Saturday, June 26, 2010

( മര)ഹൃദയം

രൂപ മാറ്റത്തില്‍ സ്വയം ആനന്ദിച്ചു, ആസ്വദിച്ചു, അഹങ്കരിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ മക്കളുണ്ടായപ്പോള്‍ അതിലേറെ സന്തോഷിച്ചു.

പുണ്യജന്മങ്ങളേ മടിയില്‍ കിട്ടിയ ഭാഗ്യത്തില്‍ മനസ്സു നിറഞ്ഞു.


ഈ നഷ്ടസ്നേഹങ്ങളേ ഒന്നു തലോടാൻ ‍, മാറോടു ചേര്‍ക്കാൻ‍, പാലൂട്ടാൻ -
അവളിലും എന്നിലും ആഗ്രങ്ങള്‍ ആഗ്രഹങ്ങളായൊതുങ്ങി.

ആ മാറില്‍ നിന്നടര്‍ത്തി മക്കളെ ഈ മടിയില്‍ കിടത്തുമ്പോള്‍ അവളുടെ  നിശ്വാസം ഞാന്‍ കേട്ടു.

ഈ മടിയില്‍ നിന്നെടുത്തു മക്കളേ ഏതോ കൈകളില്‍ കൊടുക്കുമ്പോള്‍ -

(മര)നിശ്വാസങ്ങള്‍ ആരും കേട്ടതേയില്ല.
പാപജന്മങ്ങളേ പുണ്യജന്മങ്ങളാക്കിയ മാതൃമനസ്സുകള്‍ ധന്യരായി.........
അന്ന്  ...................................................................
...............................................................................

ആരോരുമറിയാതെ ഈ അമ്മത്തൊട്ടിലിന്‍
(മര)ഹൃദയവും തേങ്ങി
എന്തിനെന്നറിയാതെ ഒന്നു വിങ്ങി വിതുമ്പി....................................

Wednesday, April 14, 2010

ജീവനുള്ള വിഷുപുലരി

                  പായ്ക്കറ്റിനുള്ളിലെ വാടിയ കൊന്നപ്പൂക്കളും ജീവനില്ലാത്ത കണിവിഭവങ്ങളും ഇല്ല്ലാതെ എനിക്ക് ചുറ്റുമുള്ള ജീവനുള്ള പ്രകൃതിയെ കണികാണാന്‍ പോകുന്നു. പൂത്തുലഞ്ഞ കൊന്നമരങ്ങളും ഈറനണിഞ്ഞു നില്‍ക്കുന്ന ചെടികളും, കായ്കളും, പൂക്കളും, കിളികളും, പത്താമുദയവും, പടയണിയും... മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം കാണുകയല്ല; അനുഭവിച്ച് ആസ്വദിക്കയാണ് ഞാന്‍ ഈ വിഷുക്കാലം. ഇടക്കെപ്പൊഴൊക്കെയോ വിഷുവിനു നാട്ടില്‍ ഇല്ലാതിരുന്നിട്ടില്ല.  അന്ന് ഒരു പ്രവാസിയുടെ മനസ്സായിരുന്നു എനിക്ക് എന്നു  ഞാന്‍ ഇന്നറിയുന്നു.
                  വെളുപ്പാന്‍കാലത്ത്  കണികാണാന്‍ കണ്ണുപൊത്തി കൈപിടിച്ചു കൊണ്ടുപോയി നിര്‍ത്താന്‍ വരുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്കു ആദ്യം നോക്കി, ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണി, കാത്തിരുന്ന കണി എന്നു പറയുന്ന ഒരു വിഷുപുലരി. പിന്നീട് പതുക്കെ ആ കൈപിടിച്ച് ഞാന്‍ കൊണ്ടുപോയി അറവാതിലിനു മുന്‍പില്‍ നിര്‍ത്തും കണികാണാന്‍ ..................


              എല്ലാവര്‍ക്കും നല്ല ഒരു വിഷുദിനം, അല്ല ഒരു വിഷുക്കാലം ആശംസിക്കുന്നു

Monday, March 22, 2010

വളര്‍ന്ന് ചെറുതായി...

വളര്‍ന്ന് ചെറുതായി....
ആ മാറോട് ചേര്‍ന്നു നിന്നാ-
തായ് മാഹാത്മ്യം മനസ്സിലാക്കി.
കൊതി തോന്നി, ഒപ്പം ആഗ്രഹവും
അതുപോലെയാവാന്‍ , വളര്‍ന്ന് വലുതാവാന്‍,
താങ്ങാവാന്‍ , തണലാവാന്‍ ...
സ്വതന്ത്രനായി കുതിച്ചുയരവേ,
പിന്‍ പിടുത്തങ്ങളറിഞ്ഞതേയില്ല.
വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു,
ജന്മം ലക്ഷ്യത്തിലെത്തി.
വളര്‍ന്നു വളര്‍ന്നങ്ങു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
തായ്‌വേരറ്റ ബോണ്‍സായി മാത്രമായി..

Tuesday, February 2, 2010

ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം


ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ ‍, ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”

Thursday, January 28, 2010

പുനര്‍ജന്മം

തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു  പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.




Tuesday, January 12, 2010

എന്റെ പുതുവത്സര തീരുമാനം..




എന്റെ പുതുവത്സര തീരുമാനം..

ഓര്‍മ്മയായ കാലം മുതൽ കണ്ടു തുടങ്ങിയതാണേ. എന്നും കാണുന്ന കൊണ്ടാണോ മറ്റുള്ളവര്‍ക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ഥാനം ആണോ അവൻ എന്നെയും വല്ലാതെ  ആകര്‍ഷിക്കാൻ  തുടങ്ങി. ആ ഇഷ്ടം ആരാധനയോ അഭിമാനമോ പ്രണയമോ ഒക്കെയായി വളര്‍ന്നു. തന്നിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് എന്നുള്ള ആ മനോഭാവം....

ഇടക്കിടെ അവനോടൊപ്പം വന്നെത്തുന്ന സുഹൃത്തുക്കൾ . . . അവരോടും വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. സത്യം പറയാമല്ലോ അവരേയും കാത്തിരുന്നിട്ടുണ്ട്.  അതു മനസ്സിലാക്കിയപോലെ അവർ വരും എന്നുള്ള ചില സൂചനകൾ ഒക്കെ അവൻ തരികയും ചെയ്യും (കള്ളൻ!‍).

എന്നും അവന്‍ എനിക്കു നല്ല വഴികാട്ടിയായിരുന്നു, ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങൾ, അവനില്‍ക്കൂടിയാണ് എനിക്കു കിട്ടിയിരുന്നത്. ഞാന്‍ പറയാൻ തുടങ്ങിയാൽ തീരില്ല അവനേക്കുറിച്ചുള്ള വര്‍ണ്ണനകൾ.  എവിടെയും എന്നും എനിക്കു കൂട്ടായിരുന്നവൻ. എന്നും കാലത്തു ഉണരുന്നതു പോലും അവനു വേണ്ടിയാണ് എന്നു എനിക്കു തോന്നാതിരുന്നിട്ടില്ല.

അവനു പകരക്കാരായി പലരും വീട്ടിനുള്ളിൽ  അധികാരത്തോടെ കയറിവരികയും അവനെക്കാൾ കേമന്മാരാകാന്‍, സ്ഥാനം പിടിക്കാൻ, ഒക്കെ ശ്രമിക്കയും ചെയ്തു.  എന്തോ അവരോടൊന്നും വലിയ താല്‍പര്യം  തോന്നിയതേയില്ലാ എനിക്ക്. എന്നാൽ ഈയിടെയായി എനിക്കു അവനേയും സഹിക്കാന്‍ വയ്യാതെയായി. എനിക്കു പ്രായം കൂടിയതുകൊണ്ടാണോ? അതോ പ്രതികരിക്കാനുള്ള കഴിവുകൾ ഒന്നും ഇല്ലാതെ ഇളിച്ചു നില്‍ക്കുന്ന അവനോടുള്ള ദേഷ്യമാണോ .... എനിക്കറിയില്ല.

അവനേ ഞാന്‍ ഈയിടെയായി കാണുമ്പോളെല്ലാം അവൻ മരണത്തിന്റെ അവതാരകനായിട്ടാണോ വരുന്നതു എന്നൊരു തോന്നൽ... ജീവിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പിൽ പലതരം പലവിധം മരണമാര്‍ഗ്ഗങ്ങൾ നിരത്തുന്നു. ജീവിക്കുന്നതിലും എളുപ്പം മരണം, മരിക്കുന്നതിലും വിഷമം ജീവിതം”  ഇവന്‍ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കു നിന്നേ ശരിക്കും ഭയമായിത്തുടങ്ങി.


             വയ്യ...വയ്യ.. പുലര്‍കാലത്തെത്തുന്ന ഇവന്റെ കൂടെയുള്ള, ഈ കെട്ടിമറിയല്‍, ആ ചുറ്റിപ്പിടുത്തത്തില്‍ കിടന്നുള്ള ശ്വാസം‌മുട്ടൽ  ഇനി വയ്യ. നിന്റെ കാലടിയൊച്ചക്കായ് കാത്തുകിടക്കില്ല ഇനി മുതൽ ഞാന്‍.  എനിക്കു പ്രഭാതം കാണണംപ്രഭാത സൂര്യനേ കാണണം, പുലര്‍കാലഭംഗിയിൽ പ്രകൃതിയെ അറിയണം.  എന്റെ പുതുവത്സര തീരുമാനം...ഇനി എനിക്കു അവനുമായുള്ള പുലരിക്കൂട്ടു വേണ്ട, ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം  ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കണം എനിക്കും....

Thursday, December 31, 2009

2010 വന്നേ......



എന്റെ കുഞ്ഞു മക്കൾ കഥ കേൾക്കാൻ വരൂ...