Friday, April 27, 2012

നാട്ടറിവിലെ പാട്ടറിവിലെ കല്യാണമേളം.......

        എന്റെ വല്യമ്മച്ചി പറയുമായിരുന്നു, കുയിൽ പാടിയാൽ കല്യാണം വരും, ഉപ്പന്മാർ (ചെമ്പോത്ത്) പുരയ്ക്കുചുറ്റും നടന്നാൽ മംഗളകാര്യം നടക്കും, ചില മരങ്ങളും ചെടികളും പൂക്കുന്നതും കായ്ക്കുന്നതും കാണുമ്പോൾ ചാവുവിള നാശം വരുത്തും, കാലൻ കോഴി (ഒരു തരം പക്ഷി) മൂളുന്നതു കേട്ടാൽ  മരണം കേൾക്കും എന്നൊക്കെ.  വിശ്വസിക്കുന്നുവോ ഇതൊക്കെ നിങ്ങൾ? ഞാൻ നൂറു ശതമാനവും വിശ്വസിക്കുന്നു. കാരണം, കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞാനിതെല്ലാം അനുഭവിച്ചറിഞ്ഞു.
            എനിക്കോർമ്മയായ കാലം മുതൽ ആസ്വദിച്ചു കണ്ടിരുന്ന, സ്നേഹിച്ചിരുന്ന, ഒരു കൂവളമരം എന്റെ കുടുംബക്ഷേത്രത്തിന്റെ മുറ്റത്തുണ്ട്.  “ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഒന്നിച്ചിരിക്കുന്ന ഒറ്റഞെട്ടിലെ മൂവില, സാളഗ്രാമം എന്നുപറയുന്ന കായ്ഇത് ഒരു സർവ്വരോഗസംഹാരി”, എന്നൊക്കെ എനിക്ക് പറഞ്ഞു തന്നിരുന്ന എന്റെ അച്ഛൻ പതിവായി ക്ഷേത്രദർശനത്തിനു ശേഷം അതിൽ നിന്ന് ഒരു ഇല അടർത്തി തിന്നിരുന്നു.  കഴിഞ്ഞ കുറെ നാളായി ആ കൂവളമരം കാണുമ്പോൾ ഞാൻ വല്ലാതെ പേടിച്ചു.  ത്രിമൂർത്തികളുടെയും സാളഗ്രാമത്തിന്റെയും (ഇലകളും കായ്കളും) ഭാരം താങ്ങാനാവാത ആ വലിയ വൃക്ഷം നിലം പതിക്കുമോ എന്ന്. ഇലച്ചു കുലച്ചു നിൽക്കുന്ന ആ ഭീകര കാഴ്ച കണ്ട് ‘യ്യോ’ എന്ന് പറയാത്ത ആരും ഈ ചുറ്റുവട്ടത്ത് ഇല്ല.  ആ കൂവളച്ചുവട്ടിൽ എന്റെ അമ്മ നട്ട മുല്ലവള്ളിയും പിച്ചിവള്ളിയും അതിന്റെ തായ്ത്തടിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ഇപ്പോൾ കണ്ടാൽ അകാലത്തിൽപിരിഞ്ഞുപോയ പ്രിയപ്പെട്ട ആരുടെയോ ദേഹത്തെ ചിതയിലേയ്ക്കെടുക്കാൻ അനുവദിക്കാത്ത പ്രിയപ്പെട്ടവരെ ഓർമ്മ വരും.  ഇലകളും കായ്കളും കിളികളും ഉപേക്ഷിച്ച ആ കൊമ്പുകളും ശോഷിച്ച ചില്ലകളും കറുത്തിരുണ്ട തായ്ത്തടിയും കണ്ട് ‘യ്യോ’ എന്ന് പറയാതെ ആ കൂവളമരത്തെ അറിയാവുന്ന ആരും ഇന്ന് അതിനെ കടന്നു പോകാറില്ല .  “ചാവുവിള നാശം വരുത്തും” എന്നുള്ള ചൊല്ല് സത്യമായി എന്റെ കണ്ണുകളെ വിശ്വസിപ്പിക്കുന്നു, മനസ്സിനെ ഞെട്ടിക്കുന്നു. 
‘കാലൻ കോഴിയുടെ മൂളൽ’ അത് പല തവണ കേട്ടു.  അതിന്റെ പിന്നാലെ മരണവാർത്തകളും.  ഒരിക്കലല്ല പലതവണ.  കാലൻ കോഴിയുടെ മൂളൽ ദൂരെ നിന്ന് കേട്ടാൽ അതേ ദൂരത്തു നിന്നും, അടുത്തു നിന്ന് കേട്ടാൽ അത്ര അടുത്തു നിന്നും മരണം കേൾക്കും. എന്തിന്, മരണം ഏത് ദിശയിൽ നിന്ന് കേൾക്കാൻപോകുന്നെന്നുപോലും  കാലൻകോഴി മൂളി അറിയിക്കുന്നു.  ഇപ്പോൾ സത്യത്തിൽ ആ മൂളൽ ഇടയ്ക്കിടെ കേൾക്കുമ്പോൾ ഏത് ദിക്കിൽനിന്ന് കേൾക്കുന്നു? ഏത് അകലത്തിൽനിന്ന് കേൾക്കുന്നു? എന്നൊക്കെ ഭയത്തോടെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു.  അനുഭവങ്ങൾ അത്രയ്ക്കും അച്ചട്ടാണേ.  ഒരു യുക്തിവാദത്തിനും പ്രകൃതിയിൽ സ്ഥാനമില്ല.  പ്രകൃതിയുടെ മാറ്റങ്ങളെ, പ്രത്യേകിച്ച് പെട്ടെന്ന് കടന്നുവരുന്ന പ്രകൃതി ദുരന്തങ്ങളെ പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് ശാസ്ത്രജ്ഞർ പോലും മനസ്സിലാക്കുന്നുണ്ട്.  മരണത്തെ മൂളി വിളിച്ചറിയിക്കുന്ന കാലൻകോഴി എന്ന പ്രകൃതിയിലെ പ്രതിഭാസത്തെ എന്റെ കാതുകളും മനസ്സും വിശ്വസിക്കുന്നു.  ഭയമുള്ള ഞെട്ടൽ അനുഭവിക്കുന്നു. 
            ആരും കേട്ടാസ്വദിക്കുന്ന കുയിലിന്റെ പാട്ടിനെ കുറ്റം പറയുന്നു എന്ന് വിചാരിക്കരുത്.  കഴിഞ്ഞ രണ്ടു മാസമായി രാവിലെ ‘സോളോ’യിൽ തുടങ്ങുന്ന കുയില്പാട്ട് പതിയെ കോറസ്സായി, പിന്നെ ചില ‘ഓപ്പറ’ തിയറ്ററുകൾ പോലെ ഒരു കൂട്ടകൂവലായി എന്റെ വീടിനു ചുറ്റും തകർത്തു നടന്നിരുന്നു.  ഇത്രയധികം കുയിലുകൾ എന്റെ വീടിനു ചുറ്റുമുണ്ടോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു.  പ്രശസ്തരായ ചില ഗായകരുടെ പരിപാടികൾ നടക്കുന്ന സ്ഥലത്ത് ക്രൂരമായ മുഖഭാവത്തോടെ, ശക്തമായ നിരീക്ഷണപാടവത്തോടെ, ഗൗരവത്തോടെ നടക്കുന്ന പാറാവുകാരുടെ ഗാംഭീര്യത്തിൽ എവിടെ നോക്കിയാലും കുറെ ഉപ്പന്മാരും വീടിനു ചുറ്റും നടന്നുകൊണ്ടേയിരുന്നു.  “എന്താ ഉഷേ മോളുടെ കല്യാണമായോ? കുയിൽ പാടുന്നത് കേട്ടില്ലേ?”  പലരും ചോദിക്കാൻ തുടങ്ങി.  കല്യാണപ്രായമായി എന്റെ കൊച്ചുപെണ്ണിന്, എന്നാലും അതിന് ഒരു തീരുമാനമായില്ല.  ആയാൽ തന്നെ ഇന്ന് വീടുകളിൽ അല്ലല്ലോ കല്യാണം.  എന്നൊക്കെ ചിന്തിച്ചെങ്കിലും, ടി വി കാണാൻ, ഒരു പാട്ടു കേൾക്കാൻ, പരസ്പരം സംസാരിക്കാൻ, കൂടുതലെന്തിന് ചെറിയൊരു പകൽമയക്കത്തിനുപോലും വെളുപ്പാൻകാലം മുതൽ സന്ധ്യ വരെ ഒരു കാരണവശാലും സമ്മതിക്കില്ല ഈ വീട്ടിലുള്ളവരെ എന്നുള്ളൊരു വാശിയോടെ കുയിൽ പാടി നടത്തുന്ന കല്യാണകച്ചേരി  പലപ്പോഴും ഞങ്ങളുടെ മനസമാധാനം കളഞ്ഞിരുന്നു എന്നു  പോലും എനിക്ക് തോന്നുന്നു... 
മീനമാസത്തിലെ തൃക്കേട്ട, എന്റെ അമ്മായിയമ്മയുടെ പിറന്നാൾഇത്തവണ അത് ഏപ്രിൽ 11 ന്, ഏപ്രിൽ 15 വിഷു അമ്മയുടെ വീട്ടിൽ, മക്കളുടെ സൗകര്യാർത്ഥം പിറന്നാൾ-വിഷു ആഘോഷം  എല്ലാം കൂടി പതിനൊന്നാം തീയതി  ഒന്നിച്ചാഘോഷിച്ചു.  കാലങ്ങൾക്ക് ശേഷം നാത്തൂന്മാരെയും അമ്മായിയമ്മയെയും ഒരുമിച്ച് കൈയ്യിൽ കിട്ടിയപ്പോൾ, കിട്ടിയ സമയം അവരെ പരമാവധി ഉപദ്രവിക്കാം എന്ന് വിചാരിച്ച് അന്നത്തെ ദിവസം ഞാനും അവിടെ കൂടി.  രാത്രി മുഴുവൻ കുശുമ്പ് കുന്നായ്മ പരദൂഷണ ആഘോഷങ്ങളും രാവിലത്തെ അമ്പല ദർശനവും എല്ലാം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകാൻ ചേട്ടന്റെ ഒപ്പം വന്ന എന്റെ കുഞ്ഞമ്മയുടെ മകൻ മധു ഒരു ചോദ്യം, “ചേച്ചീ, നമ്മടെ വീട്ടിൽ കല്യാണം, അറിഞ്ഞോ?” ഞാൻ ഞെട്ടിപ്പോയി.  ഡ്രൈവർ സീറ്റിൽ അനങ്ങാതെ, ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിലിരിക്കുന്ന, കല്യാണവീട്ടിലെ ഗൃഹനാഥനെ  ഞാനൊന്ന് നോക്കി.  ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുന്നത് സീറ്റ് ബെൽറ്റിടാതെ ഡ്രൈവ് ചെയ്യുന്നത് പോലെ കുറ്റകരം എന്നുള്ള മുഖഭാവം. അദ്ദേഹം ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം ഒന്നും തോന്നേണ്ട കാര്യമില്ല.  കാരണം അക്ഷരങ്ങളെ, വാക്കുകളെ, സംസാരിച്ച് ദുരുപയോഗം ചെയ്ത് നശിപ്പിക്കാൻ പാടില്ല എന്നൊരു പുതിയ സംഘടന ലോകത്ത് രൂപീകരിച്ചാൽ, എതിരില്ലാതെ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളിൽ നിന്ന് ഒരു വാക്കും പ്രതീക്ഷിക്കാതെ വീട്ടിലെത്തിയ ഞാൻ കാണുന്നത് എന്റെ വീട്ടുമുറ്റത്ത് ഒരു തകർപ്പൻ കല്യാണ പന്തൽ ഉയരുന്നു.
‘ആർ യൂ റെഡി, കൈയ്യിൽ ഒരു കോടി’ എന്ന് ടി വി അവതാരക പറയുന്ന പോലെ എന്റെ അമ്മ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി ഒരു പറച്ചിൽ, “കല്യാണം റെഡി, ആർ യൂ റെഡി?” ഞാൻ, സമനില കൈവിടാതെ, എന്തും കേൾക്കാനുള്ള തയ്യാറെടുപ്പോടെ ചോദിച്ചു, ‘എന്താ അമ്മേ ഇത്?” മനസ്സിൽ നാലു മുഖങ്ങൾ തെളിഞ്ഞു ചിന്നു, മണി, അനി, പൊന്നി. കൊച്ചുമക്കളുടെ എന്തു തോന്ന്യാസത്തിനും ന്യായീകരണം പറഞ്ഞ് അവരെ രക്ഷപ്പെടുത്തുന്ന ഈ അമ്മച്ചി ആർക്കുവേണ്ടിയാണോ ന്യായീകരണം പറയാൻ തുടങ്ങുന്നത്?  അതോ ഈ കുടുംബത്തിൽ ഭാര്യമാരുടെയോ ഭർത്താക്കന്മാരുടെയോ പീഡനം സഹിക്ക വയ്യാതെ ഒരു കല്യാണ പരീക്ഷണംകൂടെ നടത്താൻ ആരെങ്കിലും തയ്യാറായോ? (ഏയ്, അതിനു ധൈര്യമുള്ളവർ ഈ വീട്ടിലില്ല).

     ആദ്യമേതന്നെ അമ്മ എന്റെ മനസ്സിന്റെ ദുർബ്ബലതയെ  (മറ്റുള്ളവരുടെ വിഷമം കാണാനുള്ള വിഷമം)  ആക്രമിക്കാൻ തുടങ്ങി.  “എന്റെ ഉഷേ, ഇവിടെ നടന്നതൊന്നും നീ അറിഞ്ഞില്ലല്ലോതാഴെ അമ്പലത്തിൽ നടത്താനിരുന്ന കല്യാണം ‘പുല’ (ബന്ധുക്കളുടെ മരണം കൊണ്ടുണ്ടാകുന്ന ഒരു അശുദ്ധി) കാരണം മുടങ്ങി.  ആ പെണ്ണിന്റെ അച്ഛനും ആങ്ങളയും കൂടി ഇവിടെ വന്ന് ഒരേ കരച്ചിലും ബഹളവും.  നിനക്കറിയില്ലേ അവരുടെ സ്ഥിതി, എത്ര പാടുപെട്ടാ ഇവിടെവരെ തന്നെ ഈ കല്യാണം എത്തിച്ചതെന്ന്.  അവര് ചോദിച്ചു ഈ മുറ്റത്ത്  ഒരു പന്തലിട്ട് കല്യാണം മുടങ്ങാതെ  നടത്തിക്കോട്ടേ എന്ന്.  ആ അച്ഛനെയും മകനെയും കൂട്ടിച്ചെന്ന് ഞാൻ മോഹനനോട് (എന്റെ ശ്രീകുമാർ എന്ന ഗൃഹനാഥൻ) എന്തുവേണമെന്നു ചോദിച്ചു. കൂടുതലോന്നുമാലോചിക്കാതെതന്നെ ( കൂടുതലെന്തു പറയാനാ) ഞങ്ങളങ്ങു സമ്മതിച്ചു.  അവരുടെ ഒരു സന്തോഷം കാണേണ്ടതായിരുന്നു എന്റെ ഉഷേ..” അമ്മ പ്രസംഗം അവസാനിപ്പിച്ച് ഏറു കണ്ണിട്ട് എന്നെയൊന്നു നോക്കി. രണ്ടുപെൺകുട്ടികളുടെ ആ അച്ഛനും അഞ്ചുപെൺകുട്ടികളുടെ ആ അമ്മച്ചിയും ചേർന്ന് ഒരു നിമിഷം കൊണ്ടെടുത്ത ആ തീരുമാനം കേട്ടപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പെട്ടന്നു ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നു. കല്യാണമേളം വരുന്നതിനു മുന്നോടിയായി കുയിൽമേളം നിന്നിരിക്കുന്നു. കുയിൽപാടിയാൽ കല്യാണം വരും എന്നനാട്ടറിവ് എന്റെ മനസ്സിലും ഒരു കുളിർപാട്ടായി...

ഗംഭീരമായ ഒരു കല്യാണം എന്റെ വീട്ടുമുറ്റത്ത് ഞങ്ങൾ നടത്തി.  ആ പെൺകുട്ടിക്ക് ഞങ്ങളുമായി എന്തോ കർമ്മബന്ധം ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നോ ആവോ?.  നാലാളു കൂടിയാൽ വീട് വൃത്തികേടാകും, മുറ്റത്തെ ചെടികൾ നശിപ്പിക്കും എന്നൊക്കെ പിറുപിറുക്കുകയും എന്നെ പല്ലിറുക്കിക്കൊണ്ട് നോക്കുകയും ചെയ്യുന്ന എന്റെ ചേട്ടൻ ഒരു തോർത്തും തോളത്തിട്ട് വലിയ കാരണവരായി, ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിക്ക് വേണ്ടി  വീടും മുറ്റവും ഒരുക്കുന്നതും ഓടി നടന്ന് കല്യാണമേൽനോട്ടം നടത്തുന്നതും കണ്ടപ്പോൾ ആ ശുണ്ഠിക്കാരന്റെ നല്ല മനസ്സിനെയും അതിനുള്ളിലെ സ്നേഹനിധിയായ ഒരുഅച്ഛനേയും നിറകണ്ണൂകളോടെ നോക്കിനിന്നു ഞാൻ പലപ്പോഴും.  എല്ലാപേരും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരിലെല്ലാം കണ്ട ആ സംതൃപ്തി ഞങ്ങളിലും നിറഞ്ഞു.  ഇന്ന് വരെ കാണാത്ത ഒരു ഉണർവ്വ് ഞാനെന്റെ വീട്ടിലും കണ്ടു.  അളിഞ്ഞു പിളിഞ്ഞ് വലിച്ചു വാരി നിരന്നു കിടന്നിരുന്ന എന്റെ വീട്  എന്നോട് പറയുന്നപോലെ തോന്നി.., ‘ഇതൊക്കെയാണ് സത്യമായ വീട്’,അനുഗ്രഹിക്കപ്പെട്ട വീട്....'
കുയിൽ പാടിയാൽ, ചെമ്പോത്ത് നടന്നാൽ കല്യാണം വരും എന്നുള്ളതും എനിക്ക് സത്യമായി വന്നപ്പോൾ, അനുഭവത്തിന്റെ വെളിച്ചത്തിലൂടെ നാട്ടറിവുകൾ നമുക്ക് പകർന്നു തന്ന നമ്മുടെ പൂർവ്വികരുടെ കഴിവുകൾ എന്തേ നമുക്കൊന്നുമില്ലാതെ പോയത്?
ഇന്ന് ഞങ്ങളും, ഞങ്ങളുടെ വീടും വീണ്ടും കുയിൽപാട്ടിനായി, എന്റെ ചിന്നുവിന്റെ കല്യാണമേളവുമായി കാലേക്കൂട്ടി വന്നെത്തുന്ന കുയിലുകൾക്കായി, കാവലാളായ ചെമ്പോത്തുകൾക്കായി, കാതോർത്ത് കാത്തിരിക്കുന്നു.    

29 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇന്ന് ഞങ്ങളും, ഞങ്ങളുടെ വീടും വീണ്ടും കുയിൽപാട്ടിനായി, എന്റെ ചിന്നുവിന്റെ കല്യാണമേളവുമായി കാലേക്കൂട്ടി വന്നെത്തുന്ന കുയിലുകൾക്കായി, കാവലാളായ ചെമ്പോത്തുകൾക്കായി, കാതോർത്ത് കാത്തിരിക്കുന്നു.

കാര്‍ത്ത്യായനി said...

കിലുക്കാമ്പെട്ടി അപ്പച്ചി,
തലക്കെട്ട് കണ്ടപ്പോള്‍ ചെറിയ ഒരു ഞെട്ടലുണ്ടായി..ആ അങ്ങനെ ഓടി വന്നു വായിയ്ക്കുവാരുന്നു..ആ പറഞ്ഞ പെണ്‍കുട്ടികളില്‍ രണ്ടെണ്ണം ഇപ്പോള്‍ നാട്ടിലുമുണ്ടല്ലോ :)
നല്ല പോസ്റ്റ്..:)

ajith said...

വായിച്ചു..ആശംസകള്‍

mini//മിനി said...

വിശ്വാസം അതല്ലെ എല്ലാം,, എല്ലായിപ്പോഴും.
ജീവിതത്തിൽ ഇതുപോലെ പലതും സംഭവിക്കാറുണ്ട്. കാലങ്കൊഴിയുടെ കൂവൽ കേട്ടാൽ മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കും, ‘എല്ലാം അന്ധവിശ്വാസം ആണെന്ന്’. എന്നാലും ഒരു ഉൾഭയം...

VIJOOS said...

Very good piece, proud of you Usha Chechy!

Kalavallabhan said...

പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ള ജിവിതം എത്ര സുന്ദരം അല്ലേ ?
പിന്നെ ആ മരം ഉണങ്ങിയിട്ടുണ്ടാവില്ല അടുത്ത മഴ കഴിയുമ്പോൾ അതിൽ പച്ചപ്പ്‌ ഉണ്ടാവും.

മുകിൽ said...

nalla ezhuthu,tto..santhoshathode vaayichu.

ajitha kaimal said...

ushachechi vishvasam rakshikkum kettittille?ellam nammude manasupole.enthayalum avide vannu kalyanam koodiyathupoleyayi ushachechiyude aduthirunnu kadha kettathupole.all the best

SKumar said...

Congrats, well written, though I don't agree with your line of thinking

Gopakumar V S (ഗോപന്‍ ) said...

വളരെ വളരെ നന്നായിരിക്കുന്നു ഉഷാമ്മേ... "...രണ്ടുപെൺകുട്ടികളുടെ ആ അച്ഛനും അഞ്ചുപെൺകുട്ടികളുടെ ആ അമ്മച്ചിയും ചേർന്ന് ഒരു നിമിഷം കൊണ്ടെടുത്ത ആ തീരുമാനം കേട്ടപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...." ഈ വരികളുടെ അർത്ഥവും സ്പർശവും എനിക്ക് നേരിട്ടനുഭവപ്പെടുന്നു....എന്റെയും കണ്ണ് നിറഞ്ഞു... ഒരുപാടിഷ്ടപ്പെട്ടു...ആശംസകൾ
നമ്മുടെ ചിന്നുവിന്റെ കല്യാണമേളത്തിനായി കുയിലുകൾ ഗംഭീരമായി തയ്യാറെടുക്കുകയാവും...ആശംസകൾ...

Pradeep Kumar said...

മനസ്സിനെ ആര്‍ദ്രമാക്കുന്ന നല്ലൊരു വായന....

ആശംസകള്‍.....

Violet Rose said...

ഒരു ചെമ്പോത്ത് കുറെ നാളായി ഇവിടെ സ്ഥിരം കറങ്ങി നടക്കുന്നുണ്ട്...കുയില്‍ പാട്ടുകള്‍ എന്നും തന്നെയുണ്ട്‌..എന്തെങ്കിലും ഒന്ന് നടക്കുന്ന യാതൊരു ലക്ഷണവും ഇത് വരെ കാണണില്ല.. :)
വായിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു ....

vettathan said...

നാട്ടറിവിലെയും പാട്ടറിവിലെയും നേര് എന്താണെങ്കിലും നന്നായി അവതരിപ്പിച്ചു.

റിനി ശബരി said...

ചിത്രങ്ങളെല്ലാം കണ്ണിന് കുളിരേകുന്നു ..
പിന്നേ ബാക്കിയുള്ളതെല്ലാം വിശ്വാസ്സമല്ലെ !
ചിലതൊക്കെ സംഭവിക്കുന്നു ചിലതില്ല ..
കുയിലിന്റെ പാട്ട് എന്നും കേള്‍ക്കുന്നുണ്ടാവാം ..
പക്ഷെ ഒരിക്കല്‍ കല്യാണവും വരാം ..
ചിലത് ചില നേരങ്ങളില്‍ സംഭവിക്കുമ്പൊള്‍
അതു നമ്മേ ,മനസ്സിനേ അതിലേക്ക് അടുപ്പിക്കുന്നു ..എങ്കിലും പഴമയുടെ ചിലതില്‍ നന്മയും നേരുമുണ്ട് .അതില്ലാതെ പൊയ പുതുമയില്‍ ഒരുപാട് അപശകുനങ്ങളും ..
" ഈ ചാവു വിള നാശം " എന്താണ് ചേച്ചീ മനസ്സിലായില്ല ..
വായിക്കുവാന്‍ നല്ല ഇഷ്ടം തോന്നിയേട്ടൊ ..
സ്നേഹപൂര്‍വം .. റിനി ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

റിനീ...ചാവു വിള നാശം വരുത്തും എന്നു പറയുന്നത് മരങ്ങളും ചെടികളും ഒക്കെ അതിനു താങ്ങാവുന്നതിൽക്കൂടുതലായി കായ്ക്കുകയും പൂക്കുകയും ഒക്കെചെയ്താൽ അതു അതോടെ നശിക്കും.പ്രകൃതി അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ഒന്നും പാടില്ല. ക്രമാതീതമായി വളരുന്നതെല്ലാം അതെന്തായാലും നശിക്കാൻ പോകുന്നതിന്റെ മുന്നോടിതന്നെയാ. മനുഷ്യശരീരത്തിൽ ആണേൽ അതിനെ എന്തു പറയും എന്നറിയില്ലേ?

Admin said...

good.... all the best,..

മണ്ടൂസന്‍ said...

ഉഷച്ചേച്ചീ നല്ലൊരു ഹൃദ്യമായ വായന അനുഭവിപ്പിച്ചു. നന്ദിയുണ്ട്. ആ കുയിൽ നാദവും കാലൻ കോഴിയുടെ കൂവലും മറ്റും സ്ഥിരമായി വീട്ടിൽ കേൾക്കാറുണ്ട്. അത് വിശ്വസിക്കത്തക്ക രീതിയിലുള്ള പല കാര്യങ്ങളും നടക്കാറുണ്ട് എങ്കിലും ഞാനതിലൊന്നും വിശ്വസിക്കുന്നില്ല. നല്ല എഴുത്ത് ചിത്രങ്ങൾ. ആശംസകൾ.

Arif Zain said...

മനോഹരം എന്നേ പറയേണ്ടു. പ്രകൃതിയുടെ താളത്തിന് ചെവിയോര്‍ത്തു കൊണ്ടിരിക്കുന്നതിന്‍റെ സുഖം ഒന്നു വേറെത്തന്നെ. പക്ഷേ അവയെ നാം ഡിസൈഫര്‍ ചെയ്താലോ? വരാനിരിക്കുന്ന സന്തോഷങ്ങളും തൂങ്ങി നില്‍ക്കുന്ന ദുരന്തങ്ങളും എല്ലാം വായിച്ചെടുക്കാമല്ലേ. വീണ്ടുമൊരിക്കല്‍ കൂടി: വളരെ മനോഹരം. ഞാന്‍ ആദ്യമായാണിവിടെ. ഇനിയും വരാം. ഒഴിവു കുട്ടുമ്പോഴെല്ലാം.

പ്രവീണ്‍ ശേഖര്‍ said...

നാട്ടുവിശേഷങ്ങള്‍ ഒരുപാട് ബ്ലോഗുകളില്‍ ഇതിനു മുന്നേയും വായിച്ചിട്ടുണ്ട് എങ്കിലും, ഇത്തര ഒരു വായനാനുഭവം ആദ്യമായാണ്. അങ്ങനെ ഒരു കല്യാണം നടത്താന്‍ സന്മനസ്സു കാണിച്ചതിനെ ഞാന്‍ ആദ്യം അഭിനന്ദിക്കട്ടെ . നല്ല തീരുമാനം.

പ്രകൃതി വലിയ സത്യമാണ്. മനുഷ്യന്റെ ഹുങ്ക് കളഞ്ഞു കൊണ്ട് പ്രകൃതിയെ നിരീക്ഷിച്ചാല്‍ പരമമായ സത്യത്തിലേക്കുള്ള യാത്ര എളുപ്പമാകും.

കാലന്‍ കോഴിയെ കുറിച്ച് ഇവിടെ സൂചിപ്പിച്ചത് കണ്ടു. സത്യത്തില്‍ യാദൃശ്ചികം എന്നാണോ എന്താണോ പറയേണ്ടത് എന്നറിയില്ല. കുറച്ചു ദിവസങ്ങളായി ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌ "കാലന്‍ കോഴി " യെ കുറിച്ചാണ്. എഴുതിക്കഴിഞ്ഞു.

എന്തായാലും ഉഷാമ്മയുടെ ഈ എഴുത്ത് എനിക്ക് ഒരുപാടിഷ്ടമായി ട്ടോ..എല്ലാ വിധ ആശംസകളും ..ഇടയ്ക്കു കഥപ്പെട്ടിയിലും കൂടി എഴുതണം ട്ടോ.

നീലി said...

നായ ഒരി ഇടുന്നതും പല്ലി മേലേക്ക് ചാടുന്നതുമെല്ലാം അങ്കലാപ്പ് തന്നെ .അന്ധവിശ്വാസം എന്ന് സ്വയം പറയുമെങ്കിലും...

പട്ടേപ്പാടം റാംജി said...

വിവാഹം വളരെ സന്തോഷം തന്നു.
വിശ്വാസം കൂടിയാലും വിശ്വാസം ഇല്ലാതിരുന്നാലും ജീവിക്കാന്‍ പ്രയാസമാണ്...
നല്ലെഴുത്ത്.

Prabhan Krishnan said...

അദ് കൊള്ളാം..!
വിശ്വാസങ്ങളെ കൂട്ടുപിടിച്ച് ഒരു കിടിലന്‍ പോസ്റ്റ്..!ഇഷ്ടായീട്ടോ..!
കെട്ടിക്കാറായ പെണ്‍കുട്ട്യോളുള്ളിടത്ത് കുയില്‍ കൂവി അര്‍മാദിക്കട്ടെ..!!
ഹും..!അഞ്ചു കൊല്ലം കുയില്‍ കൂട്ടത്തോടെ നിര്‍ത്താതെ കൂവ്യേപ്പിന്നാ എന്റെ കല്യാണം നടന്നത്..
പാവം ഞാന്‍..!!
ആശംസകളോടെ..പുലരി

Unknown said...

ഉഷച്ചേച്ചീ,
ചിന്നുവിന്റെ കല്യാണത്തിന്റെ തിരക്കിലും എഴുതണേ.

മാണിക്യം said...

കിലുക്ക്സേ "വിശ്വസിച്ചാലും ഇല്ലങ്കിലും..." അല്ലേ?
ഇങ്ങനെ നല്ല മനസ്സുകള്‍ ഈ ഭൂമിയില്‍ ഉള്ളത് ഭാഗ്യം

ഗീത said...

ഉഷസ്സേ, ആ നാട്ടറിവുകളും വിശ്വാസപ്രമാണങ്ങളും നന്നായി. എന്റെ രീതിയെന്തെന്നാൽ, നല്ലതൊക്കെ വിശ്വസിക്കും, പേടിപ്പെടുത്തുന്നതൊക്കെ വെറും കള്ളം എന്നും വിശ്വസിക്കും. യാത്ര പുറപ്പെടാനിറങ്ങുമ്പോൾ ഉപ്പൻ ചിലച്ചാൽ സന്തോഷം. കാക്ക വീട്ടിനടുത്തു വന്നിരുന്ന് വിരുന്ന് വിളിച്ചാലും അതേ. അതേ സമയം പുള്ള് അലയ്ക്കുന്നത് (ചിലയ്ക്കുന്നത്) കേട്ടാൽ, കാക്ക കുളിക്കുന്നതു കണ്ടാൽ ഒക്കെ മരണം കേൾക്കും എന്നുള്ളത് വിശ്വസിക്കയില്ല. പുള്ളിനു പിന്നെ കരയണ്ടേ? കാക്കക്കു പിന്നെ കുളിക്കണ്ടേ എന്നൊക്കെ വിചാരിക്കും. കുയിലിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, സാധാരണ വസന്തകാലം തുടങ്ങുമ്പോൾ മുതൽ കുയിൽ‌പ്പാട്ട് കേൾക്കുന്നതാണ്, എന്തോ ഇത്തവണ കേട്ടില്ല. പിന്നെ ഇവിടത്തെ ചില വിശ്വാസങ്ങൾ പറയട്ടേ. ചേര വീട്ടു മുറ്റത്തു വന്നാൽ പണം വരും :)) ചേരയെ കാണുമ്പോൾ പേടിയാകും, ആ പേടി കൊണ്ട് വെളുത്തുള്ളി ഇരുപ്പുള്ളത് മുഴുവനും എടുത്ത് ചതച്ച് വെള്ളത്തിൽ കലക്കി നാലുചുറ്റും തളിക്കും, എന്നാലും ഉള്ളിൽ ഇത്തിരി സന്തോഷം. പിന്നെ പൂച്ച വന്നുകേറിയാൽ, അതു പെൺ‌പൂച്ചയാണെങ്കിൽ, പിന്നത് പ്രസവിക്കുകയും കൂടി ചെയ്താൽ ഭയങ്കര സ‌മൃദ്ധി വരും എന്നാണ്. ഇതിലെനിക്ക് ഭയങ്കര ഭയങ്കര വിശ്വാസമാണ് കേട്ടോ :) അനുഭവം ഉണ്ട്. :)) സ‌മൃദ്ധി വന്നില്ലെങ്കിലും വേണ്ടില്ല, പൂച്ചകളെ എനിക്ക് ഭയങ്കര ഇഷ്ടമാ. അങ്ങനെ അവസരം പോലെ ഇതിലൊക്കെ വിശ്വസിക്കയും വിശ്വസിക്കാതിരിക്കയും ചെയ്യും :))

MANOJ.S said...

ഇത്തരം പുണ്യ കര്മ്മങ്ങ്ങ്ങള്‍ ആണ് നമ്മുടെ ജന്മത്തിന് അര്‍ഥം നല്‍കുന്നത് . ആശംസകള്‍ .

K@nn(())raan*خلي ولي said...

ചിലരുടെ അന്ധവിശ്വാസങ്ങള്‍ നേരെയാവാറുണ്ട്.
ചിലരുടെ സത്യവിശ്വാസങ്ങള്‍ തെറ്റാറുമുണ്ട്.
എന്നാലും ദൈനംദിന കാര്യങ്ങളില്‍ നമ്മെ വലയം ചെയ്യാറുണ്ട് ഇത്തരം വിശ്വാസങ്ങള്‍ !

നല്ല പോസ്റ്റ്‌

mazhamekhangal said...

kuyilukal paadithimirkkatte....enikkum viswasama..

Echmukutty said...

വളരെ വളരെ ഇഷ്ടമായീ ഈ എഴുത്ത്. അഭിനന്ദനങ്ങള്‍.....എല്ലാ ആശംസകളും.... ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതു....