Friday, August 20, 2010
വാമനനും പാതാളത്തിലേയ്ക്ക്.....
പതിവുപോലെ നിറഞ്ഞ മനസ്സുമായി തന്റെ പ്രജകളെക്കാണാന്‍ അദ്ദേഹം ആദ്യം ഓടിയെത്തിയത് തലസ്ഥാനനഗരിയിലേയ്ക്ക് തന്നെ. അവിടെക്കണ്ട ആള്‍ത്തിരക്കും ഉത്സവപ്രതീതിയും ആ മനസ്സുനിറച്ചു; ഒപ്പം കണ്ണുകളും... സന്തോഷത്താല്‍ .
പെട്ടെന്ന്, "വേഗം വാ, സമയം ആയി", എന്നു പറഞ്ഞ് ആ ആള്‍ത്തിരക്കിലേയ്ക്ക് ആരോ കൈയില്‍ പിടിച്ചതും വലിച്ചതും മാത്രം ഒരു ഓര്‍മ്മ. കണ്ണുതുറന്ന് ചുറ്റിലും നോക്കിയപ്പോള്‍ കണ്ട കാഴ്ച, "ഹൊ! എത്ര മനോഹരം....എന്തായിത്? ലോകരാജാക്കന്മാരുടെ സമ്മേളനമോ? നമ്മളായിരിക്കും, അതിന്റെ അദ്ധ്യക്ഷന്‍...".. കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു വന്ന ആള്‍ പറഞ്ഞു, "എന്ത് അദ്ധ്യക്ഷന്‍? ഇത് മഹാബലിമാരുടെ മത്സരം ആണ്”.
“മഹാബലിമാരുടെ മത്സരമോ??എന്തു മത്സരം?നമുക്കു ഒന്നും മനസ്സിലായില്ലാല്ലോ?”
“അയ്യേ നിങ്ങള്‍ എവിടുത്തുകാരന്‍ കൂവാ? കഷ്ടംതന്നെ. ഈ മത്സരം എന്താന്നുവച്ചാ... മഹാബലിമാരെ ക്കൊണ്ട് ലോകം നിറഞ്ഞു. അവരെ തട്ടിമുട്ടി നടക്കാന്‍ വയ്യ. അപ്പോള്‍ നമ്മുടെ മുഖ്യന്‍, ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഇവറ്റകള്‍ക്കും ഒരു 'റിയാലിറ്റി ഷോ' (അതാണല്ലോ ഇന്നത്തെ കേരളം) നടത്തുന്നുവെന്ന് അറിയിച്ചു. അതു കേട്ടതും, ലോകമെമ്പാടുമുള്ള മഹാബലികള്‍ വന്ന് കേരളം നിറഞ്ഞു നില്ക്കുവാ....റിയാലിറ്റി ഷോയുടെ സെലക്ഷന്‍ റൌണ്ടാണ് ഇവിടെ നടക്കുന്നത്."
ഒന്നും മനസ്സിലാവാതെ, ആ പാവം ഒറിജിനലും കൂട്ടത്തില്‍ നിന്നു. സെലക്ഷന്‍ റൌണ്ടില്‍ ആദ്യം പുറത്തായതും ഒറിജിനലദ്യേം തന്നെ. ഒരുവിധം തിക്കിലും തിരക്കിലും നിന്നുമാറി ഒരു മരച്ചുവട്ടിലിരുന്നു ഒറിജിനല്‍ .
ഔട്ടായി വന്ന വേറേ കുറെ മഹാബലിമാരും പലസ്ഥലത്തും താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ക്യാമറയും മൈക്കുമായി ഉടനെതന്നെ എത്തിയല്ലോ കുറെ കത്തികള്‍ ... ഓരോ മഹാബലിമാരോടും എന്തൊക്കെയോ ചോദിച്ച് ചോദിച്ച് അവര്‍ ഒറിജിനലിന്റെ അടുത്തെത്തി. ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.
കത്തി: "നമസ്കാരം, അങ്ങ് എത് കമ്പനിയെ അല്ലെങ്കില്‍ ഓഫീസിനെ, അതുമല്ലെങ്കില്‍ എന്തിന്റെ പ്രതിനിധിയായിട്ടാണ് ഈ മാഹാബലി വേഷംകെട്ടി വന്നത്? ആരാണ് അങ്ങയുടെ സ്പോണ്‍സേഴ്സ്?"
ഒറിജിനല്‍ മഹാബലിയ്ക്ക് ചോദ്യം മനസ്സിലായില്ല. ചെറിയ (വളിച്ച) ഒരു ചിരിയോടെ ചോദിച്ച ആളെ നോക്കി പറഞ്ഞു, "നമ്മള്‍ ഈ നാടിന്റെ പ്രതിനിധി, സ്പോണ്‍സേഴ്സ് ഇല്ല".
കത്തി പൊട്ടിച്ചിരിച്ചു, "നാടിന്റെ പ്രതിനിധിയോ?"
മഹാബലി, "അതെ, കേട്ടിട്ടില്ലേ? ആ പഴയ കഥ.. ..മാവേലി...വാമനന്‍....പാതാളം...ഓണം...ആ കഥ..."
ഇത്തവണ കത്തി വളിച്ച ചിരിയോടെ പറഞ്ഞു, "ക്ഷമിക്കണം, അതെല്ലാം പഴഞ്ചന്‍ കഥയല്ലേ മാഷേ? കണ്ടില്ലേ ഇന്നത്തെ ഓണം? മഹാബലികളുടെ തിരക്ക്?"
മഹാബലി: "അപ്പോള്‍ ഓണം?"
കത്തി: "ഇന്നിപ്പോള്‍ ഇതൊക്കെത്തന്നെ ഓണം, മനസ്സിലായില്ലേ?"
മഹാബലി: "മനസ്സിലായി, മനസ്സിലായി, നല്ലപോലെ മനസ്സിലായി... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി ഓണം...എന്ന്."
ഇനിയും ചോദ്യങ്ങളെ നേരിടാന്‍ വയ്യാത്തകൊണ്ട് മഹാബലി അവിടെനിന്ന് പതുക്കെ നടന്നു. പുറകില്‍ , "ബെസ്റ്റ് മഹാബലിയെ" തിരഞ്ഞെടുക്കുന്ന തകര്‍പ്പന്‍ ബഹളവും കേട്ടുകൊണ്ട്... പെട്ടെന്ന്, തണുത്ത സുഖമുള്ള ഒരു സ്പര്‍ശനം പുറകില്‍ ...തിരിഞ്ഞു നോക്കിയപ്പോള്‍ സുന്ദരചിരിയുമായി ആ കള്ളച്ചെറുക്കന്‍, വാമനന്‍, ബലിയുടെ കൈയ്യില്‍ പിടിച്ചു, "വരൂ, നമുക്കു നടക്കാം",
വാമനന്‍: "വിഷമമായി, അങ്ങേയ്ക്ക്, അല്ലേ?
മഹാബലി: "എന്തിനു?"
വാമനന്‍: "സെലക്ഷനില്‍ ഒറിജിനലായ അങ്ങ് ഔട്ടായതില്‍ "
മഹാബലി, "വിഷമം ഇല്ല എന്നു പറയാന്‍ പറ്റില്ല... അത് ഔട്ടായതിനല്ല...ഇന്ന് കേരളം, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയല്ലോ എന്നുള്ള ഒരു ദുഃഖം".
മഹാബലിയെ സമാധാനിപ്പിച്ചുകൊണ്ട് വാമനന്‍ പറഞ്ഞു, "അങ്ങ് വിഷമിക്കാതെ,ഞാന്‍ ഒരു സൂത്രം പറയാം, തൊട്ടപ്പുറത്ത് ഇത്രേം തന്നെ വാമനന്മാരും ഉണ്ട്. അവിടെ ആദ്യം ഔട്ടായതേ, (ഒരു കള്ളച്ചിരിയോടെ) ഈ വാമനന്‍ ഒറിജിനലാണു കേട്ടോ.."
"സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം..." എന്ന പാട്ട് പശ്ചാത്തലത്തില്‍ കേട്ടുകൊണ്ട് രണ്ടാളും നടക്കവേ വാമനന്‍ ബലിയോട് ചോദിച്ചു, "എന്തേ മഹാരാജന്‍, ഇപ്പോഴും കണ്ണുകളില്‍ ഒരു വിഷാദം? സാരമില്ലെന്നേ, അടുത്ത തവണ നമുക്കു നേരത്തേ എത്താം... നല്ല സ്പോണ്‍സേഴ്സിനെ കണ്ടെത്തി, അവരുടെ പരസ്യമോഡലുകളായി, നല്ല നല്ല ഷൂസും, കുടയും ആടയാഭരണങ്ങളും ഒക്കെയായി വന്ന് മത്സരിച്ചു ജയിക്കാം. അങ്ങ് കേട്ടിട്ടില്ലേ, പരാജയം ജയത്തിന്റെ മുന്നോടിയെന്നൊക്കെ" വാമനന്‍ സമാധാനിപ്പിച്ചു.
മഹാബലി:"കിട്ടിയ അവസരത്തില്‍ കളിയാക്കിയ്ക്കോ, കളിയാക്കിയ്ക്കോ...കള്ളക്കുട്ടാ.... പണ്ടേ നീയെനിക്കിട്ട് പണിഞ്ഞവനല്ലേ...ങൂം? എന്റെ വിഷമം അതൊന്നും അല്ല മോനേ... ഇനി പത്ത് ദിവസം കഴിയാതെ പാതാളത്തിലേയ്ക്ക് പോകാന്‍ കഴിയില്ല." മഹാബലി നെടുവീര്‍പ്പിട്ടു.
"അയ്യോ, അതെന്താ?" വാമനനു ആകാംഷയായി.
മഹാബലി, "അതേ, നമ്മള്‍ അവിടെയില്ലാത്ത പത്തുദിവസമാണ് അവിടെ അന്തപ്പുരശുചീകരണ ആഘോഷം... ആദിവസങ്ങളില്‍ ഒരു അണുവിനുപോലും ആ കെട്ടിടത്തിലേയ്ക്ക് പ്രവേശനമില്ല... അറിയില്ലേ വിന്ധ്യാവലിയുടെ സ്വഭാവം... വൃത്തി സമം വിന്ധ്യാവലി എന്നാണ് നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്..."
"സാരമില്ല, പത്തുദിവസം നമുക്ക് മഹാബലി റിയാലൊറ്റിഷോ ക്യാമ്പില്‍ പോയി അദൃശ്യരായി നിന്ന്, അവിടെ നടക്കുന്ന കോപ്രായങ്ങളൊക്കെ കണ്ട് പഠിക്കാം", വാമനന്‍ പറഞ്ഞു
"അതെന്ത് പഠിക്കാനാ?" മഹാബലിക്ക് കൌതുകമായി..
"ഉണ്ടല്ലോ... സെലക്ഷന്‍ കിട്ടിയവരെ കൊണ്ട്, വിഷയത്തെക്കുറിച്ച് ഒരുധാരണയുമില്ലാത്ത കുറെ വിധികര്‍ത്താക്കള്‍ (എല്ലാപേരും അല്ല) ക്ഷ...ണ്ണ...ക്രാ...ക്രീ...വരപ്പിക്കുന്നത് കണ്ടുപഠിക്കാം... അല്ലെങ്കില്‍ ചിരിച്ച് ചിരിച്ച് നമുക്ക് ആയുസ്സുകൂട്ടാം... പിന്നെ ഒരിക്കല്‍ സെലക്ഷന്‍ കിട്ടിയവര്‍ ആ വഴി വരാത്തവണ്ണം അവരെ അവിടെയിരിക്കുന്ന കക്ഷികള്‍ ഓടിക്കുന്നതും കാണാം. അപ്പോള്‍ സെലക്ഷന്‍ കിട്ടാത്തതില്‍ നമ്മള്‍ക്കും ഒരു ആശ്വാസം ഉണ്ടാവും."വാമനന്‍ പറഞ്ഞു ..
"വേണ്ട വാമനാ...എനിക്ക് തിരികെ പോകണം, നമുക്ക് മത്സരമൊന്നും വയ്യ... എന്റെ സുന്ദര കേരളം, ദൈവത്തിന്റെ സ്വന്തം നാട്...മഹാബലിമാരെക്കൊണ്ടും വാമനന്മാരെക്കൊണ്ടും റിയാലിറ്റി ഷോകളേക്കൊണ്ടും മത്സരങ്ങളേക്കൊണ്ടും... കള്ളവും ചതിയും പൊള്ളത്തരങ്ങളേക്കൊണ്ടും.... എല്ലാം സഹിക്കവയ്യാതെ നട്ടംതിരിയുന്നതു... നമുക്ക് കാണാന്‍വയ്യ...പോകണം തിരികെ ഇപ്പോള്‍തന്നെ" മഹാബലി പറഞ്ഞു.
വാമനന്‍, "അപ്പോള്‍ വിന്ധ്യാവലി?"
"സാരമില്ല, പത്തുദിവസം അല്ലേ? പാതാളം എല്ലാം കറങ്ങി നടന്നന്നൊന്നു കണ്ടേക്കാം...ഇത്തവണത്തെ എന്റെ ഓണം അവിടെ പാതാളത്തിലാവട്ടേ..." മഹാബലി തീരുമാനിച്ചുറച്ച് പറഞ്ഞു .
"എന്നാല്‍ ഇത്തവണ ഞാനും കൂടി വരാം പാതാളത്തിലേയ്ക്ക്", വാമനന്‍ ഉത്സാഹിയായി...
ഒരു സുന്ദര കേരളം സ്വപ്നം കണ്ട് മഹാബലി, വാമനന്റെ കൈയില്‍ പിടിച്ചു സന്തോഷത്തോടെ പാതാളത്തിലേക്ക് നടന്നു...
Sunday, July 11, 2010
സ്റ്റൈല്‍
എന്റെ നാട്.
ഒന്നു കൂടെ കാണണം..
കുട്ടിക്കാലത്തു ഓടിച്ചാടി നടന്ന ഇടവഴികളിലെല്ലാം കുട്ടിത്തം മാറാത്ത മനസ്സുമായി ഒന്നുകൂടെ നടക്കണം. ഓര്‍മ്മകള്‍ കൂട്ടത്തോടെ ചുറ്റിലും നിരന്നു. അവധി ദിവസങ്ങളില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാനിറങ്ങുന്നതും, അച്ഛന്റെ സുഹൃത്ത് രാമേട്ടന്റെ ചായക്കടയുടെ മുന്‍പിലുള്ള ബെഞ്ചിലിരുന്നു ചൂടു ചായ കുടിക്കുന്നതും, കൂട്ടത്തില്‍ സ്നേഹിതന്റെ മകനു രാമേട്ടന്‍ സ്നേഹത്തോടെ വാഴയില കീറില്‍ തന്ന ചൂടു ഇഡ്ഡലിയും, തേങ്ങ ചമ്മന്തിയും,എല്ലാം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കണം എന്നൊക്കെ കരുതിയാണ് നാട്ടില്‍ എത്തിയത്. പഴയനാടല്ല മാറ്റം വന്നു കാണും എന്നൊക്കെ പ്രതീക് ഷിച്ചിരുന്നു. എങ്കിലും ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചിരുന്നതേയില്ല.
ടാറിട്ട റോഡുകളും കൊണ്‍ക്രീറ്റു കെട്ടിടങ്ങളുമൊക്കെ വന്നുയെങ്കിലും ഭൂമിശാസ്ത്രപരമായ ഘടനക്കു വലിയ മാറ്റം കണ്ടില്ല. പിറ്റേ പ്രഭാതത്തില്‍ നടക്കാനിറങ്ങിയ ഞാന്‍ നേരേപോയത് രമേട്ടന്റെ ചായ പീടിക ഇരുന്നയിടത്തേക്കാണ്. അവിടെകൂറ്റന്‍ ഒരു ഹോട്ടൽ...
അച്ഛന്‍ തുടങ്ങി വച്ച ചെറിയ ചായക്കട ഇത്ര വളരെ വളര്‍ത്തിയ രാമേട്ടന്റെ മക്കളോട് ബഹുമാനം തോന്നി. ഉള്ളിലേക്കു കടന്ന ഞാന്‍ കണ്ടത് സ്വീകരണമുറിയില്‍ തന്നെ രാമേട്ടന്റെ വലിയ ഒരു പടം അലങ്കരിച്ചു വച്ചിരിക്കുന്നതാണ്. സ്നേഹം തുളുമ്പുന്ന ആ പടത്തിന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ "കഴിച്ചിട്ടു പോകാം മോനേ" എന്നു പറയുന്നതായി തോന്നി. ഞാന്‍ നേരെ റെസ്റ്റോറെന്റിലേക്കു പോയി. അതിമനോഹരം. വെള്ളവിരിപ്പിട്ട് മൂടിയ മേശകളും അതിന്മേല്‍ പൂ പാത്രങ്ങളും പൊക്കം കൂടിയ ചാരുള്ള കസേരകളും എല്ലാം ഭംഗിയായി വച്ചിരിക്കുന്നു.
എന്നേ കണ്ടതും തൂവെള്ള വസ്ത്ര ധാരിയായ സേവകന്‍ ഓടി വന്നു.
"ഇരിക്കണം സര്‍ ", ഇരുന്നു.
"എന്താണ്സര്‍ കഴിക്കാൻ ?"
അയാള്‍ വിഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പറഞ്ഞു. അതൊന്നും ശ്രദ്ധിച്ചില്ല ഞാൻ.
അയാള്‍ അടുക്കളയിലേക്കും ഞാന്‍ കൈ കഴുകാനും പോയി. കൈ കഴുകി തിരികെ തീന്‍ മേശക്കു മുന്നിലെത്തിയ ഞാന്‍കണ്ടത് പൂ പോലത്തെ ഇഡ്ഡലികള്‍ സുന്ദരമായ വെള്ളപാത്രത്തില്‍ എന്നെയും കാത്തിരിക്കുന്നു. ഒന്നുമാത്രം മനസ്സിലായില്ല. ഇരുവശത്തും രണ്ട് ആയുധങ്ങള്‍ 'കത്തിയും മുള്ളും' ഒന്നു സംശയിച്ചു.
ഇതു കൊന്നു തിന്നേണ്ട സാധനം വല്ലതും ആണോ?കഴിക്കാതെ അതിനേ നോക്കി ഇരുന്നു. കഴിക്കാതിരുന്ന എന്നേ കണ്ടിട്ടു സേവകന്‍ ഓടി വന്നു, "എന്താണു സര്‍ കഴിക്കാത്തത്?" ഭവ്യതയോടെ ചോദിച്ചു.
വിഷമത്തോടെ ഞാന്‍ ചോദിച്ചു...
' ഇതു ഇഡ്ഡലി തന്നെ അല്ലേ?"... "അതെ" അയാൾ സംസാരം തുടര്‍ന്നു.
"ഇപ്പോള്‍ എല്ലാം തനിനാടന്‍ രീതിയില്‍ ആണല്ലോ എല്ലാര്‍ക്കും പ്രിയം. സാറിനു വിദേശ ആഹാരം വല്ലതും വേണേല്‍ വേഗം തയ്യാറാക്കാം".
ഞാന്‍ പറഞ്ഞു "വേണ്ട, ഇത്ര സാധുവായ ഇഡ്ഡലിക്കിരുപുറവും ആയുധങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം തോന്നി, കൊന്നു തിന്നണ്ട വല്ലതും ആണോ നമ്മുടെ ഇഡ്ഡലിയുടെ രൂപത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന്".
എന്റെ സംശയം കേട്ട് അയാളുടെ മുഖത്ത് അര്‍ത്ഥം മനസ്സിലക്കാന്‍ പറ്റാത്ത ഒരു ചിരി കണ്ടു.
"അതാണു സര്‍ ഇപ്പോളത്തെ ഒരു സ്റ്റൈൽ!"
എന്നു പറഞ്ഞു സേവകന്‍ അവന്റെ തിരക്കുകളിലേക്കു മടങ്ങി.
ഞാന്‍ സാവധാനം ആ ആയുധങ്ങളെ ഒരു വശത്തേക്കു മാററി വച്ചു. ആയുധങ്ങള്‍ കൊണ്ടുള്ള വെട്ടും കുത്തും പ്രതീക്ഷിച്ച് നിസ്സഹായതയോടെ ഇരുന്നിരുന്ന പാവം ഇഡ്ഡലികളെ എന്റെ കൈകള്‍ കൊണ്ട് ഒന്നു തൊട്ടു.
രോമകൂപങ്ങള്‍ ഒന്നും ഇല്ലതെയിരുന്നിട്ടും അവയെല്ലാം രോമാഞ്ചം കൊള്ളുന്നതു ഞാന്‍ കണ്ടു.
അത് എന്റെ ഭക്ഷണം ആണന്നു മറന്നുപോയ ഞാന്‍ സ്നേഹത്തോടെ അവയെ തലോടിക്കൊണ്ടേയിരുന്നു.........
(പ്രവാസി എന്ന അപരനാമം ഒഴിവായിക്കിട്ടിയ സന്തോഷത്തില്‍ പ്രവാസകാലത്തു എഴുതിയ ഈ കഥ ഒരിക്കല്‍ക്കൂടി .....പുനര്‍വായനക്കു നിര്‍ബ്ബന്ധിക്കുന്നതു ഔചിത്യം അല്ല എന്നറിയാം എന്നാലും ......)
Saturday, June 26, 2010
( മര)ഹൃദയം
രൂപ മാറ്റത്തില്‍ സ്വയം ആനന്ദിച്ചു, ആസ്വദിച്ചു, അഹങ്കരിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ മക്കളുണ്ടായപ്പോള്‍ അതിലേറെ സന്തോഷിച്ചു.
പുണ്യജന്മങ്ങളേ മടിയില്‍ കിട്ടിയ ഭാഗ്യത്തില്‍ മനസ്സു നിറഞ്ഞു.
ഈ നഷ്ടസ്നേഹങ്ങളേ ഒന്നു തലോടാൻ , മാറോടു ചേര്‍ക്കാൻ, പാലൂട്ടാൻ -
അവളിലും എന്നിലും ആഗ്രങ്ങള്‍ ആഗ്രഹങ്ങളായൊതുങ്ങി.
ആ മാറില്‍ നിന്നടര്‍ത്തി മക്കളെ ഈ മടിയില്‍ കിടത്തുമ്പോള്‍ അവളുടെ നിശ്വാസം ഞാന്‍ കേട്ടു.
ഈ മടിയില്‍ നിന്നെടുത്തു മക്കളേ ഏതോ കൈകളില്‍ കൊടുക്കുമ്പോള്‍ -
(മര)നിശ്വാസങ്ങള്‍ ആരും കേട്ടതേയില്ല.
പാപജന്മങ്ങളേ പുണ്യജന്മങ്ങളാക്കിയ മാതൃമനസ്സുകള്‍ ധന്യരായി.........
അന്ന് ...................................................................
...............................................................................
ആരോരുമറിയാതെ ഈ അമ്മത്തൊട്ടിലിന്‍
(മര)ഹൃദയവും തേങ്ങി
എന്തിനെന്നറിയാതെ ഒന്നു വിങ്ങി വിതുമ്പി....................................
മിനിറ്റുകള്‍ക്കുള്ളില്‍ മക്കളുണ്ടായപ്പോള്‍ അതിലേറെ സന്തോഷിച്ചു.
പുണ്യജന്മങ്ങളേ മടിയില്‍ കിട്ടിയ ഭാഗ്യത്തില്‍ മനസ്സു നിറഞ്ഞു.
ഈ നഷ്ടസ്നേഹങ്ങളേ ഒന്നു തലോടാൻ , മാറോടു ചേര്‍ക്കാൻ, പാലൂട്ടാൻ -
അവളിലും എന്നിലും ആഗ്രങ്ങള്‍ ആഗ്രഹങ്ങളായൊതുങ്ങി.
ആ മാറില്‍ നിന്നടര്‍ത്തി മക്കളെ ഈ മടിയില്‍ കിടത്തുമ്പോള്‍ അവളുടെ നിശ്വാസം ഞാന്‍ കേട്ടു.
ഈ മടിയില്‍ നിന്നെടുത്തു മക്കളേ ഏതോ കൈകളില്‍ കൊടുക്കുമ്പോള്‍ -
(മര)നിശ്വാസങ്ങള്‍ ആരും കേട്ടതേയില്ല.
പാപജന്മങ്ങളേ പുണ്യജന്മങ്ങളാക്കിയ മാതൃമനസ്സുകള്‍ ധന്യരായി.........
അന്ന് ...................................................................
...............................................................................
ആരോരുമറിയാതെ ഈ അമ്മത്തൊട്ടിലിന്‍
(മര)ഹൃദയവും തേങ്ങി
എന്തിനെന്നറിയാതെ ഒന്നു വിങ്ങി വിതുമ്പി....................................
Wednesday, April 14, 2010
ജീവനുള്ള വിഷുപുലരി
പായ്ക്കറ്റിനുള്ളിലെ വാടിയ കൊന്നപ്പൂക്കളും ജീവനില്ലാത്ത കണിവിഭവങ്ങളും ഇല്ല്ലാതെ എനിക്ക് ചുറ്റുമുള്ള ജീവനുള്ള പ്രകൃതിയെ കണികാണാന്‍ പോകുന്നു. പൂത്തുലഞ്ഞ കൊന്നമരങ്ങളും ഈറനണിഞ്ഞു നില്‍ക്കുന്ന ചെടികളും, കായ്കളും, പൂക്കളും, കിളികളും, പത്താമുദയവും, പടയണിയും... മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം കാണുകയല്ല; അനുഭവിച്ച് ആസ്വദിക്കയാണ് ഞാന്‍ ഈ വിഷുക്കാലം. ഇടക്കെപ്പൊഴൊക്കെയോ വിഷുവിനു നാട്ടില്‍ ഇല്ലാതിരുന്നിട്ടില്ല. അന്ന് ഒരു പ്രവാസിയുടെ മനസ്സായിരുന്നു എനിക്ക് എന്നു ഞാന്‍ ഇന്നറിയുന്നു.
വെളുപ്പാന്‍കാലത്ത് കണികാണാന്‍ കണ്ണുപൊത്തി കൈപിടിച്ചു കൊണ്ടുപോയി നിര്‍ത്താന്‍ വരുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്കു ആദ്യം നോക്കി, ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണി, കാത്തിരുന്ന കണി എന്നു പറയുന്ന ഒരു വിഷുപുലരി. പിന്നീട് പതുക്കെ ആ കൈപിടിച്ച് ഞാന്‍ കൊണ്ടുപോയി അറവാതിലിനു മുന്‍പില്‍ നിര്‍ത്തും കണികാണാന്‍ ..................
എല്ലാവര്‍ക്കും നല്ല ഒരു വിഷുദിനം, അല്ല ഒരു വിഷുക്കാലം ആശംസിക്കുന്നു
വെളുപ്പാന്‍കാലത്ത് കണികാണാന്‍ കണ്ണുപൊത്തി കൈപിടിച്ചു കൊണ്ടുപോയി നിര്‍ത്താന്‍ വരുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്കു ആദ്യം നോക്കി, ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണി, കാത്തിരുന്ന കണി എന്നു പറയുന്ന ഒരു വിഷുപുലരി. പിന്നീട് പതുക്കെ ആ കൈപിടിച്ച് ഞാന്‍ കൊണ്ടുപോയി അറവാതിലിനു മുന്‍പില്‍ നിര്‍ത്തും കണികാണാന്‍ ..................
എല്ലാവര്‍ക്കും നല്ല ഒരു വിഷുദിനം, അല്ല ഒരു വിഷുക്കാലം ആശംസിക്കുന്നു
Monday, March 22, 2010
വളര്‍ന്ന് ചെറുതായി...
വളര്‍ന്ന് ചെറുതായി....
ആ മാറോട് ചേര്‍ന്നു നിന്നാ-
തായ് മാഹാത്മ്യം മനസ്സിലാക്കി.
കൊതി തോന്നി, ഒപ്പം ആഗ്രഹവും
അതുപോലെയാവാന്‍ , വളര്‍ന്ന് വലുതാവാന്‍,
താങ്ങാവാന്‍ , തണലാവാന്‍ ...
സ്വതന്ത്രനായി കുതിച്ചുയരവേ,
പിന്‍ പിടുത്തങ്ങളറിഞ്ഞതേയില്ല.
വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു,
ജന്മം ലക്ഷ്യത്തിലെത്തി.
വളര്‍ന്നു വളര്‍ന്നങ്ങു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
തായ്‌വേരറ്റ ബോണ്‍സായി മാത്രമായി..
ആ മാറോട് ചേര്‍ന്നു നിന്നാ-
തായ് മാഹാത്മ്യം മനസ്സിലാക്കി.
കൊതി തോന്നി, ഒപ്പം ആഗ്രഹവും
അതുപോലെയാവാന്‍ , വളര്‍ന്ന് വലുതാവാന്‍,
താങ്ങാവാന്‍ , തണലാവാന്‍ ...
സ്വതന്ത്രനായി കുതിച്ചുയരവേ,
പിന്‍ പിടുത്തങ്ങളറിഞ്ഞതേയില്ല.
വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു,
ജന്മം ലക്ഷ്യത്തിലെത്തി.
വളര്‍ന്നു വളര്‍ന്നങ്ങു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
തായ്‌വേരറ്റ ബോണ്‍സായി മാത്രമായി..
Tuesday, February 2, 2010
ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം
ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ , ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”
Thursday, January 28, 2010
പുനര്‍ജന്മം
തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.
Subscribe to:
Posts (Atom)









