഞ്ഞു, ‘ശരി, ഞാൻ ആരോടും പറയില്ല, ഞാനെന്തു പറഞ്ഞാലും നീയിനി അനുസരിച്ചോണം.  ധിക്കാരം കാട്ടിയാൽ അന്നേരം ഞാനിത് നിന്റെ വീട്ടിൽ വന്നു പറയും.’ എന്റെമ്മേ, ആ പേടിയാണ് ഇത്രേം ദിവസം എന്നെക്കൊണ്ട് ആ അടിമപ്പണി ചെയ്യിച്ചത്.”

ഞാൻ അറിയാതെ എന്റെ പുരികം തലോടിക്കൊണ്ട് പറഞ്ഞു,
 “എടാ കള്ളാ, അതായിരുന്നല്ലേ  മുഖം തുടയ്ക്കലിന്റെയും പുരികമെഴുത്തിന്റെയും ഗുട്ടൻസ്”.  (അഹന്ത നിറഞ്ഞ  അവരുടെ മുഖഭാവം പുരികം കരിഞ്ഞു പോയതുകൊണ്ട് ഉണ്ടായതാ എന്ന ഉത്തരവും  കുട്ടൻ പറയാതെ തന്നെ  എനിക്കു മനസ്സിലായി...)

കുട്ടൻ: “ആ ഡാകിനി കണ്ണാടി നോക്കാത്തത് എന്റെ ഭാഗ്യം,  ആരെങ്കിലും കണ്ടു പിടിച്ച് പുരികം  എന്ത്യേ എന്ന് ചോദിക്കണ്ടാ എന്ന് കരുതി  'അമ്മൂമ്മേ  സുന്ദരിയാക്കാം 'എന്നു പറഞ്ഞു ചീനച്ചട്ടിക്കരി കൊണ്ട് ഞാൻ പുരികം വരച്ചു കൊടുത്തു. 'സുന്ദരിയാക്കാം' എന്നു പറഞ്ഞുള്ള സുഖിപ്പിക്കലിൽ  അമ്മൂമ്മേടെ "എന്തിനാ നീ കരി വരയ്ക്കുന്നതെന്ന" ചോദ്യം ഒഴിവാക്കി.  
ഒരു ദീർഘനിശ്വാസംവിട്ട് കഥപറച്ചിലിനു സമാപനംകുറിച്ച് മഹാനായകുട്ടൻ ചമ്മിയ മുഖത്തോടെ എല്ലാവരേയും ദയനീയമായി ഒന്നു നോക്കിയതും................

"എന്റേടാ ... നിന്നെപ്പോലൊരു കഴുത" എന്നു പറഞ്ഞ് അമ്മമാരെല്ലാം എഴുന്നേറ്റുപോയി....

അമ്മൂമ്മ ഇടക്കിടെ പറഞ്ഞിരുന്ന "നിന്റെ ചെറുക്കൻ എന്നോട് ചെയ്തത്!”എന്ന പ്രയോഗത്തിന്റെ വിട്ടുപോയഭാഗം കുട്ടൻ പൂരിപ്പിക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ഞങ്ങളിൽ ചിലർ ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി ഇളിക്കുന്നപോലെ ഒന്നു ചിരിച്ചു  നിരാശയോടെ സ്ഥലം കാലിയാക്കി.....

സമസ്യാപൂരണവും കഞ്ഞികുടിയും  കഴിഞ്ഞ് എല്ലാരും ഉറങ്ങി.  കാലത്തെണീക്കാതെ കിടന്ന കുട്ടേട്ടനെ അമ്മച്ചി വിളിച്ച് എന്തോ ജോലി പറഞ്ഞതും, ‘എനിക്ക് പറ്റില്ല’ എന്നു പറഞ്ഞ് ആ ‘ഒരാഴ്ചഅടിമ’ അടിമത്തത്തിൽ നിന്ന് സ്വയം മോചനം നേടി ഉറക്കം തുടർന്നു. 
ദിവസങ്ങൾ കഴിഞ്ഞു.  ശിവരാത്രി തലേന്ന് കുട്ടേട്ടന്റെ അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ കൈയ്യിൽ വലിയ ഒരു പൊതി.  കുട്ടികളെല്ലാരും വല്യച്ഛന്റെ ചുറ്റുംകൂടി.  കുട്ടേട്ടന്റെ കൈയ്യിൽ കൊടുത്ത പൊതി ഏട്ടനോടു തന്നെ തുറക്കാൻ പറഞ്ഞു വല്യച്ഛൻ.  പൊതി നിറയെ പടക്കം. സങ്കടവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു ഭാവത്തോടെ നിന്ന കുട്ടേട്ടനെ ചേർത്തു പിടിച്ച്  വല്യച്ഛൻ പറഞ്ഞു, “ആരുടെയും പുരികം കളയാതെ ശ്രദ്ധിച്ചു പൊട്ടിക്കണേ മോനേ” . ആ പറച്ചിലിൽ 'എനിക്കെല്ലാം  അറിയാമായിരുന്നടാ ! പോട്ടെ സരമില്ല 'എന്നുള്ള ഒരു നിശ്ശബ്ദസ്നേഹസാന്ത്വനം  മകരമഞ്ഞായി ആ കുംഭമാസത്തിലും കുട്ടന്റെ മനസ്സിനെയും  ദേഹത്തെയും തലോടിത്തലോടി നിന്നു.................


Sunday, January 1, 2012

പുതുവത്സരാശംസകൾ

കാലമാണോ മുന്നിൽ? 
സമയമാണൊ മുന്നിൽ?
ഇവരിൽ ആരാണു മുന്നിൽ? 
ഇവരിൽ ആരാണു പിന്നിൽ?

എല്ലാപേർക്കും കിലുക്കാംപെട്ടിയുടെ പുതുവത്സരാശംസകൾ

Saturday, December 31, 2011

സമയത്തിന്റെ പിണക്കം

എന്തൊരു പിണക്കമാ ഇത്…
സമയത്തെക്കുറിച്ച്,
സമയനിഷ്ഠയെക്കുറിച്ച്,
നീ മാത്രമായിരുന്നു മാതൃക.
നിന്നെ നോക്കി നോക്കി ഞാൻ ജീവിച്ചു.

നീയിങ്ങനെയായാൽ ഞാനെന്തുചെയ്യും?
മതി, പിണക്കം.

തെറ്റുപറ്റി, ക്ഷമിക്ക്.
മറന്നുപോയി.
ഒരു ദിവസം തൊട്ടുതലോടിയില്ല.
തെറ്റ് എന്റേത് തന്നെയാ.
നീ നടക്കണം

എനിക്ക് നിന്റെ പിന്നാലെ നടക്കണം ,
എന്നും  നടക്കണം.

തൊടാതെയും, കവിളിൽ തലോടാതെയും,
സമയം കാലത്തെയും കൊണ്ട് പായുന്ന ഇന്നും
നിന്നെ ഞാൻ സൂക്ഷിക്കുന്നത്
നിന്നിലെനിക്കുള്ള വിശ്വാസം മാത്രം.

Tuesday, November 1, 2011

മലയാളത്തിന്റെ പുതുപ്പിറവി


               സമ്പന്നമായ ഭാഷയും സംസ്കാരവുമുള്ള മനോഹരമായ ഒരു നാടിന്റെ ജന്മദിനം, ഇന്ന് - ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ. എങ്ങനെയും വളച്ചൊടിക്കാവുന്ന ഭാഷയാണ് മലയാളമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മലയാളം. സംസാരശൈലി കേട്ടാൽ ആള് ഏത് ജില്ലയിൽ നിന്നെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാലിന്നത്തെ നമ്മുടെ മക്കൾ കേരളത്തിനു മാത്രമായി ഒരു മലയാളത്തിനു ജന്മം കൊടുത്തു. നാടോടുമ്പോൾ കുഞ്ഞുങ്ങൾ നടുവേ ഓടിയ്ക്കോട്ടേ. പുതിയ ഭാഷ കേട്ട്, ആസ്വദിച്ച്, നമ്മളും പഠിക്കണം. ഇല്ലെങ്കിൽ നാളെ നമ്മുടെ മക്കളോട് ആശയവിനിമയം നടത്താൻ നമ്മൾ വല്ലാതെ  ബുദ്ധിമുട്ടും.
        വിദേശത്ത് ജനിച്ചു വളരുന്ന ഈ കുട്ടിയുടെ മലയാളം നമുക്കൊന്ന് കേട്ടാലോ.
                ഇവൻ നല്ല മലയാളിയായി വിദേശത്ത് ജീവിക്കട്ടേ. ഇതുപോലെ ഒരുപാട് കൊച്ചുമക്കളെ അവിടെ കാണാം. മലയാളത്തിന്റെ 'അരിയാം, അരിയാം, കുരച്ചരിയാം..' എന്ന പുതുമലയാളം പറയാനറിയാത്ത, തനതുമലയാളം സ്പഷ്ടമായി പറയുന്ന തുഞ്ചന്റെ പൈങ്കിളികളേ, നമ്മുടേ മലയാളി മക്കളെ. ഈ മക്കളെ മലയാളം പഠിപ്പിച്ച അച്ഛനമ്മമാരോട് എത്ര നന്ദി പറഞ്ഞാൽ മതിയാവും, സാക്ഷരകേരളമേ?
            ലോകമലയാളി സമ്മേളനം അമേരിക്കയിൽ നടന്നു എന്ന് പറഞ്ഞ് ഗോഗ്വാ വിളിച്ചവരേ,നിങ്ങൾ അറിഞ്ഞില്ലന്നുണ്ടോ നല്ല മലയാളിയും നല്ല മലയാളവും കേരളത്തിന്റെ സാഹിത്യവും സംസ്കാരവും അറബിക്കടലിൽ ചാടി രക്ഷപെട്ടു! വിദേശരാജ്യങ്ങളിലെല്ലാം കേരളം പിറന്നു വളരുന്നു. കേരളലോകമേ, ലോകകേരളമേ... നിനക്ക് ദീർഘായുസ്സ് നേരുന്നു ഒപ്പം പിറന്നാളാശംസകളും …...