Saturday, July 2, 2011

മനസ്സിലൊരു വിങ്ങലായ്.....ഈ ശബ്ദം


ഈ ശബ്ദം  കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം  ഇന്നും എന്നും  നമുക്കു കേള്‍ക്കാം...

Vandemukunda | Online Karaoke

(ചിത്രം:ദേവാസുരം - 1993, സംവിധാനം - ഐ വി ശശി, ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് - ശ്രീ.എം.ജി.രാധാകൃഷ്ണന്‍, രാഗം-മധ്യമാവതി - ഈ ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രംഗമാണ്.  ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിച്ചിരിക്കുന്നത് ശ്രീ.തൃപ്പൂണിത്തുറ ഹരിദാസ് ആണ്).



പ്രണയം മനസ്സില്‍ ഉള്ള എല്ലാവര്‍ക്കും എന്നും ഒരുവിങ്ങലായ സംഗീതം ...... 
.......ഓ മൃദുലേ.....


(1982 ല്‍ പുറത്ത് വന്ന, പി.ചന്ദ്രശേഖര്‍ സം‌വിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെതാണ് ഈ ഗാനം.  രചന - സത്യന്‍ അന്തിക്കാട്, സംഗീതം - എം.ജി.രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്.  ഈ ഗാനരംഗത്തെ നടന്‍ ദിലീപും നടി പൂര്‍ണ്ണിമ ജയരാമുമാണ്.  ഈ ഗാനത്തിന്റെ തന്നെ മറ്റൊരു മൂഡിലുള്ളതും, പിന്നെ, പ്രണയവസന്തം തളിരണിയുമ്പോള്‍, രജനീ പറയൂ എന്നിവയാണ് മറ്റ് ഗാനങ്ങള്‍ ).

ഈ പാട്ടിന്റെ പിന്നില്‍ എം ജി സഹോദരന്മാരുടെ വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട്

 

2001-ല്‍ പുറത്തിറങ്ങിയ, സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത  “അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ..ശലഭം വഴിമാറുമാ മിഴിരണ്ടിലും.. എന്ന ഗാനത്തിന് എറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു.  എം.ജി.ശ്രീകുമാറും  ചിത്രയും പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കാനഡ രാഗത്തിലാണ്.  എസ്സ്.രമേശന്‍ നായരുടെതാണ് വരികള്‍. ബിജുമേനോനും ലക്ഷ്മി ഗോപാലസ്വാമിയും മാസ്റ്റര്‍ അശ്വിനുമാണ് രംഗത്ത്.


ഒരുപാടു ലളിതഗാങ്ങളും,  സിനിമാഗാനങ്ങളും , ശാ‍സ്ത്രീയസംഗീതവും  എല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നമുക്കുണ്ട്. എന്നാലും എനിക്കു എന്നും പ്രിയപ്പെട്ടവ ഞാന്‍  എഴുതിയെന്നേയുള്ളൂ.
ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ കണ്ണീര്‍പ്രണാമം................                                                                                                                                                                   

Tuesday, June 28, 2011

വായൂര്‍വരുണമേളം.


                    എത്തിനോക്കാന്‍ ആളുകളോ,  ചുറ്റും വീടുകളോ, ഇല്ലാത്ത എന്റെ  വീടിന്റെ ജനാലകള്‍ക്ക് തിരശ്ശീലകളുടെ ആവശ്യമില്ല.  എന്നാലോ! എപ്പോഴൊക്കെയോ എന്റെ വീടിനുള്ളിലേക്ക് ഓടിയെത്തുന്ന കാറ്റിനേക്കാണാന്‍   എല്ലാ ജനാലകളിലും തിരശ്ശീലകള്‍ തൂക്കി ഞാന്‍  കാത്തിരുന്നു.   ആദ്യം  കുളിര്‍മ്മയുള്ള ഇളം തെന്നലായി എന്റെ ജനാലവിരികളേ തഴുകിത്തഴുകി....പിന്നെ മെല്ലെ മെല്ലെ, അവയെ ഒരു  താളത്തില്‍ പറത്തി, എന്റെ മുടിയിഴകളെ തഴുകി, എന്റെ മുഖത്ത് പതിയെ ഒന്നു തട്ടി, സുഖകരമായ  തണുപ്പുള്ള തലോടലോടെ....കുറെ നേരംതാളത്തില്‍ താളത്തില്‍ ഒരു ചെറു മര്‍മരത്തോടെ പലപ്പോഴും കാറ്റ് വീശിക്കൊണ്ടേയിരിക്കും.


              പെട്ടെന്ന് ആ  തിരശ്ശീലകളെ ഉയരത്തില്‍ പറത്തി കാറ്റ് ശക്തിയായൊന്നു വീശി, ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നടന്നടുക്കുന്ന ഗജരാജനേപ്പോലെ, വരുണഭഗവാനെ എഴുന്നള്ളിച്ചു കൊണ്ടുള്ള  വായൂഭഗവാന്റെ വരവ്.    ഒരു ചെറു ചാറ്റല്‍ മഴയുടെ അകമ്പടിയോടെ...., മെല്ലെയൊന്ന് പിന്‍‌വലിഞ്ഞ്.... പിന്നെ അതിശക്തിയായി  നടുമുറ്റത്തേക്കു പാഞ്ഞടുത്ത മഴയെ, നേരത്തേതന്നെയെത്തി നാലുകെട്ടില്‍ പാത്തിരുന്ന  കള്ളക്കാറ്റ് ചുറ്റിയൊരുപിടുത്തം.  പിന്നെ പറയണോ മേളം. കാറ്റും മഴയും കൂടെ ഒരു ഉത്സവമേളം തന്നെ. നടുമുറ്റത്തെ കളിക്കളമാക്കി എല്ലാം മറന്നവര്‍  ആടിത്തിമിര്‍ത്തു. നാലുകെട്ട് നിറയെ വെള്ളം തെറിപ്പിച്ച് കാറ്റിന്റെ വരവറിയിച്ച തിരശ്ശീലകളേയും കാറ്റിനെക്കാത്തിരുന്ന എന്നേയും  നനച്ച്,  ഞങ്ങളാരും കാണാതെ വായുവരുണന്മാര്‍  ഒറ്റപോക്ക്.  ഇനിയും വരും അവര്‍ ഒന്നിച്ച് . അതുവരെ   ജനാല്‍തിരിശ്ശീലയുടെ പിന്നിലൂടെ പാത്തുപതുങ്ങി  നടക്കുന്ന കാറ്റിനെകണ്ട്, കാറ്റ്കൊണ്ട്, കാറ്റുപറയുന്ന കഥകളുംകേട്ട് കാത്തിരിക്കും ഞാന്‍.
     
                   ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒരു മഴക്കാല അനുഭവം.......
                                                                           

                                          

Monday, May 23, 2011

അമ്മസ്നേഹത്തിന്റെ സമ്പന്നത

         സ്നേഹിക്കാന്‍ അതും അമ്മയെ ഒരു ദിനം വേണോ? ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ . സ്നേഹിക്കാന്‍ ദിനം വേണ്ട. എന്നും എപ്പോഴും സ്നേഹിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ അതൊരാഘോഷമാക്കണം. പല സദനങ്ങളിലും നിറകണ്ണുകളോടെ കാത്തിരിക്കുന്നവരെ ഒന്നു ചെന്നു കാണാന്‍ ഒരു സ്നേഹസമ്മാനം കൊടുക്കാന്‍ ഒക്കെ ഒരു ദിനം നല്ലതല്ലേ? നല്ലതാണ്. എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്. നാല് അമ്മമാര്‍ ,ഇന്നതില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ .                
         മുപ്പത്തിരണ്ടുവര്‍ഷത്തെ പരക്കം‌പാച്ചിലും കഴിഞ്ഞു വന്ന എനിക്ക്   ഈ വര്‍ഷത്തെ മാതൃദിനത്തില്‍ ആ സ്നേഹനിധികളെ എന്റെ കൈക്കുള്ളിലൊതുക്കി, നെഞ്ചോട്ചേര്‍ത്ത് അവരുടെ സ്നേഹം ആവോളം അനുഭവിക്കാന്‍, ആസ്വദിക്കാന്‍  ഭാഗ്യം കിട്ടി................ ..................................ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...

കടലോളം സ്നേഹം തരുന്നു
ഒരു കടുകോളം ,തരി കരടോളം
തിരികെ ഒന്നുമേവേണ്ടാതെ.....................
                                                        
                                                 ..                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        

Friday, December 31, 2010

കിലുക്കാംപെട്ടിയുടെ പുതുവത്സരാശംസകള്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുമക്കളുടെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Friday, December 17, 2010

ഞാന്‍ പാവം

അഴുക്കില്‍ നിന്നെന്നെ വലിച്ചുയര്‍ത്തി
ജീവനും നിലനില്‍പ്പും സൌന്ദര്യവും ‌‌‌‌‌-
തന്നുതന്നെന്നേ പ്രൌഢയാക്കി.
മനസ്സിലായതേയില്ല ഒന്നുമാത്രം
എന്നുമെന്നും അവനെന്നേ കൈമാറിയത്
എന്തിന്?
ഏറ്റെടുത്തവനോ?
നെറ്റിയില്‍ ചന്ദ്രക്കല, കണ്ണില്‍ നക്ഷത്രങ്ങള്‍
ഗംഭീരന്‍ ,ശക്തന്‍, പ്രൌഢന്‍.....
സ്നേഹിച്ചതേയില്ല.
ഭയം ഭയം ഭയം............
ആരും കാണാത്ത അറിയാത്ത ഭീകരത
അതായിരുന്നു അവന്‍.
ഭയം ഭയം ഭയം.
ഉണര്‍ന്നിരുന്നു ,ഉണര്‍ന്നു കാത്തുകാത്തിരുന്നു
അവന്‍ വന്നു,  എന്നും , എന്നും....
സ്നേഹിച്ചു കൊഞ്ചിച്ചു ലാളിച്ചു
വീര്യവും ഊര്‍ജവും തന്നുതന്നെന്റെ തളര്‍ച്ച മാറ്റി
എന്തിന്??
അവനു കൈമാറുവാന്‍ വേണ്ടി മാത്രം
പകലിനും ഇരുളിനും ഇടയില്‍ ഈ പാവം ഞാന്‍ ...............................................................................................
...................................................................................താമര...

Tuesday, September 7, 2010

കുട്ടിമാളുവിന്റെ വേദവാക്യങ്ങളും അടുക്കളദൈവങ്ങളും


          ഇത് അമ്മുലുകുഞ്ഞിന്റെ മാളുച്ചേയി. കല്യാണം കഴിക്കാതിരുന്നതൊ കുറഞ്ഞപക്ഷം ഒന്നു പ്രണയിക്കാതിരുന്നതോ ആണുങ്ങളെ ഇഷ്ട്മല്ലാത്തതു കൊണ്ടല്ല.കുട്ടി മാളു അതിനു പറയുന്ന ഉത്തരം ഇങ്ങനെ. 
 
       “ഞാന്‍ ഇട്ട ടെസ്റ്റില്‍ ഇതുവരെ ആരും പാസ്സായില്ല, ശൈവചാപം കുലയ്ക്കണ പോലത്തെ ഗമണ്ടന്‍ ടെസ്റ്റൊന്നുമല്ല. കൃത്യമായ കുഴിയും വട്ടവും ഉള്ള ഒരുപൊലത്തെ രണ്ടേരണ്ടു ദോശ, കുടിച്ചാലുടനെ കക്കൂസിലേക്കു ഓടേണ്ടാത്ത ഒരു ചായ. കുറഞ്ഞപക്ഷം ഇതു രണ്ടും ഉണ്ടാക്കാനെങ്കിലും അറിയണം. ഒരാണും  ഇതുവരെ ആ ടെസ്റ്റ് പാസ്സായില്ല”.
              അതുകൊണ്ട്  ഈ വീട്ടിലെ വന്നതും നിന്നതുമായ എല്ലാ പെണ്ണുങ്ങള്‍ക്കും മാളുവിനെ വല്ലാത്ത ഇഷ്ടമാണ്.  കാരണം അവരുടെ ആണുങ്ങള്‍ക്കൊന്നും ദോശയോ ചായയോ ഉണ്ടാക്കി മാളുപരീക്ഷ പാസ്സാവാന്‍ കഴിഞ്ഞില്ല എന്നതു തന്നെ.


              ഹിന്ദിയിലും ഇംഗ്ലീഷിലും  പ്രാര്‍ഥനകള്‍ ചൊല്ലുന്ന കൊച്ചുമക്കളോട് “ദൈവത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ഥിക്കു കൊച്ചുങ്ങളേ”.  എന്നു പറയുന്ന അമ്മൂമ്മേടടുത്ത് “ഭാഷയില്ലാത്ത ചെകിടനും പൊട്ടനും ദൈവത്തോട് എങ്ങനെ പ്രാര്‍ഥിക്കും ആംഗ്യം കാണിച്ചാല്‍ മതിയോ?” എന്നു ചോദിച്ച് അമ്മൂമ്മേ കളിയാക്കുന്ന മാളു. എല്ലാവരെയും ചൂലെടുത്ത് ലക്ഷ്യം തെറ്റാതെ എറിയുന്ന അമ്മായിയോട്  ഇന്ത്യക്കു വേണ്ടി എറിഞ്ഞിരുന്നങ്കില്‍ എത്ര സ്വര്‍ണ്ണം കിട്ടണ്ടതാ  ഏറുകളികളില്‍ (ഷൂട്ടിങ്ങ്, ജാവലിന്‍ത്രൊ, ടാര്‍ട്സ് ഒക്കെയായിരിക്കാം ഏറുകളികള്‍ )നമ്മുടേ ഭാരതമാതാവിന് എന്നു പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്ന മാളു. 
                 ആഹാരം കഴിക്കാന്‍ സ്പൂണ്‍ ചോദിക്കുന്ന കുഞ്ഞുങ്ങളോട് കൈകൊണ്ടു തൊടാന്‍ അറയ്ക്കുന്നത് സ്പൂണ്‍കൊണ്ട് വാരി തിന്നല്ലെ എന്നു പറയുന്ന മാളു. നമുക്കു ഭാരമല്ലാത്ത മുടി ആഹാരത്തില്‍ കിടന്നാല്‍  അതൊരു ഭാരമാകും  കഴിക്കുന്ന ആളുടെ മനസ്സിന് എന്നു പറഞ്ഞു എപ്പോഴും ഒരു തോര്‍ത്തു  കൊണ്ട് മുടി മൂടി കെട്ടിവയ്ക്കുന്ന മാളു.  പശുവിനോടും പച്ചക്കറികളോടും കപ്പിയോടും കയറിനോടും സംസാരിക്കുന്ന മാളു, അമ്മുലുകുഞ്ഞിനോടൊഴികെ ബാക്കി എല്ലാവരോടും ആവശ്യത്തിനു മാത്രം സംസാരിച്ചു.

              അമ്മുലുവിന്റെ മനസ്സിലെ അത്ഭുതങ്ങളിലൊന്നായിരുന്നു മാളുച്ചേയിയും. പരിഭവങ്ങളും പരാതികളും ദ്വേഷ്യപ്പെടലുകളും ഒന്നുമില്ലാത്ത ഇച്ചേയി. 
മാറ്റമില്ലാത്ത ചെറിയ ചിരിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, മനുഷ്യരൊഴികെ മറ്റുള്ളവയോട് ചുറുചുറു എന്നു സംസാരിക്കയും ചടപടാന്നു  നടക്കയും എപ്പോഴും  എന്തേലും ജോലി ചെയ്യുകയ്യും ഒക്കെ ചെയ്യുന്ന മാളുച്ചേയിയേ എന്തോ അമ്മുലുകുഞ്ഞിനു വല്ലാത്ത ഇഷ്ടമാണ്.  മാളുച്ചേയി അമ്മുലുകുഞ്ഞിന്റെ ‘റോള്‍മോഡല്‍ ‘ ആണ്..

                 ഇത് കുട്ടിമാളൂന്റെ മാത്രം അടുക്കള.   കരിയുള്ള, പുകയുള്ള, ഐശ്വര്യമുള്ള അടുക്കള.  തോരാമഴയില്‍ അടുക്കളയുടെ പലഭാഗത്തേക്കും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളേ നോക്കി ആസ്വദിച്ചു ആനന്ദിച്ചു ചെറുചിരിയോടെ ആദരവോടെ കുട്ടിമാളു  മനസ്സില്‍ പറഞ്ഞു, “പ്രകൃതിശക്തികളുടെ സാമീപ്യം മേല്‍ക്കൂരകള്‍കൊണ്ട് തടഞ്ഞു നിര്‍ത്തുന്നതിഷ്ടമല്ലാത്ത വനദുര്‍ഗ്ഗാ സാന്നിദ്ധ്യം എന്റെ ഈ അടുക്കളയില്‍  ഉണ്ട്. അതാണല്ലോ   പനിനീര്‍മഴ പ്രതിരോധങ്ങളെയെല്ലാം മറികടന്ന് ഈ ദേവീ സവിധത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്”.
           “അടുക്കള മുഴുവനും ചോര്‍ന്നൊലിക്കുന്നത്  കണ്ട് ആസ്വദിച്ചു നില്‍ക്കുകയാ നീ, അഹങ്കാരീ”?  ഒരലറിച്ച കേട്ട് കുട്ടിമാളു  ഞെട്ടാതെ (“വിവരമുള്ളവര്‍  ഞെട്ടാന്‍ പാടില്ല”, ഇതും കുട്ടിമാളൂന്റെ വേദവാക്യത്തില്‍പ്പെടും)  പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. വെള്ളം ഇറ്റു  വീഴുന്നിടത്തെക്കെല്ലാം പാത്രങ്ങളും തുണിക്കഷണങ്ങളും വച്ചുകൊണ്ട് കുട്ടിമാളു തന്റെ  യജമാനത്തിയെക്കുറിച്ചും മനസ്സില്‍ ദു:ഖത്തൊടെ  പറഞ്ഞു,“കരിയും പുകയും അമ്മിയും പണിയും ഇല്ലാത്ത ഷോറൂംഅടുക്കളയില്‍  വിലസുന്ന, അടുക്കള മാഹാത്മ്യം അറിയാത്ത വിവരദോഷി”. 

          മനസ്സില്‍മാത്രം പറഞ്ഞത് അറിയാതെ വായില്‍ക്കൂടി പുറത്തേക്കു വന്നുപോയി.  ചോര്‍ന്നു വീഴുന്ന മഴത്തുള്ളികളേ തട്ടിത്തെറിപ്പിച്ച് അതിന്റെ രസം ആസ്വദിച്ചു കൊണ്ട് വിവരദോഷം ഒട്ടും ഇല്ലാത്ത മനസ്സുമായി ഒരു സുന്ദരിബാല്യം അടുത്തുനിന്നു ചോദിച്ചു, “മാളുച്ചേയീ അടുക്കള മാഹാത്മ്യമോ, എന്താ അത്?”
           മാളു കാലങ്ങളായി കാ‍ത്തിരുന്ന ചോദ്യം.  ഉത്തരങ്ങള്‍ ധാരാളമുള്ള ചോദ്യം.  പക്ഷേ ചോദ്യങ്ങള്‍ ഇല്ലാത്ത ഉത്തരങ്ങള്‍ക്കു എന്തു  വില?
      തന്റെയുള്ളില്‍ നിറഞ്ഞു കിടക്കുന്ന ഉത്തരങ്ങളില്‍  കുറേയെണ്ണത്തിനു ശാപമോക്ഷം കൊടുക്കാന്‍, കുരുന്നുനാവില്‍ നിന്നും വന്ന ആ ചോദ്യം കേട്ട് , സന്തോഷം ഇടവപ്പാതിയേക്കാള്‍ ശക്തിയായി കുട്ടിമാളൂന്റെ മനസ്സിലും മുഖത്തും തകര്‍ത്തു പെയ്തു.  വിദ്യാഭ്യാസവും കൂടെ വിവരക്കേടും എല്ലാം കുത്തിക്കേറ്റി ഈ കുഞ്ഞു മനസ്സു നിറയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് , ഈ ചോദ്യം വന്ന ഹൃദയത്തിലെ, നാവിലെ ,സരസ്വതീ സാമീപ്യത്തെ  മനസ്സാ നമിച്ച് ആ അതിശയക്കുട്ടിയെ വാരിപ്പുണര്‍ന്നു കൊണ്ട് കുട്ടിമാളു പറഞ്ഞു, “ഈ ഭൂമിയില്‍ അടുക്കളയോളം മാഹാത്മ്യം ഉള്ള  സ്ഥലം  വേറേയില്ല കുഞ്ഞൂ”.


           “അതു എങ്ങിനെയാ മാളൂച്ചേയീ, അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവങ്ങള്‍ ഉള്ള അമ്പലങ്ങളാ ഏറ്റവും മാഹാത്മ്യം ഉള്ള സ്ഥലങ്ങള്‍ എന്ന്‍...”  

             “.........അയ്യോ ...........”, വിളിച്ചുപോയി കുട്ടിമാളു.  ഈ പൊടിമനസ്സില്‍ ഇത്രയും വലിയ മണ്ടത്തരം കുത്തിനിറച്ച, വിശ്വവിജ്ഞാനകോശം എന്നു സ്വയം ഭാവിക്കുന്ന തന്റെ യജമാനത്തിക്കിട്ട് കുട്ടിമാളു  മനസ്സുകൊണ്ട് കണക്കിനു ഒരു തൊഴി കൊടുത്തു, എന്നിട്ടു  കുഞ്ഞിനോടു ചോദിച്ചു,
              “എന്റെ അമ്മുലുക്കുട്ടിക്കു  മാളുച്ചേയിയെ ഇഷ്ടമല്ലേ?” 
            “ങൂം........”, അമ്മുലുകുഞ്ഞു ചെറുചിരിയോടെ നിറഞ്ഞ സ്നേഹത്തൊടെ ഒന്നു മൂളി. ആ ആത്മാര്‍ത്ഥമായ മൂളലില്‍നിന്നും കുട്ടിമാളു ഒന്നു മനസ്സിലാക്കി. തൈരും ചോറൂം കൂട്ടിക്കുഴച്ച് ഞാന്‍ ഈ കുഞ്ഞിനു കൊടുത്ത ഓരോ ഉരുളയ്ക്കുമൊപ്പം എന്റെ സ്നേഹം ഉണ്ടായിരുന്നതും  കുഞ്ഞില്‍ എത്തിയിട്ടുണ്ടെന്ന്, അപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്ന നല്ല അറിവുകളും ഈ കുഞ്ഞിനു മനസ്സിലാവും. അടുക്കളമാഹാത്മ്യത്തെക്കുറിച്ചു  ചോദിച്ച ചോദ്യം കുഞ്ഞ് മറക്കുന്നതിനു മുന്‍പ് താന്‍ വര്‍ഷങ്ങള്‍കൊണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവള്‍ക്കു പറഞ്ഞു കൊടുക്കണം.

           പിറ്റേന്നും പതിവുപോലെ  വെളുപ്പിനെ അമ്മുലുക്കുഞ്ഞ് അടുക്കളയിലെത്തി. അടുപ്പിലെ ചാരം  വാരി മാറ്റുകയായിരുന്നു  മാളു അപ്പോള്‍ .  തലേന്നു തന്നോടു പറഞ്ഞ കാര്യം ഓര്‍ത്തു കൊണ്ട് അമ്മുലു ചോദിച്ചു , “അടുക്കളയോളം മാഹാത്മ്യം ഉള്ള സ്ഥലം വേറേയില്ല എന്നു ഇച്ചേയി പറഞ്ഞില്ലേ, അപ്പോള്‍ അമ്പലമോ?“
            മാളു: “ഈ അടുക്കളയേക്കാള്‍ വലിയ ഏതു അമ്പലമാണ് കുഞ്ഞേ?”
             അമ്മുലു: “എന്താ?” അവള്‍ക്കു മനസ്സിലായില്ല മാളു പറഞ്ഞത്.
           ചാരം വാരിമാറ്റിയ അടുപ്പിനെ തൊട്ടുകൊണ്ട് കുട്ടിമാളു  ചോദിച്ചു, “ഇതെന്താണ്?”
            അമ്മുലു : “ഇത് അടുപ്പ്”
          മാളു : “അതെ അതു ശരിതന്നെ, എന്നാലും ഈ മൂന്നു കല്ലുകള്‍ കണ്ടോ,  ഇവരാണ് ത്രിമൂര്‍ത്തികള്‍ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
           അമ്മുലു: “അതെങ്ങെനെ?“
          “ഇവര്‍ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ളവര്‍ . നമുക്കു സ്ഥിതി ചെയ്യുവാന്‍വേണ്ട ആഹാരം സൃഷ്ടിക്കുന്നവര്‍ ,അതിനു പാകപ്പിഴകള്‍ വന്നാലോ. സംഹാരമൂര്‍ത്തിയായ് മാറില്ലേ? എന്നും രാവിലെ ഞാന്‍  വിറകുകളും ചിരട്ടയും തൊണ്ടും കത്തിജ്വലിപ്പിച്ച്  ഒരു ഹോമകുണ്ഡമായ് മാറ്റിയ അടുപ്പില്‍ ഗണപതി ഹോമത്തോടെ ഈ വീടിന്റെ ചൈതന്യത്തിനു തുടക്കം കുറിക്കുന്നു. അല്ലേ മുത്തേ?  പിന്നെ ചിലര്‍ക്കു ആ‍ഹാരം കൊടുക്കുമ്പോളേ ഗണപതി ഭഗവാന്‍ നേരിട്ടു വന്നതാണോ എന്നു തോന്നാറുണ്ടേ, അതുപോലെ ഞാന്‍ എന്തു ചെയ്യുന്നതും അഗ്നിസാക്ഷിയായിട്ടല്ലേ ? (ഈ കത്തുന്ന അടുപ്പിനു മുന്‍പിലേ ഹി ...ഹി..)”.
             പിന്നെ അസുരന്മാരും ദേവന്മാരും എല്ലാം പല രൂപത്തില്‍  ഭാവത്തില്‍ എന്റെ ഈ അടുക്കളയില്‍ വരും. അവരുടെയൊക്കെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഈ മാളുച്ചേയി എപ്പോഴും ഇവിടെ വേണ്ടേ ചക്കരേ?” അമ്മലു കഞ്ഞിന് മാളുച്ചേയീടെ പറച്ചില്‍ കേട്ട് വല്ലാതെ ചിരി വന്നു.
               “എന്താ കള്ളി ചിരിക്കുന്നേ” എന്നുചോദിച്ച് വെള്ളം തിളക്കുന്ന കലത്തിലേക്കു അരികഴുകിയിട്ടുകൊണ്ട്  മാളു പറഞ്ഞു, “നോക്കു തങ്കം, അന്നം (ചോറ്) മഹാലക്ഷ്മി അല്ലേ? ഈ വീടിന്റെ ഐശ്വര്യം (ആരോഗ്യമാണ് ഐശ്വര്യം) മുഴുവനും ഇവിടെയല്ലേ?”.  പിന്നെ പാലഭിഷേകം നെയ്യഭിഷേകം (എല്ലാം തിളച്ചു തൂവില്ലെ) ഒക്കെയുണ്ടല്ലൊ ഇവിടെ.  ശ്രദ്ധയോടെല്ലാം കേട്ടിരുന്നു അമ്മലുകുട്ടി.  രാവിലത്തെ പലഹാരത്തിനുള്ള തേങ്ങ പൊതിക്കാന്‍ മഴു എടുത്തപ്പോള്‍ മാളു പറഞ്ഞു, “ഇതില്‍ പരശുരാമ സാന്നിദ്ധ്യം, എന്നുവച്ചാല്‍  സാക്ഷാല്‍ ഭഗാവാന്‍ മാഹവിഷ്ണു തന്നെ”.
           പൊതിച്ചതേങ്ങ അമ്മിക്കല്ലില്‍ അടിച്ചുടക്കുമ്പോള്‍  അമ്മുലുവിനോട് കുട്ടിമാളു ചോദിച്ചു “എന്റെ തങ്കം കണ്ടിട്ടില്ലേ, അമ്പലങ്ങളിലും ഇതുപോലെ ചെയ്യുന്നേ?”
                  “......ങൂം”
               പുതിയ അറിവുകള്‍ നിറയുന്നതിന്റെ സന്തോഷം അമ്മുലുവിന്റെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.  തേങ്ങചിരവാന്‍ ചിരവ എടുത്തപ്പോള്‍ അതിനെ, ശ്രീകോവിലുകളെ, ഭഗവാന്മാരെ ഒക്കെ കാക്കുന്ന വ്യാളികളോട് ഉപമിച്ചു കൊണ്ട് മാളു പറഞ്ഞു അടുക്കളയിലെ മിക്ക സാധനങ്ങളും ‌- പല രൂപത്തിലുള്ള ചിരവകള്‍ , ഉലക്ക, അമ്മിക്കുട്ടി, കത്തികള്‍ ‍, തവികള്‍ , ചട്ടുകങ്ങള്‍ , വിവിധതരം പാത്രങ്ങള്‍ എല്ലാം വ്യാളികള്‍ തന്നെ. എന്നുവച്ചാല്‍ വീട്ടിലേക്ക് പുറത്തുനിന്നുവരുന്ന ഏതുതരം ശത്രുക്കളേയും നേരിടാന്‍ ശക്തിയുള്ളവരാണ് ഇവയെല്ലാം തന്നെ. അതുപോലെ ചോറുവാര്‍ക്കാന്‍ ഉപയോഗിക്കുന്ന അടപലക, ഇഡ്ഡലിത്തട്ട് തുടങ്ങിയവ പരിച പോലെ നല്ല ഒരു രക്ഷകന്‍ ആകും പലപ്പോഴും. ശരിയല്ലേ കുട്ടാ?”  ഇതൊക്കെ കേട്ട് മാളുവിന്റെ തങ്കം ചിരിച്ചുപോയേ..
             അടുക്കളയിലെ അത്ഭുതലോകത്തേക്കുറിച്ച്  ശ്രദ്ധയോടെ കേള്‍ക്കുന്നതിനിടയില്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരിക്കുന്ന അരിക്കലത്തിലേക്കു നോക്കി അമ്മുലു ചോദിച്ചു, “അപ്പോള്‍ ഇതിനെന്തു പറയും ഇച്ചേയീ?”
              പൊട്ടിച്ചിരിച്ചുകൊണ്ട് മാളു ചോദിച്ചു “ അറിയാന്‍ വയ്യേ എന്റെ തങ്കത്തിന്? ഒന്നു ഓര്‍ത്തു നോക്കിക്കേ! ഇതിനുത്തരം എന്റെ സുന്ദരിക്കുട്ടി തന്നെ പറയണം. ഇച്ചേയി ക്ലൂ തരാം”.
              “ക്ലൂ ഒന്ന്, ഒരിക്കലും അടുക്കളയില്‍ കയറാത്തവര്‍ക്കുള്ള ഒരു ശിക്ഷ”.
             “ക്ലൂ രണ്ട്, വേറോരാളിനെക്കൊണ്ട് കാര്യങ്ങള്‍ ഭഗവാനില്‍  എത്തിക്കുന്നത് ഇഷ്ടമില്ലാതിരുന്ന ഏതോ മിടുക്കത്തികള്‍ നേരിട്ടു ഭഗവാനേ പൂജിക്കാന്‍ ഉണ്ടാക്കിയ സൂത്രം”.
          “ക്ലൂ മൂന്ന്, അടുക്കളയിലെ പ്രകടനം അരങ്ങത്ത് എത്തിക്കാനുള്ള  ഒരു നമ്പര്‍ ”.
             “ഇത്രയും പറഞ്ഞിട്ടും എന്റെ പൊന്നിനു മനസ്സിലായില്ല അല്ലെ? പൊട്ടടാ സാരമില്ല, ഒരു ക്ലൂ കൂടെ തരാം, പത്രത്തിലും റ്റിവീ ലും വാര്‍ത്തയായ് വരും, വലിയ പേരു പെരുമയും  ഉള്ള ചിലര്‍ കൈയ്യില്‍ കയിലും (തവി), കണ്ണില്‍ കണ്ണീരും, മുട്ടോളം കയറ്റികുത്തിയ സാരിയും , ചുണ്ടില്‍ വരുത്തിതീര്‍ത്ത ചിരിയും ചുറ്റിലും പുകയും, അവരെ നോക്കി അന്തം വിട്ടു നില്‍ക്കുന്ന പാവങ്ങളായ കുറേ പെണ്ണുങ്ങളും.........” പറഞ്ഞു തീര്‍ക്കാന്‍ സമ്മതിക്കാതെ അമ്മുലുക്കുഞ്ഞു ഉച്ചത്തില്‍ വിളിച്ചുകൂവി, “ പൊങ്കാല”.

              “അതന്നേ കുട്ടാ‍ാ‍ാ‍ാ..... ഈ അടുപ്പത്തു കാണുന്നതും പൊങ്കാല തന്നെ.  ആര്‍ക്കു വേണ്ടിയായാലും എവിടെയായാലും ആഹാരം ഉണ്ടാക്കുന്നതും കൊടുക്കുന്നതും എല്ലാം ഭഗവാനു വേണ്ടി  എന്ന മനസ്സോടെ,ആദരവോടെ, സ്നേഹത്തോടെ വേണം ചെയ്യാന്‍”.
            “പിന്നെ എന്തിനാ ഇച്ചേയി അമ്പലം, പൊങ്കാല, പ്രാര്‍ത്ഥന.................?????????”
            ഈ പാവം നിഷ്കളങ്കബാല്യത്തോട് എന്തു പറയും? മാളു ആലോചിച്ചു.
        “തങ്കം.....,,, ഇച്ചേയിക്കും ഈ അടുക്കളലോകത്തിനപ്പുറം ഒന്നുമറിയില്ല. എന്നാലും എനിക്കു തോന്നുന്നത് ദേവാലയങ്ങളില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രമായി ഒരേ മനസ്സോടെ നില്‍ക്കുന്നു. (ദൈവത്തിന്റെ മുപില്‍ ജാട കാണിക്കാന്‍ പറ്റില്ലല്ലോ).   വഴിപാടുകള്‍ , പ്രാര്‍ഥനകള്‍ , ഒക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സമാധാനം , സന്തോഷം, 
ഉന്മേഷം, പിന്നെ പലര്‍ക്കും വീടെന്ന ജയിലില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ഒരു രക്ഷപെടല്‍ ............”

            മനസ്സിലായതില്‍ കൂടുതല്‍ മനസ്സിലാവാതെ നിറഞ്ഞ സ്നേഹത്തോടെ അമ്മുലുകുഞ്ഞു മാളുച്ചേയിയെ പിടിച്ചിരുത്തി ആ മടിയില്‍ തലചായ്ച്ച്  കിടന്നു, മനസ്സ് നിറയെ മാളുച്ചേയി പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്കൊണ്ട്, ഉത്തരം കിട്ടാനുള്ള നിറയെ ചോദ്യങ്ങളുമായി.


.....................................................................................................

ഇന്നു പലര്‍ക്കും അറിയാത്ത, ഒരുകാലത്ത് കേരളത്തിലേ വീടുകളുടെ ഐശ്വര്യമായിരുന്ന, അന്യമായികൊണ്ടിരിക്കുന്ന  അടുക്കളകള്‍ ഇവിടെ ഒന്നോര്‍ത്തു ഞാന്‍.
ഇതുപോലെ ഒരു ഇച്ചേയി എനിക്കും ഉണ്ട്. ഇന്ദിരാമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ഇച്ചേയിക്കു വേണ്ടി എന്റെ ഈ പോസ്റ്റ്.

Friday, August 20, 2010

വാമനനും പാതാളത്തിലേയ്ക്ക്.....


പതിവുപോലെ  നിറഞ്ഞ മനസ്സുമായി തന്റെ പ്രജകളെക്കാണാന്‍ അദ്ദേഹം ആദ്യം ടിയെത്തിയത് തലസ്ഥാനനഗരിയിലേയ്ക്ക് തന്നെ.  അവിടെക്കണ്ട ആള്‍ത്തിരക്കും ഉത്സവപ്രതീതിയും ആ മനസ്സുനിറച്ചു; ഒപ്പം കണ്ണുകളും... സന്തോഷത്താല്‍ ‍.
പെട്ടെന്ന്, "വേഗം വാ, സമയം ആയി", എന്നു പറഞ്ഞ് ആ ആള്‍ത്തിരക്കിലേയ്ക്ക് ആരോ കൈയില്‍ പിടിച്ചതും വലിച്ചതും മാത്രം ഒരു ഓ
ര്‍മ്മ.  കണ്ണുതുറന്ന് ചുറ്റിലും നോക്കിയപ്പോള്‍ കണ്ട കാഴ്ച, "ഹൊ! എത്ര മനോഹരം....എന്തായിത്? ലോകരാജാക്കന്മാരുടെ സമ്മേളനമോ? നമ്മളായിരിക്കും, അതിന്റെ അദ്ധ്യക്ഷന്‍...".. കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു വന്ന ആള്‍ പറഞ്ഞു, "എന്ത് അദ്ധ്യക്ഷന്‍?   ഇത് മഹാബലിമാരുടെ മത്സരം ആണ്”.

“മഹാബലിമാരുടെ മത്സരമോ??എന്തു മത്സരം?നമുക്കു ഒന്നും മനസ്സിലായില്ലാല്ലോ?”


“അയ്യേ നിങ്ങള്‍ എവിടുത്തുകാരന്‍ കൂവാ? കഷ്ടംതന്നെ. ഈ മത്സരം എന്താന്നുവച്ചാ...  മഹാബലിമാരെ ക്കൊണ്ട് ലോകം നിറഞ്ഞു.  അവരെ തട്ടിമുട്ടി നടക്കാന്‍ വയ്യ. അപ്പോള്‍ നമ്മുടെ മുഖ്യന്‍, ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഇവറ്റകള്‍ക്കും ഒരു 'റിയാലിറ്റി ഷോ' (അതാണല്ലോ ഇന്നത്തെ കേരളം) നടത്തുന്നുവെന്ന് അറിയിച്ചു.  അതു കേട്ടതും, ലോകമെമ്പാടുമുള്ള മഹാബലികള്‍ വന്ന്  കേരളം നിറഞ്ഞു നില്ക്കുവാ....റിയാലിറ്റി ഷോയുടെ സെലക്ഷന്‍ റൌണ്ടാണ് ഇവിടെ നടക്കുന്നത്."
ഒന്നും മനസ്സിലാവാതെ, ആ പാവം ഒറിജിനലും കൂട്ടത്തില്‍ നിന്നു.  സെലക്ഷന്‍ റൌണ്ടില്‍ ആദ്യം പുറത്തായതും ഒറിജിനലദ്യേം തന്നെ.  ഒരുവിധം തിക്കിലും തിരക്കിലും നിന്നുമാറി ഒരു മരച്ചുവട്ടിലിരുന്നു ഒറിജിനല്‍ . 


ഔട്ടായി വന്ന വേറേ കുറെ മഹാബലിമാരും പലസ്ഥലത്തും താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.  ക്യാമറയും മൈക്കുമായി ഉടനെതന്നെ എത്തിയല്ലോ കുറെ കത്തികള്‍ ‍...
രോ മഹാബലിമാരോടും എന്തൊക്കെയോ ചോദിച്ച് ചോദിച്ച് അവര്‍ ഒറിജിനലിന്റെ അടുത്തെത്തി.  ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.

      കത്തി: "നമസ്കാരം, അങ്ങ് എത് കമ്പനിയെ അല്ലെങ്കില്‍ ഫീസിനെ, അതുമല്ലെങ്കില്‍ എന്തിന്റെ പ്രതിനിധിയായിട്ടാണ്  ഈ മാഹാബലി വേഷംകെട്ടി വന്നത്? ആരാണ് അങ്ങയുടെ സ്പോണ്‍സേഴ്സ്?"

ഒറിജിനല്‍ മഹാബലിയ്ക്ക് ചോദ്യം മനസ്സിലായില്ല.  ചെറിയ (വളിച്ച) ഒരു ചിരിയോടെ ചോദിച്ച ആളെ നോക്കി പറഞ്ഞു, "നമ്മള്‍ ഈ നാടിന്റെ പ്രതിനിധി, സ്പോണ്‍സേഴ്സ് ഇല്ല".


കത്തി പൊട്ടിച്ചിരിച്ചു, "നാടിന്റെ പ്രതിനിധിയോ?"


മഹാബലി, "അതെ, കേട്ടിട്ടില്ലേ? ആ പഴയ കഥ.. ..മാവേലി...വാമനന്‍....പാതാളം...
ണം...ആ കഥ..."

  ഇത്തവണ കത്തി വളിച്ച ചിരിയോടെ പറഞ്ഞു, "ക്ഷമിക്കണം, അതെല്ലാം പഴഞ്ചന്‍ കഥയല്ലേ മാഷേ?  കണ്ടില്ലേ ഇന്നത്തെ ഓണം? മഹാബലികളുടെ തിരക്ക്?"


    മഹാബലി: "അപ്പോള്‍
ണം?"

    കത്തി: "ഇന്നിപ്പോള്‍ ഇതൊക്കെത്തന്നെ
ണം, മനസ്സിലായില്ലേ?"

    മഹാബലി: "മനസ്സിലായി, മനസ്സിലായി,  നല്ലപോലെ മനസ്സിലായി... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി
ണം...എന്ന്."

ഇനിയും ചോദ്യങ്ങളെ നേരിടാന്‍ വയ്യാത്തകൊണ്ട് മഹാബലി അവിടെനിന്ന് പതുക്കെ നടന്നു.  പുറകില്‍ ‍, "ബെസ്റ്റ് മഹാബലിയെ" തിരഞ്ഞെടുക്കുന്ന തകര്‍പ്പന്‍ ബഹളവും കേട്ടുകൊണ്ട്...  പെട്ടെന്ന്, തണുത്ത സുഖമുള്ള ഒരു സ്പര്‍ശനം പുറകില്‍ ‍...തിരിഞ്ഞു നോക്കിയപ്പോള്‍ സുന്ദരചിരിയുമായി ആ കള്ളച്ചെറുക്കന്‍, വാമനന്‍, ബലിയുടെ കൈയ്യില്‍ പിടിച്ചു, "വരൂ, നമുക്കു നടക്കാം",
വാമനന്‍: "വിഷമമായി, അങ്ങേയ്ക്ക്, അല്ലേ? 
മഹാബലി: "എന്തിനു?"
വാമനന്‍: "സെലക്ഷനില്‍ ഒറിജിനലായ അങ്ങ് ഔട്ടായതില്‍ ‍"
മഹാബലി, "വിഷമം ഇല്ല എന്നു പറയാന്‍ പറ്റില്ല... അത് ഔട്ടായതിനല്ല...ഇന്ന് കേരളം, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയല്ലോ എന്നുള്ള ഒരു ദുഃഖം".


മഹാബലിയെ സമാധാനിപ്പിച്ചുകൊണ്ട് വാമനന്‍ പറഞ്ഞു, "അങ്ങ് വിഷമിക്കാതെ,ഞാന്‍ ഒരു സൂത്രം പറയാം, തൊട്ടപ്പുറത്ത് ഇത്രേം തന്നെ വാമനന്മാരും ഉണ്ട്.  അവിടെ ആദ്യം ഔട്ടായതേ, (ഒരു കള്ളച്ചിരിയോടെ) ഈ വാമനന്‍ ഒറിജിനലാണു കേട്ടോ.."


    "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം..." എന്ന പാട്ട് പശ്ചാത്തലത്തില്‍ കേട്ടുകൊണ്ട് രണ്ടാളും നടക്കവേ വാമനന്‍ ബലിയോട് ചോദിച്ചു, "എന്തേ മഹാരാജന്‍, ഇപ്പോഴും കണ്ണുകളില്‍  ഒരു വിഷാദം? സാരമില്ലെന്നേ, അടുത്ത തവണ നമുക്കു നേരത്തേ എത്താം... നല്ല സ്പോണ്‍സേഴ്സിനെ കണ്ടെത്തി, അവരുടെ പരസ്യമോഡലുകളായി, നല്ല നല്ല ഷൂസും, കുടയും ആടയാഭരണങ്ങളും ഒക്കെയായി വന്ന് മത്സരിച്ചു ജയിക്കാം.  അങ്ങ് കേട്ടിട്ടില്ലേ, പരാജയം ജയത്തിന്റെ മുന്നോടിയെന്നൊക്കെ" വാമനന്‍ സമാധാനിപ്പിച്ചു.


മഹാബലി:"കിട്ടിയ അവസരത്തില്‍ കളിയാക്കിയ്ക്കോ, കളിയാക്കിയ്ക്കോ...കള്ളക്കുട്ടാ.... പണ്ടേ നീയെനിക്കിട്ട് പണിഞ്ഞവനല്ലേ...ങൂം? എന്റെ വിഷമം അതൊന്നും അല്ല മോനേ... ഇനി പത്ത് ദിവസം കഴിയാതെ പാതാളത്തിലേയ്ക്ക് പോകാന്‍ കഴിയില്ല." മഹാബലി നെടുവീര്‍പ്പിട്ടു.


    "അയ്യോ, അതെന്താ?"  വാമനനു ആകാംഷയായി.


  മഹാബലി, "അതേ, നമ്മള്‍ അവിടെയില്ലാത്ത പത്തുദിവസമാണ് അവിടെ അന്തപ്പുരശുചീകരണ ആഘോഷം... ആദിവസങ്ങളില്‍ ഒരു അണുവിനുപോലും ആ കെട്ടിടത്തിലേയ്ക്ക് പ്രവേശനമില്ല... അറിയില്ലേ വിന്ധ്യാവലിയുടെ സ്വഭാവം... വൃത്തി സമം വിന്ധ്യാവലി എന്നാണ് നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്..."

    "സാരമില്ല, പത്തുദിവസം നമുക്ക് മഹാബലി റിയാലൊറ്റിഷോ ക്യാമ്പില്‍ പോയി അദൃശ്യരായി നിന്ന്, അവിടെ നടക്കുന്ന കോപ്രായങ്ങളൊക്കെ കണ്ട് പഠിക്കാം", വാമനന്‍ പറഞ്ഞു


   "അതെന്ത് പഠിക്കാനാ?" മഹാബലിക്ക് കൌതുകമായി..
    "ഉണ്ടല്ലോ... സെലക്ഷന്‍ കിട്ടിയവരെ കൊണ്ട്,   വിഷയത്തെക്കുറിച്ച് ഒരുധാരണയുമില്ലാത്ത കുറെ വിധികര്‍ത്താക്കള്‍   (എല്ലാപേരും അല്ല) ക്ഷ...ണ്ണ...ക്രാ...ക്രീ...വരപ്പിക്കുന്നത് കണ്ടുപഠിക്കാം... അല്ലെങ്കില്‍ ചിരിച്ച് ചിരിച്ച് നമുക്ക് ആയുസ്സുകൂട്ടാം... പിന്നെ ഒരിക്കല്‍ സെലക്ഷന്‍ കിട്ടിയവര്‍ ആ വഴി വരാത്തവണ്ണം അവരെ അവിടെയിരിക്കുന്ന കക്ഷികള്‍
ടിക്കുന്നതും കാണാം.  അപ്പോള്‍ സെലക്ഷന്‍ കിട്ടാത്തതില്‍ നമ്മള്‍ക്കും ഒരു ആശ്വാസം ഉണ്ടാവും."വാമനന്‍ പറഞ്ഞു ..

    "വേണ്ട വാമനാ...എനിക്ക് തിരികെ പോകണം, നമുക്ക് മത്സരമൊന്നും വയ്യ... എന്റെ സുന്ദര കേരളം, ദൈവത്തിന്റെ സ്വന്തം നാട്...മഹാബലിമാരെക്കൊണ്ടും വാമനന്മാരെക്കൊണ്ടും റിയാലിറ്റി ഷോകളേക്കൊണ്ടും മത്സരങ്ങളേക്കൊണ്ടും... കള്ളവും ചതിയും പൊള്ളത്തരങ്ങളേക്കൊണ്ടും.... എല്ലാം സഹിക്കവയ്യാതെ നട്ടംതിരിയുന്നതു... നമുക്ക് കാണാന്‍വയ്യ...പോകണം തിരികെ ഇപ്പോള്‍തന്നെ" മഹാബലി പറഞ്ഞു.
    വാമനന്‍, "അപ്പോള്‍ വിന്ധ്യാവലി?"


    "സാരമില്ല, പത്തുദിവസം അല്ലേ? പാതാളം എല്ലാം കറങ്ങി നടന്നന്നൊന്നു കണ്ടേക്കാം...ഇത്തവണത്തെ എന്റെ
ണം അവിടെ പാതാളത്തിലാവട്ടേ..." മഹാബലി തീരുമാനിച്ചുറച്ച് പറഞ്ഞു .

    "എന്നാല്‍ ഇത്തവണ ഞാനും കൂടി വരാം പാതാളത്തിലേയ്ക്ക്", വാമനന്‍ ഉത്സാഹിയായി...


    ഒരു സുന്ദര കേരളം സ്വപ്നം കണ്ട് മഹാബലി, വാമനന്റെ കൈയില്‍ പിടിച്ചു സന്തോഷത്തോടെ പാതാ
ളത്തിലേക്ക് നടന്നു...