Monday, October 27, 2008

എന്റെ ദീപാവലികള്‍


“ഇന്നു ദീപാവലി”മണ്‍ചിരാതില്‍ കത്തി നില്‍ക്കുന്ന ഒരു ദീപനാളവും അതിന്റെ അടിക്കുറിപ്പായി ‘ഇന്നു ദീപാവലി ‘എന്നും രാവിലെ പേപ്പറില്‍ കണ്ടപ്പോള്‍ പെട്ടന്നു എന്റെ ചില ദീപാവലികള്‍ മനസ്സില്‍ ഒന്നു മിന്നിമറഞ്ഞു.

ഓര്‍മ്മയില്‍ വന്ന ആദ്യ ദീപാവലിയില്‍ രാവിലെ തന്നെ അമ്മ തലയിലും ദേഹത്തും നിറയെ എണ്ണതേപ്പിച്ച് ഒരുതരം മെഴുക്കുപുരട്ടി പരുവത്തില്‍ എന്നെയും എന്റെ അനിയന്മാരേയും നിര്‍ത്തിയിരിക്കുന്നതാണ്.പിന്നെ ഇഞ്ച ഇട്ട് ഉരച്ചു കഴുകി ഒരു കുളിപ്പിക്കലും.ആ ഓര്‍മ്മക്കു അത്ര സുഖം പോരാ.പിന്നെ മധുര പലഹാരങ്ങള്‍ നിറയെ തിന്നുന്ന മധുരം നിറഞ്ഞ ഓര്‍മ്മക്കൊരു സുഖം ഉണ്ട്.വൈകുന്നേരം മുതിര്‍ന്നവര്‍ ഒക്കെ കൂടി വിളക്കൊക്കെ കത്തിച്ചു വൈക്കുന്ന നേരിയ ഒരു ഓര്‍മ്മ.പടക്കം പൊട്ടിക്കലൊന്നും എന്റെ വീട്ടില്‍ ഒരു ആഘോഷത്തിനും അന്നും ഇല്ല ഇന്നും ഇല്ല.കാരണം അതിനു സമാനമായ പൊട്ടലും ചീറ്റലുമൊക്ക എല്ലാ, സമയങ്ങളിലും ഉള്ളതു കൊണ്ട് പ്രത്യെകിച്ചു പണം മുടക്കി പൊട്ടിക്കണ്ട എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ വിചാരിച്ചു കാണും.ഒരു പഞ്ചായത്തു തന്നെയുണ്ടായിരുന്നു ആ വീട്ടില്‍.തല്ലു കോല്ലാനുള്ള തുടകള്‍ ഏറെ, തല്ലാനുള്ള കൈകളോ അതിലേറെ. പിന്നെന്തിനാ വേറെ പടക്കം.

പിന്നെ കുറച്ചൂടെ മുതിര്‍ന്ന ഹാഫ് സ്കെര്‍ട്ട് പ്രായത്തില്‍ രാവിലത്തെ എണ്ണതേച്ചു കുളി (ദീപാവലി ദിവസം നിര്‍ബ്ബന്ധം) കഴിഞ്ഞാല്‍ അമ്പലത്തില്‍ ഒക്കെ ഒന്നു പോയി വരും,പിന്നെ മധുരംതീറ്റി, വൈകിട്ടു വിളക്കുകള്‍വൈക്കാനും ഒക്കെ കൂടും. പിന്നെ വിളക്കു കത്തിച്ചുവച്ചിരുന്നു കുട്ടികളെല്ലാം കൂടെ ഒരു നാമം ജപം ആണ്.ഈ പ്രായത്തിലെ ഒരു ദീപാവലിക്കാലത്ത് എന്റെ വല്യമ്മയുടെ മകന്‍ ബാഗ്ലൂരില്‍ നിന്നു അവധിക്കു വന്നിരുന്നു.ചേട്ടനും ഹാഫ് ട്രൌസര്‍ ഒക്കെ ഇട്ടുനടക്കുന്ന പ്രായം.വല്ലപ്പോഴും അവധിക്കു വരുന്ന അവരോടൊക്കെ വീട്ടിലെ മുതിര്‍ന്നവര്‍ കാണിക്കുന്ന ചില പ്രത്യേക സ്നേഹപ്രകടനങ്ങള്‍ ഒന്നും തീരെ സുഖിക്കാത്ത ഒരു അളായിരുന്നു ഞാന്‍(ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല, എനിക്കു പ്രിയപ്പെട്ടവര്‍ വേറെ ആരോടും സ്നേഹം കാണിക്കുന്നതെ...).

വൈകിട്ട് വിളക്കൊക്കെ കത്തിച്ചു വച്ച് ഞങ്ങള്‍ കുട്ടികളെല്ലാവരും നാമം ജപിക്കാനിരുന്നു.എല്ലാരും കണ്ണുകളൊക്കെക്കെ അടച്ചു സുബ്ബലക്ഷ്മിയും ,ചെമ്പൈ യും ഒക്കെയായി സ്വയം മാറി പരമാവധി ശബ്ദമലിനീകരണം നടത്തിക്കൊണ്ടിരിക്കയാണ്.ചേട്ടനും ഞാനും നിലവിളക്കിന്റെ അപ്പുറത്തും ഇപ്പുറത്തും ആണിരുന്നത്.ഞാന്‍ വന്നിരിക്കുമ്പോള്‍ തന്നെ അവിടെ കിടന്നിരുന്ന ഒരു തകരകുഴല്‍(അന്നൊക്കെ ചന്ദനത്തിരി വന്നിരുന്നതു തകരപാളികള്‍ ചുരുട്ടി ഉണ്ടാക്കിയിരുന്ന കുഴലുകളിലാണ്)കൈയില്‍ എടുത്തു പിടിച്ചിരുന്നു. എല്ലാരും കണ്ണടച്ചു നാമജപം തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ ആ കുഴലിനെ കടലാസു കവര്‍ ഒക്കെ കളഞ്ഞ് അതിന്റെ ഒരറ്റം പതുക്കെ വിളക്കില്‍ പിടിച്ചു ചൂടക്കി കൊണ്ടിരുന്നു. പെട്ടെന്നാണ് ചേട്ടന്റെ വെളുത്തു തുടുത്ത തുട ശ്രദ്ധിച്ചത്.ഒന്നും ആലോചിക്കാതെ ചുട്ടു പഴുപ്പിച്ച ആ കുഴല്‍ സുന്ദരമായ തുടയിലേക്കു വച്ചു.ശ്.........ന്നു ഒരു ശബ്ദവും വലിയ വായില്‍ ഒരുഅലറലും.ചേട്ടന്റെ കാലുതട്ടി വിളക്കും മറിഞ്ഞു കെട്ടു , ആകെ ഇരുട്ടും (അന്നു വീട്ടില്‍ കറ്ന്റെ ഒന്നും ആയിട്ടില്ല) ബഹളവും. “എന്താ, എന്താ” എന്നും ചോദിച്ചു വിളക്കും വെളിച്ചവുമായി എല്ലാരും ഓടിവന്നപ്പോളെക്കും കുഴലും അവിടെയിട്ട് ഞന്‍ ഓടി അകത്തു പോയി ഒളിച്ചിരുന്നു.സംഭവം മനസ്സിലാക്കിയ ആരോ ചോദിക്കുന്നുണ്ടായിരുന്നു “ആരാ ഇതു ചെയ്തത് എന്ന്?’ കൂടെ ചേട്ടന്റെ നീറ്റലും പുകച്ചിലും സഹിക്കാതെ ഉള്ള കരച്ചിലും.ആ കരച്ചില്‍ എനിക്കു സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ നേരിട്ടു ചെന്ന് കരഞ്ഞു കൊണ്ടു പറഞ്ഞു “പൊള്ളുമെന്നോന്നും ഓര്‍ത്തില്ല, അറിയതെ ചെയ്തതാ എന്നൊക്കെ”.
“ഈ മാതിരി തോന്ന്യാസം നീയല്ലാതെ ആരും കാണിക്കില്ല“എന്നു പറഞ്ഞു ആരോ ചെവി പിടിച്ചു തിരിക്കുന്നുണ്ടായിരുന്നു.അതൊന്നും ആ പാവത്തിന്റെ ഏങ്ങലടിയോളം വേദന ഉണ്ടാക്കുന്നതായിരുന്നില്ല.ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സു തേങ്ങിപ്പോകുന്ന ഒരു ദീപാവലി ദിവസത്തിന്റെ ഓര്‍മ്മ.

പിന്നീട് ഒരുപാട് ദീപാവലികള്‍ വന്നു.പ്രണയാതുരമായ മനസ്സോടെ ദീപങ്ങള്‍ കത്തിക്കയും മധുരം കഴിക്കയും, കൊടുക്കയും ഒക്കെ ചെയ്ത ദീപാവലികള്‍.ഭര്‍ത്തവിനോടൊത്ത് ഒറ്റക്കു ആഘോഷിച്ച ഒരു ദീപാവലി,മക്കളെ ഒക്കത്തെടുത്ത് ചിരാതുകള്‍ കത്തിക്കയും അവര്‍ക്കു മധുരം വായില്‍ കൊടുക്കയും ചെയ്ത ദീപാവലികള്‍,പിന്നെ മക്കളൊപ്പം വിളക്കുകള്‍ തെളിയിക്കയും മധുരം പങ്കുവൈക്കയും ചെയ്ത ദീപാവലികള്‍,മകള്‍ക്കും ഭര്‍ത്താവിനും നിറയെ മധുരം വിളമ്പിയ ദീപാവലി,ഞങ്ങളുടെ പേരക്കുട്ടിക്കു വേണ്ടി ഞങ്ങള്‍ ഒരുങ്ങിയ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രകാശം നിറഞ്ഞ മധുരം നിറഞ്ഞ മനോഹരമായ ആ ദീപാവലി....
അങ്ങനെ എത്ര....എത്ര.....ദീപാവലികള്‍.

എന്നാല്‍ ഇന്നു വിളക്കുകള്‍ കൊളുത്തുമ്പോള്‍ ഇന്നുവരെ കാണാത്ത ഒരു പ്രകാശം ഞാന്‍ കാണുന്നു.....
മധുരം കഴിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത മധുരം ഞാന്‍ അനുഭവിക്കുന്നു.......
ഇനിയുള്ള എല്ലാ ദീപാവലികളും ദൈവം തരുന്ന ബോണസ് ആണ് എനിക്കു......

“ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍”

23 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്നാല്‍ ഇന്നു വിളക്കുകള്‍ കൊളുത്തുമ്പോള്‍ ഇന്നുവരെ കാണാത്ത ഒരു പ്രകാശം ഞാന്‍ കാണുന്നു.....
മധുരം കഴിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത മധുരം ഞാന്‍ അനുഭവിക്കുന്നു.......
ഇനിയുള്ള എല്ലാ ദീപാവലികളും ദൈവം തരുന്ന ബോണസ് ആണ് എനിക്കു......

“ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍”

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ കലണ്ടര്‍ ഒരു ദിവസം പുറകിലാണ്. ഇന്നു ഒക്ടോബര്‍ 27. ദീപാവലി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'എല്ലാരും കണ്ണുകളൊക്കെക്കെ അടച്ചു സുബ്ബലക്ഷ്മിയും ,ചെമ്പൈ യും ഒക്കെയായി സ്വയം മാറി '...

അറിയാതെ അതൊന്നു മനസില്‍ കണ്ടു പോയി... :)
ചിരിക്കാതെ വയ്യ,വിവരണം കലക്കി.


എല്ലാദിവസവും പ്രകാശമാനമാകട്ടെ..
ദീപാവലി ആശംസകള്‍

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

കുസൃതിക്കുഞ്ഞില്‍ നിന്ന് മുത്തശ്ശിയിലേക്കുള്ള യാത്ര... അതിലൊരു അതിമധുരമായി ഒത്തിരി ആഘോഷങ്ങള്‍. ഇനിയും ഒത്തിരി ദീപാവലികള്‍ ആഘോഷിക്കാന്‍ ആയുരാരോഗ്യ സൌഖ്യം ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ചന്ദ്രകാന്തം said...

സാന്ധ്യശോഭയില്‍ മുങ്ങുന്ന സൂര്യതേജസ്സിനെ ദീപങ്ങളില്‍ ഏറ്റുവാങ്ങി, സ്വര്‍ണ്ണമേഘത്തിന്‍ പുതപ്പിനുള്ളില്‍ നിന്നും ഉണര്‍ന്നു വരുന്ന ബാലാര്‍ക്കന്‌ പകര്‍ന്നു നല്‍കാന്‍....
ഇനിയും സന്തോഷ സമൃദ്ധമായ അനേകം വര്‍ഷങ്ങള്‍... ജീവിതത്തിലുണ്ടാവട്ടെ.
സ്നേഹദീപ്തമായ മനസ്സിന്‌ നന്മനേരുന്നു.....എന്നും.

sv said...

Happy Diwali.....

Kaithamullu said...

ഇനിയുള്ള എല്ലാ ദീപാവലികളും ദൈവം തരുന്ന ബോണസ് ആണ് എനിക്കു......
(എനിക്കും!)

ഹാപ്പി ദീവാളി!

(ലോകനേതാക്കളെല്ലാം തന്നെ ദീവാളി ആഘോഷിക്കുന്നുണ്ടെന്നാ ലേറ്റസ്റ്റ് വാര്‍ത്ത!
-ദീവാളി കുളിച്ച്!)

siva // ശിവ said...

ദീപാവലി ആശംസകള്‍....

കുറുമാന്‍ said...

മധുരം കഴിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത മധുരം ഞാന്‍ അനുഭവിക്കുന്നു.......

അപ്പോ മുളക് കഴിക്കുമ്പോഴോ? ഇതുവരെ അനുഭവിക്കാത്ത എരിവ് അനുഭവിക്കുന്നുണ്ടോ (ചുമ്മാതാണെ).

ഈ ഓര്‍മ്മക്കും മധുരം ഏറെ.

ഹാപ്പി ദീപാവലി. അല്ലെങ്കില്‍ എന്തിനാ ഇംഗ്ലീഷ്
സന്തോഷവും, സ്മൃദ്ധിയും, സമ്പത്തും, ആരോഗ്യവും നിറഞ്ഞ ദീപാവലിആശംസകള്‍.

കുഞ്ഞന്‍ said...

ചേച്ചി..

ദീപാവലിയിലൂടെ കലഘട്ടങ്ങള്‍ ഓടിമറഞ്ഞു. ഇനിയും ചേച്ചിക്കും നാഥനും പിന്നെ പുത്ര പൌത്രാദികളുമായി അനവധി ദീപവലി ആഘോഷിക്കാന്‍ ആയുസ്സും ആരോഗ്യവും ജഗദീശ്വരന്‍ തരട്ടെയെന്ന് ആശംസിക്കുന്നു.

** കടമകള്‍ എല്ലാം കഴിഞ്ഞു എന്നൊരു ധ്വനി അവസാന വരികളിലുണ്ടൊ..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചേട്ടനു പണികൊടുത്തല്ല്ലേ! മിടുക്കീ... പണിയുമ്പോ ഇതുപോലെ പണിയണം!...

ദീപാവലി ഓര്‍മ്മകള്‍ നന്നായിരുന്നൂ... ഒരിത്തിരി ഓളം തള്ളലിനുവേണ്ടി ഒരു കല്ലിടുന്നൂ...

P.C.MADHURAJ said...

രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
കിലുക്കാമ്പെട്ടിക്കും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!

ശ്രീ said...

ചേച്ചിയുടെ കൂടെ അന്നത്തെ ആ കുട്ടിക്കാലത്തെ ദീപാവലി മുതല്‍ ഇപ്പോഴത്തെ ദീപാവലി വരെ കൂടെ വന്നതു പോലെ...

നല്ല പോസ്റ്റ്!
:)

മുസാഫിര്‍ said...

കിലുക്കാം‌പെട്ടി.പറയാതെ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു.നന്മയുടെ വെളിച്ചവും സമാധാനത്തിന്റെ മധുരവും ജീവിത്തില്‍ ഇനിയും നിറയട്ടെ !

അശ്വതി/Aswathy said...

ഒരു പിടി നന്മ ആണ് ദീപാവലി.
വൈകി എങ്കിലും ദീപാവലി ആശംസകള്‍

ഞാന്‍ ഇരിങ്ങല്‍ said...

ആളൊരു കിലുക്കാം പെട്ടി തന്നെ അന്നും ഇന്നും അല്ലേ..
എന്തായാലും ചേട്ടന്‍ റെ തുടയില്‍ തീപ്പൊള്ളീച്ചത് ഇത്തിരി കൂടിപ്പോയി. വായിച്ചപ്പോള്‍ ആ സംഭവം കണ്ടതു പോലെ തോന്നി.
എഴുത്തില്‍ അവസാന ഭാഗത്ത് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തിരികൂടി മനോഹരമാക്കാമായിരുന്നു.
പിന്നെ പ്രായം കൂടുന്നു എന്ന ആധി ഒഴിവാക്കിയാല്‍ പ്രായം കൂടുകയേ ഇല്ല. എന്നും ചെറുപ്പമായിരിക്കാം.

എല്ലാ മനസ്സിലും ഒരായിരം സ്നേഹത്തിന്‍ റെ ദിപാവലി ഉണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബഷീർ said...

ചേച്ചീ, ആ നല്ല നാളുകളിലേക്കുള്ള ഈ തിരിച്ച്‌ നടത്തം ഓര്‍മ്മകളിലെങ്കിലും നമുക്കുണ്ട്‌ എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ നാളെ ഓര്‍ക്കാന്‍ ഇത്ര സുന്ദരമായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുമോ ( ചേട്ടന്റെ കാലില്‍ പൊള്ളിക്കുന്നത്‌ അത്ര സുന്ദരമല്ല )

വായിച്ചു ചിരിച്ചു. ഒരു കിലുക്കാം പെട്ടി മാത്രമല്ലായിരുന്നു എന്ന് മനസ്സിലായി. ഞാന്‍ എന്നെ പറ്റി ഓര്‍ത്ത്‌ പോയി. ഏയ്‌ ഞാനാ റ്റൈപ്പല്ല. കുട്ടിക്കാലം ഓര്‍ത്തതായിരുന്നു.

രസകരമായി എഴുതിയിരിക്കുന്നു.

ആശംസകള്‍

Jayasree Lakshmy Kumar said...

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുറ്റെ ദീപാവലി

ആശംസകൾ

അരുണ്‍ കരിമുട്ടം said...

"പടക്കം പൊട്ടിക്കലൊന്നും എന്റെ വീട്ടില്‍ ഒരു ആഘോഷത്തിനും അന്നും ഇല്ല ഇന്നും ഇല്ല.കാരണം അതിനു സമാനമായ പൊട്ടലും ചീറ്റലുമൊക്ക എല്ലാ, സമയങ്ങളിലും ഉള്ളതു കൊണ്ട് പ്രത്യെകിച്ചു പണം മുടക്കി പൊട്ടിക്കണ്ട എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ വിചാരിച്ചു കാണും"

ദീപാവലി കഴിഞ്ഞു.ഇപ്പോഴാ ഈ പോസ്റ്റ് കണ്ടത്.ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ ദീപാവലി ഓര്‍മ്മകളില്‍ പങ്കു കൊണ്ട എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു.

Sureshkumar Punjhayil said...

Ashasakal Varunna Depawalikkayi karuthivekkam ketto chechy...!!!