എവിടെനിന്നൊക്കെയോ കിട്ടിയ അറിവുകള്‍ വച്ച് ,ആ ഗൈഡിന്റെ വാതോരാതെയുള്ള ദുരന്തവിവരണം അവളുടെ ഓര്‍മമകളെ , താന്‍ നേരിട്ടനുഭവിച്ച , മറക്കാനാഗ്രഹിക്കയും മറക്കാതിരിക്കയും ചെയ്ത ആദിവസത്തിലേക്കും പിന്നീട് ഇന്നുവരെയുള്ള കാത്തിരുപ്പിലേക്കും കൂട്ടിക്കോണ്ടുപോകുന്നത് വേദനയോടെ അവള് അറിഞ്ഞു .
അന്നത്തെ ആ തണുത്ത പ്രഭാതത്തില്‍ ഉദയസൂര്യനെ കാണാനായി, സൂര്യകിരണങ്ങള്‍ തട്ടുമ്പോള്‍ കിട്ടുന്ന ചെറുചൂടിനായി രാമന് ലവകുശന്മാരോടൊപ്പം മൈഥിലിയെ കൂട്ടാതെ കടല്‍ക്കരയിലേക്ക് പോയ ദിവസം. പ്രഭാതത്തില്‍ സൂര്യനല്ല വരുണനാണ് മുന്‍പേ എത്തുക എന്ന് ആരും അറിഞ്ഞിരുന്നില്ല .ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഭൂമിയില്‍നിന്നും തനിക്കു വേണ്ടതെല്ലാം എടുത്തുകൊണ്ട് വരുണന് തന്റെ ലോകത്തിലേക്കു തിരികെ പോയി.
ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കുറെ കരച്ചിലുകള്‍ക്കിടയിലാണ് താനും എന്നവള്‍ മനസ്സിലാക്കി. സംഭവിച്ചത് എന്താണെന്നു മനസ്സിലായതും ഇല്ല. ഒന്നു മാത്രം പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങി ;എന്തു ചെയ്യണമെന്നും എങ്ങോട്ടുപോകണം എന്നും അറിയാതെ താനും ജീവിതത്തിന്റെ നടുക്കടലില്‍ പെട്ടിരിക്കായാണെന്നും,കാലത്തിന്റെ ഓളങ്ങളില്‍ പെട്ട് അവള്‍ക്കും തീരത്ത് അടുക്കാതെ പറ്റില്ലയെന്നും .
ജീവിതത്തില്‍ നടന്നതെല്ലാം യാദൃശ്ചികം മാത്രം.മൈഥിലിക്കു രാമന് ഭര്ത്താവായതും ഇരട്ടകുട്ടികള്‍ ലവകുശന്മാരായതും എല്ലാം . എന്നാല്‍ അവരുടെ വീട് അയോദ്ധ്യ ആയിരുന്നില്ല, അതു ദ്വാരകയായിരുന്നു .ദ്വാരക കടലെടുത്തപ്പോള്‍ മൈഥിലിക്കു കൂട്ടായി രാമനും ലവകുശന്മാരും ഇല്ല; കൃഷ്ണന് പോലും !
തന്റെ പ്രിയപ്പെട്ടവരെല്ലാം, പ്രിയപ്പെട്ടതെല്ലാം കടലിനടിയില്‍ എവിടെയോ ഉണ്ട് എന്നു വിശ്വസിച്ച് കടലിനെ കാണാവുന്ന , കടലിനെ കേള്‍ക്കാവുന്ന ദൂരത്തില്‍, ഇനിയും ഒരുനാല് വരുണന് വരും, അന്നു തന്നെയും കൂട്ടിക്കൊണ്ടുപോകും എന്ന വിശ്വാസത്തില്‍ അവളുടെ കൊച്ചു പര്‍ണ്ണശാലയില്‍ അവള് ജീവിതത്തോടൊപ്പം കാത്തിരുപ്പിന്റെ ദിവസങ്ങളും ആരംഭിച്ചു.
കടല്‍ത്തീരത്തു മുഴുവനും വര്‍ണ്ണം വാരി വിതറിയ ശംഖുകളും ചിപ്പികളും കാണുന്നത് ആദ്യമാദ്യം അവള്‍ക്കു വല്ലാത്തൊരു ആശ്വാസം ആയിരുന്നു. പതുക്കെ പതുക്കെ ആ വര്‍ണ്ണ ചിപ്പികളും ശംഖുകളും കൊണ്ട് ജീവിതത്തിനു തന്നെ വര്‍ണ്ണങ്ങള്‍ കൊടുക്കുവാന്‍ അവള് പഠിച്ചു .ഓരോചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഉള്ളിലിരുന്ന് തന്റെ ഭര്‍ത്തവും മക്കളും തന്നെ ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്നതായും, എന്തൊക്കെയോ നേടിതരുന്നതായും അവള് അറിഞ്ഞു.
ജീവിതത്തില്‍ നേടിയതൊന്നും നഷ്ടപ്പെട്ടതിനു തുല്യമായില്ല. കടല്‍ത്തീരത്തെ കാത്തിരുപ്പു മാത്രം ഒരു ശീലമായി, സ്വഭാവമായി, ജീവിതത്തിന്റെ ഭാഗമായി. കടലില്‍ താണുപോയ യാഥാര്ത്യങ്ങളെ സ്വപ്നങ്ങളില്‍ പേറി നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുഖമായി.
തന്റെ ജീവിതത്തിന്റെ ഉദയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി, ആ അസ്തമയത്തിലും കാത്തിരുന്നിരുന്ന അവളെ, സ്നേഹത്തിന്റെ ചൂടുള്ള ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും നെഞ്ചോട് ചേര്‍ക്കുന്നതും അവള് അറിഞ്ഞു. കാഴ്ച്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്കും സന്ധ്യയുടെ ഇരുട്ടിനും ആ മുഖം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തിന്റെ ആ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് വര്‍ഷങ്ങളായുള്ള കാത്തിരുപ്പു മതിയാക്കി, ഉദയത്തില്‍ നഷ്ടപ്പെട്ടതെന്തോ അത് അസ്തമയത്തില്‍ തനിക്കു തിരികെ കിട്ടി എന്ന വിശ്വാസത്തോടെ, സമാധാനത്തോടെ, ആ കൈകളോടോപ്പം അവള് നടന്നു നീങ്ങി..
23 comments:
സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി നീളുന്ന എല്ലാ കൈകള്‍ക്കും..
Thanks for this
കൊള്ളാം.
ഒരുപാട് നന്ദി....
ചേച്ചി നല്ല ഒഴുക്കുള്ള രചന.മനൂഷ്യന്റെ ചിന്തബോധത്തെ ഊട്ടി ഉറപ്പിക്കുന്ന വരികള്‍
നല്ല എഴുത്ത്, ചേച്ചീ.
:)
:)
ഇതു വളരെ നന്നായിരിക്കുന്നു ചേച്ചീ
സുനാമിക്കുശേഷം ഇങ്ങനെ ഒരുപാടുപേര് കടപ്പുറത്ത് ജീവിതത്തിന്റെ രക്ഷകനുവേണ്ടി കാത്തിരുന്നീട്ടുണ്ടാവും, അല്ലെങ്കില്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവു.
മറ്റൊരര്‍ത്ഥത്തില്‍ എല്ലാവരും കാത്തിരിക്കുന്നവരാണ്. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെന്നറിഞ്ഞീട്ടും എന്തിനോ വേണ്ടി കാത്തിരിക്കുന്നവര്‍. ഈ ശുഭപ്രതീക്ഷ തന്നെയല്ലേ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും??
അസ്സലായി. ഭാവുകങ്ങള്‍
ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും
ചെയ്യുന്നവരുടെ ലോകത്തില്ചിന്തകള് നശിച്ച് കൊണ്ടിരിക്കുന്ന ഒരോ മനുഷ്യ ജീവിയും..ചിന്തകളുടെ ചിന്തകള്‍ തേടീയലയുകയാണിന്ന്..
മാഷെ നന്നായിട്ടുണ്ട്.. ഈ വരികള്‍ക്കിടയിലെ ശക്തി. ആഴം. ഭാവം.
എല്ലാം തികച്ചും സ്പഷ്ടം.
കാപ്പിലാന്,അരീക്കോടന്‍,ശീവ്, അനൂപ്,ശ്രീ,ശ്രീനാഥ്,ഗുരുജി, മുരളിമാഷ്, സജി,എല്ലാവര്ക്കും നന്ദി.
കാത്തിരിപ്പിന്നിടയില്‍ നായിക തിരിച്ചറിയുന്നു ഈ കാത്തിരിപ്പില്‍ അര്‍ത്ഥമില്ലെന്ന്. ഈ കാത്തിരിപ്പില്‍ നിന്നും മോചനം ആഗ്രഹിക്കുന്നു നായിക. ആ മനം അറിഞ്ഞെന്ന പോലെ കാത്തിരിപ്പിന്നൊരറുതി വരുത്തികൊണ്ട്, പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്നു കഥയില്‍ പാത്രമല്ലാത്ത നായകന്. അവിടെ വീണ്ടും ഒരു ജീവിതം പൂക്കുന്നു, കായ്ക്കുന്നു, പഴുക്കുന്നു, വിത്ത് വീഴുന്നൂ, വീണ്ടും പുതു ജീവന് മുളക്കുന്നു.
നന്നായി ഏച്ചി ഈ കഥ.
വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് സുനാമി തന്നെ.
ഒറ്റപ്പെടലിനോളം വേദനാജനകമായി മറ്റൊന്നുമില്ല. തണലാകുന്ന, കൂട്ടാകുന്ന കരങ്ങള്‍, ആത് ആരുടെയായാലും ഒരാശ്വാസം തന്നെ.
നല്ല കഥ
ആ കാത്തിരിപ്പ് വേദനിപ്പിച്ചു കേട്ടോ.
എന്തോ, അവസാനം ഹൃദയ സ്പര്‍ശിയായി.
നല്ല കഥ ചേച്ചി....
ഒറ്റപ്പെടലുകള്‍ ക്രൂരം തന്നെ.
നല്ല അവതരണം.
നന്ന്.. ചേച്ചിക്ക് ആശംസകള്‍... ....
ലളിതം... സുന്ദരം..... മനോഹരം.. എന്നല്ലാതെ എന്തു പറയാന്‍. വഴിതെറ്റി എന്റെ മെയിലില്‍ വന്ന ഒരു കുറിപ്പു കണ്ടു അങ്ങനെ എത്തിയതാണു ഇവിടെ. വളരെ ഹൃദ്യമായിരിക്കുന്നു.ഇനിയും വായിക്കാന്‍ ആഗ്രഹമുണ്ടു തുടര്‍ന്നും എഴുതുക. കുഞ്ഞുബി
(അറിയുമോ എന്തോ?)
ബ്ലോഗില്‍ ഒരു ഉപ്പുകാറ്റ്..
തിരനുരയുന്നപുളിനങ്ങളില് ഒരല്പം സാന്ത്വനം!
:)
വേര്‍പാടിന്റെ ബാക്കിയാണോ കാത്തിരിപ്പ് അതൊ കതിരിപ്പിന്റെ ബാക്കി വേര്‍പാടൊ? എല്ലാം ശുഭമായിത്തീരുന്നതു കാണാനാണ് നമുക്കിഷ്ടം അല്ലേ. പലപ്പോഴും മറിച്ചാണ് സംഭവിക്കാറുള്ളതെങ്കിലും. ഏതായാലും കാത്തിരിപ്പിന് അന്ത്യമായല്ലോ? നന്നായി.
"വര്‍ഷങ്ങള്‍ പോയതറിയാതെ" വായിച്ചിട്ട് കഥ തീര്‍ന്നത് അറിഞ്ഞില്ല...നന്നായിരുന്നു..
കുക്കുറൂ,ലക്ഷ്മി, തസ്കരവീരന്,വല്യമ്മായി,വഴിപോക്കന്, കിച്ചു&ചിന്നു,കുഞ്ഞുബി,ഹരി,ദാസ്, സ്മിത.അസ്തമയ തീരത്തു വന്നതിനും വായിച്ചതിനും,അഭ്പ്രായം പറഞ്ഞതിനും,നന്ദി.
very good post, thank you. Really sad that I couldnt see this great blog for this much time.
All your writings are great, keep going great.
Happy New Year
All the best
Post a Comment