Tuesday, June 17, 2008

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍

   ത്തിക്കനലായി മാറിക്കൊണ്ടിരിക്കുന്ന ആരുടെയോ ചിതയിലേക്കു നോക്കിയിരുന്നപ്പോള്‍ എന്തോ പെട്ടെന്ന്  അവന്‍ ‍അച്ഛനെക്കുറിച്ചോര്‍ത്തു. ശ്മശാനത്തിന്റെ ഗന്ധമുള്ളവന്‍ എന്നു തന്നെ നോക്കി വിളിച്ച ഏതോ ഒരു പെണ്ണിനെ ഓര്‍ത്തു. ഓര്‍മ്മയായ കാലം മുതല്‍ ശ്മാശനത്തില്‍ തന്നെയായിരുന്നു അവന്‍ കൂടുതല്‍ സമയവും.ശ്മശാനത്തിന്റെ ഒരു കോണില്‍ ആരോകെട്ടിക്കൊടുത്ത ചെറിയ വീട്ടില്‍ അയാളോടൊപ്പം അവനും വളര്‍ന്നു.വയറു നിറയെ ആഹാരവും മനസ്സു നിറയെ സ്നേഹവും കൊടുത്ത് അച്ഛായെന്നു വിളിപ്പിച്ച് അയാള്‍ അവനെ വളര്‍ത്തി.അച്ഛന്റെ കൂടെ ഒരിക്കലും അവന്‍ ഒരു അമ്മയെ കണ്ടില്ല.
         രു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.

          വയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന്‍ അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്‍പില്‍ കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള്‍ പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.

    തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന്‍ അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള്‍ അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”

      ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്‍പില്‍നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന്‍ ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
     ന്നാല്‍ ഒരു നാള്‍ സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന്‍ കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന്‍ “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.

              ന്നാദ്യമായ് ആ മണ്‍കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള്‍ പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്‍ക്കുന്നവന്‍ എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന്‍ മകനായി, ഇവന്‍ അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’

     വളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന്‍ ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്‍കൂനകളില്‍ നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..

51 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍ ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ന്നാ പിടിച്ചൊ ഒരു നാലുകിണ്ണം തേങ്ങാ ..(((((((((((ട്ടോ))))))))))
ഇനി ബാക്കി വായി വായിച്ചിട്ട് വരാം

മാണിക്യം said...

ചിതയുടെ ഗന്ധം !
അതറിഞ്ഞാല്‍ അര്‍ത്ഥശൂന്യതയുടെ
പിറകേ പായുന്ന മനസ്സിനെ
കടിഞ്ഞാണിട്ട് പീടിക്കാനുള്ള
പക്വത ആയി,

“ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല.ചന്ദനമുട്ടികളില്‍
കത്തിയമര്‍ന്ന ശരീരങ്ങളില്‍
നിന്നു പോലും ചന്ദന ഗന്ധം വന്നിട്ടില്ല”



പ്രീയപ്പെട്ട അച്ഛനെ മരണം കൂട്ടി കൊണ്ടു പോയാലും, ഉള്ളിലെ സ്നേഹം, അച്ഛന്റെ കാല്‍പ്പാടുകളെ ഒരു കൈതിരി ആയി നിന്ന്
തെളിച്ചുകാണിക്കും


മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും,
മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും ...


ഒരു ജീവിതത്തിന്റെ അര്‍ത്ഥനിരത്ഥങ്ങള്‍
മുഴുവന്‍ ഈ വാക്കുകള്‍ കോണ്ട് വരച്ചിടാന്‍
സാധിച്ചു, ഭാവുകങ്ങള്‍

ചന്ദ്രകാന്തം said...

കെട്ടുകാഴ്ചകളില്ലാത്ത പച്ചയായ ജീവിതത്തിന്‌ ... നല്ലൊരു അടിക്കുറിപ്പ്‌.

(ആദ്യഭാഗത്തുള്ള വിവരണങ്ങള്‍, 'പിതാമഹന്‍' എന്ന തമിഴ്‌ സിനിമയില്‍,വിക്രം അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍‌മ്മിപ്പിച്ചു. ശ്മശാനത്തില്‍ പിറന്ന്‌, ആ അന്ത:രീക്ഷത്തിന്റെ ഭാഗമായി മാറിയ 'വെറുമൊരു' മനുഷ്യന്‍.)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ ഇതു പൊലെ ഒരു മനുഷ്യനെ ഞാന്‍ അറിയും ചന്ദ്രകാന്തം. സജി വായിക്കതെ തന്നെ തെങ്ങ ഉടച്ചതിനും നന്ദി.മാണിക്യത്തിനെ പോലെയുള്ള ഒരാളിന്റെ ആദ്യ കമന്റെ എന്നെ പോലെയുള്ള ബ്ലൊഗിലെ നിലത്തെഴുത്തുകാര്‍ക്ക് ഒരു നല്ല ഒരു പ്രോത്സാഹനം ആണ്.

കാവ്യ said...

നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍

Murali K Menon said...

കാവ്യാത്മകമായ ഈ രചനക്ക് എന്റെ അഭിനന്ദനങ്ങള്‍! ഈ കഥ നന്നായി എന്ന് മാത്രം ഒരു വാക്കിലൊതുക്കി പറഞ്ഞ് മോശമാക്കുന്നില്ല. ഒരുപാടൊരുപാട് പറയാനുണ്ട്. പക്ഷെ ഇപ്പോഴത്തെ എന്റെ സമയക്കുറവു കൊണ്ട് ദീര്‍ഘമായ് കഥയെക്കുറിച്ചെഴുതാന്‍ കഴിയാതെ പോയതില്‍ ക്ഷമിക്കുക.
2009 ല്‍ മാത്രമേ ബ്ലോഗിലേക്ക് മടങ്ങാന്‍ പറ്റുന്ന ഒരവസ്ഥയുള്ളു. എല്ലാവരേയും അന്ന് പൂര്‍വ്വകാലടിസ്ഥാനത്തില്‍ തന്നെ വായിക്കുന്നതായിരിക്കും
സസ്നേഹം

സഹയാത്രികന്‍ said...

ഇഷ്ടമായി... ഇങ്ങനെ പറഞ്ഞാല്‍ പോരാ... പക്ഷേ വാക്കുകള്‍ കിട്ടുന്നില്ല...

ചേച്ചി...

“ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല.ചന്ദനമുട്ടികളില്‍
കത്തിയമര്‍ന്ന ശരീരങ്ങളില്‍
നിന്നു പോലും ചന്ദന ഗന്ധം വന്നിട്ടില്ല ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു”

ഈ വാ‍ക്കുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നു...

ദാസ്‌ said...

മരണം പ്രകൃതിയിലേക്കുള്ള മടക്കമാണ്‌. കൃത്രിമങ്ങളായ ഒന്നിനും അവിടെ സ്ഥാനമില്ല. നന്നായി എഴുതിയിരിക്കുന്നു.

Ravi said...
This comment has been removed by the author.
Ravi said...
This comment has been removed by the author.
Ravi said...
This comment has been removed by the author.
Rasheed Chalil said...

ഒത്തിരി ഇഷ്ടായി... നന്നായിരിക്കുന്നു.

Ravi said...

Thilakam Charthi cheekiyumazhakai palanal pottiyittu entha karyam ? Ella dayyum avasanathe " die"il pokanju pokum.....

Areekkodan | അരീക്കോടന്‍ said...

ഭാവുകങ്ങള്‍

ശ്രീ said...

“തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല.ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദന ഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.”

വളരെ നല്ലൊരു കഥ, ചേച്ചീ. ഞാനും പിതാമഹന്‍ എന്ന ചിത്രം ഓര്‍ത്തു...
:)

ഹരിയണ്ണന്‍@Hariyannan said...

ഒരു സ്വപ്നം കണ്ടുണര്‍ന്നപോലെ..

എനിക്കിതില്‍ ഏറ്റവും രസകരമായിത്തോന്നിയത് ഒരു കവിത വായിക്കുന്ന ഈണത്തില്‍ ഇതുമുഴുവനും ഞാന്‍ ഉറക്കെവായിച്ചു എന്നതാണ്!

ഇതൊരു ബൃഹത് കവിതതന്നെയെന്ന് വായനക്കൊടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു!

മനോഹരമായ രചന!ചേച്ചിക്ക് അഭിനന്ദനങ്ങള്‍!!

ഓ.ടോ.ഈ നവധാന്യം എന്നുപറേണത് ഒമ്പത് ഐറ്റം ധാന്യങ്ങളല്ലീ ചാച്ചീ?!അപ്പപ്പിന്നെ ഇതെന്തരാണ് ഒമ്പത് ചെടികളാണാ?!നവധാന്യച്ചെടികള്?
അതാ ഇനി ‘നവധാന്യം’എന്നുപറഞ്ഞ് ഒറ്റച്ചെടി ഒണ്ടാ?
അമ്മ്ച്ചിയാണെ അറിഞ്ഞൂടാഞ്ഞിറ്റ് ചോയിച്ചതാണ് കേട്ടാ!!

Rare Rose said...

കിലുക്കാം പെട്ടീ..,..എന്തോ വളരെയിഷ്ടപ്പെട്ടു.....എഴുത്തിലെ ഈ വ്യത്യസ്തത...കവിത പോലെ മനോഹരമായ കഥ..ശ്മശാനത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന് കൃത്രിമത്വമില്ലാതെ ജീവിതത്തിന്റെ യഥാര്‍ഥ ഗന്ധങ്ങള്‍ മാത്രം തേടിയെത്തുന്ന മനസ്സുകള്‍...അഭിനന്ദനങ്ങള്‍ ട്ടോ...
കിലുക്കാംപെട്ടി ചേച്ചിയുടെ തലക്കെട്ടുകളെല്ലാം ഞാന്‍ ഒരുപാടിഷ്ടപ്പെടുന്നു.....പച്ച നിറമുള്ള സന്യാസി മരങ്ങള്‍ പോലെ ഈ തലക്കെട്ടും ഒത്തിരി ഇഷ്ടായീ...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല.ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദന ഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്

കാവ്യാത്മകമായ രചന..മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍.ചന്ദ്രകാന്തംചേച്ചി പറഞ്ഞത് പോലെ തന്നെ വിക്രം അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍ക്കുന്നൂ.
നന്നായിട്ടുണ്ട് ഈ വ്യത്യസ്ഥതയാര്‍ന്ന ശൈലി.. എഴുതൂ ഇനിയും..

ഓടെ ഇന്നലെ തേങ്ങ ഉടച്ചിട്ട് ആ കഷ്ണങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ വീട്ടിപ്പോയി ഹഹ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'ഒരു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്,അതിലെ കുഞ്ഞിപ്പൂക്കളായ്,വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.'

...ozhukkulla ezhuthe, valare nalla anubhavam.

Ranjith chemmad / ചെമ്മാടൻ said...

"ബാന്‍സുരി ശ്രുതി" യില്‍ നിന്ന് "നവധാന്യ ചെടിക"ളിലേക്കുള്ള
അക്ഷര തീറ്ഥാടനം,
കാലചക്രത്തിന്റെ ഋതുവിന്യാസം പോലെ,
വര്‍ത്തമാന ഗാര്‍ഹസ്ഥ്യത്തിന്റെ സമരമുഖത്തില്‍ നിന്ന്
ജൈവനൈരന്തര്യത്തിന്റെ ആത്മീയമായ ചോദനയിലേക്ക്
വിലയം പ്രാപിച്ച അതിമനോഹരമായ
ഒരു കൃതി എന്ന് ഒറ്റവാക്കില്‍ പറയാം.....

സറ്വ്വ വ്യാപിയായി, സറ്വ്വനാശിയായി
ജൈവനൈസര്‍ഗ്ഗികതയ്ക്കുമേല്‍ മാദക നൃത്തം നടത്തുന്ന മനുഷ്യകുലത്തിന്റെ
ജീവ ചക്രം, ഒടുവില്‍ ഒരു പിടി ചാരമാകുന്നതിന്റെ
സാംഗത്യത്തെക്കുറിച്ചുള്ള വളരെ ലളിതമായ,
എന്നാല്‍ ക്ലാസിക്കല്‍ ശൈലിയിലുള്ള ഒരു ആഖ്യാന
ഘടന കഥയിലുടനീളം പുലറ്ത്തിപ്പോരാന്‍ കഥാകാരിക്കു
കഴിഞ്ഞു എന്നതാണ്‌ ഈ കൃതിയുടെ പ്രത്യേകത....
...............................................

ചേച്ചീ,
ഈ കൃതിയെക്കുറിച്ചുള്ള വിശദമായ പഠനം
മുന്‍പ് സൂചിപ്പിച്ചതുപോലെ യു. എ. ഇ. ബ്ലോഗറ്മാരുടെ
ഒരു കൂട്ടു ബ്ലോഗില്‍
ഉടന്‍ പോസ്റ്റുന്നതായിരിക്കും.
വിശദ വിവരങ്ങള്‍ മെയിലില്‍ അറിയിക്കാം....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കാവ്യ,മേനോന്‍ മാഷ്, സഹയത്രികന്‍,ദാസ്, ഇത്തിരിവെട്ടം,രവി,അരീക്കോടന്‍,ശ്രീ,ഹരിയണ്ണന്‍,റോസ്,സജി,വഴിപോക്കന്‍, രഞിത്, വന്നതിനും വായിച്ചു കമന്റിട്ടതിനും ഒത്തിരി നന്ദി, സന്തോഷം.
ഹരീ; നവ ധാന്യം (ഒന്‍പത്) ചെടികള്‍ എന്നു ഉദ്ദേശിച്ചാണ് ഞാന്‍ എഴുതിയത്.തെറ്റുണ്ടങ്കില്‍ തിരുത്തി തരണം കേട്ടോ.എനിക്കും കൂടുതല്‍ അറിവില്ല.
സജീയും ചന്രകാന്തവും,പറഞ്ഞ പോലെ പിതാമഹനിലെ വിക്രത്തിന്റെ ഛായ വന്നതും യാദൃശ്ചികമാണ്.ആ സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ ഇതു പൊലെ ഒരു മനുഷ്യനെ ഞാന്‍ അറിയും .എന്റ് ഈ കുഞ്ഞു പോസ്റ്റ് വന്നു വായിച്ചുഅഭിപ്രായം പറഞ്ഞ എനിക്കു നല്ല പ്രോത്സാഹനം തന്ന മലയാളം ബ്ലോഗിലെ വലിയ നല്ലഎഴുത്തുകാരായ നിങ്ങളൊടെല്ലാം വീണ്ടും എന്റെ സന്തോഷം അറിയിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സജീ, വഴിപോക്കന്‍, മുകളില്‍ ഇട്ട വരികളില്‍ നിങ്ങളെ കാണുന്നില്ലാ. എവിടെപോയി, നിങ്ങളും ഉണ്ടു അതില്‍.

Typist | എഴുത്തുകാരി said...

ഞാന്‍ ആദ്യമായിട്ടാ ഇവിടെ.കഥ നന്നായിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ പോരാ, വളരെ വളരെ നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍.

വേണു venu said...

ഒരു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്, കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ് മാറുമെന്ന പരമമായ പൊരുള്‍.

ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും, ചന്ദനമുട്ടികളിലെ‍ ചന്ദന ഗന്ധവും വന്നില്ല.
കിലുക്കാമ്പെട്ടി,
കഥയും കവിതയും തത്വചിന്തയും ചേര്‍ന്നു് , പൊരുളിന്‍റെ പൊരുളറിയാനുള്ള ഈ അന്വേഷണം വളരെ ഇഷ്ടമായി. നന്നായി എഴുതിയിരിക്കുന്നു. ചിന്തിപ്പിക്കുന്നു. :)

Unknown said...

എവിടെയൊ വായന ചിന്തയെ പിടിച്ചു നിറത്തുന്ന രചനാ ശൈലി .മുമ്പ വായിച്ച ഉഷ ചേച്ചിയുടെ രചനകളില്‍ നിന്നും വേറിട്ടു നിലക്കുന്നു.
ചിതയുടെ ചൂട് അവിടെ നിഷേധിക്കപെടുന്ന സേനഹവും മനസില്‍ ഒരു പുത്തന്‍ അസ്വാദനബോധം വളര്‍ത്തൂന്നു

കുറുമാന്‍ said...

വിത്യസ്ഥമായിരിക്കുന്നു ഉഷേച്ചീ ഈ എഴുത്ത്. പകുതിയോളം ഭാഗം എഴുതിയ കാര്യങ്ങള്‍ വളരെ പ്രസക്തം. മരിച്ചയാളുടെ ചിതയാറും മുന്‍പേ സ്വത്തിനുവേണ്ടി തമ്മില്‍ തല്ലിയ പലരേയും നേരിട്ട് കണ്ടിട്ടുണ്ട്.

അവസാനിപ്പിച്ചതിന് ചെറിയ ഒരു ഭംഗികുറവെനിക്ക് തോന്നിയത് എന്റെ വായനകുറവുമാത്രം.

ബ്ലോഗില്‍ കയറുന്നത് ആണ്ടിനും, സംക്രാന്തിക്കുമൊക്കെ ആയതിനാല്‍ ഒന്നും കാണാറില്ല. പഴയതൊക്കെ വായിക്കട്ടെ.

Bindhu Unny said...

ഹൊ എന്തൊരു ഭാവന. വായിച്ച് തുടങ്ങിയപ്പോ വിചാരിച്ചു, ‘പിതാമഹന്‍’ സിനിമയുടെ റിവ്യൂ ആണെന്ന്. വളരെ നന്നായിടുണ്ട്. മനസ്സ് ആകെ ഒന്നുലഞ്ഞ മാതിരി.

കാവലാന്‍ said...

നന്നായിരിക്കുന്നു.മനുഷ്യ ഗന്ധങ്ങളെക്കാള്‍ കൃത്രിമ ഗന്ധങ്ങളുടെ പിറകെപ്പോകുന്ന തലമുറ അറിയേണ്ട ചിലത് ഉള്‍കൊള്ളുന്ന കഥ.

തുടരുക ഭാവുകങ്ങള്‍.

നന്ദു said...

വളരെ പ്രസക്തമായ വരികൾ : ജീവിത കാലം മുഴുവൻ വാരിപ്പൂശിനടന്നിട്ടും ഒടൂവിൽ ഈ ഗന്ധങ്ങളൊന്നും ഉണ്ടാവില്ല. ശവപ്പറമ്പിൽ ഒരേ ഗന്ധം മാത്രം, മനുഷ്യ ഗന്ധം!

ബന്ധവും സ്വന്തവും ഒക്കെ ഒരു മൺകൂമ്പാരമായി മാറിക്കഴിഞ്ഞാൽ പിന്നെ അവിടെയ്ക്ക് തിരിഞ്ഞു നോക്കുന്നതാര്. മനസ്സിലെ ഓർമ്മകളും കുറെക്കഴിയുമ്പോൾ മാഞ്ഞു പോകും.

വായിച്ചിരുന്നുപോയി. ശവപ്പറമ്പും നവധാന്യച്ചെടികൾ വളർന്ന മൺകൂമ്പാരവും കണ്മുന്നിൽ തെളിഞ്ഞിരുന്നു..! നല്ല ഒഴുക്കുള്ള കഥ, മനസ്സിൽ തട്ടിയ കഥ.

ആശംസകൾ.

അപ്പു ആദ്യാക്ഷരി said...

ചേച്ചീ, ബ്ലോഗില്‍ നല്ല എഴുത്ത് ഇനിയും അന്യം നിന്നു പോയിട്ടില്ല എന്ന ആശ്വാസം തോന്നുന്നു ഈ കഥവായിച്ചപ്പോള്‍. നല്ല കഥ,നല്ല അവതരണം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എഴുത്തുകാരി,വേണുമാഷ്, അനുപ്, കുക്കുറു,ബിന്ദു, കാവാലന്‍, നന്ദു, അപ്പു, ഒരുപാടു സന്തോഷം.നിങ്ങടെയൊക്കെ വാക്കുകള്‍ ആണ് എനിക്കുള്ള പ്രചോദനം.ഒരു പാടു സന്തോഷം.എന്റെ കുഞ്ഞു ബ്ലോഗില്‍ വന്നതിനും വായിച്ചതിനും.

Anil cheleri kumaran said...

'''ഇവയിലെല്ലാറ്റിലും 'അച്ചനെ' കണ്ടിരുന്ന'''
അതു മാറ്റി 'അച്ഛന്‍' എന്നാക്കിക്കൂടേ?
ബ്ലോഗിലെ കാമ്പുള്ള കഥകളിലൊന്നു കൂടി..
നവധാന്യ ചെടികളെക്കുറിച്ചുള്ള അജ്ഞത ഹരിയണ്ണന്‍ തീര്‍ത്തു തന്നു.

ഗുരുജി said...

ചേച്ചി, ഒരുപാടു താമസിച്ചുപോയി ഇതു കാണാന്‍. ആ ടൈറ്റിലില്‍ തന്നെ വലിയ ഒരു ഭാവം ആഴ്ന്നിരിക്കുന്നു...പട്ടടയില്‍ കിളിര്‍ക്കുന്ന നവധാന്യച്ചെടികള്‍ക്ക് എന്തെല്ലാം പറയാനുണ്ടാകുമെന്നു ഒരിക്കല്‍ ചിന്തിച്ചതിപ്പോള്‍ ഓര്‍ത്തുപോയി.
.........
ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു..
..ഇതെന്റെ ഫീലിംഗ്സ്‌ ആയിരുന്നില്ലേ...ചേച്ചി ഇതെങ്ങനെ അറിഞ്ഞു..ഓരോ അവധിക്കും ഓരോ മുത്തം കൊടുത്തുപിരിയുന്ന എന്റെ വീട്ടുമുറ്റത്തെ തെങ്ങ് എനിക്ക് അച്ഛനാണ്...എന്റെ സെക്യൂരിറ്റി ഫീലിംഗ്‌സാണത്....ലാളിക്കാന്‍ ഇന്നുമാരോ ഉണ്ടെന്ന തോന്നലാണത്...........

ചേച്ചി ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ വായിച്ചിട്ടില്ലേ...അത്ര വലിയ ഒരു ക്ലാസ്സിക്കൊന്നുമല്ലാ എങ്കിലും അന്യരുടെ വസ്തുവില്‍ അമ്മയെ ദഹിപ്പിച്ചിറങ്ങേണ്ടി വന്ന, അമ്മയുടെ കുഴിമാടത്തില്‍ വളര്‍ന്ന തൈത്തെങ്ങില്‍ നിന്നും ഒരു കരിക്കിട്ടു കുടിക്കാനുള്ള മോഹത്തില്‍ 'കള്ളി' എന്നു മുദ്രകുത്തപ്പെട്ട നിരാലംബയായ ഒരു പെണ്കുട്ടിയുടെ പിടിച്ചുനില്‍പ്പിന്റെ കഥയാണത്....ആ ഒരു മോഹത്തിന്റെ തീവ്രത 'സെക്യൂരിറ്റി' നഷ്ടപ്പെട്ടവര്‍ക്കേ അറിയൂ......

നന്ദി ചേച്ചി.

ഒരു സ്നേഹിതന്‍ said...

കൊള്ളാം , നന്നായിട്ടുണ്ട്.

ആശംസകള്‍...

Kaithamullu said...

ഒരു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്,അതിലെ കുഞ്ഞിപ്പൂക്കളായ്,വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.
----
ദെന്താ, കിലുക്കാം‌പെട്ടിക്കകത്ത് ഇത്ര പരപ്പുള്ള, ആഴമുള്ള സുഖദമായ കവിത? അതും ഒരു കഥയോടു കൂടി!
-സന്തോഷം, വളരെ വളരെ!

(വായിക്കാന്‍ വൈകിയതില്‍ ദുഃഖം തോന്നി. സോറീ ട്ടാ!)

പിന്നെ കുറുമാന്‍ വന്നിട്ട് ‘എന്റെ ചുടല മുത്തൂനെ’ അടിച്ചെടുത്തോ എന്ന് ചോദിക്കാതെ പോയത് ഭാഗ്യം! (നാട്ടീ പോകുന്നതിന്റെ തിരക്കായിരിക്കും, അതാ..
:-))

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!
-എഴുതിക്കൊണ്ടിരിക്കൂ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുമാരന്‍, രഘുവംശി, സ്നേഹിതന്‍, ശശിയെട്ടാ, വന്നതില്‍ വായിച്ചതില്‍ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. പിതാമഹനെയും ചുടലമുത്തുവിനേയും ഒക്കെ കണ്ടില്ലേ ഇതില്‍.ഞാന്‍ അവരോടൊപ്പം മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും,
മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും തമ്മില്‍ ഒന്നാകുന്ന ഒരു അവസ്ഥ കൂടെ കണ്ടു എന്നെയുള്ളു.
ശശിയേട്ടാ; കുറുമാന്‍ വന്നു വായിച്ചു കമന്റ് ഇട്ടു പോയി .പാവം കിലുക്ക്സ് അല്ലെ എന്നു വിചാരിച്ചു ക്ഷമിച്ചതാവും.

ജയകൃഷ്ണന്‍ said...

ഈ ഗന്ധ ഭൂമിയില്‍ ജീവിച്ച് മരിക്കുന്നവര്‍ക്കായി മനുഷ്യ ഗന്ധമുള്ള ഒരു എഴുത്ത്.ഒന്നും തിരിച്ചൂകിട്ടില്ലെന്നു മനസ്സിലാക്കിയിട്ടും നമ്മളെ സ്നേഹിക്കുന്ന മൃഗങ്ങളെ...അവരെ അവരുടെ ഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍....എഴുത്തുകാരി എന്തുകൊണ്ട് ഇത്തരം ഒരു തലത്തിലെക്ക് ചിന്തിച്ചു എന്നു മനസ്സിലാകുന്നില്ല.....

ഗീത said...

യാഥാര്‍ത്ഥ്യത്തിന്റെ മുഖം യാതൊരു കൃത്രിമത്വങ്ങളുമില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ഈ കഥ മനോഹരം . വിഷയത്തിലും
അവതരണത്തിലുമുള്ള ആ പ്രത്യേകത വളരെ ഇഷ്ടപ്പെട്ടു കിലുക്കാമ്പെട്ടീ...

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു കിലുക്കാമ്പെട്ടീ..
അവസാനഭാഗം, എന്തോ ഒരു മനസ്സിലാവായ്മ..
"മൃഗ ഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യ ഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രം ആയി മാറിയിരുന്നു അവര്‍..." ബന്ധങ്ങള്‍ക്കെല്ലാം ഇത്രയേ വിലയുള്ളൂ..??!!

Kilukkampetty said...

ജയകൃഷ്ണന്‍, ഗീതാഗീതികള്‍,പൊറാടത്ത്, വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ദിലീപ് വിശ്വനാഥ് said...

മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍ - തലകെട്ട് ഇഷ്ടമായി. കഥയ്ക്ക് ഒരു ഒഴുക്കുണ്ട്, പക്ഷെ കുറച്ചുകൂടി കഥ ശൈലിയിലേക്ക് മാറണം. ഈ കഥയ്ക്ക് ഒരു ലേഖനം ശൈലിയാണ്.

ആശയവും ട്രീറ്റ്മെന്റും കൊള്ളാം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വാല്‍മീകീ...ആദ്യമായി ഒരു വലിയ നന്ദി.വന്നതിനു വായിച്ചതിനു അഭിപ്രായം പറഞ്ഞതിനു.
ഞാന്‍ വായിക്കാന്‍ വേണ്ടി മാത്രം ബ്ലോഗ് തുടങ്ങിയതാ,എല്ലാവരും എഴുതുന്ന കണ്ടപ്പോള്‍ ഒരു മോഹം.എഴുത്തുകാരിയേ അല്ല.

Sherlock said...

കിലുക്കാംപെട്ടി, എഴുത്തു തുടരുക :)

qw_er_ty

smitha adharsh said...

നല്ല പോസ്റ്റ്..ശ്രീയും,ചന്ദ്രകാന്തവും പറഞ്ഞതു പോലെ "പിതാമഹന്‍"ലെ കഥാപാത്രത്തെ ഓര്‍ത്തുപോയി..

രസികന്‍ said...
This comment has been removed by the author.
രസികന്‍ said...

“ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല“

ഒരുപാട് ചിന്തിപ്പിക്കുന്ന വരികൾ തന്നതിന് ഒത്തിരി നന്ദിയുണ്ട് മാത്രമല്ല ഇവിടെ എത്തിപ്പെടാൻ വൈകിയതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു

എഴുത്തിലെ വ്യത്യസ്തതയെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലൊ

saranya said...

HAI ARIUNNU NINNE NJAN ORO VARIYILUM ESHTTATTHODAY SARANYA

Devi said...

manoharamaaya oru rachana....title aanu ettavum ishttamaayathu amme...

Gopakumar V S (ഗോപന്‍ ) said...

ഓരോ തവണ വായിക്കുമ്പോഴും, ഓരോ വാക്കിനും, ഓരോ പ്രയോഗത്തിനും, പുതിയ പുതിയ അര്‍ഥങ്ങള്‍ കാണുന്നു, പുതിയ പുതിയ നിര്‍വചനങ്ങള്‍ അനുഭവപ്പെടുന്നു. എത്ര വായിച്ചിട്ടും ആദ്യമായി വായിക്കുംപോഴത്തെ ജിജ്ഞാസ, ആവേശം, അനുഭവം, അത്ഭുതം. ഓരോ വാക്കുകളും വരികളും ഹൃദ്യമായ ഒരു മര്‍മ്മരം പോലെ. ഒരു
വാക്കുപോലും കൂടുതലില്ല; കുറവുമില്ല, ശരിക്കും കൃത്യം.
ഒരു കാലിഡോസ്ക്കോപ്പില്‍ കൂടി കാണുന്നതുപോലത്തെ അനുഭവം.

മണിലാല്‍ said...

നന്നായിരിക്കുന്നു,വളരെ വളരെ