Saturday, August 27, 2011

ചില്ലുകൊട്ടാരം


    വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതേ വിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!
   എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്, പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണെന്നള്ള കാര്യം പോലും പലപ്പോഴും മറന്നു പോയി. മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.
   
ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല. ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!
   വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം...ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം...സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!! 

Monday, July 25, 2011

“ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ....”


  ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ 

ramanamam | Online Karaoke


        ഇത് കര്‍ക്കിടക മാസം. അല്ല രാമായണമാസം. രാമായണം നിറഞ്ഞു നില്‍ക്കുകകല്ലേ മാധ്യമങ്ങളിലെല്ലാം. വീടുകള്‍നിറയേ, നാടുനിറയേ രാമായണമയം.

   രാമായണം, അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കാനും വായിക്കാനും  തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് അത് മാനസ്സികമായി ആനന്ദവും, സമാധാനവും, ഓരോതവണ വായിക്കുമ്പോള്‍ പുതിയ പുതിയ അറിവുകളും തന്നുകൊണ്ടേയിരിക്കുന്നു. കര്‍ക്കിടക കാലാവസ്ഥയില്‍  രോഗങ്ങളും അപടങ്ങളും മരണങ്ങളും കൂടുതലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദു:ഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമിടയില്‍ ഒരു ആശ്വാസമായിട്ടായിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ രാമായണം വായന  തുടങ്ങിവച്ചത്.

        എത്രയോ കാലം മുന്‍പുതന്നെ എഴുതിയെന്ന് വിശ്വസിക്കുന്ന ആദികാവ്യമായ രാമായണത്തില്‍ മൃഗങ്ങളും പക്ഷികളും മനുഷ്യരും മരങ്ങളും ചെടികളും എല്ലാം പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്ന, ആശ്രയിക്കുന്ന ഒരു ലോകമാണ് നമ്മുടേതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്. ജഡായു, സമ്പാദി തുടങ്ങിയ പക്ഷികള്‍ , വാനരന്മാര്‍ , കരടി, മരങ്ങളും, ചെടികളും, സമുദ്രം, പര്‍വതം, എന്തിന് കുഞ്ഞണ്ണാരക്കണ്ണന്‍ വരെ... മനുഷ്യന്‍ എങ്ങനെ ജീവിക്കണം, പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം,നമ്മള്‍ പ്രകൃതിയോടിങ്ങി ജീവിക്കുമ്പോള്‍ പ്രകൃതിയിലുള്ളവയെല്ലാംതന്നെ മനുഷ്യനെ എത്രമാത്രം സംരക്ഷിക്കുന്നു അങ്ങനെയെന്തെല്ലാം എത്ര ഗംഭീരമായി, മനോഹരമായി പറഞ്ഞിരിക്കുന്നു.

 "വനദേവതമാരേ ! നിങ്ങളുമുണ്ടോ കണ്ടു വനജേഷ്ണയായ സീതയെ, സത്യം ചൊല്‍‌വില്‍ !
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷി സഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്മളാക്ഷിയെ മമ ചൊല്ലുവില്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
       ഇവിടെ സീതയെ രാമന്‍ അന്വേഷിക്കുന്നത് ആരോടൊക്കെയാണെന്ന് കണ്ടില്ലേ.

        എനിക്ക് രാമായണത്തില്‍ എത്ര വായിച്ചാലും മതിയാവാത്ത, ഓരോ വരികളിലും ഓരായിരം അര്‍ത്ഥങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഭാഗം ലക്ഷ്മണോപദേശം - ജീവിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികാട്ടിയായ വരികള്‍ . എല്ലാ അമ്മമാരും  മക്കള്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഇതുപോലെയൊക്കെയുള്ള ഉപദേശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ

അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം,
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നയോധ്യയെന്നോര്‍ത്തീടടവിയെ”

രാമായണത്തിലെ തന്നെ ഏറ്റവും മഹത്തരമെന്ന് പറയുന്ന വരികളാണിവ.
അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴുമഗ്രേ നടന്നു കൊള്ളേണം പിരിയാതെ എന്നുള്ളത് നാടും വീടും വിട്ട് ജീവിക്കുമ്പോള്‍  നമ്മുടെ ജീവിതത്തെ രക്ഷിക്കുന്ന കര്‍മ്മം എന്തായാലും അതായിരിക്കണം കൂടെയുള്ളതും പിരിയാതെയും. രാ‍മനെ അച്ഛനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കാണണമെന്നു പറയുന്നതില്‍ നിന്ന് എനിക്ക് മനസ്സിലായത്, ലോകത്ത് എവിടെയായാലും പിതൃ-മാതൃ, സഹോദരീ-സഹോദര  സ്ഥാനീയര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവരെ മനസ്സിലാക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക. നമ്മുടെ  അടുത്തുള്ള പ്രായമായവരെ ബഹുമാനിക്കാത്ത, സ്നേഹിക്കാത്ത, കണ്ടെന്നുതന്നെ ഭാവിക്കാത്തവര്‍ നാട്ടിലുള്ള അച്ഛനമ്മമാരെയോര്‍ത്ത് ദുഃഖിക്കുമോ? ഏത് സ്ത്രീയെയും കാമക്കണ്ണുളോടെ മാത്രം കാണുന്ന ഒരു വിഭാഗം, അമ്മപെങ്ങന്മാരെ, പെണ്‍‌മക്കളെ, ബഹുമാനിക്കുമോ സ്നേഹിക്കുമോ? വനത്തെ അയോദ്ധ്യയായി കാണുക എന്നാല്‍ , നമ്മള്‍ ജീവിക്കുന്നിടമാണ് നമ്മുടെ രാജധാനി. വാടക വീടല്ലേ ഇത്രയൊക്കെ വൃത്തി മതി, അത്രയധികം സൂക്ഷിക്കണ്ട എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ ജീവിതമെത്ര സുന്ദരമാക്കാം, എത്ര ദുഃഖങ്ങള്‍ ഒഴിവാക്കാം.

          വളരെ വികൃതമായും വികലമായും പുരാണങ്ങളെയും അതിലെ കഥാപാത്രങ്ങളെയും ഹാസ്യമെന്നു പറഞ്ഞ് ഹാസ്യത്തെ പോലും വികൃതമാക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകള്‍ വളരെ അറിവും കഴിവും ഭാഷപ്രാവീണ്യവും ഉള്ളവരുടെ പല ബ്ലോഗിലും, അതുപോലെ തന്നെ പല മാധ്യമങ്ങളിലും കാണാന്‍ ഇടയായിട്ടുണ്ട്. ഇത്ര അക്ഷരസമ്പന്നതയും അറിവും ഉള്ളവര്‍ എന്തേ ഇങ്ങനെയൊക്കെ  ചിന്തിക്കുന്നു എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ഇന്നലെ ഞാന്‍ കേട്ട ഒരു ചോദ്യവും, “എന്തിനാ രാമായണം വായിക്കുന്നേ?”   (മാ! നിഷാദ” (മനുഷ്യാ, അരുതേ) എന്നു പറയാന്‍ ഞാനാളല്ലല്ലോ.)  എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഞാന്‍ പറയുന്ന മറുപടി  ഒരുപക്ഷേ  അറിവുള്ള ആര്‍ക്കും തൃപ്തിയാവില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.. എന്നാലും രാമായണം വായിക്കുന്നതെന്തിനെന്ന ചോദ്യത്തിന് എനിക്ക് ഇങ്ങനെ തോന്നി. ഒരു മോഡേണ്‍ ആര്‍ട്ട്പോലെ.... ‌‌‌‌‌ഒന്നും മനസ്സിലാകാത്തവര്‍ക്ക് തോന്നും എന്താ ഇത് എന്ന്. മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവനവന്റെ ഭാവനക്കും ചിന്തക്കും മനോസുഖത്തിനും  ഒക്കെവേണ്ടുന്നപോലെ അത് ആസ്വദിക്കാം  അനുഭവിക്കാം ഉപയോഗിക്കാം.

                           അതുപൊലെ വേറൊരു  രീതിയില്‍ ഇങ്ങനെയും ഒന്നു ചിന്തിച്ചു(വായിക്കുന്നവര്‍ ക്ഷമിക്കണേ).
ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ  ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം   അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണംവായനയും... (ജീവിതവഴികാട്ടികളായ വേദപുരാണഗ്രന്ഥങ്ങളെല്ലാം തന്നെ)  അതൊരു അനുഭൂതിയാണ്, നിര്‍വൃതിയാണ്, അത് വായിച്ചനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ടതാണ്.(ഇങ്ങനെ ഒരു ഉപമ പറയേണ്ടി വന്നതിന് ആദികവിയായ വാല്മീകിയോട്, അക്ഷരലക്ഷ്മിയോട്  ഞാന്‍ മാപ്പു ചോദിക്കുന്നു.)               
             തിരക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥമായിരിക്കുമ്പോളല്ലേ നമ്മള്‍ ജീവിതത്തില്‍ ആസ്വദിക്കേണ്ട പലതും ചെയ്യുക. പണ്ട് കാര്‍ഷികവൃത്തിയുടെ തിരക്കുകളുമായി മനുഷ്യന്‍ ജീവിച്ചിരുന്ന കാലത്ത് മഴക്കാലമായ കര്‍ക്കിടകത്തിലേ വായിക്കാനും ചികിത്സിക്കാനും ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കാനും സമയം കിട്ടിയിരുന്നുള്ളൂ. എല്ലാത്തിനും ഉള്ളപോലെ ഒരു കേടുതീര്‍ക്കല്‍, അഴിച്ചുപണി, എല്ലാവര്‍ഷാവസാനവും ഒരു നവീകരിക്കല്‍ (റിപ്പയര്‍ & റിനവേഷന്‍). പിന്നെ ചിങ്ങം (പുതുവര്‍ഷം) മുതല്‍ ഉന്മേഷവാന്മാരായി ആരോഗ്യവാന്മാരായി അദ്ധ്വാനിച്ച് ജീവിക്കും. അപ്പൊഴേ!! നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍‌ക്കാന്‍ ഈ കര്‍ക്കിടകത്തിലേ  തയ്യാറെടുക്കാം അല്ലേ?

Saturday, July 2, 2011

മനസ്സിലൊരു വിങ്ങലായ്.....ഈ ശബ്ദം


ഈ ശബ്ദം  കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം  ഇന്നും എന്നും  നമുക്കു കേള്‍ക്കാം...

Vandemukunda | Online Karaoke

(ചിത്രം:ദേവാസുരം - 1993, സംവിധാനം - ഐ വി ശശി, ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് - ശ്രീ.എം.ജി.രാധാകൃഷ്ണന്‍, രാഗം-മധ്യമാവതി - ഈ ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രംഗമാണ്.  ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിച്ചിരിക്കുന്നത് ശ്രീ.തൃപ്പൂണിത്തുറ ഹരിദാസ് ആണ്).



പ്രണയം മനസ്സില്‍ ഉള്ള എല്ലാവര്‍ക്കും എന്നും ഒരുവിങ്ങലായ സംഗീതം ...... 
.......ഓ മൃദുലേ.....


(1982 ല്‍ പുറത്ത് വന്ന, പി.ചന്ദ്രശേഖര്‍ സം‌വിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെതാണ് ഈ ഗാനം.  രചന - സത്യന്‍ അന്തിക്കാട്, സംഗീതം - എം.ജി.രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്.  ഈ ഗാനരംഗത്തെ നടന്‍ ദിലീപും നടി പൂര്‍ണ്ണിമ ജയരാമുമാണ്.  ഈ ഗാനത്തിന്റെ തന്നെ മറ്റൊരു മൂഡിലുള്ളതും, പിന്നെ, പ്രണയവസന്തം തളിരണിയുമ്പോള്‍, രജനീ പറയൂ എന്നിവയാണ് മറ്റ് ഗാനങ്ങള്‍ ).

ഈ പാട്ടിന്റെ പിന്നില്‍ എം ജി സഹോദരന്മാരുടെ വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട്

 

2001-ല്‍ പുറത്തിറങ്ങിയ, സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത  “അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ..ശലഭം വഴിമാറുമാ മിഴിരണ്ടിലും.. എന്ന ഗാനത്തിന് എറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു.  എം.ജി.ശ്രീകുമാറും  ചിത്രയും പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കാനഡ രാഗത്തിലാണ്.  എസ്സ്.രമേശന്‍ നായരുടെതാണ് വരികള്‍. ബിജുമേനോനും ലക്ഷ്മി ഗോപാലസ്വാമിയും മാസ്റ്റര്‍ അശ്വിനുമാണ് രംഗത്ത്.


ഒരുപാടു ലളിതഗാങ്ങളും,  സിനിമാഗാനങ്ങളും , ശാ‍സ്ത്രീയസംഗീതവും  എല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നമുക്കുണ്ട്. എന്നാലും എനിക്കു എന്നും പ്രിയപ്പെട്ടവ ഞാന്‍  എഴുതിയെന്നേയുള്ളൂ.
ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ കണ്ണീര്‍പ്രണാമം................                                                                                                                                                                   

Tuesday, June 28, 2011

വായൂര്‍വരുണമേളം.


                    എത്തിനോക്കാന്‍ ആളുകളോ,  ചുറ്റും വീടുകളോ, ഇല്ലാത്ത എന്റെ  വീടിന്റെ ജനാലകള്‍ക്ക് തിരശ്ശീലകളുടെ ആവശ്യമില്ല.  എന്നാലോ! എപ്പോഴൊക്കെയോ എന്റെ വീടിനുള്ളിലേക്ക് ഓടിയെത്തുന്ന കാറ്റിനേക്കാണാന്‍   എല്ലാ ജനാലകളിലും തിരശ്ശീലകള്‍ തൂക്കി ഞാന്‍  കാത്തിരുന്നു.   ആദ്യം  കുളിര്‍മ്മയുള്ള ഇളം തെന്നലായി എന്റെ ജനാലവിരികളേ തഴുകിത്തഴുകി....പിന്നെ മെല്ലെ മെല്ലെ, അവയെ ഒരു  താളത്തില്‍ പറത്തി, എന്റെ മുടിയിഴകളെ തഴുകി, എന്റെ മുഖത്ത് പതിയെ ഒന്നു തട്ടി, സുഖകരമായ  തണുപ്പുള്ള തലോടലോടെ....കുറെ നേരംതാളത്തില്‍ താളത്തില്‍ ഒരു ചെറു മര്‍മരത്തോടെ പലപ്പോഴും കാറ്റ് വീശിക്കൊണ്ടേയിരിക്കും.


              പെട്ടെന്ന് ആ  തിരശ്ശീലകളെ ഉയരത്തില്‍ പറത്തി കാറ്റ് ശക്തിയായൊന്നു വീശി, ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നടന്നടുക്കുന്ന ഗജരാജനേപ്പോലെ, വരുണഭഗവാനെ എഴുന്നള്ളിച്ചു കൊണ്ടുള്ള  വായൂഭഗവാന്റെ വരവ്.    ഒരു ചെറു ചാറ്റല്‍ മഴയുടെ അകമ്പടിയോടെ...., മെല്ലെയൊന്ന് പിന്‍‌വലിഞ്ഞ്.... പിന്നെ അതിശക്തിയായി  നടുമുറ്റത്തേക്കു പാഞ്ഞടുത്ത മഴയെ, നേരത്തേതന്നെയെത്തി നാലുകെട്ടില്‍ പാത്തിരുന്ന  കള്ളക്കാറ്റ് ചുറ്റിയൊരുപിടുത്തം.  പിന്നെ പറയണോ മേളം. കാറ്റും മഴയും കൂടെ ഒരു ഉത്സവമേളം തന്നെ. നടുമുറ്റത്തെ കളിക്കളമാക്കി എല്ലാം മറന്നവര്‍  ആടിത്തിമിര്‍ത്തു. നാലുകെട്ട് നിറയെ വെള്ളം തെറിപ്പിച്ച് കാറ്റിന്റെ വരവറിയിച്ച തിരശ്ശീലകളേയും കാറ്റിനെക്കാത്തിരുന്ന എന്നേയും  നനച്ച്,  ഞങ്ങളാരും കാണാതെ വായുവരുണന്മാര്‍  ഒറ്റപോക്ക്.  ഇനിയും വരും അവര്‍ ഒന്നിച്ച് . അതുവരെ   ജനാല്‍തിരിശ്ശീലയുടെ പിന്നിലൂടെ പാത്തുപതുങ്ങി  നടക്കുന്ന കാറ്റിനെകണ്ട്, കാറ്റ്കൊണ്ട്, കാറ്റുപറയുന്ന കഥകളുംകേട്ട് കാത്തിരിക്കും ഞാന്‍.
     
                   ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒരു മഴക്കാല അനുഭവം.......
                                                                           

                                          

Monday, May 23, 2011

അമ്മസ്നേഹത്തിന്റെ സമ്പന്നത

         സ്നേഹിക്കാന്‍ അതും അമ്മയെ ഒരു ദിനം വേണോ? ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ . സ്നേഹിക്കാന്‍ ദിനം വേണ്ട. എന്നും എപ്പോഴും സ്നേഹിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ അതൊരാഘോഷമാക്കണം. പല സദനങ്ങളിലും നിറകണ്ണുകളോടെ കാത്തിരിക്കുന്നവരെ ഒന്നു ചെന്നു കാണാന്‍ ഒരു സ്നേഹസമ്മാനം കൊടുക്കാന്‍ ഒക്കെ ഒരു ദിനം നല്ലതല്ലേ? നല്ലതാണ്. എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്. നാല് അമ്മമാര്‍ ,ഇന്നതില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ .                
         മുപ്പത്തിരണ്ടുവര്‍ഷത്തെ പരക്കം‌പാച്ചിലും കഴിഞ്ഞു വന്ന എനിക്ക്   ഈ വര്‍ഷത്തെ മാതൃദിനത്തില്‍ ആ സ്നേഹനിധികളെ എന്റെ കൈക്കുള്ളിലൊതുക്കി, നെഞ്ചോട്ചേര്‍ത്ത് അവരുടെ സ്നേഹം ആവോളം അനുഭവിക്കാന്‍, ആസ്വദിക്കാന്‍  ഭാഗ്യം കിട്ടി................ ..................................ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...

കടലോളം സ്നേഹം തരുന്നു
ഒരു കടുകോളം ,തരി കരടോളം
തിരികെ ഒന്നുമേവേണ്ടാതെ.....................
                                                        
                                                 ..                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        

Friday, December 31, 2010

കിലുക്കാംപെട്ടിയുടെ പുതുവത്സരാശംസകള്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുമക്കളുടെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Friday, December 17, 2010

ഞാന്‍ പാവം

അഴുക്കില്‍ നിന്നെന്നെ വലിച്ചുയര്‍ത്തി
ജീവനും നിലനില്‍പ്പും സൌന്ദര്യവും ‌‌‌‌‌-
തന്നുതന്നെന്നേ പ്രൌഢയാക്കി.
മനസ്സിലായതേയില്ല ഒന്നുമാത്രം
എന്നുമെന്നും അവനെന്നേ കൈമാറിയത്
എന്തിന്?
ഏറ്റെടുത്തവനോ?
നെറ്റിയില്‍ ചന്ദ്രക്കല, കണ്ണില്‍ നക്ഷത്രങ്ങള്‍
ഗംഭീരന്‍ ,ശക്തന്‍, പ്രൌഢന്‍.....
സ്നേഹിച്ചതേയില്ല.
ഭയം ഭയം ഭയം............
ആരും കാണാത്ത അറിയാത്ത ഭീകരത
അതായിരുന്നു അവന്‍.
ഭയം ഭയം ഭയം.
ഉണര്‍ന്നിരുന്നു ,ഉണര്‍ന്നു കാത്തുകാത്തിരുന്നു
അവന്‍ വന്നു,  എന്നും , എന്നും....
സ്നേഹിച്ചു കൊഞ്ചിച്ചു ലാളിച്ചു
വീര്യവും ഊര്‍ജവും തന്നുതന്നെന്റെ തളര്‍ച്ച മാറ്റി
എന്തിന്??
അവനു കൈമാറുവാന്‍ വേണ്ടി മാത്രം
പകലിനും ഇരുളിനും ഇടയില്‍ ഈ പാവം ഞാന്‍ ...............................................................................................
...................................................................................താമര...