Tuesday, October 2, 2007

മുഖഛായകള്‍













..ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !

വ്യക്തമായ മുഖഛായ ഉള്ള ഒരാള്‍ അപ്പോള്‍ അവിടേക്കു കടന്നു വന്നു.സ്വതസിദ്ധമായ ചെറുചിരിയോടെ അദ്ദേഹം ആ ജനക്കൂട്ടത്തെ വെറുതേ നൊക്കിക്കൊണ്ടു നിന്നു.കൂട്ടം കൂടി നിന്നിരുന്നവര്‍ ഒന്നായി ചോദിച്ചു
"അങ്ങ് ആരാണ്?"
സുന്ദരമായ ആ ചിരി നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു
'വ്യക്തമായ മുഖഛായയുള്ള എന്നെ നിങ്ങള്‍ അറിയുന്നില്ല,പിന്നെ എങ്ങനെയാണ് ഛായകള്‍ ഒന്നും തന്നെയില്ലാത്ത നിങ്ങളെ പരസ്പരം തിരിച്ചറിയുന്നത് ?. ഒരു നിമിഷം നിങ്ങളെല്ലാവരും എന്നോട് മനസ്സു തുറന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കോരോത്തര്‍ക്കും യോജിച്ച മുഖഛായകള്‍ ഞാന്‍ ഇതില്‍ നിന്നും എടുത്തു തരാം‘

ഒരു നിമിഷം എല്ലാവരും ചിന്തയിലാണ്ടു.
പിന്നെ..
മുഖഛായകള്‍ എല്ലാമവിടെ തന്നെ ഉപേക്ഷിച്ച്, പല വഴിക്കു പോയി.. പൊയ് മുഖങ്ങളോടെ...!!

ഒരു കൊച്ചു കുട്ടി മാത്രം പോകാതെ അവിടെ തന്നെ നില്ക്കുന്നതദ്ദേഹം കണ്ടു, നിഷ്കളങ്കമായ മുഖഛായയോടു കൂടി.. പെട്ടന്നു അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ട് കുട്ടി അതിശയത്തോടെ ചോദിച്ചു.
"കാണുന്നവരുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന, സുന്ദരമയി എപ്പോഴും പുഞ്ചിരിക്കുന്ന ,എല്ലാ മുഖഛായകളും തിരിച്ചറിയാന്‍ കഴിയുന്ന, അങ്ങാരാ മഹാത്മാവേ?"

അദ്ദേഹം പറഞ്ഞു
'സ്വയം തിരിച്ചറിയാന്‍ ഞാന്‍ സഹായിച്ചവരെല്ലാമെന്നെ 'ഗുരുജി' എന്നു വിളിച്ചു.‘

അതിശയത്തോടെ ആ മുഖത്തേക്കു തന്നെ നോക്കി നിന്ന കുട്ടിയോട് ഗുരുജി ചോദിച്ചു
‘എന്താണു കുട്ടീ നിനക്ക് അറിയേണ്ടത്?‘
നന്മ മാത്രം നിറഞ്ഞ മനസ്സോടെ കുട്ടി ചൊദിച്ചു
" ശരിയായ മുഖഛായകള്‍ തിരഞ്ഞു പിടിച്ചു കൊടുക്കുന്ന ആ മഹാവിദ്യ എനിക്കു കൂടി പറഞ്ഞു തരുമോ ഗുരുജീ".

കുറച്ചു സമയം ആ കണ്ണുകളിലേക്കു നൊക്കിയിരുന്നിട്ടദ്ദേഹം പറഞ്ഞു
'മനസ്സിലെ കുട്ടിത്തം പോകതെ സൂക്ഷിക്കൂ..,അപ്പോള്‍ മനസ്സിലെ നന്മയും ഒരിക്കലും നഷ്ടപ്പെടില്ല, നിന്റെ മുഖഛയ നഷ്ടപ്പെടാതെയുമിരിക്കും മറ്റു ഛായകള്‍ കണ്ടെത്താനും കഴിയും. അതു മഹാവിദ്യ ഒന്നും അല്ല കുട്ടീ.'

"പിന്നെ എന്തേ ഗുരുജീ ആ കൂട്ടത്തില്‍ ഒരാള്‍ പോലും മുഖഛായ വേണം എന്നു പറയാഞ്ഞത്?"
‘ഇന്നലകള്‍ വ്യര്‍തഥമായിരുന്നു എന്നു തോന്നുന്ന നാള്‍,ഇന്നിനെ ഉത്‍സവമാക്കണം എന്നു തോന്നുന്ന നാള്‍.. അവരെല്ലാം നമ്മളെ പോലെയുള്ളവരെ തേടി വരും,തനിയെ വന്നു കൊള്ളും,കൊണ്ടു വരാന്‍ ശ്രമിച്ച് നമ്മുടെ ഛായകള്‍ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.’

ആ വിരല്‍തുമ്പില്‍‍ തൂങ്ങി കുട്ടിയും അദ്ദേഹത്തിനൊപ്പം നടന്നു..

Monday, September 24, 2007

കുഞ്ഞു കഥ.


എന്റെ'മീനു' വായിച്ച് മനസ്സില്‍ നേരിയ വേദന തോന്നിയ മീനുവിന്റെ അമ്മക്കും,നിഷ്കളങ്കമായ കണ്ണുകളോടെ ഈ ലോകത്തിലേക്കു നോക്കുന്ന എന്റെ മീനുവിനും,
എല്ലാ മക്കള്‍ക്കും വേണ്ടി......
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

Wednesday, September 19, 2007

മീനു




..അറിയില്ലേ? ഒരു ചുള്ളത്തിയാ.
നിഷ്കളങ്കമായ കണ്ണുള്ളവള്‍. ചെറുചിരിയോടെ എല്ലാവരുടേയും മനസ്സിനു സന്തോഷം മാത്രം തരുന്ന മൂന്നു വയസ്സുകാരി.

കഴിഞ്ഞ ശനിയാഴ്ച് വൈകിട്ടു ചായകുടിച്ചു കൊണ്ടിരിക്കയായിരുന്നു.വീട്ടില്‍ എല്ലാവരും ഉണ്ട്.കുട്ടികള്‍  ടിവി കാണലും നാശം കാണിക്കലും കൂട്ടത്തില്‍ ചിപ്സ്,ചീസ് ബോള്‍സ് ഇവ തീറ്റയും,തിന്നുന്നതില്‍ കൂടുതല്‍ താഴെ ഇടുകയുംഅമ്മമാര്‍ അതൊന്നുമേ കാര്യമാക്കാതെ പരദൂഷണത്തില്‍ മുഴുകിയിരിക്കുന്നു.അപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഒരുഅതിഥി വന്നു..
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബഷീര്‍.
നോമ്പുകാലമല്ലേ..,അതറിയാവുന്നതു കൊണ്ട് ആരും കഴിക്കാനോ കുടിക്കാനോ ഒന്നും വേണോ എന്നും ചോദിച്ചും ഇല്ല. അതിഥി ദേവോഭവ എന്നതിന്റെ അര്‍തഥം ഒന്നുംമറിഞ്ഞു കൊണ്ടല്ലങ്കിലും മീനു അവളുടെ കൈയിലുണ്ടായിരുന്ന ചീസ് ബോള്‍ ഒരെണ്ണം ബഷീറിനു നേരെനീട്ടി കൊണ്ടു പറഞ്ഞു
"ഇന്നാ കഴിച്ചോ".
"നോമ്പാ, വേണ്ട മോളെ"എന്നു പറഞ്ഞു.
"അയ്യൊ ഇതു ബൊംബല്ല " എന്നു മീനു.
എല്ലാവരും അതു കേട്ടു ഒരെചിരി.

ഇന്നത്തെ കുട്ടികള്‍ക്ക് ബൊംബറിയാം, നോമ്പറിയില്ല. കാലം പോയൊരു പോക്ക്.

അതു മീനുവിന്റെ ശബ്ദം മാത്രമല്ല.ഈ നൂറ്റാണ്ടിലെ എല്ലാ കുട്ടന്മാരുടെയും,കുട്ടിമാരുടേയുംഅറിവാണ്. ബോംബും, മിസൈലും, യുദ്ധവും. അവ ഒന്നും പൂര്‍ണ്ണമായി മാറ്റാന്‍ പറ്റുമെന്നും തോന്നുന്നില്ല.

പക്ഷെ നമ്മള്‍ അമ്മമാര്‍ക്കു പലതും ചെയ്യന്‍ കഴിയും.കഴിയണം..
മീനുകുട്ടിമാര്‍ക്കും മീനുകുട്ടന്മാര്‍ക്കും ഇന്നത്തെ ചുറ്റുപാടുകളില്‍ നിന്നും സ്വയം പറിച്ചെടുക്കാന്‍ പറ്റാത്ത നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതമൂല്യങ്ങള്‍, ഒരുപാടൊരുപാട് സ്നേഹം എല്ലാം അവരുടെ ചെറിയ മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഈ വലിയ ലോകത്തിലേക്ക് അവരെ കൈ പിടിച്ചു നയിക്കുക.

Tuesday, September 11, 2007

ചില്ലുകൊട്ടാരം



വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതെവിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!

എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്,പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൌതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണന്നള്ള കാര്യം പൊലും പലപ്പൊഴും മറന്നു പോയി.മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.

ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല.ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം..
ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..
സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

Monday, June 18, 2007

സ്റ്റൈല്‍



എന്റെ നാട്.
ഒന്നു കൂടെ കാണണം..
കുട്ടിക്കാലത്തു ഓടിച്ചാടി നടന്ന ഇടവഴികളിലെല്ലാം കുട്ടിത്തം മാറാത്ത മനസ്സുമായി ഒന്നുകൂടെ നടക്കണം.ഓര്‍മ്മകള്‍ കൂട്ടത്തോടെ ചുറ്റിലും നിരന്നു.അവധി ദിവസങ്ങളില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാനിറങ്ങുന്നതും, അച്ഛന്റെ സുഹൃത്ത് രാമേട്ടന്റെ ചായക്കടയുടെ മുന്‍പിലുള്ള ബെഞ്ചിലിരുന്നു ചൂടു ചായ കുടിക്കുന്നതും, കൂട്ടത്തില്‍ സ്നേഹിതന്റെ മകനു രാമേട്ടന്‍ സ്നേഹത്തോടെ വാഴയില കീറില്‍ തന്ന ചൂടു ഇഡ്ഡലിയും, തേങ്ങ ചമ്മന്തിയും,എല്ലാം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കണം എന്നൊക്കെ കരുതിയാണ് നാട്ടില്‍ എത്തിയത്.  പഴയനാടല്ല മാറ്റം വന്നു കാണും എന്നൊക്കെ പ്രതീക് ഷിച്ചിരുന്നു. എങ്കിലും ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചിരുന്നതേയില്ല.


ടാറിട്ട റോഡുകളും കൊണ്‍ക്രീറ്റു കെട്ടിടങ്ങളുമൊക്കെ വന്നുയെങ്കിലും ഭൂമിശാസ്ത്രപരമായ ഘടനക്കു വലിയ മാറ്റം കണ്ടില്ല.  പിറ്റേ പ്രഭാതത്തില്‍ നടക്കാനിറങ്ങിയ ഞാന്‍ നേരേപോയത് രമേട്ടന്റെ ചായ പീടിക ഇരുന്നയിടത്തേക്കാണ്. അവിടെകൂറ്റന്‍ ഒരു ഹോട്ട
ല്‍  . അച്ഛന്‍ തുടങ്ങി വച്ച ചെറിയ ചായക്കട ഇത്ര വളരെ വളര്‍ത്തിയ രാമേട്ടന്റെ മക്കളോട് ബഹുമാനം തോന്നി.  ഉള്ളിലേക്കു കടന്ന ഞാന്‍ കണ്ടത് സ്വീകരണമുറിയില്‍ തന്നെ രാമേട്ടന്റെ വലിയ ഒരു പടം അലങ്കരിച്ചു വച്ചിരിക്കുന്നതാണ്.  സ്നേഹം തുളുമ്പുന്ന ആ പടത്തിന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ "കഴിച്ചിട്ടു പോകാം മോനേ" എന്നു പറയുന്നതായി തോന്നി. ഞാന്‍ നേരെ റെസ്റ്റോറെന്റിലേക്കു പോയി. അതിമനോഹരം. വെള്ളവിരിപ്പിട്ട് മൂടിയ മേശകളും അതിന്മേല്‍ പൂ പാത്രങ്ങളും പൊക്കം കൂടിയ ചാരുള്ള കസേരകളും എല്ലാം ഭംഗിയായി വച്ചിരിക്കുന്നു.

എന്നേ കണ്ടതും തൂവെള്ള വസ്ത്ര ധാരിയായ സേവകന്‍ ഓടി വന്നു.

"ഇരിക്കണം സര്‍ ".ഇരുന്നു.

"എന്താണ്സര്‍ കഴിക്കന്‍?"

അയാള്‍ വിഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പറഞ്ഞു. അതൊന്നും ശ്രദ്ധിച്ചില്ല ഞാന്‍.

"ഇഡ്ഢലി മതി".

അയാള്‍ അടുക്കളയിലേക്കും ഞാന്‍ കൈ കഴുകാനും പോയി. കൈ കഴുകി തിരികെ തീന്‍ മേശക്കു മുന്നിലെത്തിയ ഞാന്‍കണ്ടത് പൂ പോലത്തെ ഇഡ്ഡലികള്‍ സുന്ദരമായ വെള്ളപാത്രത്തില്‍ എന്നെയും കാത്തിരിക്കുന്നു. ഒന്നുമത്രം മനസ്സിലായില്ല. ഇരുവശത്തും രണ്ട് ആയുധങ്ങള്‍ 'കത്തിയും മുള്ളും' ഒന്നു സംശയിച്ചു.
ഇതു കൊന്നു തിന്നേണ്ട സാധനം വല്ലതും ആണോ?കഴിക്കാതെ അതിനേ നോക്കി ഇരുന്നു.കഴിക്കാതിരുന്ന എന്നേ കണ്ടിട്ടു സേവകന്‍ ഓടി വന്നു.'എന്താണു സര്‍ കഴിക്കാത്തത്?"ഭവ്യതയോടെ ചോദിച്ചു.

വിഷമത്തോടെ ഞാന്‍ ചോദിച്ചു...

' ഇതു ഇഡ്ഡലി തന്നെ അല്ലേ?".."അതെ" അയാള്‍സംസാരം തുടര്‍ന്നു.

"ഇപ്പോള്‍ എല്ലാം തനിനാടന്‍ രീതിയില്‍ ആണല്ലോ എല്ലാര്‍ക്കും പ്രിയം.സാറിനു വിദേശ ആഹാരം വല്ലതും വേണേല്‍ വേഗം തയ്യാറാക്കാം".

ഞാന്‍ പറഞ്ഞു "വേണ്ട, ഇത്ര സാധുവായ ഇഡ്ഡലിക്കിരുപുറവും ആയുധങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം തോന്നി, കൊന്നു തിന്നണ്ട വല്ലതും ആണോ നമ്മുടെ ഇഡ്ഡലിയുടെ രൂപത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന്".

എന്റെ സംശയം കേട്ട് അയാളുടെ മുഖത്ത് അര്‍ത്ഥം മനസ്സിലക്കാന്‍ പറ്റാത്ത ഒരു ചിരി കണ്ടു.

"അതാണു സര്‍ ഇപ്പോളത്തെ ഒരു സ്റ്റൈല്‍".

എന്നു പറഞ്ഞു സേവകന്‍ അവന്റെ തിരക്കുകളിലേക്കു മടങ്ങി.

ഞാന്‍ സാവധാനം ആ ആയുധങ്ങളെ ഒരു വശത്തേക്കു മാററി വച്ചു. ആയുധങ്ങള്‍ കൊണ്ടുള്ള വെട്ടും കുത്തും പ്രതീക്ഷിച്ച് നിസ്സഹായതയോടെ ഇരുന്നിരുന്ന പാവം ഇഡ്ഡലികളെ എന്റെ കൈകള്‍ കൊണ്ട് ഒന്നു തൊട്ടു.

രോമകൂപങ്ങള്‍ ഒന്നും ഇല്ലതെയിരുന്നിട്ടും അവയെല്ലാം രോമാഞ്ചം കൊള്ളുന്നതു ഞാന്‍ കണ്ടു.

അത് എന്റെ ഭക്ഷണം ആണന്നു മറന്നുപോയ ഞാന്‍ സ്നേഹത്തോടെ അവയെ തലോടിക്കൊണ്ടേയിരുന്നു........

Wednesday, June 13, 2007

സാരസകൊക്കുകള്‍


സാരസകൊക്കുകള്‍ അറിയാമൊ ഇവയെ?എനിക്കും അറിയില്ല. കേട്ടറിഞ്ഞ ഒരു കര്യം പറയാം .ഇണ പൊയാല്‍ പിന്നെ മരണം വരെ നിരാഹാരം ഇരിക്കും.സത്യതില്‍ ഇങ്ങനെ ഒന്നുണ്ടോ?അതോ ഇണയുടെ സ്നേഹം നഷടപെട്ട വേദനയില്‍ നിന്നും ജനിച്ചതാണോ ഇവ. അറിയില്ല. ഒന്നുമാത്രം അറിയാം. സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, വിശ്വസിച്ചു.

Thursday, June 7, 2007


അതെ ഒരു കര്യം . നമ്മുടെ വഴിപൊക്കന്‍ എന്നെ കൂടെ കൂട്ടി.