Monday, September 24, 2007

കുഞ്ഞു കഥ.


എന്റെ'മീനു' വായിച്ച് മനസ്സില്‍ നേരിയ വേദന തോന്നിയ മീനുവിന്റെ അമ്മക്കും,നിഷ്കളങ്കമായ കണ്ണുകളോടെ ഈ ലോകത്തിലേക്കു നോക്കുന്ന എന്റെ മീനുവിനും,
എല്ലാ മക്കള്‍ക്കും വേണ്ടി......
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

Wednesday, September 19, 2007

മീനു




..അറിയില്ലേ? ഒരു ചുള്ളത്തിയാ.
നിഷ്കളങ്കമായ കണ്ണുള്ളവള്‍. ചെറുചിരിയോടെ എല്ലാവരുടേയും മനസ്സിനു സന്തോഷം മാത്രം തരുന്ന മൂന്നു വയസ്സുകാരി.

കഴിഞ്ഞ ശനിയാഴ്ച് വൈകിട്ടു ചായകുടിച്ചു കൊണ്ടിരിക്കയായിരുന്നു.വീട്ടില്‍ എല്ലാവരും ഉണ്ട്.കുട്ടികള്‍  ടിവി കാണലും നാശം കാണിക്കലും കൂട്ടത്തില്‍ ചിപ്സ്,ചീസ് ബോള്‍സ് ഇവ തീറ്റയും,തിന്നുന്നതില്‍ കൂടുതല്‍ താഴെ ഇടുകയുംഅമ്മമാര്‍ അതൊന്നുമേ കാര്യമാക്കാതെ പരദൂഷണത്തില്‍ മുഴുകിയിരിക്കുന്നു.അപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഒരുഅതിഥി വന്നു..
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബഷീര്‍.
നോമ്പുകാലമല്ലേ..,അതറിയാവുന്നതു കൊണ്ട് ആരും കഴിക്കാനോ കുടിക്കാനോ ഒന്നും വേണോ എന്നും ചോദിച്ചും ഇല്ല. അതിഥി ദേവോഭവ എന്നതിന്റെ അര്‍തഥം ഒന്നുംമറിഞ്ഞു കൊണ്ടല്ലങ്കിലും മീനു അവളുടെ കൈയിലുണ്ടായിരുന്ന ചീസ് ബോള്‍ ഒരെണ്ണം ബഷീറിനു നേരെനീട്ടി കൊണ്ടു പറഞ്ഞു
"ഇന്നാ കഴിച്ചോ".
"നോമ്പാ, വേണ്ട മോളെ"എന്നു പറഞ്ഞു.
"അയ്യൊ ഇതു ബൊംബല്ല " എന്നു മീനു.
എല്ലാവരും അതു കേട്ടു ഒരെചിരി.

ഇന്നത്തെ കുട്ടികള്‍ക്ക് ബൊംബറിയാം, നോമ്പറിയില്ല. കാലം പോയൊരു പോക്ക്.

അതു മീനുവിന്റെ ശബ്ദം മാത്രമല്ല.ഈ നൂറ്റാണ്ടിലെ എല്ലാ കുട്ടന്മാരുടെയും,കുട്ടിമാരുടേയുംഅറിവാണ്. ബോംബും, മിസൈലും, യുദ്ധവും. അവ ഒന്നും പൂര്‍ണ്ണമായി മാറ്റാന്‍ പറ്റുമെന്നും തോന്നുന്നില്ല.

പക്ഷെ നമ്മള്‍ അമ്മമാര്‍ക്കു പലതും ചെയ്യന്‍ കഴിയും.കഴിയണം..
മീനുകുട്ടിമാര്‍ക്കും മീനുകുട്ടന്മാര്‍ക്കും ഇന്നത്തെ ചുറ്റുപാടുകളില്‍ നിന്നും സ്വയം പറിച്ചെടുക്കാന്‍ പറ്റാത്ത നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതമൂല്യങ്ങള്‍, ഒരുപാടൊരുപാട് സ്നേഹം എല്ലാം അവരുടെ ചെറിയ മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഈ വലിയ ലോകത്തിലേക്ക് അവരെ കൈ പിടിച്ചു നയിക്കുക.

Tuesday, September 11, 2007

ചില്ലുകൊട്ടാരം



വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതെവിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!

എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്,പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൌതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണന്നള്ള കാര്യം പൊലും പലപ്പൊഴും മറന്നു പോയി.മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.

ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല.ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം..
ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..
സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!